Friday, 16 January 2009

പാവം പ്രവാസി ( 4 ) തുടരുന്നു.

പാവം പ്രവാസി ( 4 ) തുടരുന്നു....
രാജേട്ടൻ..!!!?
രാജേട്ടന്റെ ഈ രൂപം..!!? ഇത്രക്കു മാറ്റം വരാൻ എന്താ നടന്നത്...?രാജേട്ടന്റെ ആ രൂപം കണ്ട് അന്തം വിട്ട് നിൽക്കുമ്പോഴേക്കും,അദ്ദേഹം പതുക്കെ നടന്ന്
എന്റടുത്തെത്തിയിരുന്നു.ഒരു ചെറു പുഞ്ചിരിയോടെ എന്നെ കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിനു ഒരു ബലവുമില്ലന്നു തോന്നി.

വാ അകത്തേക്കു കേറ്...അദ്ദേഹം എന്നെയും പിടിച്ചുകൊണ്ട് അകത്തേക്കു കയറി.മുറിയിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ പറഞ്ഞു
ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...”
" എന്നാലും... ,എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലൊ..രാജേട്ടാ..?” ഞാൻ.

ഇനി ഒന്നും ഒളിച്ചുവച്ചിട്ടു കാര്യമില്ലല്ലൊ. ഞാൻ എല്ലാം പറയാം..ഒന്നും ഇങ്ങനെ അവസാനിക്കുമെന്നുകരുതിയില്ല..ഇതൊക്കെ നിങ്ങളൊന്നും അറിയരുതെന്നു ഞാൻ ആഗ്രഹിച്ചു..അതുകൊണ്ടാണ് എന്റെ ഫോൺ വരെ കട്ടാക്കിയത്..” രാജേട്ടൻ

ഞങ്ങൾ..എത്രയൊ ഫോൺ ചെയ്തു...ചേട്ടന്റെ e-mail-ൽ ഞാൻ കത്തയച്ചിരുന്നു. പക്ഷെ ഒന്നിനുംമറുപടിയുണ്ടായില്ല..എന്തു പറ്റിയെന്ന് ഒരു പിടിയും ഇല്ലായിരുന്നു...അതുകൊണ്ടാണ് ഇത്തവണ ചേട്ടനെ കണ്ടെത്തണമെന്നു എല്ലാവരും കൂടി തീരുമാനിച്ചത്.“

അവിടന്നു പോന്നതിനുശേഷം ഞാൻ മെയിൽ തുറക്കാറേയില്ല..”

അപ്പോഴേക്കും അകത്തു നിന്നും ഒരു ഞരക്കം കേട്ടു. ‘ഞാൻ ഇപ്പൊ വരാം‘ എന്നു പറഞ്ഞു രാജേട്ടൻഅകത്തേക്കു പോയി. ഞാൻ മുറിയിൽ തൂക്കിയിട്ടിരുന്ന ഫൊട്ടോകൾ നോക്കിനടന്നു. ഗൾഫിൽ ഞങ്ങളൊരുമിച്ചെടുത്ത ഫോട്ടോകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. അപ്പോഴേക്കും രജേട്ടൻ തിരിച്ചെത്തി.“അമ്മയാ...കുറച്ചു നാളായിട്ട് ഒരേ കിടപ്പാ...ഇടക്കു പിച്ചും പേയും പറയും..”

ഞാനും എഴുന്നേറ്റ് അകത്തേക്കു നടന്നു. ഒരു കട്ടിലിൽ അനങ്ങാതെ കിടക്കുന്നുറങ്ങുന്ന വയസ്സായ
എല്ലും തോലുമായ അമ്മ. കണ്ടുനിൽക്കാൻ തന്നെ പ്രയാസം.

