Tuesday 15 March 2011

സ്വപ്നഭുമിയിലേക്ക്... (37)



കഴിഞ്ഞ പോസ്റ്റിൽ നിന്നും......


ഞാൻ കണ്ണുമിഴിച്ച് നടന്നു പോകുന്ന ബോസ്സിനെ നോക്കി നിന്നു....!
തൊഴുകയ്യോടെ....!
ആശ്ചര്യത്തൊടെ...!!
വിശ്വസിക്കാനാവാതെ......!!!
കണ്ണുകൾ എന്തേ നീരണിയുന്നു....?
“ദൈവമേ... ശാന്തിക്കാരന്റെ പ്രവചനം സത്യമാകുകയാണൊ....

തുടരുന്നു....

വീട്ടുകാർ തന്നെ പാരയാവുന്നു....

ഫ്ലാറ്റ് എടുത്തിട്ട് വീട്ടിലറിയിച്ചാൽ മതിയല്ലൊ. ആരോടും അത് പറയാൻ പോയില്ല. അറിഞ്ഞാൽ, ചിലവു ചെയ്യാൻ ഒരു കാരണം കാത്തിരിക്കുന്ന വർഗ്ഗീസേട്ടൻ അപ്പൊഴേ ബഹളം തുടങ്ങും. തൊട്ടടുത്തുള്ള കെട്ടിടങ്ങളിലൊന്നും ഫ്ലാറ്റ് ഒഴിവില്ല. സ്വന്തമായി വണ്ടിയില്ലാത്തവർ ജോലി ചെയ്യുന്നതിനു തൊട്ടടുത്തു തന്നെ ഫ്ലാറ്റ് എടുക്കുന്നതായിരിക്കും ഉചിതം. എന്തെങ്കിലും ഒരാവശ്യം വന്നാൽ പെട്ടെന്ന് ഓടി എത്താമല്ലൊ. ഒരിടത്തും സിം‌ഗിൾ റൂം ഫ്ലാറ്റ് ഒഴിവില്ല.

ദിവസങ്ങൾ നീങ്ങവെ ഒരു കാര്യം ബോദ്ധ്യമായി. ഇതത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും അന്വേഷണം തുടർന്നു കൊണ്ടിരുന്നു. അതിനിടക്കാണ് മറ്റൊരു മണ്ടത്തരം ഞാൻ കാട്ടിക്കൂട്ടിയത്. കുടുംബത്തെ കൊണ്ടു വരാനുള്ള സന്തോഷത്തിൽ പ്രാഥമികമായി ചെയ്യേണ്ട പല കാര്യങ്ങളും വിട്ടു പോയി.

അതും ബോസ്സിന്റെ ചോദ്യമാണ് എന്റെ മണ്ടത്തരം വെളിപ്പെടുത്തിയത്. ഒരു ദിവസം കാലത്ത് ബോസ്സ് ചോദിച്ചു.
“ഫ്ലാറ്റ് നോക്കിയോ എവിടെങ്കിലും.... ?”
“ഇല്ല ബോസ്സ്... ഒരിടത്തും ഒഴിവില്ല...”
“സാരമില്ല.. നീ അന്വേഷിച്ചു കൊണ്ടിരിക്ക്.. അതോടൊപ്പം അവരുടെ പാസ്പ്പോർട്ടിന്റെ കോപ്പി താ.. വിസ കിട്ടുന്നതിനു കുറച്ച് താമസം പിടിക്കും. വിസ അടിക്കുമ്പോഴേക്കും നിനക്ക് വീടും കണ്ടെത്താം...!”

അപ്പൊഴാണ് അവർക്ക് ഇനിയും പാസ്പ്പോർട്ട് എടുത്തിട്ടില്ലല്ലൊന്ന് ഓർത്തത്...!
ഗൾഫിൽ കുടുംബത്തെ കൊണ്ടുപോകാൻ ഒരിക്കലും കഴിയില്ലെന്നുള്ള ധാരണയിലായിരുന്നു അത്. വെറുതെ എന്തിന് അതിനു വേണ്ടി കാശു കളയണം. തന്നെയുമല്ല മോൻ മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. അവന്റെ പരീക്ഷ കഴിയാതെ ഇവിടെ ചേർക്കാനുമാവില്ല. ഇതൊന്നും ചിന്തിക്കാതെയാണ് ഞാൻ അവർക്കായി ഫ്ലാറ്റ് അന്വേഷിച്ചു നടക്കുന്നത്....

