Monday 21 September 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു...... ( 4 )


 അങ്കം കുറിക്കൽ

 “പാഞ്ചുറുപ്പിക ആട്ടണ...!!”
പിന്നെയും സത്താറിക്കായുടെ വാക്കുകൾ എന്നെ നാട്ടിലെത്തിച്ചു. ഉറുപ്പികേം അണയുമൊക്കെ നാട്ടിലല്ലെ ഉണ്ടായിരുന്നത്. ചെറുപ്പത്തിൽ എന്റെ കയ്യിൽ ഒരു ഓട്ടക്കാലണ ഉണ്ടായിരുന്നു.
അത് എന്റെ പെട്ടിക്കുള്ളിൽ ഇപ്പോഴും കാണും. നാട്ടിൽ നിന്നും അതെല്ലാം പോയിട്ടെത്രയോ കാലമായി...

ഇവിടെ ഈ ‘ആട്ടണ‘ എങ്ങനെ വന്നുവെന്നായി എന്റെ ചിന്ത... ?!

എന്റെ സംശയം ഞാൻ ഒന്നുകൂടി ചോദിച്ചു.

“എത്ര ആയെന്നാ പറഞ്ഞത്..?”

“പാഞ്ചുറുപ്പിക ആട്ടണ”
 പിന്നെയും അതു തന്നെ ആവർത്തിച്ചു.

ഞാൻ ദിനാറെടുത്ത് കാണിച്ചിട്ട് പറഞ്ഞു

“എന്റടുത്ത് ദിനാറൊള്ളൂല്ലൊ..”

അതു കേട്ടതും സത്താറിക്ക വലിയ വായിലൊരു ചിരി...

“ഞാൻ മറ്റുള്ളവരോട് പറയുന്നതു പോലെ പറഞ്ഞതാ....” എന്നും പറഞ്ഞ് ദിനാർ വാങ്ങി ബാക്കി തന്നു.
“പാഞ്ചുറുപ്പിക എന്നാൽ അഞ്ചു രൂപ, ആട്ടണ എന്നാൽ 50 പൈസാ...”
സത്താറിക്ക ഒന്നു കൂടി വിശദമാക്കി. എന്നിട്ടും എന്റെ സംശയം തീർന്നില്ല.

“ഈ രൂപയും അണയും മറ്റും ഇവിടെ എങ്ങനെ വന്നു...? അതും ഇപ്പോഴും അണ..!!, അത് നമ്മുടെ നാട്ടിൽ നിന്നും പോയിട്ട് കാലമെത്രയായി....?”

സത്താറിക്ക തന്റെ അറിവു പങ്കു വക്കാൻ തയ്യാറായി.

“ പണ്ട് ഈ അറബികൾക്ക് നമ്മുടെ നാടുമായിട്ടായിരുന്നൂല്ലൊ കച്ചവടങ്ങൾ
ഉണ്ടായിരുന്നത്...? അന്നു മുതൽ നമ്മുടെ കറൻസിയാ ഇവര് ഉപയോഗിച്ചു
കൊണ്ടിരുന്നത്. ദിനാറിന്റേയും ഫിൽ‌സിന്റേയും കണക്കുകൾ ഇപ്പൊഴത്തെ
തലമുറക്കേ മനസ്സിലാകൂ... പഴയ ആളുകൾക്ക് ഉറുപ്പിക,പൈസാ എന്നൊക്കെ
പറഞ്ഞാൽ പെട്ടെന്നു തലയിൽ കേറും.. പിന്നെ ഞാനും ഇവിടെ കുറെ
കാലമായേ...!!”
അതും പറഞ്ഞ് ഇക്ക ചിരിച്ചു.

എനിക്ക് അത്ഭുതമാണ് തോന്നിയത്. സത്താറിക്ക മേശയിൽ നിന്നും ഒരു നൂറു ഫിൽ‌സിന്റെ കോയിൻ എടുത്ത് കാണിച്ചിട്ടു പറഞ്ഞു

“ ഇത് നമ്മൾ ഒരു രൂപയെന്നാ പറയുക. ഇത് പത്തണ്ണം കൂടിയാലെ ഒരു ദിനാർ
ആകുന്നുള്ളു...”  
വിവരം വന്ന ഉടനെ മനസ്സിലാക്കിയിരുന്നു.

