“സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പ്രതീക്ഷയുടേയും ഒരു പുതുവർഷം കൂടി.
എല്ലാവർക്കും നന്മ നിറഞ്ഞ കൃസ്തുമസ്സ് & പുതുവത്സരാശംസകൾ..”
കഥ ഇതുവരെ.
അമ്മ
ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന
നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ
മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ
കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ
തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി. മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
അതിനു ശേഷം മൂവരുടേയും
നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ കാൽ
നൂറ്റാണ്ടിലേറെക്കാലം തന്റെ കുടുംബത്തിന്റെ രക്ഷക്കായി ഒറ്റക്ക് ഗൾഫിൽ
കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക്
തിരിക്കുന്നു. വീട്ടിലെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത് ദേവൂനെ വീണ്ടും
ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ
നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും മക്കളുമായുള്ള ബന്ധത്തിൽ കാതലായ
വിള്ളൽ വീണു. മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ
കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു
തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം
മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ
നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന
കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ
അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു.
വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ ലോറിത്തൊഴിലാളികൾ മാധവനെ
രക്ഷപ്പെടുത്തി. ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി ഒരു നിയോഗം
പോലെ ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു.
ഈ വരുമാനം കോണ്ട് ജപ്തി വരെയെത്തിയ ബാങ്കിലെ കടം അടച്ചു തീർക്കാനാവും
എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ
അസൂയാലുക്കൾ മാധവനേയും ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ
പരത്തുന്നു.
അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ മക്കൾ
തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും
മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു
ദിവസം നിമ്മിയുടെ പഴയ സഹപാഠി സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ
വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ
മനസ്സില്ലെന്നു പറഞ്ഞ് നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള ഗൌരിയെ
കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം
പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്
അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു. രണ്ടുപേരും വിവാഹത്തിന് ഓരോ
കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി. അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി. മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ ഇവിടെ എത്തിയതും. നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മിക്ക് സ്വബോധം നഷ്ടമായി. പോരുന്ന വഴി അമ്പലത്തിൽ വച്ച് മാധവൻ ഒരു നാടകം പ്ലാൻ ചെയ്തു. ......
തുടർന്നു വായിക്കുക...
നാടകം തുടങ്ങി....
മാധവൻ ഇരുളു വീണ വഴിയിൽ സാവധാനം തപ്പിത്തടഞ്ഞ് നടന്നു.
മഴയുടെ ലക്ഷണം ഉള്ളതു കൊണ്ട് നാട്ടു വെളിച്ചം പോലും ഇല്ലായിരുന്നു. ഒരു കണക്കിന് റോട്ടിലെത്തി കരിങ്കൽ കൂനയിൽ കുറച്ചു നേരമിരുന്നു.
താൻ പഴയതിനേക്കാൾ അവശനായൊ..?
നാരായണിയമ്മയുടെ വീട്ടിലെ ഉമ്മറത്തെ വെളിച്ചം കെടുത്തിയിരുന്നു.
‘ആ പാവങ്ങളുടെ ജീവിതം വഴിമുട്ടിക്കാൻ നടക്കുന്നു, ദുഷ്ടത്തി തള്ള...!!?’
മാധവൻ പിറുപിറുത്തു കൊണ്ട് സാവധാനം നടന്നു...
ഹോട്ടൽ അടച്ചു കഴിഞ്ഞിരുന്നു.
‘ഹോട്ടൽ ഗൌരി’ക്കു മുന്നിലെ വെളിച്ചവും കെടുത്തിയിരുന്നു.
അവസാനമായി പോകാറുള്ള സെയ്തുക്കായും ഭാര്യയും പോയതോടെ മുൻവശത്തെ വാതിൽ അടച്ച്, പുറത്തെ വെളിച്ചവും കെടുത്തി നിമ്മിയും ഗൌരിയും വീട്ടിനകത്തേക്ക് പോന്നു.
അമ്മ മാമനെ കാത്ത് ഇറയത്തിരിക്കുന്നത് കണ്ടിരുന്നു.
മാധവൻ വരാൻ വൈകുന്നതോടെ ലക്ഷ്മിയുടെ ആധി കൂടിക്കൂടി വന്നു.
ഇരുപ്പുറക്കാതെ ലക്ഷ്മി റോട്ടിൽ വന്ന് മാധവന്റെ വരവും നോക്കി നിന്നു.