ബോസ്സിന്റെ മുൻപിൽ വച്ചു തന്നെ ഞാൻ എന്റെ തന്നെ തലക്കിട്ട് കിഴുക്കി. അതു കണ്ട് ബോസ്സ് ചോദിച്ചു.
“ങൂം.. എന്തു പറ്റി....?”
“അവരുടെ പാസ്പ്പോർട്ട് ഇതുവരെ എടുത്തിട്ടില്ല.....”
എന്റെ മണ്ടത്തരം കേട്ട് ബോസ്സ് വലിയ വായിൽ ചിരിക്കാതിരിക്കുന്നതെങ്ങനെ....

എല്ലാം റെഡിയാക്കി ടിക്കറ്റുൾപ്പടെ പോസ്റ്റിൽ അയച്ചിട്ട് ‘അടുത്താഴ്ച അമ്മേം മോനും കൂടി ഇങ്ങു കേറിപ്പോരെ’ന്നു പറഞ്ഞ് പെങ്കൊച്ചിനെ ഒന്നമ്പരപ്പിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു.
ഒന്നും നടന്നില്ല. പാസ്പ്പോർട്ട് എടുക്കാൻ പറഞ്ഞപ്പോൾ അതെന്തിനെന്നായി ചോദ്യം. എല്ലാം വള്ളി പുള്ളി പറേപ്പിച്ചിട്ടേ മുപ്പിലാത്തി നിറുത്തിയുള്ളു. രണ്ടു മൂന്നു മാസം കഴിയാതെയൊന്നും അന്ന് പാസ്പ്പോർട്ട് കിട്ടുകയില്ല. മോന്റെ പരീക്ഷ കഴിയാൻ ഇനിയും മൂന്നാലു മാസം കൂടിയുണ്ട്.

വീടന്വേഷണം മന്ദഗതിയിലാക്കി. എങ്കിലും പരിചയക്കാരോടൊക്കെ പറഞ്ഞു വച്ചു. അതിലെന്റെ തൊട്ടടുത്ത് കുടുംബമായി താമസിക്കുന്ന സുഹൃത്തിനെയും കണ്ടു കാര്യം പറഞ്ഞിരുന്നു. വീടിന്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം സഹായിക്കാമെന്നേറ്റു. പിറ്റെ ദിവസം അദ്ദേഹം പറഞ്ഞു.
“നാട്ടിൽ സ്കൂൾ പൂട്ടിയിട്ടല്ലെ അവരെ കൊണ്ടുവരുന്നുള്ളു...”
“അതെ.. മോന്റെ ക്ലാസ്സ് കഴിഞ്ഞിട്ടേ പറ്റുള്ളു...”
“അങ്ങനെയെങ്കിൽ എന്റെ ഫ്ലാറ്റ് ഞാൻ തൽക്കാലം വിട്ടു തരാം. ആ സമയത്ത് ഞങ്ങൾ മൂന്നു മാസത്തെക്ക് നാട്ടിൽ പോകുകയാണ്. അതു കഴിഞ്ഞ് ഞാൻ മാത്രമെ വരികയുള്ളു. കുടുംബം വരാൻ പിന്നെയും വൈകും. അതു വരെ നിങ്ങൾക്ക് അവിടെ താമസിക്കാം..!”
“എങ്കിൽ വളരെ സൌകര്യമാവും... എന്റെ തൊട്ടടുത്തു തന്നെയല്ലെയിത്...”

പിന്നെ ഞങ്ങൾ കാര്യങ്ങളെല്ലാം സംസാരിച്ചുറപ്പിച്ചു.
മൂന്നു മാസം പൂട്ടിയിട്ടിട്ടു നാട്ടിൽ പോയാലും വാടക കൊടുത്തിട്ടു പോകേണ്ടി വരും. ഒന്നിച്ച് അത്രയും തുക കണ്ടെത്തണ്ടല്ലൊ. വാടകയും കറണ്ടു ബില്ലും മറ്റും ഞാനടച്ചു കൊള്ളാമെന്നേറ്റു. അങ്ങനെ ഫ്ലാറ്റിന്റെ കാര്യം ശരിയായി ഒട്ടും ബുദ്ധിമുട്ടില്ലാതെ....!!

ഫ്ലാറ്റ് ഒഴിവു വരുന്ന സമയവും, പാസ്പോർട്ട് കിട്ടാനുള്ള കാലതാമസവും, മോന്റെ പരീക്ഷ കഴിയാനുള്ള കാലയളവും എല്ലാം ഒരു പോലെ ഒത്തുവന്നു....!
തികച്ചും അപ്രതീക്ഷിതം...!!
ശരിക്കും ഭാഗ്യം എന്നു പറയുന്നത് ഇതല്ലെ...!