അതു കൊണ്ട് ഞാൻ പറഞ്ഞു

“ അതെനിക്കറിയാം.. പക്ഷെ ഈ അണയാണ് മനസ്സിലാകാത്തത്...?

“ അതു ഞാൻ മനസ്സിലാക്കിത്തരാം..” എന്നും പറഞ്ഞ് മേശയിൽ നിന്നും 25 ഫിൽ‌സിന്റേയും
50 ഫിൽ‌സിന്റേയും ഓരൊ കോയിൻ എടുത്തു കാണിച്ചു.

“ ഇതാണ് 25 ഫിൽ‌സ്, അതായത് 25 പൈസ . അണയിൽ പറഞ്ഞാൽ നാലണ.
അൻപതിന്റെ ഫിൽ‌സിന് എട്ടണ..”
“അയ്യൊ.. നേരം വൈകി .. ഞാൻ പോട്ടെ. ബാക്കി പിന്നെ പഠിക്കാം..”
എന്നു പറഞ്ഞ് ഞാൻ പോന്നു.

എന്നും കാലത്ത് പോരുമ്പോൾ കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗിൽ കാലിക്കുപ്പികളും
ബ്രെഡ്ഡിൽ ജാം പുരട്ടിയതും പൊതിഞ്ഞു വച്ചിട്ടുണ്ടാകും.

കുപ്പികൾ എന്തിനാണെന്നറിയാല്ലൊ....?

(അപ്പുറത്തെ ആ വല്ലിപ്പൻ എന്റെ മൂത്രമൊഴിക്കുന്ന സൂത്രപ്പണി കണ്ടു പിടിച്ചില്ലെ..!!)
ഇനീ ഈ കുപ്പികൾ തന്നെ ശരണം. ഇത് പോരുന്ന വഴി ഒന്നു രണ്ടു
ചവറ്റുകൊട്ടകൾ ആരും കാണാതെ തപ്പിയപ്പോൾ കിട്ടിയതാ. അങ്ങനെ ഗൾഫിൽ
വന്ന് ചവറ്റുകൊട്ടയും തപ്പിപ്പെറുക്കേണ്ടി വന്നു.

“ദൈവമെ... ഇതൊന്നും നീ കാണുന്നില്ലെ.....?”
ഇതല്ലാതെ എനിക്ക് എന്തു ചെയ്യാനാകും....?

അന്നവൻ കട പൂട്ടാൻ വന്നത് രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടാണ്. കൂടെ അവന്റെ
രണ്ടു കൂട്ടുകാരും. വന്ന വഴി കാപ്പിയുണ്ടാക്കാൻ പറഞ്ഞു. എന്തൊ ജോലി കഴിഞ്ഞ്
ക്ഷീണിച്ച് വരുന്നതു പോലെയാണ് വരവ്. ഈജിപ്തനും ഒരുത്തനും കൂടി മുകളിലെ
ഓഫീസ് മുറിയിലേക്ക് പോയി.

രണ്ടാമത്തെ കൂട്ടുകാരൻ എന്റടുത്തു വന്നു.

“ എനിക്ക് കാപ്പി വേണ്ട.. ഈ കാപ്പി ഞാൻ കുടിക്കാറില്ല.”  അവൻ പറഞ്ഞു.

അതു കൊണ്ട് രണ്ടു ഗ്ലാസ് വെള്ളമെ അടുപ്പത്തു വച്ചുള്ളു.

അതു കഴിഞ്ഞ് അവന്റെ ആ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

“ നീയെന്തിനാ ഈ പാതിരാത്രി വരെ ഇവനെ കാത്തിരിക്കുന്നത്....?

നിനക്ക് പറഞ്ഞൂടെ ഒൻപത് മണിക്ക് പോകണമെന്ന്.....?”

അവന്റെ മുഖത്തേക്ക് നിർന്നിമേഷനായി, ആശ്ചര്യത്തോടെ നോക്കി നിന്നു കുറച്ചു നേരം.

ഇവനും ഈജിപ്ത്കാരനാണ്. അവന്റെ കൂട്ടുകാരൻ....?

ഇവൻ എന്തിനായിരിക്കും ഇങ്ങനെയൊക്കെ എന്നോട് പറയുന്നത്....?

ഇവനെ എങ്ങനെ വിശ്വസിക്കാം..?