കട്ടി പിടിച്ചു നിന്ന ഇരുട്ടിൽ അകലക്കാഴ്ചകൾ അന്യമായിരുന്നു. കുറച്ചു കഴിഞ്ഞ് കേട്ട ഒരു ചുമയുടെ മുരടനക്കം മതിയായിരുന്നു മാധവനെ തിരിച്ചറിയാൻ. കേട്ടതും ലക്ഷ്മി ഇരുട്ടിലൂടെ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു.
അടുത്തെത്തിയ മാധവൻ ലക്ഷ്മിയെ കണ്ടതും നിന്നു.
“അവിടെ നിന്നാൽ പോരെ ലക്ഷ്മി. ഞാനങ്ങോട്ട് വരാല്ലെ..”
“എനിക്കൊരു മനസ്സമാധാനോല്യ...”
“എന്നെയോർത്ത് എന്തിനാത്ര വേവലാതിപ്പെടണെ...?”
ലക്ഷ്മി മറുപടിയൊന്നും പറഞ്ഞില്ല. പകരം മാധവനെ തന്നോട് ചേർത്ത് താങ്ങിപ്പിടിക്കുകയായിരുന്നു. അതു കണ്ട് മാധവൻ പറഞ്ഞു.
“എനിക്കവശതയൊന്നുമില്ല, എന്നെയിങ്ങനെ താങ്ങിപ്പിടിക്കാൻ... ഇതൊക്കെ ആ കുട്ടികളും കാണും...”
ലക്ഷ്മി ഒന്നും പറഞ്ഞില്ല, പിടി വിട്ടതുമില്ല...
ഒരു നിമിഷം മാധവന്റെ മനസ്സിൽ തന്റെ ദേവുവിനെ ഓർമ്മ വന്നു.
അതോടെ ഒരു പുഞ്ചിരി മാധവന്റെ ചുണ്ടിൽ വിരിഞ്ഞു.
ആ പുഞ്ചിരിയോടെ തന്നെ ലക്ഷ്മിയെ നോക്കുമ്പോൾ, അവൾ മറ്റേതോ ലോകത്തായിരുന്നു.
മാധവൻ ചോദിച്ചു.
“എന്തായിത്ര ആലോചന...?”
“വരാൻ വൈകിയപ്പോൾ ഞാനനുഭവിച്ച വേവലാതി, മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല...!”
കുറച്ചു നേരം ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി നിന്ന മാധവൻ ചോദിച്ചു.
“ഇത്രയൊക്കെ എന്നെ സ്നേഹിക്കാൻ ഞാനെന്താ ചെയ്തേ....?
കുറച്ചു പണം തന്നു സഹായിച്ചതോ... പണിയെല്ലാം എടുത്തത് നിങ്ങളല്ലെ.. ഈ ഹോട്ടൽ ഇതുവരെ എത്തിച്ചത് നിങ്ങളല്ലെ.. എല്ലാം ലക്ഷ്മിയുടെ കൈപ്പുണ്യം ഒന്നു മാത്രമാ നമ്മുടെ ഹോട്ടൽ ഇതുവരെ വളർത്തിയത്...”
“വലിയ മനസ്സുള്ളവർക്കേ ഇങ്ങനെയൊക്കെ പറയാനാകൂ... ഞങ്ങൾക്ക് ഒരു പുനർജ്ജീവനം തന്നത്, മറ്റൊരാൾക്കും ചെയ്തു തരാൻ കഴിയില്ല...!”
“അതൊക്കെ ലക്ഷ്മിക്ക് വെറുതെ തോന്നുന്നതാ....
നിങ്ങൾക്ക് ആവശ്യം മുന്നിൽ നിൽക്കാൻ ഒരാളെയായിരുന്നു. അല്ലെങ്കിൽ ഒരു ഉപദേശകനേ ആയിരുന്നു. നിങ്ങൾക്ക് സ്വയം തോന്നിയിരുന്നു, പെണ്ണുങ്ങൾ മാത്രമായതു കൊണ്ട് ഒന്നിനും കഴിയില്ലെന്ന്. അതാണ് ഞാൻ വന്നതോടെ ഇല്ലാതായത്. അത്രയുമേ എനിക്ക് ചെയ്യേണ്ടി വന്നുള്ളു. ബാക്കിയൊക്കെ നിങ്ങൾ തന്നെയാണ് ചെയ്തത്...”
ലക്ഷ്മി അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്ന് അവളുടെ മറുപടി വ്യക്തമാക്കി.