ആ കാലയളവിലാണ്, ഹരി പെട്ടെന്നെടുത്തൊരു തീരുമാനപ്രകാരം നാട്ടിലേക്ക് പോയത്. ഹരി ഞങ്ങളൂടെ ഫ്ലാറ്റിൽ വന്നിട്ട് ഒന്നൊന്നര കൊല്ലമേ ആയിട്ടുള്ളു. അതിനു മുൻപ് കുവൈറ്റിലും, ദുബായിലും മറ്റും ഉണ്ടായിരുന്നു. അന്ന് പെണ്ണൊന്നും കെട്ടിയിരുന്നില്ല. ഹരിയുടെ മൂത്ത ചേച്ചിയുടെ കല്യാണം അഛനായിട്ടു തന്നെ നടത്തിക്കൊടുത്തിരുന്നു. ബാക്കിയുള്ള രണ്ടു പെങ്ങന്മാരുടെ ചുമതല അഛന്റെ മരണ ശേഷം ഹരിയുടെ ചുമലിലായത് സ്വാഭവികം. അതെല്ലാം സന്തോഷപൂർവ്വം തന്നെ ഏറ്റെടുക്കുക മാത്രമല്ല നല്ല രീതിയിൽ തന്നെ കെട്ടിച്ചു വിടുകയും ചെയ്തു. അതിനായി പണം തികയാതെ വന്നപ്പോൾ തറവാടും അതിരുന്ന സ്ഥലവും ഇളയ സഹോദരിക്ക് വിവാഹ സമ്മാനമായി നൽകി. അമ്മ ഇളയ മകളോടൊപ്പം തറവാട്ടിൽ തന്നെ താമസിച്ചു. പിന്നെയും വർഷങ്ങളുടെ അദ്ധ്വാനം കൊണ്ട് അഞ്ചെട്ടു സെന്റ് സ്ഥലവും ഒരു പഴയ വീടും ആ നാട്ടിൽ തന്നെ വിലക്കു വാങ്ങി.

പിന്നെയാണ് വിവാഹിതനാവുന്നത്. വിവാഹത്തിന് സഹോദരിമാർക്കൊന്നും അത്ര സമ്മതമല്ലായിരുന്നു. ഓരോ പെണ്ണു കാണൽ കഴിയുമ്പോഴും ധാരാളം കുറ്റങ്ങൾ അവർ നിരത്തി വക്കും. അവസാനം ഒരെണ്ണത്തിനെ അമ്മയുടെ സമ്മതത്തോടെ സ്വന്തമാക്കി. സഹോദരിമാരേക്കാൾ വിദ്യാഭ്യാസമുണ്ടായിരുന്നു പെണ്ണിന്. താമസിയാതെ ഹരി അഛനുമായി. പിന്നെയാണ് ബഹ്‌റീനിലേക്കു വരുന്നത്.

ബാങ്കിൽ നിന്നും വായ്പ്പയെടുത്ത് ഒരു കൊച്ചു വീടു പണിതു. ആ സ്ഥലം വാങ്ങിച്ചപ്പോൾ ഉണ്ടായിരുന്ന പഴയ വീടിന്റെ മുൻപിലായിട്ടാണ് പുതിയ വീട് പണിതത്. പഴയ വീട് പൊളിച്ചു കളഞ്ഞില്ല. വാടകക്ക് കൊടുക്കാൻ കഴിഞ്ഞാൽ അതും ഒരു വരുമാനമാവുമല്ലോന്ന് കരുതി. പുതിയ വീടിന്റെ ഐശ്വര്യമെന്നോണം ഭാര്യക്ക് ഒരു സർക്കാർ സ്ഥാപനത്തിൽ പീയെസ്സി വഴി  കൊള്ളാവുന്നൊരു ജോലിയും കിട്ടി.

ഹരിയുടെ മൂത്ത ചേച്ചിയുടെ പെണ്മക്കളെ രണ്ടു പേരേയും കെട്ടിച്ചു വിട്ടപ്പോഴേക്കും അവരുടെ വീടും പറമ്പും നഷ്ടമായിക്കഴിഞ്ഞിരുന്നു. കിടപ്പാടമില്ലാതെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന ചേച്ചിയെയും ചേട്ടനേയും വിളിച്ച് തന്റെ പഴയ വീട്ടിൽ താമസിപ്പിച്ചു. താൻ നാട്ടിലില്ലാത്തപ്പോൾ ഒറ്റക്കു കഴിയുന്ന ഭാര്യക്കും മോനും അവർ ഒരു തുണയാവുമല്ലോന്ന് കരുതി.