“ഒരു ഹോം നഴ്സിനെ നിർത്തിയിട്ടുണ്ട്. അവർ എല്ലാം നോക്കിക്കൊള്ളും. രാത്രിയാവുമ്പോൾ അവരു
പോകും.” രജേട്ടൻ അമ്മയുടെ പുതപ്പ് നേരെയിട്ടു കൊണ്ട് പറഞ്ഞു. ഞങ്ങൾ പുറത്തിറങ്ങി
അപ്പോഴാണ് രാജേട്ടന്റെ ഭാര്യയേയും കുട്ടിയേയും കണ്ടില്ലല്ലോന്നോർത്തത്. ഞാൻ ചോദിച്ചു.“ചേച്ചിയും കുട്ടിയും...?”
“അവർ... ഇവിടില്ല..”ഒന്നു മടിച്ചിട്ടാണ് പറഞ്ഞത്.
“അവർ വീട്ടിൽ പോയതാ..? “ ഞാൻ
“വീട്ടിൽ തന്നെ. പക്ഷെ ഒരിക്കലും.. ഇനി ഇങ്ങോട്ടു വരികയില്ല...”
“ങേ....!!?“
“ഞാൻ..ചായ ഉണ്ടാക്കിയിട്ട് വരാം.” രാജേട്ടൻ അടുക്കളയിലേക്ക് നടന്നു. ഞാനും കൂടെ ചെന്നു. “എന്താ..അങ്ങനെ പറഞ്ഞത്..? അവർക്കെന്തു സംഭവിച്ചു..പറ രാജേട്ടാ....പറ....” എന്റെ ആകാംക്ഷ
തടുത്തു നിർത്താനായില്ല.
“പറയാം...“ചായപ്പാത്രത്തിൽ രണ്ടു ഗ്ലാസ് വെള്ളമെടുത്ത് അടുപ്പത്ത് വച്ചിട്ട് പറഞ്ഞു.
“ഞാനന്ന് പോന്നത്., നിങ്ങളോടെല്ലാം പറഞ്ഞതു പോലെ അമ്മക്ക് അസുഖം കൂടുതലായിട്ടായിരുന്നില്ല. നാട്ടിൽ നിന്നും എന്റെ അനിയൻ വിളിച്ചു പറഞ്ഞ ഒരു വാർത്ത
കേട്ടിട്ടായിരുന്നു. അവൻ വീട്ടിൽ അമ്മയെ കാണാൻ വന്നപ്പോൾ ഹോം നഴ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു. ആ സമയത്താണ് പോസ്റ്റ്മാൻ ഒരു കത്തുമായി വന്നത്. അനിയൻ അത് ഒപ്പിട്ടു വാങ്ങി. എന്റെ പേരിലായിരുന്നത് കൊണ്ടും ഒരു ബാങ്കിനുവെണ്ടി വക്കീലയച്ച നോട്ടീസായതു കൊണ്ടും അവൻ അത് പൊട്ടിച്ചു വായിച്ചു.” ചായ രണ്ടു ഗ്ലാസ്സിൽ പകർന്ന് പഞ്ചസാര ചേർത്തിട്ട് പറഞ്ഞു നിർത്തി.

നിറച്ചു വച്ച ഗ്ലസ്സിൽ ഒന്നു എനിക്ക് നീട്ടി. മറ്റെ ഗ്ലാസ്സുമാ‍യി രാജേട്ടൻ പുറത്തേക്കിറങ്ങി.
ഞങ്ങൾ മുറ്റത്ത് ഒരു തെങ്ങിൻ ചുവട്ടിൽ ഓരോ കസേരയിൽ ഇരുന്നു. രാജേട്ടൻ ബാക്കി പറഞ്ഞു
തുടങ്ങി.

“ അത് വായിച്ചിട്ട് ,അവൻ ശരിക്കും സ്തംഭിച്ചു നിന്നുപോയി. അവൻ അടുത്ത ബൂത്തിൽ
വന്ന് എനിക്കു വിളിച്ചു.
‘ചേട്ടാ..എവിടെന്നെങ്കിലും ലോണെടുത്തിട്ടുണ്ടായിരുന്നൊ ‘ എന്നാണ് ചോദ്യം.
ഞാൻ ഇല്ലന്ന് പറഞ്ഞപ്പൊ അവൻ പറയാ., ഇതാ ചേട്ടന്റ് വീടും പറമ്പും ജപ്തി ചെയ്യുമെന്ന നോട്ടീസു
വന്നിരിക്കുന്നു. അതെങ്ങനെയെന്നു എനിക്കറിയില്ലായിരുന്നു. അതു കേട്ട് ഞാ‍നും ഷോക്കിലായി.