മറുപടിയൊന്നും പറയാതെ രണ്ടു ഗ്ലാസിൽ കാപ്പിയുണ്ടാക്കി.
കാപ്പിയുമായി മുകളിലേക്ക് കയറാൻ തുടങ്ങിയതും പിന്നിൽ നിന്നവൻ വീണ്ടും പറഞ്ഞു.

“കാപ്പി കൊടുത്തിട്ട് പറ, നേരം വൈകി ഞാൻ പോകാണെന്ന്.. എന്നും പറഞ്ഞ് നീ
പൊക്കൊ. ഇതിനൊന്നും അവൻ ഒന്നും ചെയ്യില്ല. നീ പേടിക്കണ്ട. നീ മിണ്ടാതിരുന്നാൽ നിനക്കൊരിക്കലും മോചനമുണ്ടാകില്ല...!?”

ആ വാക്കുകൾ എത്രമാത്രം എന്നെ സ്വാധീനിച്ചുവെന്നറിയില്ല. കാപ്പി കൊടുത്തിട്ട്
ഞാൻ പറഞ്ഞു.

“നേരം വൈകി , ഞാൻ പോകാണ്..” എന്നു പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.

ഓടി സ്റ്റെപ്പുകളിറങ്ങി. അവൻ ‘നിൽക്ക്, നമുക്കൊരിമിച്ച് പോകാം, ഈ കാപ്പി കുടിച്ചാൽ മതി.’ എന്നൊക്കെ പറയുന്നത് കേട്ടു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.


താഴെ വന്നപ്പോൾ എന്നെ ഉപദേശിച്ച ഈജിപ്ത്കാരൻ എന്റെ പുറത്ത് തട്ടി പുറകിലത്തെ വാതിൽ തുറന്ന് തന്ന് പെട്ടെന്നു പൊക്കോളാൻ ആംഗ്യം കാട്ടി.
ഞാൻ പുറത്തിറങ്ങി എന്തും വരട്ടെയെന്നു കരുതി ഓടി.

എവിടന്നാണ് ഇത്ര ധൈര്യം കിട്ടിയതെന്ന് അറിയില്ല...
ആ ഓട്ടം ഞാനെന്റെ വീടുവരെ ഓടുമായിരുന്നു....!!
പക്ഷെ, കടലും വിമാനവും മറ്റുമുള്ള കടമ്പകൾ ഇടക്കുള്ളതു കൊണ്ട് എന്റെ മുറിവരെ ആക്കി. മുറിയിൽ എത്തുമ്പോഴേക്കും കൂട്ടുകാർ നല്ല ഉറക്കത്തിലായിരുന്നു. സമയം പാതിര ആയിരിക്കുന്നു. ശബ്ദമുണ്ടാക്കാതെ ഭക്ഷണം കഴിച്ച് കിടന്നെങ്കിലും ഉറക്കം വന്നില്ല.

ഞാൻ ചെയ്തത് മണ്ടത്തരമായൊ....?

എത്ര പെട്ടെന്നാണ് ഞാനാ ഈജിപ്ത്കാരന്റെ ഉപദേശം സ്വീകരിച്ചത്...?

ഇങ്ങനെ ഒരു ഉപദേശത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നൊ...?

ഇവിടെ എങ്ങനേയും പിടിച്ചു നിൽക്കണമെന്നാണ് തീരുമാനിച്ചിരുന്നത്.

പക്ഷെ, നാളെ എന്താവും.......??

തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ.. ഉറക്കം എന്റെ കണ്ണൂകളെ തഴുകിയതേയില്ല.

പിറ്റെ ദിവസം ഉറക്കമിളച്ച മുഖവുമായിട്ടാണ് ജോലിക്ക് വന്നത്. എന്തും നേരിടാനുള്ള
ഒരു മനസ്സ് ഞാൻ സ്വരൂപിച്ചെടുത്തിരുന്നു.
എന്റെ കടയുടെ മുൻപിൽ ചെറിയ ആൾക്കുട്ടം കണ്ട് ഞാനൊന്നമ്പരന്നു....!!?

ഓടി അടുത്തു ചെന്നതും അടുത്തുള്ള കടക്കാർ എന്നെ പൊതിഞ്ഞു....?