അവരുടെ തൊട്ടയൽ‌വക്കത്ത് ഒരാൾ വാടകക്ക് താമസിച്ചിരുന്നു. അയാളോടൊപ്പം മോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാളുടെ ഭാര്യ മരിച്ചു പോയിരുന്നു. ഹരിയുടെ മോനോടൊപ്പം ഒരുമിച്ച് സ്കൂളിൽ പോകുകയും ഒരേ ക്ലാസ്സിൽ പഠിക്കുകയും ചെയ്യുന്നു. അയാൾ ജോലികഴിഞ്ഞു വരുമ്പോൾ എട്ടു മണിയെങ്കിലും ആവും. ഹരിയുടെ ഭാര്യ ജോലി കഴിഞ്ഞു വരുമ്പോൾ ആറുമണി കഴിയും. കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ ഹരിയുടെ വീട്ടിൽ കളിച്ചു നടക്കും. കുട്ടികൾ വിശക്കുന്നുവെന്ന് പറഞ്ഞാൽ മാത്രമേ തൊട്ടു പുറകിൽ താമസിക്കുന്ന ഹരിയുടെ ചേച്ചി എന്തെങ്കിലും കൊടുക്കുകയുള്ളു. അല്ലെങ്കിൽ അവരെ തിരിഞ്ഞു നോക്കില്ല.

പിന്നെ ഹരിയുടെ ഭാര്യ ജോലി കഴിഞ്ഞ് വരണം അവരെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും ഹോം വർക്കുകൾ ചെയ്യിക്കാനും. അതൊക്കെ കഴിഞ്ഞിട്ടേ അയൽ‌വക്കത്തെ താമസക്കാരൻ വീട്ടിലെത്താറുള്ളു. സ്വൽ‌പ്പം പിമ്പിരി ആയിട്ടേ പുള്ളി വീട്ടിലെത്തു. എന്നും അത് പതിവാണ്. തന്റെ മകളെ കാണുമ്പോൾ അയാൾക്ക് ഭാര്യയെ ഓർമ്മ വരും. മകളുടെ ജനനത്തോടെ മരണമടയുകയായിരുന്നു അവർ.

പിന്നീട് മകൾ മാത്രമായി അയാളുടെ ലോകം. മറ്റൊരു വിവാഹത്തെക്കുറിച്ച് അയാൾ ചിന്തിച്ചില്ല. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകളെ കാണുമ്പോൾ വെള്ളത്തിന്റെ പുറത്ത് അയാൾക്ക് സങ്കടം വരും. അത് സ്വൽ‌പ്പം ശബ്ദത്തിൽ തന്നെ പുറത്തു വരും.
“എടീ നിന്റമ്മ എന്നെ ചതിച്ചില്ലെ...? എന്നെ തനിച്ചാക്കിയിട്ട് അവൾ രക്ഷപ്പെട്ടില്ലേ...”
അതു കേട്ട് മകൾ പറയും.
“അപ്പൊ ഞാനില്ലേ അഛന്...”
“നീയവിടെ മിണ്ടാതിരുന്ന് പഠിച്ചോ പെണ്ണെ... എന്നോട് തർക്കുത്തരമൊന്നും പറയണ്ട.... അതെങ്ങനെ അവക്കടെ അല്ലെ സന്തതി... നന്ദിയില്ലാത്തവൾ... ”

ചെറുപ്പം മുതലേ അഛന്റെ മടിയിൽ കിടന്ന് ഇതെല്ലാം കേട്ട് ഉറങ്ങുന്ന മോൾക്ക്, ഇപ്പം ഉറക്കം വരണമെങ്കിൽ അഛന്റെ രണ്ടു ചീത്ത കേൾക്കണം. ഉറങ്ങാനായി അഛന്റെ മടിയിൽ കിടക്കുമ്പൊൾ മോൾ പറയും.
“ അഛാ‍.. എനിക്കൊന്നുറങ്ങണം....”
“അതിനെന്താ നീ ഉറങ്ങിക്കൊ... അഛന്റെ മടീലല്ലെ കിടക്കണെ....?”
“അഛന്റെ പാട്ടു കേൾക്കണില്ല.....”
“ഓ.. നിനക്കിനി പാട്ട്... ഉണ്ണി വാവാവോ.....”
“ആ പാട്ടല്ല... അഛൻ അമ്മേ പറയണ പാട്ടില്ലെ.. അതാ...!!”
“എടീ.. നീയെന്നെ ഒറ്റക്കിട്ടിട്ട് പോയില്ലെ... ഈ മോളെ നീ ആരെ ഏൽ‌പ്പിച്ചിട്ടാടീ പോയത്... നിർഭാഗ്യവതി ആയിപ്പോയില്ലേടീ നമ്മ്ടെ മോൾ..!”
പിന്നെ വലിയ താമസമുണ്ടാകില്ല, മോൾ ഉറങ്ങാൻ.. അയാൾ പിന്നെയും ഭാര്യയെ കുറ്റം പറഞ്ഞ് പറഞ്ഞങ്ങിനിരിക്കും