“എന്നാലും ഈ നാടകം കളി വേണോ...? മറ്റെന്തെങ്കിലും ഒരു വഴി കണ്ടെത്തിക്കൂടെ....?”
അതോടൊപ്പം ഒരു തേങ്ങലും ലക്ഷ്മിയിൽ നിന്നും ഉയർന്നു.
മാധവൻ ലക്ഷ്മിയെ ചേർത്തു നിറുത്തിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“മറ്റെന്തെങ്കിലും വഴികൾക്ക് സമയം വേണം. അതുവരെ കാത്തിരിക്കാൻ എനിക്കാവില്ലല്ലൊ ലക്ഷ്മി. ഇതിപ്പോൾ ഏതു നിമിഷവും ഞാൻ താഴെവീഴാം...!”
അതു കേട്ടതോടെ ലക്ഷ്മി മാധവന്റെ വായ പൊത്തി.
“അങ്ങനൊന്നും പറയരുത്...”
“പറഞ്ഞില്ലെങ്കിലും സത്യം സത്യമല്ലാതെ വരുമോ..? ഞാൻ പോകുന്നതിനു മുൻപ് നിമ്മിയുടെ കല്യാണം നടക്കണം. അതു കഴിഞ്ഞാൽ നിങ്ങൾക്ക് പേടിക്കേണ്ടി വരില്ല. കുടുംബത്തിൽ ഒരാണ് കടന്നു വരുന്നത് എന്തു കൊണ്ടും നിങ്ങളുടെ ജീവിതം ഭദ്രമാക്കും... അതു കണ്ടിട്ട് എനിക്കും സന്തോഷത്തോടെ മടങ്ങാം..”
വഴിയിലെ ഇരുട്ടിൽ നിന്നും മുറ്റത്തേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും നിമ്മി അന്വേഷിച്ച് മുറ്റത്തെത്തിയിരുന്നു.
ലക്ഷ്മി കണ്ണുകൾ തുടച്ച് ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു. നിമ്മി ഓടി വന്ന് ചോദിച്ചു.
“എന്തു പറഞ്ഞു ഡോക്ടർ...?”
“എന്തു പറയാൻ... പണ്ടെങ്ങോ എന്നെ ബാധിച്ച ഒരു ചുമ, ഇന്നും വിടാതെ തുടരുന്നു. അതിനിനി മരുന്നില്ലത്രെ... പഴകിപ്പോയി. പിന്നെ വയസ്സായില്ലെ. അതൊക്കെ അങ്ങനെ കിടക്കും..”
തന്റെ വാക്കുകൾ നിമ്മിയെ ആശ്വസിപ്പിച്ചോയെന്ന് മാധവൻ കണ്ടില്ല.
ലക്ഷ്മി സാരിത്തലപ്പ് വായിൽ തിരുകി അകത്തേക്ക് ഓടി മറയുന്നത് കണ്ടു.
ഇറയത്തേക്ക് കയറിയതും ഗൌരി സ്വയം തന്റെ വണ്ടി ഉരുട്ടി മാധവന്റെ അടുത്തേക്ക് വന്നു.
തിണ്ണയിൽ ഇരുന്ന മാധവനെ വട്ടം ചുറ്റിപ്പിടിച്ചിട്ട് ചോദിച്ചു.
“ഒന്നും ഇല്ലാല്ലൊ മാമാ...?”
“ഹേയ്... ഒന്നൂല്ല മോളേ...”
മാധവന്റെ മടിയിൽ തലവച്ച് കിടന്നിട്ട്, മാധവൻ പറഞ്ഞത് വിശ്വാസം വരാത്തതു പോലെ ഗൌരി പറഞ്ഞു.
“മാമനില്ലെങ്കിൽ പിന്നെ ഞങ്ങളുമില്ല...!”
മാധവൻ അതിനു മറുപടിയായി ഒന്നും പറഞ്ഞില്ല.
പകരം അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു....
മാധവൻ ഹോട്ടലിലെ തന്റെ പഴയ ഡെസ്ക്കിൽ ചെന്നു കിടന്നു.
മിക്സിയിൽ അടിച്ച ജൂസ് പരുവത്തിലാക്കിയ ഭക്ഷണവുമായി ലക്ഷ്മിയും പിന്നാലെ എത്തി.
കഴിച്ചു കൊണ്ടിരിക്കെ ബഷീറും എത്തി. ബഷീർ വന്ന വഴി തന്നെ ചോദിച്ചു.