എന്റെ കടയുടെ അകത്തു നിന്നും വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു...!!?
അവൻ കട പൂട്ടിയപ്പോൾ പൈപ്പ് പൂട്ടാതെ പോയിട്ടുണ്ടാകും. അടുത്ത കടയിൽ
കയറി ഞാൻ ഫോൺ ചെയ്തു. അവൻ എടുക്കുന്നുണ്ടായിരുന്നില്ല. പിന്നെയും രണ്ടു
മൂന്നു പ്രാവശ്യം ഡയൽ ചെയ്തെങ്കിലും കിട്ടിയില്ല.

പിന്നെ പുറത്ത് ഇറങ്ങിയപ്പോഴേക്കും അവൻ കാറിൽ വന്നിറങ്ങുന്നത് കണ്ടു.
എല്ലാവരുടെയും മുൻപിൽ വച്ച് അവൻ ഒരു തട്ടിക്കയറൽ നടത്തി.

“ നീ ഇന്നലെ പൈപ്പ് പൂട്ടിയില്ലാ....?”
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അവന്റെ മുഖത്തേക്കു രൂക്ഷമായൊന്നു നോക്കുക മാത്രമെ ചെയ്തുള്ളു. താക്കോൽ വാങ്ങി കട തുറന്ന് അകത്തു കയറി. അകം മുഴുവൻ വെള്ളത്തിൽ മുങ്ങിയിരുന്നു. പൈപ്പ് അപ്പോഴും നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു.

ഞാൻ പൈപ്പ് അടച്ചു. അവൻ എന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു. വാഷ് ബേസിനകത്ത് വെള്ളം പുറത്തേക്ക് പോകാനുള്ള കുഴലിന്റെ ദ്വാരം  ക്ലോസർ വച്ച് അടച്ചിരുന്നു. അതു കൊണ്ടാണ് വെള്ളം ബേസിൻ നിറഞ്ഞ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നത്. ഞാൻ ആ റബ്ബറിന്റെ ക്ലോസർ പുറത്തെടുത്ത് അവന്റെ നേരെ തിരിഞ്ഞു.

എനിക്ക് എല്ലാം മനസ്സിലായിരുന്നു. ഇന്നലെ ഞാൻ കാണിച്ച ധിക്കാരത്തിന് അവൻ എനിക്കിട്ട് വച്ച പാരയായിരുന്നു ഈ പൈപ്പ് തുറന്നു വിടൽ. എനിക്കതു മനസ്സിലായെന്ന് അവനും മനസ്സിലാക്കി. ഞാൻ എന്തെങ്കിലും പറയും മുൻപെ അവൻ ആഞ്ജാപിച്ചു.

“പെട്ടെന്നു ക്ലീനാക്ക്...”  അതും പറഞ്ഞവൻ മുകളിലേക്ക് കയറിപ്പോയി.

താഴെ കാർട്ടണുകളിൽ വച്ചിരുന്ന സാധനങ്ങളെല്ലാം നനഞ്ഞു കുതിർന്നിരുന്നു.
അലമാരകളുടെ അടിവശം നനഞ്ഞിരുന്നത് തുടച്ചു വൃത്തിയാക്കാൻ കുറെ സമയം
എടുത്തു. നനഞ്ഞ കാർട്ടൺ എല്ലാം ഒഴിവാക്കി. എല്ലായിടവും തുടച്ചു വൃത്തിയാക്കി
കഴിഞ്ഞപ്പോഴേക്കും ഏതാണ്ട് ഉച്ചയോടടുത്തു. അപ്പോഴേക്കും കുനിഞ്ഞാൽ പിന്നെ നിവരാൻ കഴിയാത്ത വണ്ണം എന്റെ നടുവും ഒടിഞ്ഞിരുന്നു. ഏസിയുടെ തണുപ്പിലും ഞാൻ വിയർത്തു കുളിച്ചു. അതിലേറെ അവനോടുള്ള ദ്വേഷ്യം എന്റെ മനസ്സിനെ മാത്രമല്ല ശരീരത്തേയും ഒരു പോലെ
പൊള്ളിച്ചിരുന്നു.

ഇനിയൊരു ചായ കുടിക്കണമെന്നു തോന്നി. അവനും കാലത്ത്  വരുമ്പോൾ കാപ്പി കൊടുക്കാറുള്ളതാണ്. ചായയുണ്ടാക്കി ബ്രെഡ് ജാം പുരട്ടി കൊണ്ടു വന്നിരുന്നത് കഴിച്ച് എന്റെ
വിശപ്പിനൊരു അറുതി വരുത്തി. പിന്നെ അവന്റെ കാപ്പിയുമെടുത്ത് മുകളിലേക്കു
കയറാൻ തുടങ്ങിയതും അവൻ താഴേക്കിറങ്ങി വരുന്നതു കണ്ടു. അവന്റെ കാപ്പി
മേശപ്പുറത്തു വച്ചിട്ട് ഞാൻ മാറി നിന്നു.