രാത്രിയിലെ ഈ ചീത്ത പറച്ചിൽ അടുത്തു താമസക്കാരായ ഹരിയുടെ കുടുംബവും മറ്റും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരാരും അത് കാര്യമായെടുത്തില്ലെന്നു മാത്രമല്ല അയാളുടെ അവസ്ഥയിൽ സഹതാപവുമായിരുന്നു. ഹരിയുടെ ചേച്ചിക്ക് അതു പിടിച്ചില്ല. ഇയാളെ ഒന്നു നിലക്കു നിറുത്താൻ തന്നെ അവർ തിരുമാനിച്ചു. അങ്ങനെ അയാളുമായി അവർ എന്നും ഒച്ചപ്പാടും ബഹളവുമായി. കേൾക്കാതായപ്പോൾ അവർ പോലീസ്റ്റേഷനിൽ പരാതി കോടുത്തു.

പോലീസ് വന്നന്വേഷിച്ചു. അയൽ‌വക്കക്കാരെല്ലാം അയാളെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞില്ല. കൂട്ടത്തിൽ ഹരിയുടെ ഭാര്യയോടും ചോദിച്ചു. അവർ പറഞ്ഞു.
“ഞങ്ങൾക്ക് അയാളോട് വഴക്കൊന്നുമില്ല. ഞങ്ങൾക്ക് ഒരു ശല്യവും അയാൾ ഉണ്ടാക്കുന്നില്ല. രാത്രിയിൽ അയാൾ ഇത്തിരി ഉറക്കെ സംസാരിക്കുന്നുവെന്നുള്ളത് ശരിയാ....”
പോലീസുകാരൻ രണ്ടു കൂട്ടരോടും കുഴപ്പമുണ്ടാക്കരുതെന്ന് പറഞ്ഞ് പോയി. കേസ് ഒന്നും എടുത്തില്ല.

പോലീസ്സുകാരൻ പോയി കഴിഞ്ഞപ്പോൾ ചേച്ചിയുടെ സ്വഭാവം മാറി. ഹരിയുടെ ഭാര്യ അയാൾക്ക് നല്ല സർട്ടിഫിക്ക്റ്റ് കൊടുത്ത് സംസാരിച്ചതിന് അവർ തമ്മിൽ വഴക്കായി. നിന്നെ ഞാൻ കാണിച്ചു തരാമെന്നു പറഞ്ഞ് ചേച്ചി പിൻവാങ്ങി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ നാട്ടിലുള്ളവർ ഹരിയുടെ ഭാര്യയേയും അയാളേയും ചേർത്ത് കഥകളുണ്ടാക്കാൻ തുടങ്ങി. ഇതിന്റെ ഉറവിടം അന്വേഷിച്ചെത്തിയവർക്ക് വളരെ വ്യക്തമായി മനസ്സിലായി, എല്ലാം സ്വന്തം ചേച്ചിയുടെ വക്രബുദ്ധിയായിരുന്നുവെന്ന്.

ഹരിയുടെ ഭാര്യയുടെ കാതിലും അതെത്തി. അതറിഞ്ഞതോടെ ആ പാവം തകർന്നു പോയി. ഹരിയും അതറിഞ്ഞ് വല്ലാതെ പൊട്ടിത്തെറിച്ചു. ചേച്ചിയോട് എത്രയും പെട്ടെന്ന് വീടൊഴിഞ്ഞു തരാൻ ആവശ്യപ്പെട്ടു.

നാട്ടുകാരുടെ മുൻപിൽ പോകാൻ കഴിയാതെ ഹരിയുടെ ഭാര്യ ജോലിയിൽ നിന്നും ലീവെടുത്ത് വീട്ടിനകത്തു തന്നെ ഇരുന്നു. ഹരി നാട്ടിലെത്താതെ ചേച്ചി വീട് മാറിത്തരില്ലെന്നു തിർത്തു പറഞ്ഞു. താൻ കാരണം ഒരു പെൺകുട്ടി ആത്മഹത്യയുടെ വക്കിലാണെന്ന തിരിച്ചറിഞ്ഞ താമസക്കാരൻ ആ മാസം തന്നെ തന്റെ മോളേയും കൂട്ടി ആ വീടൊഴിഞ്ഞു പോയി.