“ലക്ഷ്മീയേച്ചി... ഞാൻ സെക്കന്റ്ഷോ കഴിഞ്ഞിട്ടു വന്നു കിടന്നാൽ പോരെ...?”
“ഊം.. മതി..”
ബഷീർ സൈക്കിളുമായി ഉടൻ സ്ഥലം വിട്ടപ്പോൾ, മാധവൻ ലക്ഷ്മിയുടെ മുഖത്തേക്ക് ഒരു ചോദ്യമുന അയച്ചു...?
ലക്ഷ്മി മക്കളാരും അടുത്തില്ലെന്നുറപ്പു വരുത്തിയിട്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഞാനാ പറഞ്ഞെ അവനോട്. എന്നും രാത്രിയിൽ ഇവിടെ വന്ന് കിടക്കാൻ. രാത്രിയിൽ എന്തെങ്കിലും സംഭവിച്ചാൽ.. ഒരു സഹായത്തിന്...”
അത്രയുമായപ്പോഴേക്കും ലക്ഷ്മി തേങ്ങിപ്പോയി....
പിറ്റേന്റെ പിറ്റേ ദിവസം, ഉച്ച നേരം...
ഭക്ഷണം കഴിക്കാനായി തൊഴിലാളികൾ ഒരുമിച്ച് വരുന്ന സമയം.
സീറ്റ് കിട്ടാത്തവർ പുറത്തിറങ്ങി മാറിയിരിക്കുന്ന പതിവൊന്നും അവിടെയില്ല.
അവരും കൂടും വിളമ്പുകാരായ സേയ്തുക്ക, കണാരൻ, മാധവൻ, ബഷീർ എന്നിവർക്കൊപ്പം.
പിന്നെ ഒരു കല്യാണ വീട്ടിലെ ഒച്ചയും ബഹളവും ആയിരിക്കും.
പരസ്പ്പരം തമാശകൾ പറഞ്ഞും കളിയാക്കിയും ചിരിച്ചുമറിഞ്ഞാണ് ഊണു കഴിക്കുക. പെണ്ണുങ്ങൾക്ക് അധികവും അടുക്കളയിൽ നിന്നും സാധനങ്ങൾ വിളമ്പുകാർക്ക് എടുത്തുകൊടുക്കലാവും ജോലി. സ്ത്രീകളിൽ ലക്ഷ്മി മാത്രമാവും ചിലപ്പോൾ ജീരകവെള്ളം ഒഴിച്ചു കൊടുക്കാനായി ഹാളിൽ വരിക. ഗൌരി കൌണ്ടറിലെ കസേരയിൽ ചന്ദനക്കുറിയണിഞ്ഞ്, ഹോട്ടലിനും കാണുന്നവർക്കും ഐശ്വര്യമായി ഇരിപ്പുണ്ടാകും. മാധവനെക്കൊണ്ട് അധികം കനമുള്ള ജോലിയൊന്നും ലക്ഷ്മി എടുപ്പിക്കാറില്ല. ഒരു മേൽനോട്ടം മാത്രമേ വേണ്ടതുള്ളു. അതുകൊണ്ട് എല്ലാം വീക്ഷിച്ച് ഗൌരിയുടെ അടുത്തു തന്നെ മാധവനും കാണും.
ഇവിടെ ഊണുകഴിക്കാൻ വരുന്നവർക്ക് സ്വന്തം വീടുപോലെ പെരുമാറാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് ഒരാളും ദുര്യോപയോഗം ചെയ്തിട്ടുമില്ല. അല്ലെങ്കിലും മീശക്കൊമ്പന്മാരായ സെയ്തുക്കായേം കണാരേട്ടനേയും കാണുന്നവർക്ക് മറിച്ചൊന്നും പെരുമാറാൻ തോന്നുകയുമില്ല.
അന്ന്, ഊണുകഴിക്കാനായി തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു....
ഹാളിൽ എല്ലാവരും നിറഞ്ഞിരുന്നു.
ജീരകവെള്ളവുമായി ലക്ഷ്മിയും ഹാളിലുണ്ടായിരുന്നു.
അപ്പോഴാണ് അടുക്കളയുടെ പിറകിലെ വാതിൽ വഴി നാരായാണിയമ്മയുടെ വരവ്.
നിറഞ്ഞിരിക്കുന്ന ആളുകളെ കണ്ടപ്പോഴേ അവർ അതിശയപൂർവ്വം മൂക്കത്ത് വിരൽ വച്ചു...!