പിന്നെ ആലോചിച്ചപ്പൊ ,എത്രയും വേഗം നാട്ടിലെത്തുകയാണ് നല്ലതെന്നു തോന്നി. നോട്ടീസ്
ആരെയും കാണിക്കരുതെന്നു അനിയനെ ശട്ടം കെട്ടി. അന്നു തന്നെ കമ്പനിയിൽ രണ്ടു മാസത്തെ
ലീവിനു നോക്കി. അമ്മയുടെ അവസ്ഥ വരെ പറഞ്ഞു നോക്കി. ലീവു തരാൻ കൂട്ടാക്കിയില്ല. അവസാനം
ഞാൻ നിറുത്തിപ്പോകാണന്ന് തീർത്തു പറഞ്ഞു. അപ്പൊൾ ആനുകൂല്യങ്ങളൊന്നും തരില്ലാന്നായി.ഒന്നും
വേണ്ടാ.. എനിക്ക് ടിക്കറ്റ് മാത്രം മതിയെന്നായി ഞാൻ. അങ്ങനെയാണ് മൂന്നാം ദിവസം എല്ലാം
ഉപേക്ഷിച്ച് അവിടന്നു തിരിക്കുന്നത്.“

ചാ‍യ കുടിച്ചു കഴിഞ്ഞ ഗ്ലാസ് വീടിന്റെ തിണ്ണയിൽ വച്ചിട്ട് രാജേട്ടൻ തുടർന്നു.
“ ഇവിടെ വന്നിട്ട് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ഒരു ചായ കുടിച്ചിട്ട് ഞാനും അനിയനും കൂടി
ബാ‍ങ്കിലേക്കു ചെന്നു. മാനേജരെ കണ്ടു. അദ്ദേഹത്തിന് ആ വാർത്ത ഒട്ടും വിശ്വസിക്കാനായില്ല.
അപ്പോൾ തന്നെ ഫയൽ എടുത്ത് പരിശോധിച്ചു.

എന്റെ പേരിൽ തന്നെയാണ് വായ്പ എടുത്തിരിക്കുന്നത്. എന്റെ പേരും ഒപ്പും എല്ലാം അതു തന്നെ,
പക്ഷെ ഫോട്ടൊ മാത്രം എന്റേതല്ല. ഈ സ്ഥലം എന്റെ അമ്മയുടെ കാലശേഷം മാത്രമെ എനിക്കു
ക്രയവിക്രയ സ്വാതന്ത്ര്യം കിട്ടുകയുള്ളു. അതു കൊണ്ട് വായ്പ്പയെടുക്കുമ്പോൾ അമ്മയുടെ അനുവാദം
ആവശ്യമാണ്. അതിനായി അമ്മയുടെ കയ്യൊപ്പും പേരും എല്ലാം കൊടുത്തിട്ടുണ്ട്. പക്ഷെ ഫോട്ടൊ
അമ്മയുടേല്ല. സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് എന്റെ ഭാര്യയും അവളുടെ ചേട്ടനും. ഞാൻ ശരിക്കും
ഞെട്ടിപ്പോയി. എല്ലാവരും കൂടി നടത്തിയിട്ടുള്ള ഒരു കൊടും ചതി.“

ചായ കുടിച്ചുകഴിഞ്ഞ ഗ്ലാസ് അടുക്കളയിൽ കൊണ്ടുപോയി കഴുകി വച്ചിട്ട് ,അമ്മയുടെ മുറിയിൽ ഒന്നു
കൂടി നോക്കിയിട്ട് വീണ്ടും തുടർന്നു.

“പിന്നെ മാനേജരുമായി ആലോചിച്ചിട്ട് നേരെ പോലീസ് സ് റ്റേഷനിലേക്കു വിട്ടു. അവിടെ ഒരു
പരാതി കൊടുത്തു. അതു കഴിഞ്ഞ് വീട്ടിൽ വന്നു. ഭാര്യയോട് ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചില്ല.എന്തെങ്കിലും സംസാരിച്ചു കഴിഞ്ഞാൽ ഒരു പക്ഷെ എന്റെ സമനില തെറ്റിപ്പോകുമെന്ന് എനിക്കു തോന്നി. അവരോട് ‘ എത്രയും വേഗം ഡ്രസ് ചെയ്യ്, ഒരിടത്ത് പോകാനുണ്ടെന്ന് ‘ മാത്രമെ പറഞ്ഞുള്ളു. ഞാൻ ബാത് റൂമിൽ കയറി കുറച്ചു നേരം തണുത്ത വെള്ളം തലയിലൊഴിച്ച് എന്റെ തല ഒന്നു തണുപ്പിച്ചു.

