Saturday 15 November 2014

നോവൽ. മരുഭൂമി(28)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി.തുടർന്നു വായിക്കുക...

നെറി കെട്ട സന്തതി.....

‘ഇതു തന്നെ പറ്റിയ അവസരം...!?’
സീക്കു പല്ലുകൾ തമ്മിൽ കടിച്ചു ഞെരിച്ചു.
പ്രതികാരം തലക്കു പിടിച്ച സീക്കുവിന്റെ കണ്ണുകൾ വിടർന്ന് ചുകന്നു.
ശ്വാസഗതി ക്രമം തെറ്റി...
ജാത്യാലുള്ള അവന്റെ വന്യത കണ്ണുകളിൽ പ്രകടമായി...
താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട സീക്കു വേഗം പള്ളിക്കകത്തു നിന്നും സച്ചിയുടെ പിന്നിൽ ചെന്ന് നിന്നു.
എന്നിട്ട്  നാലു പാടും നോക്കി.
പിന്നെ ഒട്ടും താമസിച്ചില്ല.
തൊട്ടടുത്ത് പുറത്തേക്കുള്ള വാതിലിൽ ഒരെണ്ണം അകത്തു നിന്നും അടച്ച് തണ്ടിട്ടു...!?
വേഗം എതിർവശത്തുള്ള  പുറത്തേക്കുള്ള അവസാന വാതിൽ കൂടി അടച്ച് തണ്ടിട്ടു....!?
സച്ചി ഇതൊന്നും അറിയാതെ വെള്ളം നിറച്ച പ്ലാസ്റ്റിക് ക്യാനുമായി നിവർന്നു...!??

സച്ചി ക്യാനുമായി വാതിലിനു നേർക്ക് നടന്നതും സീക്കു പള്ളിക്കകത്തേക്ക് ഓടിക്കയറി ഒരു ഉളുപ്പുമില്ലാതെ വിളിച്ചു കൂവി.
“കാഫറ് പള്ളീക്കേറി.... ദേ കാഫറ് പള്ളീക്കേറി...!!?”
കേട്ടവർ കേട്ടവർ നാലുപാടും നോക്കി.
സീക്കു ഭ്രാന്തു പിടിച്ചതുപോലെ രണ്ടു കയ്യും പൊക്കി അലറുകയാണ്.
സച്ചിക്ക് ഉള്ളൊന്നു പിടഞ്ഞു...!!?
സീക്കു ചതിച്ചുവെന്ന് മനസ്സിലായതും വേഗം വാതിലിനു നേർക്ക് നടന്നു.
ഇത് കേട്ട് അംഗശുദ്ധി വരുത്തിക്കൊണ്ടിരുന്ന അറബികളിൽ ആ ചെറുപ്പക്കാരൻ സച്ചിയോട് ചോദിച്ചു.
“നീ.. മുസ്ലീമല്ലെ..?”
സച്ചി വല്ലാത്ത ഭയപ്പാടോടെ വിറച്ച് മറുപടി പറഞ്ഞു
“അല്ല..!”
“നീയെന്തിനാ ഇതിനകത്ത് വന്നേ...?”
അപ്പോഴേക്കും സച്ചി ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. തൊണ്ട വരണ്ടു. വിക്കിവിക്കി പറഞ്ഞു.
“വെള്ളമെടുത്ത് മക്കീന ഓടിക്കാൻ..”
“എന്തു മക്കീന...?”
“പള്ളീലേക്ക് കറണ്ടു കൊടുക്കാൻ...”
കറണ്ടില്ലാത്തതു കൊണ്ട് വിയർത്തു കുളിച്ചിരുന്ന അറബിക്ക് കാര്യം വേഗം പിടി കിട്ടി.
അയാൾ വേഗം വാതിൽ തുറന്നു കൊടുത്തിട്ട് പറഞ്ഞു.
“നീ പൊക്കോ...!!”
സച്ചി വേഗം ക്യാനുമായി പുറത്തു കടന്നു.
അപ്പോഴും സീക്കു പള്ളിക്കകത്തും പുറത്തുമായി ഓടി നടന്ന് വിളിച്ചു കൂവുകയാണ്.