അടുക്കളയിലുണ്ടായിരുന്ന നിമ്മി പിന്നാലെ ചെന്നു പറഞ്ഞു.
“വല്ലിമ്മെ.. ഊണു കഴിക്കാനാണെങ്കിൽ ഇരിക്കാൻ സ്ഥലമില്ല. ഇറയത്തേക്ക് പോയിരുന്നോളു...”
“നീ പോടീ... എവ്ട്യേ ആ മാധവൻ...”
നാരായണിയമ്മ ഇന്ന് കുറച്ച് ചൂടോടെയാണല്ലൊ വരവെന്ന് നിമ്മിക്ക് തോന്നി.
ശബ്ദത്തിലുള്ള നാരായണിയമ്മയുടെ ആട്ടൽ മാധവനും കേട്ടു.
മാധവൻ മുൻവശത്തു തന്നെ ഉണ്ടായിരുന്നു.
ശബ്ദം കേട്ട ഉടനെ ലക്ഷ്മി കുറച്ച് ഭീതിയോടെയാണ് മാധവനെ നോക്കിയത്.
അതോടെ ലക്ഷ്മിയിൽ ഒരു വിറയൽ പിടികൂടി.
ഗൌരി ആരാന്നറിയാൻ എത്തി നോക്കുന്നുണ്ടായിരുന്നു.
നാരായണിയമ്മ വീറും വാശിയോടെയും ശരങ്ങൾ തൊടുക്കാൻ തുടങ്ങി.
“എടാ.. മാധവാ... ഈ പണി ഈ നാട്ടീ പറ്റില്ല. ഞങ്ങള് മാനം മര്യാദായിട്ട് ജീവിക്കണോരാ...!”
അടുത്തുണ്ടായിരുന്ന കണാരൻ നാരായണിയമ്മയുടെ തോളിൽ പിടിച്ച് നിറുത്തിയിട്ട് ചോദിച്ചു.
“ഇവിടേപ്പൊ എന്തു മര്യാദകേടാ ണ്ടായേ...?”
“നെനക്കറിയില്ലാല്ലെ... നീയും ഒക്കെ അതിന് കൂട്ടാ, എനിക്കറിയാം....”
“ടീ തള്ളെ.. വായീ തോന്നിയതൊക്കെ വിളിച്ചു പറയല്ലെ.... വയസ്സായതോണ്ടാ ക്ഷമിക്കണെ....”
കണാരൻ മിശയുടെ രണ്ടറ്റവും ഒന്നു പൊക്കി.
അതു കണ്ട് നാരായണിയമ്മ വിറഞ്ഞു തുള്ളി.
“നീയെന്നെ മീശ പിരിച്ച് പേടിപ്പിക്കണ്ട.. അങ്ങ്നെയൊന്നും പേടിക്കണോളല്ല ഈ നാരായണി.. എടാ മാധവാ..”
ലക്ഷ്മി വേഗം നടന്ന് നാരായണിയമ്മയുടെ അടുത്തെത്തി.
“ചേച്ചി.. വെറുതെ ഒച്ചയുണ്ടാക്കി ഞങ്ങളെ നാറ്റിക്കല്ലെ. എങ്ങനേങ്കിലും ഒന്നു ജീവിച്ചോട്ടെ...”
തൊഴുതു പിടിച്ചുള്ള ലക്ഷ്മിയുടെ യാചനയൊന്നും നാരായണിയമ്മക്ക് ഏശിയില്ല.
“നീ പോടി.. നീയല്ലെ നിന്റെ മക്കളെ മാധവനു കൂട്ടിക്കൊടുത്തു ജീവിക്കണെ....!!”
ലക്ഷ്മി അതുകേട്ട് ചെവി പൊത്തി.
തൊട്ട് പിറകിലുണ്ടായിരുന്ന നിമ്മി ചാടി വന്ന് നാരായണിയമ്മയുടെ മുടിക്കു കുത്തിപ്പിടിച്ച് അലറി.
“ വേണ്ടാതീനം പറയുന്നോ.. കടക്കടി ദുഷ്ടത്തി പുറത്ത്...”
എന്നും പറഞ്ഞ് പുറത്തേക്ക് തള്ളിയിടാൻ പോയപ്പോഴേക്കും ലക്ഷ്മി കയറി തടുത്തു.
“മോളെ വേണ്ട... അവരു പറയട്ടെ.. അവർക്ക് മതി തീരുവോളം പറയട്ടെ..”