ഒരു ആത്മഹത്യയുടെ വക്കിൽ നിന്നും തന്റെ ഭാര്യയേ രക്ഷിക്കാൻ ഹരിക്ക് എത്രയും വേഗം നാട്ടിലെത്താതെ നിവൃത്തിയില്ലാതെ വന്നു. അവസാനം വന്ന ഭാര്യയുടെ വിളി അത്തരത്തിലായിരുന്നു.
“ഹര്യേട്ടാ... എനിക്കിതു സഹിക്കാൻ വയ്യ.... ! ഇനിയവിടെ നിൽക്കണ്ട... ഇന്നു തന്നെ അവിടന്ന് തിരിച്ചോളു... എന്റെ ജോലി കൊണ്ട് ഉള്ളതു പോലെ കഴിയാം. കടം അതെങ്ങനെയെങ്കിലും നമുക്ക് വീട്ടാം.... ഒരു ആത്മഹത്യയെക്കുറിച്ചാണ് ഞാൻ എപ്പോഴും ചിന്തിക്കുന്നത്....!! ”

അതു കേട്ട് ഹരി വിറച്ചു പൊയി....!
അങ്ങനെയാണ് എല്ലാം ഉപേക്ഷിച്ച് നാട്ടിലെത്താൻ തീരുമാനിച്ചത്.
പ്രവാസിക്ക് പാര പണിയുന്നത് അസൂയ മൂത്ത നാട്ടുകാരൊ അയൽവക്കക്കാരോ അല്ല...
സ്വന്തം വീട്ടുകാർ തന്നെ.....!!
ഹരി പിന്നെ തിരിച്ചു വരികയുണ്ടായില്ല.....
എല്ലാത്തിലും വിലയുള്ളതാണല്ലൊ ജീവിതം....

ബാക്കി അടുത്ത പോസ്റ്റിൽ...

25 comments:

kARNOr(കാര്‍ന്നോര്) said...

മുഴുവൻ വായിച്ചല്ല.. എന്നാലും ഇത്ര നീണ്ട എഴുത്തിന് ഒരു കൈ. നല്ല ഉദ്യമം

SHANAVAS said...

പാര പണിയാന്‍ നമ്മുടെ നാട്ടുകാരെക്കാള്‍ മിടുക്കാന്മാര്‍ ലോകത്തെവിടെയും ലോകത്തെവിടെയും കാണില്ല. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും താമസിച്ചിട്ടുള്ള എന്റെ അനുഭവം അങ്ങനെയാണ്.ഇത് പലരുടെയും അനുഭവമാണ്.വീട്ടുകാരും ഇക്കാര്യത്തില്‍ ഒട്ടും മോശമില്ല.എന്തായാലും വളരെ നല്ല പോസ്റ്റ്‌.ആശംസകള്‍.

ajith said...

പച്ചയായ ജീവിതം, പൊടിപ്പും തൊങ്ങലുകളുമില്ലാതെ, വീകെ പതിവു ശൈലിയില്‍ (ഇപ്പോഴും സംശയം മാറിയിട്ടില്ല, ഇത് യഥാര്‍ത്ഥസംഭവങ്ങളുടെ പുനരാവിഷ്കരണമാണോ, ഭാവനയാണോ, ഭാവനയും സത്യങ്ങളും ചേര്‍ത്തെഴുതിയതാണോ, ഈ കഥാപാത്രങ്ങളൊക്കെ സങ്കല്പസൃഷ്ടികളാണോ? എന്തായാലും കമ്മിറ്റ്മെന്റോടെയുള്ള എഴുത്തും സരളമായ ശൈലിയും അഭിനന്ദനീയം തന്നെ.

ramanika said...

പ്രവാസിക്ക് പാര പണിയുന്നത് അസൂയ മൂത്ത നാട്ടുകാരൊ അയൽവക്കക്കാരോ അല്ല...
സ്വന്തം വീട്ടുകാർ തന്നെ....
ഇത് പ്രവാസിക്ക് മാത്രമല്ല എല്ലാവര്ക്കും ചേരും


ബാക്കി ........

ശ്രീ said...

കഷ്ടം തന്നെ... നാട്ടുകാരുടെ കാര്യമോ പോട്ടെ, ബന്ധുക്കള്‍ തന്നെ സ്വൈര്യം കൊടുക്കില്ലെന്നു വന്നാലോ...

വീകെ said...
This comment has been removed by the author.
വീകെ said...

കാർന്നോർ: ആദ്യമായിട്ടാണെന്നു തോന്നുന്നു ഇവിടെ. വന്നതിനു നന്ദി.

ഷാനവാസ്: സുഹൃത്തുക്കളും നാട്ടുകാരും മറ്റും പാര പണിയുന്നത് നമ്മുടെ അവസരങ്ങൾ തട്ടിയെടുക്കാനാണ്. സ്വന്തക്കാർ പാര പണിയുന്നത് ജീവിതം തകർത്തെറിയാനാണ്. വന്നതിനു നന്ദി.