ഒരു ടാക്സി കാറിൽ അവരേയും കൂട്ടി അവളുടെ വീട്ടിലേക്കു വിട്ടു. അച്ചനും അമ്മയും ഓടിവന്ന്
വിശേഷങ്ങൾ ചോദിച്ചു. പോക്കറ്റിൽ നിന്ന് ജപ്തി നോട്ടീസ് എടുത്ത് അച്ചന്റെ കയ്യിലേക്കു കൊടുത്തു.
എന്നിട്ട് പറഞ്ഞു ‘എന്റെ വീടിന്റെ ജപ്തീ നോട്ടീസ് ആണ്. ഇതിൽ നിങ്ങടെ പങ്കെന്താ..? ’ അവർ
അഞ്ജത നടിച്ചു. ഇതിനെക്കുറിച്ച് ഒന്നും അറിയില്ലന്നു പറഞ്ഞു.

‘എങ്കിൽ എന്റെ വീടിന്റെ ആധാരവുമായി ഇനി മോള് തിരിച്ചു വന്നാ മതി. അതുവരേക്കും അവളിവിടെ
നിൽക്കട്ടെ.’ എന്നു പറഞ്ഞ് ജപ്തിനോട്ടീസും വാങ്ങി ഞാൻ തിരിച്ചു നടന്നു.

പിന്നെ ഇടിയും നിലവിളിയും ഒച്ചയും ബഹളവും ഒക്കെ കേട്ടു. ഞാൻ ഒന്നും ശ്രദ്ധിച്ചില്ല. ഒരു വക്കീലിനെ കണ്ടു. വിവരെങ്ങളെല്ലാം പറഞ്ഞു.

അതു കഴിഞ്ഞാണു എന്റെ അമ്മയെ ഒന്നു ശ്രദ്ധിക്കാനായത്. അപ്പോഴേക്കും വിവരം അറിഞ്ഞ്
ബന്ധുക്കളും മറ്റും വരാൻ തുടങ്ങി.

ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് എന്റെ പരാതി മുന്നോട്ട് നീക്കിയില്ല. ഈ തട്ടിപ്പ് നടത്തിയവർ
പ്രബലന്മാരായിരുന്നു. ഞാൻ എന്റെ കൂടെ സ്കൂളിൽ ഒന്നിച്ചുണ്ടായിരുന്ന ഒരു യുവനേതാവിനെ
ചെന്നു കണ്ടു. അയാൾ എന്തു സഹായവും ചെയ്തു തരമെന്നേറ്റു. പിന്നീടാണ് പോലീസിനു ജീവൻ
വച്ചത്.

അതിനെത്തുടർന്ന് എന്റെ ഭാര്യ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തു. എനിക്ക് പകരം ഹാജരായി
ഒപ്പിട്ടത് ഒരു ക്രിമിനൽ ആയിരുന്നു. അവന് ആൾമാറാട്ടം നടത്തിയതിന് കിട്ടിയത് അൻപതിനായിരം രൂപയാണ്. എന്റെ അമ്മക്ക് പകരം ഹാജരായത് ഒരു പാവം തള്ളയായിരുന്നു. അവർക്ക് ആയിരം രൂപ കിട്ടി. പിന്നെ ബാങ്കിലെ രണ്ടുദ്യോഗസ്തരും.

അങ്ങനെ പിന്നെ കോടതിയും കേസും മറ്റുമായി മാസങ്ങൾ. ഇതിനിടക്ക് ഭാര്യയെ ഇവിടെ തിരിച്ചു
കൊണ്ടുവരാനായി അവളുടെ ബന്ധുക്കളും പൌരപ്രമുഖരും ഒക്കെ ഇടപെട്ടു. ഞാൻ ഒറ്റക്കാര്യത്തിൽ
മാത്രം ഉറച്ചുനിന്നു. എന്റെ വീടിന്റെ ആധാരവുമായിട്ടല്ലാതെ ഇനി ഇവൾ ഇവിടെ കേറണ്ട. ഇത്രവരെ
കാര്യങ്ങൾ എത്തിയിട്ടും ഒരു വാക്ക്...ഒരെ ഒരു വാക്ക് എന്നോടവൾക്ക് പറയാമായിരുന്നു.