അത്രയുമായപ്പോഴേക്കും ഊണു കഴിച്ചുകൊണ്ടിരുന്നവരിൽ ചിലർ എഴുന്നേൽക്കാൻ തുടങ്ങി.
നാരായണിയമ്മക്കെതിരെ ഒച്ചയുണ്ടാക്കാൻ തുടങ്ങിയതോടെ അവർ ഒന്നു പതറി.
എങ്കിലും ഉറഞ്ഞു തുള്ളലിനു ഒരു കുറവും വരുത്തിയില്ല.
അപ്പോഴാണ് മുൻവാതിലിനോട് ചേർന്ന്, ഗൌരിയുടെ മേശക്കരികിൽ മാധവൻ വിഷമിച്ചു നിൽക്കുന്നത് കണ്ടത്.
അവർ അങ്ങോട്ടെക്ക് വേഗം നടന്നെത്തി. മാധവന്റെ മുഖത്തു നോക്കി തന്നെ ചോദിച്ചു.
“എടാ മാധവാ... നെനക്ക് നാണോല്യേടാ... അംമ്മേം മക്കളേം ഒരുപോലെ വച്ചോണ്ടിരിക്കാൻ...!”
അതുകേട്ട് വിറഞ്ഞു കയറിയ ഗൌരി മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റ് എടുത്ത് ഒറ്റ ഏറ്.
അവരുടെ മേത്ത് കൊണ്ടില്ല, അടുത്തുണ്ടായിരുന്ന സെയ്തുക്കായാണത് പിടിച്ചെടുത്തത്.
ഗൌരിക്ക് വന്ന ദ്വേഷ്യത്തിന് പറഞ്ഞു.
“എടി ദുഷ്ഠത്തി തള്ളേ.. നിന്നെ ഞാനിന്നു കൊല്ലും..”
മാധവൻ ദ്വേഷ്യം കാണിക്കാതെ തന്നെ പറഞ്ഞു.
“നാരായണിയേട്ടത്തി.. ദൈവു ചെയ്ത് പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്.
ഞാനാണ് ശല്യമെങ്കിൽ മാറിത്തന്നോളാം.
അതുങ്ങളെ ഉപദ്രവിക്കരുത്...”
ഗൌരി പറഞ്ഞു.
“മാമനെക്കൊണ്ട് ഞങ്ങൾക്കൊരു ശല്യോമില്ല... ഈ ദുഷ്ടത്തിക്കാ കണ്ണുകടി...”
“എടി കാലില്ലാത്തവളെ... സുന്ദരിക്കോതെ.. എനിക്കല്ലടി കണ്ണുകടി... ഞാനല്ലാ പറേണെ..
ഈ നാട്ടുകാരാ പറേണെ...അവ്‌രാ ചോദിക്കണെ, മാധവൻ ആര്ടെ കൂടെയാ കിടക്കണേന്ന്...!
ഈ അയലോക്കത്തിരുന്നോണ്ട് ഈ പണി പറ്റില്ല. ഞങ്ങളൊക്കെ മാനം മര്യാദയായിട്ട് ജീവിക്കണോരാ....!”
കണാരൻ പറഞ്ഞു.
“ ചേടത്തിയല്ലാതെ ഒരു നാട്ടുകാരും പറേണത് ഞങ്ങളിതുവരെ കേട്ടിട്ടില്ലല്ലൊ...’
“നീയൊക്കെ അവര്ടെ കൂട്ടാ... അതാ കേക്കാത്തെ...”
“ചേടത്തി .. വയസ്സായതിന്റെ എല്ലാ പരിഗണനയും ഞങ്ങൾ തന്നു കഴിഞ്ഞു. ഇനിയത് കിട്ടിയെന്നു വരില്ല...”
കാണാരൻ അവരുമായി ഒടക്കാൻ തന്നെ തിരുമാനിച്ച് മുന്നോട്ട് നീങ്ങി.
സംഗതി പിടിവിട്ടു പോകുന്നതായി മാധവന് തോന്നി...
അതിനിടക്ക് എങ്ങിനെയെന്നറിയില്ല, കൌണ്ടറിൽ നിന്നും സ്വയം വണ്ടി ഉരുട്ടി ഗൌരി മുൻപ് എറിഞ്ഞ പേപ്പർ വെയ്റ്റുമായി നാരായണിയമ്മയുടെ തൊട്ടടുത്തെത്തിയിരുന്നു. പേപ്പർ വെയ്റ്റ് കൊണ്ട് അവരുടെ മുതുകിനൊട്ടൊന്നു കൊടുത്തിട്ട്, സാരിയിൽ പിടിത്തമിട്ടിട്ട് ആക്രോശിച്ചു.