അവൻ വന്ന് കസേരയിലിരുന്ന് വിറക്കുന്ന കയ്യുയർത്തി കാപ്പിയെടുത്ത് കുടിച്ചു.
ഒന്നു രണ്ടു കവിൾ കാപ്പി പെട്ടെന്നവൻ അകത്താക്കി. അതിനു ശേഷമാണവന്റെ
കൈ വിറയൽ നിന്നുള്ളു. പിന്നെ അവൻ പറഞ്ഞു

” നീ ഇന്നലെ പോകുന്നതിനു മുൻപു പൈപ്പ് പൂട്ടിയിരുന്നില്ല. അതു കൊണ്ടല്ലെ
വെള്ളം മുഴുവൻ പോയത്...”

അവൻ പറയുന്നത് കളവാണെന്ന് എനിക്കറിയാമായിരുന്നു.

ഒരു ഏറ്റുമുട്ടൽ വേണ്ടന്ന് കരുതി ദ്വേഷ്യമടക്കി ഞാൻ ഒന്നും മിണ്ടാതിരുന്നു.

പക്ഷെ, അവൻ എന്നെ വിടാൻ ഭാവമില്ലായിരുന്നു. വീണ്ടും അവൻ അതു തന്നെ
പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

“അങ്ങനെയെങ്കിൽ നീ കിച്ചനിൽ വന്നപ്പോൾ അതങ്ങു അടക്കാമായിരുന്നില്ലെ..?”
“ഞാൻ കിച്ചനിൽ വന്നില്ല..?”
അവൻ ചൂടായി. അപ്പോഴെനിക്ക് ദ്വേഷ്യം വന്നു. ഞാൻ ചോദിച്ചു.

“ പിന്നെ ഇന്നലെ നിനക്കു ഞാൻ മുകളിൽ കൊണ്ടു തന്ന കാപ്പി ഗ്ലാസ് എങ്ങനെ
ഇവിടെയെത്തി...? ബേസിന്റെ ഡ്രെയിൻ പൈപ്പ് ആ ക്ലോസർ വച്ചടച്ചതാര്.? ”

അതിലവൻ കിടുങ്ങിപ്പോയി. ഉത്തരം മുട്ടിയിട്ടും അവൻ വിട്ടു തരാൻ തെയ്യാറായില്ല.
അവന്റെ മുഖം വക്രിച്ചു. ദ്വേഷ്യം അവന്റെ മുഖത്തേക്കിരച്ചു കയറി. മുഖം ചുവന്നു.

“നീ എന്നെ ചോദ്യം ചെയ്യാൻ വളർന്നിട്ടില്ല. നിന്നെ എന്താണ് ചെയ്യേണ്ടതെന്ന്
എനിക്കറിയാം...”

എന്നും പറഞ്ഞവൻ പെട്ടെന്നെഴുന്നേറ്റ്, ഇരുന്ന കസേര പുറകിലേക്ക് ചവിട്ടി നീക്കി
മേശയുടെ മുൻപിലേക്ക് വന്നു.

ഞാനും താഴാൻ തെയ്യാറായില്ല.

“നീ എന്നെ എന്തു ചെയ്യാനാ....? ഒന്നും ചെയ്യില്ല. നീയും എന്നെപ്പോലെ ഒരു
തൊഴിലാളിയാ ഇവിടെ....!!”
അതും പറഞ്ഞ് ഞാൻ നിന്ന് വിറക്കാൻ തുടങ്ങി.

എന്റെ മറുപടിയും താഴ്ന്നു കൊടുക്കാത്ത ഭാവവും അവന്റെ സിരകളെ വല്ലാതെ ചൂടാക്കി.