അജിത്: പച്ചയായ ജീവിതം അതേപടി എഴുതിയാൽ അവരെ തിരിച്ചറിയാൻ ഇടയാക്കില്ലെ. എന്നാൽ സംഭവം മാത്രമേ സത്യമുള്ളു. അതിലേക്കു നയിച്ച സാഹചര്യങ്ങൾ ഞാനുണ്ടാക്കിയതാണ്. യഥാർത്ഥ പേരുകാർ എവിടെയെങ്കിലും സ്വസ്തമായി സന്തോഷത്തോടെ ജീവിക്കട്ടെ. അവരെ ഉപദ്രവിക്കണ്ട.... നന്ദി.

രമണിക: ശരിയായിരിക്കും. വളരെ നന്ദി.

ശ്രീ: ഞങ്ങളറിയുന്ന പ്രവാസ കഥകളിൽ അധികവും സ്വന്തക്കാർ തന്നെയാണ് വില്ലന്മാർ. വളരെ നന്ദി.

Typist | എഴുത്തുകാരി said...

ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും സുഖമായി ജീവിക്കുന്നവർക്കു് സ്വസ്ഥത കൊടുക്കില്ലെന്നു വച്ചാൽ എന്തു ചെയ്യും?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വായിക്കുമ്പോള്‍ പലപ്പോഴും എനിക്കും തോന്നിയതാണ്‌ - ശരിയാണൊ അതോ വെറും ഭാവനയാണൊ - ചിലതൊക്കെ വായിച്ചപോള്‍ ഭാവനയായീക്കണെ എന്നു പ്രാര്‍ത്ഥിച്ചു, മറ്റു ചിലതു വായിക്കുമ്പോള്‍ ശരിയായിരിക്കണേ എന്നും ഏഹായാലും ഒന്ന് പറഞ്ഞെ പറ്റൂ തുടങ്ങിയാല്‍ അവസാനിക്കാതെ നിര്‍ത്താന്‍ സാധിക്കാറില്ല

ശാന്ത കാവുമ്പായി said...

ബന്ധങ്ങൾ എപ്പോഴും അങ്ങനെയാണ്.

Akbar said...

സ്വന്തക്കാര്‍ തന്നെയാണ് ഇങ്ങിനെ പലപ്പോഴും പാരയായി മാറുന്നത്.

രമേശ്‌ അരൂര്‍ said...

ബന്ധുക്കള്‍ ശത്രുക്കള്‍ ..

വീകെ said...

എഴുത്തുകാരി: എങ്ങനെയെങ്കിലും ഒന്നു ജീവിക്കാൻ ശ്രമിക്കുമ്പോൾ എന്തിനാണ് ഇത്തരം പാരകൾ ഉണ്ടാക്കുന്നത്. ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഇത്തിരി ദു:ഷ്ടത കയ്യിലുള്ളവർക്ക് ഇത്തരം പാരകൾ വരാറില്ല.
നന്ദി.
ഇൻഡ്യാഹെറിറ്റേജ്: ഇതിനകത്ത് ഭാവനയുണ്ട്. അതിലേറെ യഥാർത്ഥ ജീവിതവുമുണ്ട്. പറഞ്ഞ വാക്കുകൾക്ക് നന്ദിയുണ്ട്.
ശാന്ത കാവുമ്പായി: എന്തുകൊണ്ടാണ് ബന്ധങ്ങൾ ശത്രുക്കളാകുന്നത്. പരസ്പരമുള്ള നല്ല സ്നേഹബന്ധം നല്ല ജീവിതമല്ലെ എല്ലാവർക്കും തരുന്നത്. എനിക്കും അറിയില്ല അതിന്റ കാരണം.
നന്ദി ശാന്തേച്ചി.
അക്ബർ: ശരിയാണ്. പക്ഷെ, എന്തുകൊണ്ടായിരിക്കും..?
നന്ദി.
രമേശ് അരൂർ: രമേഷ്ജിയും പറയുന്നത് അതു തന്നെ. ഇത് ഒരിടത്തു മാത്രമുള്ളതല്ല. ലോകമെങ്ങുമുള്ളതാണ് അല്ലേ..?
വളരെ നന്ദി.

കുഞ്ഞന്‍ said...

വീകെ മാഷേ..

എന്നിട്ട് കുട്ടിയേയും കെട്യേളെം കൊണ്ടുവന്നോ..? ആകാംക്ഷ..!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രവാസിക്ക് പാര പണിയുന്നത് അസൂയ മൂത്ത നാട്ടുകാരൊ അയൽവക്കക്കാരോ അല്ല...
സ്വന്തം വീട്ടുകാർ തന്നെ.....!!