“മാധവ മാമാ എല്ലാവരുടേം കൂടേല്ലടി ദുഷ്ടത്തീ കിടക്കണെ...”
മുതുകിനിട്ട് കിട്ടിയതിന്റെ വേദന സഹിക്കാൻ വയ്യാതെ തിരുമ്മുകയും അതോടൊപ്പം സാരി വിടുവിക്കാൻ ശ്രമിച്ചു കൊൺട് അലറി.
“പിന്നാരുടെ കൂടെയാടി കിടക്കണെ.... നെന്റെ കൂടെയോ..?”
ഗൌരിയും പിന്തിരിയാൻ പോയില്ല.
“അതേടി ദുഷ്ടത്തി.. എന്റെ കൂടെയാ.... എന്റെ കൂടെയാ....!!”
പിന്നെ ഗൌരി ചങ്കു പൊട്ടിയെന്നോണം കരയാൻ തുടങ്ങി.
നിമ്മിയും ലക്ഷ്മിയും കൂടി അവളിൽ നിന്നും നാരായാണിയമ്മയുടെ സാരി വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്. ഗൌരി അത് മുറുക്കിത്തന്നെ പിടിച്ചിരിക്കുകയാണ്. ലക്ഷ്മിയും നിമ്മിയും മിണ്ടാതിരിക്കാനായി ഗൌരിയോട് പറയുന്നുണ്ടെങ്കിലും, നാരായണിയമ്മയെ പിച്ചിച്ചീന്താൻ തന്നെ കണക്കാക്കിയാണ് ഗൌരി.
ഊണു കഴിച്ചിരുന്നവർ അതെല്ലാം മതിയാക്കി കൂട്ടം കൂടി അതുമിതുമൊക്കെ പറയാൻ തുടങ്ങി.
മാമനെക്കുറിച്ചൊ, അല്ലെങ്കിൽ മറ്റുള്ളവരെക്കുറിച്ചൊ ആർക്കും ഇതുവരെ ഒരു പരാതിയുമില്ലായിരുന്നു.
ലക്ഷ്മിയുടേയും മക്കളുടേയും സ്വന്തക്കാരനായിട്ടാണ് മാധവനെ അവരെല്ലാം കണ്ടിട്ടുള്ളതും.
നാരായണിയമ്മയുടെ പറച്ചിലിലൂടെ അവർക്കൊക്കെ കൺഫൂഷനായി.
‘ഈ മാമൻ ആര്..?’
ആ മൽപ്പിടത്തത്തിനിടയിലും നാരായണിയമ്മ വീറോടെത്തന്നെ ചോദിച്ചു.
“നെന്റെ കൂടെയോ... നെന്റെ കൂടേണെങ്കി.. കല്യാണം കഴിച്ച് കൂടെ പൊറുക്കണോടി....!!”
അത്രയുമായപ്പോഴേക്കും മാധവൻ ഇടപെട്ട് നാരായണിയമ്മയുടെ സാരി ഗൌരിയിൽ നിന്നും വിടുവിച്ച് കൊടുത്തു.
എന്നിട്ട് ശ്വാസം കിട്ടാത്തതുപോലെ ഏന്തി വലിച്ചിട്ട് പറഞ്ഞു.
“എന്നെപ്രതി ഇവിടെയൊരു വഴക്കു വേണ്ട... ഞാൻ പൊക്കോളാം.. ഇന്നു തന്നെ പൊക്കോളാം.....!!”
നിമ്മി മാധവന്റെ കയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു.
“മാമൻ പോകേ.. എവിടേക്ക്... എങ്കിൽ ഞങ്ങളും വരുന്നു മാമനോടൊപ്പം...!”
ആ കൈ കുടഞ്ഞെറിഞ്ഞിട്ട് മാധവൻ ലക്ഷ്മിയെ ഒന്നു നോക്കി, ഉടുത്തിരുന്ന വസ്ത്രത്തോടെ പുറത്തേക്ക് നടന്നു.
നിമ്മിയും ഗൌരിയും വാവിട്ട് കരഞ്ഞ് പിന്നാലെ ചെന്ന് പിടിച്ചു വലിച്ചു.
കൂടിയിരുന്ന ആളുകളും സ്തംഭിച്ച് നിന്നു...