“ഞാൻ എന്തു ചെയ്യുമെന്നൊ..? ഇപ്പൊ തന്നെ ഞാൻ കാണിച്ചു തരാം...!
പോലീസിനെ വിളിച്ച് , നാളെ നേരം വെളുക്കുമ്പൊ നീ ബോംബെയിലെത്തിയിരിക്കും.... റാ‍സ്ക്കൽ...?”
എന്നു പറയുക മാത്രമല്ല മേശയുടെ മുൻപിൽ നിൽക്കുകയായിരുന്ന എന്നെ പിടിച്ച് ഒറ്റ തള്ളൽ......!!

അതു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

തള്ളലിന്റെ ശക്തിയിൽ പുറകോട്ടു മലച്ച ഞാൻ പുറകിലെ ഷെൽഫിൽ ചെന്നിടിച്ചു നിന്നു. ഷെൽഫ് ആകെ കുലുങ്ങി.

തട്ടു തട്ടായി അടുക്കി വച്ചിരുന്ന സാധനങ്ങൾ താഴെ വീണു ചിന്നിച്ചിതറി....!!

ഗ്ലാസ്സ് കുപ്പികൾ താഴെ വീണുടയുന്ന ശബ്ദം ഞാൻ കേട്ടു..!!

എനിക്കു പിന്നെ കണ്ണു കാണാൻ വയ്യാതായി...

ചെവി കേൾക്കാൻ വയ്യാതായി....

എന്റെ കണ്മുന്നിൽ ‘കോവാട്ടു ഭഗവതി ക്ഷേത്ര‘ത്തിലെ വെളിച്ചപ്പാടിന്റെ
തുള്ളലായിരുന്നു...!

ചെണ്ടയുടെ താളം മുറുകുന്നതിനനുസരിച്ച് നിന്നു വിറച്ച് തുള്ളുന്ന വെളിച്ചപ്പാട്...!
കയ്യിലിരിക്കുന്ന വാള് നാലു വശത്തേക്കും വീശി അമ്പലത്തിനു ചുറ്റും പ്രദക്ഷിണം
വക്കുന്ന വെളിച്ചപ്പാട്...!!

ഭക്തജനങ്ങൾ നാലു വശത്തേക്കും ഒഴിഞ്ഞു മാറുന്നു...!!

ചുവന്ന കണ്ണുകൾ...!!!

ചുവന്ന നാ‍ക്ക്...!!!


എനിക്ക് പിന്നൊന്നും ഓർമ്മിക്കാനായില്ല.
എന്തു വന്നാലും ഇവിടെ പിടിച്ചു നിൽക്കണമെന്ന കാര്യം പോലും ഒരു നിമിഷം മറന്നു പോയി...

ഞാൻ കൈകൾ രണ്ടും മുന്നിലേക്കു നീട്ടി...!

വിടർത്തിയ കൈപ്പത്തിയുമായി ഒരാക്രോശത്തോടെ മുന്നോട്ടു കുതിച്ചു...!!
ഈജിപ്ത്കാരന്റെ നെഞ്ചിൻ കൂടു നോക്കി അതി ശക്തമായ ഒരൊറ്റ തള്ള്...!!!

പുറകിൽ കിടന്ന മേശക്കു മുകളിലൂടെ അവൻ അപ്പുറത്തേക്ക് പറക്കുന്നത് കണ്ണുനീരിൽ കുതിർന്ന ചിതറിയ ഒരു കാഴ്ച ഞാൻ കണ്ടു....!!?

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു......

ബാക്കി അടുത്ത പോസ്റ്റിൽ....

20 comments:

വീകെ said...

“എന്തു വന്നാലും ഇവിടെ പിടിച്ചു
നിൽക്കണമെന്ന കാര്യം പോലും
ഒരു നിമിഷം ഞാൻ മറന്നു പോയി..”

ബിന്ദു കെ പി said...

വായിക്കുന്നുണ്ട്...
പിന്നെ എന്തായിരിക്കും സംഭവിച്ചിരിക്കുക എന്നറിയാൻ ആകാംക്ഷ...

mini//മിനി said...

പറന്ന് പറന്ന് എത്തിയത് ഈജിപ്തിലോ?, ജയിലിലോ?, കേരളത്തിലെ അടുക്കളമുറ്റത്തോ?

കുഞ്ഞന്‍ said...

ഒരു അസർപ്പക കഥയെ വെല്ലുന്ന രംഗങ്ങൾ, ഓരോ ലക്കവും ജിജ്ഞാസക്ക് വഴിവച്ച് നിർത്തുന്നു..പഴയകാലത്തെ മാ പ്രസദ്ധീകരണങ്ങളിലെ നോവൽ ശൈലി...