സച്ചി റോഡ് മുറിച്ചു കടന്ന് വേഗം ജനറേറ്റർ മുറിയിൽ കയറി.
റേഡിയേറ്ററിൽ വെള്ളമൊഴിക്കാനായി കോണിപ്പടി കയറിയതേയുള്ളു.
രണ്ടു മൂന്നു പോലീസ്സുകാർ ഓടിയെത്തി  ജനറേറ്റർ മുറി വളഞ്ഞു.
രണ്ടു പേർ അകത്തു കയറി ജനറേറ്ററിനു ചുറ്റും പരതി.
പുതിയതായി ആരേയും കാണാത്തതു കൊണ്ട് സച്ചിയോട് ചോദിച്ചു.
“വേറെയാരെങ്കിലും ഇങ്ങോട്ടു വന്നോ...?”
“ഇല്ല..”
സച്ചി താഴെയിറങ്ങി ജനറേറ്റർ ഓണാക്കി.
അതോടെ പള്ളിയും അമാറയും പരിസരവും വെളിച്ചത്തിൽ കുളിച്ചു.
പോലീസ്സുകാർ ഓടി വീണ്ടും പള്ളിയിലെത്തി. സീക്കുവിനോട് ചോദിച്ചു.
“എവിടെ നീ പറഞ്ഞ കാഫർ...?”
“അവനങ്ങ് മക്കീനാമുറിയിൽ ഉണ്ട്...”
“എന്നിട്ട് ഞങ്ങൾ കണ്ടില്ലല്ലൊ...”
“അവൻ അതിനകത്തുണ്ട്...!”

സച്ചി മുറി അടച്ച് കുറ്റിയിട്ട് റോഡിൽ കയറിയതും, അവനെ കൈ ചൂണ്ടി ഭ്രാന്തു പിടിച്ചതു പോലെ പള്ളി മുറ്റത്തു നിന്നും സിക്കു അലറി.
“ദാ അവൻ തന്നെ... അവനാ കാഫർ..!!”
പോലീസ്സുകാർ ഓടാൻ തുനിഞ്ഞതും സച്ചിയെ മാ‍ത്രം അവിടെ കണ്ട് അവർ നിന്നു.
അപ്പോഴേക്കും  പോലീസ്സ് മുഹമ്മദ് പള്ളിക്കകത്തു നിന്നും ധൃതിയിൽ  ഇറങ്ങി വന്നു.
അവനെ കണ്ടതും സച്ചി അവിടെത്തന്നെ നിന്നു.
അടുത്തേക്ക് വന്ന പോലീസ്സ് മുഹമ്മദ് ചോദിച്ചു.
“എന്താ സച്ചി... എന്തു പറ്റി..?”
സച്ചി ഒന്നും പറഞ്ഞില്ല. അവൻ നന്നായി വിയർക്കുകയാണ്. പേടി കെട്ടിയ മുഖത്ത് രക്തമയമില്ല. പൊലിസ്സ് മുഹമ്മദിനു പിന്നാലെ സീക്കുവും പോലീസ്സുകാരും അടുത്തെത്തി.

പോലീസ്സുകാർ പോലീസ്സ് മുഹമ്മദിനോട് എന്തൊക്കെയോ കുശുകുശുത്തു.
അപ്പോഴും സീക്കു നിന്നു വിറക്കുകയാണ്. അവന്റെ രോഷം അടങ്ങുന്നില്ല. സച്ചിയെ തൊട്ടുകാട്ടി ‘ഇവനാ പള്ളീൽ കയറി’യതെന്ന് വീറോടെ പറഞ്ഞു തീർന്നില്ല, പോലീസ്സ് മുഹമ്മദ് തിരിഞ്ഞു നിന്ന് കൈ നിവർത്തി സീക്കുവിന്റെ ഇടതു കരണത്ത് ഒന്ന് പൊട്ടിച്ചു.
“ഠേ...!!!”
എന്നിട്ട് പറഞ്ഞു.
“നിന്നെ താങ്ങിപ്പിടിച്ച് അവന്റെ മുറിയിൽ കൊണ്ടു പോയി ഭക്ഷണം തന്നതല്ലേടാ അവൻ...?!!”