മാധവൻ നോക്കിയ ആ ഒരു നോട്ടം മതിയായിരുന്നു ലക്ഷ്മിക്ക്.
അവർ മുന്നോട്ട് ഒന്നു നടന്നിട്ട് അലറി.
“നിൽക്ക്...!”
പെട്ടെന്നൊരു നിശ്ശബ്ദത പരന്നു.
മാധവനും പെട്ടെന്നു തിരിഞ്ഞു നിന്നു.
എല്ലാവരുടേയും കണ്ണുകൾ ലക്ഷ്മിയിലേക്ക് തിരിഞ്ഞു.
അതുവരെ കരഞ്ഞു നിന്ന പെണ്ണായിരുന്നില്ല ലക്ഷ്മി.
കണ്ണുകൾ തുടച്ചിട്ട് ഉറക്കെത്തന്നെ ചോദിച്ചു.
“മാമൻ ഇവിടന്നു പോയാൽ, മാമനായിട്ട് ഉണ്ടായ ഈ നാണക്കേട് മാറുമോ....?
ഈ നാട്ടുകാരെന്നു പറയുന്നവർ, ഞങ്ങളെ മാനംമര്യാദക്ക് ജീവിക്കാൻ സമ്മതിക്കുമോ...?!”
തുടരും...
14 comments:
“മാമൻ ഇവിടന്നു പോയാൽ, മാമനായിട്ട് ഉണ്ടായ ഈ നാണക്കേട് മാറുമോ....?
ഈ നാട്ടുകാരെന്നു പറയുന്നവർ, ഞങ്ങളെ മാനംമര്യാദക്ക് ജീവിക്കാൻ സമ്മതിക്കുമോ...?!”
തുടരട്ടെ..........
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍
happy 2013!
katha tudaratte .........
പ്രതിസന്ധികളില്‍ തളരാതെ....
എന്ത് തരികിട നടത്താന്‍ നോക്കിയാലും ലക്ഷ്മിയുടെയും മക്കളുടെയും മുന്‍പില്‍ ചീറ്റിപ്പോകും അല്ലെ.
വായിച്ചു...
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് അശോക് ഭായിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
ഇനി എന്താകുമെന്ന് നോക്കട്ടെ.
പുതുവത്സരാശംസകള്‍, മാഷേ
ഞാനായിട്ട് സസ്പെൻസ് പൊളിക്കുന്നില്ല... എന്നാലും കഥ മനസ്സിലായീട്ടോ അശോകൻ മാഷേ... :)
സിവി തങ്കപ്പൻ: വരവിനും വായനക്കും വളരെ നന്ദി.
രമണിക: വായനക്ക് വളരെ നന്ദി.
അജിത്: പ്രതിസന്ധികളിൽ തളരാതെ പ്രതിബന്ധങ്ങൾ തങ്ങൾക്കനുകൂലമാക്കി മുന്നേറാൻ ഒരു ശ്രമം നടത്തുകയാണ്. വായനക്ക് വളരെ നന്ദി.
പട്ടേപ്പാടം റാംജി: തരികിടകൾക്ക് കീഴടങ്ങിയാൽ ജീവിതം മുന്നോട്ടു പോകില്ല. ജീവിച്ചേ മതിയാകൂ. വായനക്ക് വളരെ നന്ദി.
ബിലാത്തിച്ചേട്ടൻ:വായനക്ക് വളരെ നന്ദി.
ശ്രീ: അഭിപ്രായത്തിന് വളരെ നന്ദി.
വിനുവേട്ടൻ: ഒരു കഥാകാരനായതു കൊണ്ടാകും ഞാൻ ഇനിയും എഴുതിയിട്ടില്ലാത്ത സസ്പ്പെൻസ് മനസ്സിലാക്കാനായത്. എനിക്ക് വളരെ പ്രചോദനം തരുന്ന ഈ വാക്കുകൾക്ക് വളരെ നന്ദി.
ഞാൻ മനസ്സിലാക്കിയത് പോലെ തന്നെയാണോ കഥ എന്നറിയാൻ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു... നോക്കട്ടെ എന്താവുമെന്ന്... :)
കഥ തുടരട്ടെ ...ബാക്കി ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു
ആശംസകള്‍
ആ ചോദ്യം പ്രസക്തം തന്നെ...
കഥയുടെ ബാക്കി വരട്ടെ...
ധനലക്ഷ്മി,
എച്മുക്കുട്ടി.
വരവിനും വായനക്കും വളരെ നന്ദി.
Post a Comment