ഈ സ്ഥലം എനിക്കും അമ്മക്കും കൂടിയുള്ളതാണ്. ഈ വീടാണ് എന്റെ ഗൾഫ് സമ്പാദ്യം. ഒരു
സുപ്രഭാതത്തിൽ അതു നഷ്ടപ്പെടാന്ന് വന്നാ..അതും പിടിപ്പു കേടുകോണ്ട്...

അവസാനം എല്ലാവർക്കും ശിക്ഷ കിട്ടുമെന്ന് വന്നപ്പോൾ, അവർ വക്കീലന്മാർ വഴി ഒരു സന്ധി
സംഭാഷണത്തിനു തെയ്യാറായി. എന്റെ ബന്ധുക്കളും അതു മതിയെന്നു പറഞ്ഞപ്പൊ.,ഞാനും പിന്നെ
കേസുമായിട്ട് മുന്നോട്ട് പോകണ്ടാന്ന് വച്ചു. എന്റെ ഭാര്യയെ ശിക്ഷിച്ചാൽ കുട്ടിയുടെ ഭാവി
അപകടത്തിലാവും.

അതു പ്രകാരം വീടിന്റെ ആധാരം എല്ലാ ബാദ്ധ്യതകളും തീർത്ത് തിരിച്ചു തരാനും പകരം കേസു പിൻ
വലിക്കാനും ആയിരുന്നു തീർപ്പു. അതിൽ ഭാര്യയെ തിരിച്ചു കൊണ്ടു വരുന്നതും ഉൾപ്പെടുത്തിയിരുന്നെങ്കിലും ഞാനത് സമ്മതിച്ചില്ല. അതൊഴിച്ച് ബാക്കി ഞാൻ സമ്മതിച്ചു..
ഗത്യന്തരമില്ലാതെ അവർക്കതിനു സമ്മതിക്കേണ്ടി വന്നു.

അങ്ങനെ എന്റെ കുടുമ്പജീവിതം അവിടെ അവസാനിച്ചു. ആധാരം തിരിച്ചു കിട്ടി. കേസ് ഞാൻ പിൻവലിച്ചു.

അതിനുശേഷം കുടുമ്പക്കോടതിയിൽ ഞങ്ങളുടെ ബന്ധം വേർപെടുത്താൻ കേസു കൊടുത്തു.ഇവിടെ അവൾക്ക് ഒന്നിനും ഒരു മുട്ടും വരുത്തിയിട്ടില്ല. അവർക്കു വേണ്ട എല്ലാ സൌകര്യങ്ങളും
ഞാനിവിടെ ഒരുക്കിക്കൊടുത്തിരുന്നു. എന്നിട്ടും സ്വന്തക്കാർ വന്നു വിളിച്ചപ്പൊ, സ്വന്തം കുടുമ്പത്തിന്റെ
അസ്തിവാരം ഇളക്കാൻ കൂട്ടു നിന്നത് ക്ഷമിക്കാൻ കഴിയുന്ന തെറ്റല്ല. ‘ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും ‘എന്ന പോലെ ഇനിയൊരു കുടുമ്പജീവിതം വേണ്ടന്ന് തീരുമാനിച്ചു.

ആദ്യം കുറച്ചു ദിവസത്തെ കാര്യത്തിനാണെന്ന് പറഞ്ഞപ്പൊ ആധാരം കൊടുത്തിരിക്കാം. പക്ഷെ,
പിന്നെ ഭീഷണിപ്പെടുത്തിയൊ മറ്റൊ മറ്റു കാര്യങ്ങൾ നടത്തിയിരിക്കാം. ഇതിനിടക്ക് ഞാൻ ഒരു
പ്രാവശ്യം അവധിയിൽ വന്നിരുന്നു. അപ്പോഴെങ്കിലും ഇതിനെക്കുറിച്ച് പറയാമായിരുന്നു.എനിക്ക് ഒറ്റ പരാതിയേയുള്ളു. ആധാരം കൊടുക്കുന്നതിനു മുൻപ് എന്തുകൊണ്ട് എന്നോട്
ചോദിച്ചില്ല...അതല്ലെ ഇതിനെല്ലാം കാരണം ?. അപ്പോൾ എന്നേക്കാൾ സ് നേഹം അവൾക്ക്
അവരുടെ വീട്ടുകാരോടായിരുന്നു.

അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു. കോടതി നിർദ്ദേശാരണം അവർക്കു ചിലവിനു വേണ്ട
തുക കോടതിയിൽ കെട്ടിവച്ചു. അതോടെ എന്റെ കയ്യിലെ സമ്പാദ്യങ്ങളെല്ലാം തീർന്നിരുന്നു. കുട്ടിയെ അമ്മയുടെ കൂടെ നിർത്തി. പ്രായപൂർത്തിയായാൽ എന്നെത്തേടി വരാം.

കഴിഞ്ഞുപോയ കുറെ വർഷങ്ങൾ സമ്മാനിച്ചതാണ് എന്റെ ഈ രൂപം. അന്ന് അനുഭവിച്ച
മനോവേദന എത്രയെന്നു പറയാനാവില്ല. ഞാനൊറ്റക്കല്ലെ ഉണ്ടായിരുന്നുള്ളു.

ഇതൊന്നുമറിയാതെ അമ്മ . അമ്മയെ ഈ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. ഇനി ഒരു നിമിഷം
പോലും ഈ നാട്ടിൽ നിൽക്കാൻ താല്പര്യമില്ല. പക്ഷെ അമ്മ......?

ഇന്ന് ചിലവിന് നാളികേരം കുറച്ചു കിട്ടും. പിന്നെ കുറച്ച് വാഴകൃഷിയുണ്ട്. അങ്ങനെയൊക്കെ
പോകുന്നു.”

ഒരു സിനിമാക്കഥ പോലെ ഞാനത് കേട്ടിരുന്നു. ഒന്നും പറയാനില്ലായിരുന്നു.
ഇങ്ങനെയൊക്കെ വന്നു പോയതിൽ ആരാൺ ഉത്തരവാദി....?
നമ്മൾതന്നെയല്ലെ....?

ഇവിടെ ചൂടിലും തണുപ്പിലും ഒരു ദിവസം പോലും ലീവെടുക്കാതെ..., രാത്രിയെന്നൊ പകലെന്നൊ
ഇല്ലാതെ ....., ഉറ്റവരും ഉടയവരും ഇല്ലാതെ....,.പണിയെടുത്ത് കിട്ടുന്നതത്രയും നാട്ടിലയച്ച്
അവിടെയെല്ലാം ഭംഗിയായി നടക്കുന്നതായി നാം കരുതുന്നു.

വല്ലപ്പോഴും ഒന്നന്വേഷിക്കാൻ മനസ്സു വച്ചാൽ ഇത്തരം അത്യാഹിതങ്ങൾ ഒഴിവാക്കാൻ കഴിയും
അതിനും നമുക്കെവിടെ..നേരം.....?
പാവം പ്രവാസി.....

7 comments:

വീകെ said...

നാമയക്കുന്ന സമ്പാദ്യം എന്തു ചെയ്യുന്നുവെന്ന് അന്വേഷിക്കുന്നവർ വളരെ കുറവാണ്. സ്വന്തമായി ബാങ്കക്കൌണ്ടുള്ളവർ തന്നെ എത്ര പേരുണ്ട്..?പലരും ആരുടെയെങ്കിലും ഒക്കെ പേരിലാണ് അയച്ചുകൊടുക്കുന്നത്.എന്റെ സുഹൃത്തിനു പറ്റിയത് ഇനിയാർക്കും പറ്റാതിരിക്കട്ടെ.

കുഞ്ഞന്‍ said...

ചേട്ടാ..

വായിച്ചുകഴിഞ്ഞപ്പോള്‍ വല്ലാത്തൊരു മാനസീകവസ്ഥ. ഇത് പ്രവാസിയുടെ മാത്രം കാര്യമല്ല, എല്ലാവരുടെയും അറിഞ്ഞിരിക്കേണ്ടതും തിരിച്ചറിവുണ്ടാകേണ്ട കാര്യമാണ്.

കാസിം തങ്ങള്‍ said...