ഇത് ഒരു ഹരിയുടെ കഥ മാത്രമല്ല...
അനേകം ഹരിമാരുടേയും,ഹാരീസ് മാരുടേയുമൊക്കെ കഥ തന്നെയാണ് കേട്ടോ അശോക്
നന്നായി പറഞ്ഞീരിക്കുന്നൂ

Unknown said...

കുടുംബം നോക്കിയിട്ടുള്ള പല പ്രവാസികള്‍ക്കും ശത്രു ബന്ധുക്കള്‍ തന്നെ. (ഒരു പത്തു പതിനഞ്ചു കൊല്ലം മുന്‌പ്‌ വരെ, ഇപ്പൊ കാര്യങ്ങള്‍ കുറെ ഒക്കെ മാറി തുടങ്ങിയല്ലോ, ആരും ഭാര്യയെ നാട്ടില്‍ ആക്കിയിട്ട് പോവുന്നതും ഇല്ലാലോ അധികം) നന്നായി പറഞ്ഞിരിക്കുന്നു.
ആശംസകള്‍!!

പട്ടേപ്പാടം റാംജി said...

അസൂയ എന്നത് എല്ലവിടെയും കാണും. അതിനു ഗല്‍ഫുകാര്‍ എന്നൊന്നും ഇല്ല. ഇപ്പോഴും അത് വേണ്ടവിധം തുടരുന്നുണ്ട്. ബന്ധുക്കളില്‍ നിന്നാണ് അധികവും കണ്ടു വരുന്നത്. ഹരി എന്തായാലും തിരിച്ച് പോരാന്‍ തീരുമാനിച്ചില്ല അല്ലെ.
ലളിതമായ എഴുത്ത്‌ പതിവ്‌ പോലെ.

അതിരുകള്‍/പുളിക്കല്‍ said...

പെണ്ണിനു പാര പെണ്ണു തന്നെയല്ലേ.....കഥ തുടരട്ടെ

വീ കെ. said...

കുഞ്ഞൻ: വന്നതിനു വളരെ നന്ദി കുഞ്ഞേട്ടാ...
ബിലാത്തിച്ചേട്ടൻ: ഇത് ഒരിടത്ത് മാത്രമല്ലന്ന് കമന്റുകൾ ബോദ്ധ്യപ്പേടുത്തുന്നു. ഇതൊരു ആഗോള മലയാളി പ്രതിഭാസം അല്ലെ..? നന്ദി.
ഞാൻ ഗന്ധർവ്വൻ: ഇന്നും കുടുംബം കൂടെയുള്ളവർ വളരെ കുറവ് തന്നെയാണ്. മിക്കവരും അക്കരെ ഇക്കരെ തന്നെ... വന്നതിനു നന്ദി.
പട്ടേപ്പാടം റാംജീ: ഹരി പിന്നൊരിക്കലും തിരിച്ചു വന്നില്ല. ഭാര്യക്ക് ജോലിയുണ്ടായതു കൊണ്ട് രക്ഷപ്പെട്ടു. വളരെ നന്ദി റാംജീ..
മുസ്തഥ പുളിക്കൽ: ആദ്യമായിട്ടുള്ള വരവിനു നന്ദി ആദ്യം പറയട്ടെ. പിന്നെ, പെണ്ണിനു പാര പെണ്ണു തന്നെ. നമ്മുടെ നാട്ടിലെ പീഠനകേസുകൾ നോക്കൂ. സ്വന്തം കുടുംബത്തിൽ പെട്ട ഒരു പണ്ണായിരിക്കും അതിന്റെ തുടക്കത്തിൽ..

കുസുമം ആര്‍ പുന്നപ്ര said...

നല്ല കഥ പറയും പോലെ പറയുന്നു.കൊള്ളാം

ജയരാജ്‌മുരുക്കുംപുഴ said...

sharikkum sathyamaya karyangal, anubhavam pole..... aashamsakal.....

വീകെ said...

കുസുമം ആർ പുന്നപ്ര: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ജയറാം മുരുക്കും‌പുഴ: അഭിപ്രായത്തിന് വളരെ നന്ദി..

krishnakumar513 said...

അപ്പോള്‍ പറഞ്ഞു വന്നത് മുഴുവനാക്കിയില്ല അല്ലെ?

Villagemaan/വില്ലേജ്മാന്‍ said...

നന്നായി പറഞ്ഞു കേട്ടോ..വീണ്ടും വരാം

വീകെ said...

കൃഷ്ണകുമാർ513: വന്നതിനു വളരെ നന്ദി.
ഗ്രാമീണൻ: ആദ്യമായ ഈ വരവിനു വളരെ നന്ദി.

ഇനിയും ഇതിലെ ഒന്നും മിണ്ടാതെ പോയവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...