 ചെവിയിലെ മൂളക്കം വിട്ടുമാറാൻ തല കുനിച്ചു നിന്ന സീക്കുവത് കേട്ടില്ലെന്നു തോന്നുന്നു.  ഉയർത്തിയ അവന്റെ കണ്ണുകളിൽ കൂടി പൊന്നീച്ച പറന്നത് കാരണം മറ്റൊന്നും കണ്ടില്ല.
എങ്കിലും ആ കണ്ണുകളിൽ പഴയ വന്യത ഇല്ലായിരുന്നു.
കണ്ണുകളിൽ നിന്നും ചുടുനീർ ഒലിച്ചിറങ്ങിയിരുന്നു.
പിന്നെ ഒന്നും ശബ്ദിക്കാതെ നിശ്ശബ്ദം താഴേക്ക് നോക്കി നിന്നതേയുള്ളു.
അപ്പോഴേക്കും പള്ളിയിൽ നിന്നും പ്രാർത്ഥനയുടെ സ്വരം മൈക്കിലൂടെ കേട്ടു തുടങ്ങി.
പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“സച്ചീ.. പ്രാർത്ഥന കഴിയുമ്പോഴേക്കും നീ നിന്റെ കൂട്ടുകാരനേയും വിളിച്ച് ഗേറ്റിലേക്ക് വാ... ഞാനവിടെ ഉണ്ടാകും..”
ശരിയെന്നു പറഞ്ഞ് സച്ചി നടന്നു.
പോലീസ്സുകാരും ചുറ്റും കൂടിയവരും പള്ളിയിലേക്ക് കയറി.
അമാറയുടെ ഗേറ്റ് കഴിഞ്ഞതും, അതുവരെ വിറപൂണ്ട് നിന്നിരുന്ന സച്ചി ഓടി.
ജീവിതത്തിൽ ഇത്രയും ഭീകരമായ ഒരു സംഭവത്തിന് ഇതുവരെ ഇരയായിട്ടില്ല.
രക്തം ഉറഞ്ഞു പോയ അവസ്ഥയിൽ നിന്നും മോചനം കിട്ടിയ ആശ്വാസത്തിൽ, ഒന്നു പൊട്ടിക്കരയാനുള്ള വെമ്പലോടെ സച്ചിയുടെ ഓടി അണച്ചുള്ള വരവ് കണ്ട് പന്തികേട് തോന്നിയ ഞാൻ ഓടിച്ചെന്നു. അടുത്തെത്തിയ അയാളെ തടുത്തു നിറുത്തിയതും സച്ചി കുഴഞ്ഞു വീണു...!
താങ്ങിപ്പിടിച്ച് തൊട്ടടുത്തു കിടന്നിരുന്ന ആമ്പുലൻസിന്റെ സൈഡിൽ ചാരിയിരുത്തി.
ഇതിനിടക്ക് കാര്യമറിയാതെ വിഷമിച്ച എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലായിരുന്നു.

ഞാൻ അകത്തു നിന്നും വെള്ളമെടുത്ത് ഓടി വന്നു.
ആദ്യം മുഖത്ത് വെള്ളം തളിച്ചു. ബാക്കി കുടിക്കാൻ കൊടുത്തു.
അത് കുടിച്ച് ഒരാശ്വാസം കിട്ടിയപ്പോഴാണ് സംഗതിയുടെ കിടപ്പും അവൻ തരണം ചെയ്ത അപകടാവസ്ഥയും മനസ്സിലാകുന്നത്...!
സച്ചി സംഭവം പറഞ്ഞു കൊണ്ടിരിക്കേത്തന്നെ ഞാൻ വിറച്ചു പോയി...!!
അതും ഈ നാട്ടിൽ...!!?
പോലീസ്സ് മുഹമ്മദിനും മറ്റു പോലീസ്സുകാർക്കും അവനെ പരിചയമുള്ളതുകൊണ്ടു മാത്രം രക്ഷപ്പെട്ടതല്ലെ. ഇല്ലെങ്കിലോ...!!?
“ഈശ്വരാ.... ഇവൻ ഇത്രക്ക് ചെകുത്താനോ...?”