ഗൾഫ് ജീവിതത്തിന്റെ നേർമുഖങ്ങൾ...അനുഭവിച്ചറിയുന്ന ഗൾഫ് മലയാളികൾക്ക് ഇതൊക്കെ വായിക്കുമ്പോൾ ഒരു തരം നിസ്സംഗതയാൺ ഫീൽ ചെയ്യുന്നത്. കാരണം അവനും/അവളും എപ്പോഴെങ്കിലും ഈ രംഗങ്ങൾ ആടിയിട്ടുണ്ടാകും,ഓർക്കാനിഷ്ടപ്പെടാതെ, ഓർക്കുമ്പോൾ അമ്പരപ്പോടെ വേദനയോടെ... തുടരുക...മികച്ചരീതിയിലുള്ള വിവരണത്തിൻ അഭിനന്ദനങ്ങൾ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അശോകേട്ടാ ഈ കാത്തിരിപ്പ്‌ കുറച്ചു കഠിനം തന്നെ ...
പക്ഷെ ചേട്ടന്‍ അനുഭവിച്ചതിനോളം വരില്ലല്ലോ ..
അത് കൊണ്ട് മാത്രം ക്ഷമിച്ചിരിക്കുന്നു ..അല്ലെങ്ങില്‍ ങാ എന്റെ സ്വഭാവം ശരിക്കറിയാലോ

SreeDeviNair.ശ്രീരാഗം said...

തുടര്‍ന്നെഴുതുക..
നന്നായിട്ടുണ്ട്..

★ Shine said...

ഞാൻ ആദ്യം ഗൾഫിൽ വന്നപ്പോൾ കിട്ടിയ ഉപദേശം-"അറബിയെ വിശ്വസിക്കാം, Labours ആയി ജോലി ചെയ്യുന്ന മലയാളിയെ വിശ്വസിക്കാം, മിസ്രിയെ Egyptian വിശ്വസിക്കരുത്‌, നല്ല നിലയിൽ ജോലിയുള്ള മലയാളിയെ ഒരു കാരണവശാലും നമ്പരുത്‌!"

:-)

ശ്രീ said...

ഗതികെട്ടാല്‍ പ്രതികരിയ്ക്കതെ എന്തു ചെയ്യും അല്ലേ?

മുരളി I Murali Mudra said...

നന്നാവുന്നുണ്ട്....
വളരെ താല്‍പ്പര്യത്തോടെ വായിച്ചു പോകാം...നല്ല ശൈലി..
തുടരട്ടെ..

siva // ശിവ said...

ഈ ശൈലിയില്‍ ഇനിയും തുടരുക....

വീകെ said...

ബിന്ദുച്ചേച്ചി,
മിനിച്ചേച്ചി,
കുഞ്ഞേട്ടൻ,
ശരദനിലാവ്,
ശ്രീദേവി നായർ,
കുട്ടേട്ടൻ,
ശ്രീ,
മുരളി നായർ,
ശിവ,
എല്ലാവർക്കും ഇവിടെ വന്നതിനും കമന്റിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കമന്റിടാതെ ഇതിലെ പോയവർക്കും എന്റെ നന്ദി.

Anonymous said...

ഒരു ജീവിതഗ്രഗ്രന്ഥിയായ നോവല്‍ പോലെ തോന്നുന്നു..ഒരു പ്രവാസിയുടെ മനോയാനം.....ആശംസകള്‍....

jyo.mds said...

ഒരു തുടര്‍കഥ പോലെ---ഈ അടിമത്തം സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.

ശാന്ത കാവുമ്പായി said...

അള മുട്ടിയാൽ ചേരയും കടിക്കും.പാവം ഇത്രയും സഹിച്ചല്ലോ.

Anil cheleri kumaran said...

അസാധ്യമായ എഴുത്ത്. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.. ഇനി എന്താവുമെന്നറിയാന്‍ ആകാംക്ഷയോടെ....

വീകെ said...

Bijli,
jyo,
ശാന്ത കാവുമ്പായി,
കുമാരൻ|kumaran,
എല്ലാവർക്കും വളരെ നന്ദി.

ബാജി ഓടംവേലി said...

:)
സ്നേഹത്തോടെ...

Ashly said...

Good!

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായി .തുടരൂ...

അഭി said...

:)