ഇത്തരം വിശ്വാസവഞ്ചനയില്‍ അകപ്പെട്ട് ദുരിതക്കായത്തീല്‍ മുങ്ങിത്താഴുന്നവര്‍ വേറെയുമുണ്ടാവാം. അമിതമായ സ്വാതന്ത്രം നല്‍‌കാതെ, കടിഞ്ഞാണ്‍ നമ്മുടെ കയ്യില്‍ തന്നെ ഉണ്ടായാല്‍ ഒരു പരിധിവരെ ഇത്തരം വിപത്തുകള്‍ ഒഴിവാക്കാമെന്ന് തോന്നുന്നു.

വീകെ said...
This comment has been removed by the author.
ഷിജു said...

ചേട്ടായീ നന്നായിരുന്നു, ഇതു പോലെ ഒരുപാട് സംഭവങ്ങള്‍ നമ്മുടെ ഇടയില്‍ ദിനം പ്രതി നടക്കുന്നുണ്ടല്ലോ.
എന്നാലും എന്റെ ഒരു എളിയ ഒരു അഭിപ്രായം പറഞ്ഞുകൊള്ളട്ടെ, ഒരു പക്ഷേ ആ ഭാര്യ തെറ്റുകാരിയായിരിക്കാം അല്ലെങ്കില്‍ ചതിക്കപ്പെട്ടതാവാം,പക്ഷേ ഒന്നുമറിയാത്ത ആ കുട്ടി എന്തു പിഴച്ചു??? ബാല്യത്തില്‍ അവനു കിട്ടേണ്ട ഒരു അഛന്റെ സ്നേഹവും സംരക്ഷണയുമാണ് ഈ സംബവത്തില്‍ക്കൂടി അവന് നഷ്ടപ്പെട്ടത്. അതു വേണമായിരുന്നോ???
ഒരു പക്ഷേ ആ ഭാര്യ എന്നു പറയുന്ന സ്ത്രീ ഭര്‍ത്താവിനെ ഭയന്നാവാം നാട്ടില്‍ ലീവിനു വന്ന്പ്പൊഴും ഈ കാര്യം ഒളിച്ചുവെച്ചത്,
അവരോട് ഒരു പക്ഷേ ഒരു തുറന്ന സംസാരത്തിന് ഈ ഭര്‍ത്താവ് തയ്യാറായിരുന്നെങ്കില്‍ ഒരു പക്ഷേ എല്ലാം ഭംഗിയായി അവസാനിച്ചേനേ എന്ന് എനിക്ക് തോന്നുന്നു. ആധാരവുമായി മാത്രം വന്നാല്‍ അവളെ ഇവിടെ കയറ്റാം എന്ന് ആദ്യ്ം പറഞ്ഞയാള്‍ എന്തേ അവസാനം വാക്കുമാറ്റി???
എങ്കില്‍ തന്നെയും തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ വീടിന്റെ ആധാരം എടുത്തു കൊടുത്ത സ്ത്രീ തെറ്റുകാരി തന്നെയാണ്.
ചിലപ്പോള്‍ തന്റെ സഹോദരനോടുള്ള അമിതമായ വിശ്വാസമാകാം ആ സ്ത്രീയെ അതിനു പ്രേരിപ്പിച്ചത്.

വീകെ said...

പ്രിയ ഷിജു,
താങ്കൾ പറഞ്ഞ സംശയം ഞാ‍നും ചോദിക്കാദിരുന്നില്ല.
പക്ഷെ ,കേസും മറ്റുമായി വർഷങ്ങൾ നീണ്ട കാലയളവാണ് കടന്നു പോയത്.ഒരു പ്രത്യേക ഘട്ടത്തിൽ എത്തിയപ്പോഴാണ് ആധാരം കൊടുത്തത്. അത് എത്രയൊ മുൻപെ ആകാമായിരുന്നു.എങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല.

ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലൊ.രണ്ടു കൂട്ടരും തങ്ങളുടെ വിധികളുമായി പൊരുത്തപ്പെട്ടിരിക്കുന്നു.

Unknown said...

താങ്കളുടെ ബ്ലോഗ്ഗില്‍ ഫോളോവര്‍ ഗദ്ജറ്റ് കാണുന്നില്ല .വേണ്ടത്ര ശ്രധിക്കപെടെണ്ട ബ്ലോഗ്ഗ് തന്നെ ഇനിയും എഴുതൂ പ്രവാസി അനുഭവങ്ങള്‍ ഞാന്‍ ഇനിയും വരം
സ്നേഹത്തോടെ സജി