നിസ്കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞ നേരത്ത് സച്ചിയോടൊപ്പം ഞാനും കൂടി അമാറയിലേക്ക് ചെന്നു. ഗേറ്റിൽ ഞങ്ങൾ നിൽക്കുമ്പോൾ പോലീസ്സ് മുഹമ്മദും സീക്കുവും മറ്റു പോലീസ്സുകാരും കൂടി അവിടേക്ക് വന്നു. മുറിയിൽ കയറിയിട്ട് പോലീസ്സ് മുഹമ്മദ് സീക്കുവിനെ കുറേ ചീത്ത പറഞ്ഞു. അതിലൊന്നും ഞങ്ങൾക്ക് താൽ‌പ്പര്യമുണ്ടായിരുന്നില്ല.
ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നതേയുള്ളു.
കുറച്ചു കഴിഞ്ഞ് പോലീസ്സ് മുഹമ്മദ് തന്നെ വിധിയും കൽ‌പ്പിച്ചു.
“നീയിനി ആശുപത്രിയിൽ ഇവരുടെ അടുത്ത്  പോകാൻ പാടില്ല. നിങ്ങളിനി പള്ളിയിൽ പോയി വെള്ളമെടുക്കണ്ട. ഇവിടെ അമാറയിൽ നിന്നും എടുത്താൽ മതി. ഇവനെ വിശ്വസിക്കാൻ കൊള്ളില്ല...!”
പിന്നെയും എന്തൊക്കെയോ പോലീസ് മുഹമ്മദ് പറഞ്ഞു കൊണ്ടിരുന്നു.
ഞങ്ങൾ യാത്ര പറയാൻ നേരം പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“ഇനി നിങ്ങൾ തമ്മിൽ വഴക്കൊന്നും വേണ്ട. പരസ്പ്പരം കൈ കൊടുത്ത് പിരിയ്..”
എന്നു പറഞ്ഞ് സീക്കുവിന്റേയും സച്ചിയുടേയും കൈകൾ കൂട്ടിമുട്ടിക്കാൻ ശ്രമിച്ചു.
സച്ചി അവന്റെ കൈ തട്ടിക്കളഞ്ഞ് പോലീസ് മുഹമ്മദിനോട് യാത്ര പറഞ്ഞ് തിരിഞ്ഞ് നടന്നു.

ഇനിയും സീക്കു മുറിയിൽ വന്നാൽ അവനെ ഇഞ്ച ചതക്കുന്നതു പോലെ എടുത്തിട്ട് ചതക്കണമെന്ന് ഞങ്ങൾ കണക്ക് കൂട്ടിയിരുന്നു. പക്ഷേ, മുഹമ്മദിന്റെ ഏകപക്ഷീയ തീർപ്പ് കാരണം അത് നടക്കാതെ പോയി. അതിൽ ഞങ്ങൾക്ക് നീരസമുണ്ടായിരുന്നെങ്കിലും, പോലീസ് മുഹമ്മദ് കൽ‌പ്പിച്ചതാണ് അവന് അർഹതപ്പെട്ട തീർപ്പെന്ന് കാലം സാക്ഷിപ്പെടുത്തിത്തന്നു.

കടയിൽ പോയ അബ്ദുളും എഞ്ചിനീയർ റോത്തയും വന്നപ്പോൾ ഉണ്ടായ സംഭവം ഞങ്ങൾ നിരത്തി. കുളി കഴിഞ്ഞ് അബ്ദുൾ ഒരു പൊതിക്കെട്ടുമായി സീക്കുവിന്റെ അടുത്തേക്ക് ചെന്നു.
സീക്കു നാ‍ട്ടിൽ  കൊടുത്തു വിടാനായി വാങ്ങിക്കൂട്ടിയ സാധനങ്ങളായിരുന്നു അതിൽ.
ആ പൊതിക്കെട്ട് സീക്കുവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു.
“നീ ഇത്രക്ക് വൃത്തികെട്ടവനാണോടാ...? നീയൊരു മുസ്ലീമാണോടാ...?
ഇനി നിന്റെ വീട്ടിൽ പോകുന്ന പ്രശ്നമേയില്ല. എന്തു വിശ്വസിച്ചു പോകും...?
നീ പറഞ്ഞതത്രയും സത്യമായിരിക്കുമെന്നന്താ ഉറപ്പ്...?
ചിലപ്പോൾ ഞാൻ ചെന്നു പെടുന്നത് നിന്നെ കാത്തിരിക്കുന്ന പോലീസ്സിന്റേയോ, അല്ലെങ്കിൽ നിന്നെ വെട്ടിക്കൊല്ലാൻ നടക്കുന്ന വല്ല നാട്ടുകാരന്റേയോ മുന്നിലാകും....?!”
സീക്കു യാചനയോടെ പറഞ്ഞു നോക്കിയെങ്കിലും അബ്ദുൾ ചെവിക്കൊണ്ടില്ല.

രണ്ടു ദിവസം കഴിഞ്ഞ് അബ്ദുൾ നാട്ടിലേക്ക് തിരിച്ചു.
ദിവസങ്ങൾ കഴിയവേ സീക്കു ആശുപത്രിയുടെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടപ്പു തുടങ്ങി. അതിനു മുൻപ് ഒരു ദിവസം അവൻ ഹസ്സർ ബായിയെ കാണാൻ ആശുപത്രി ഗേറ്റ് കടന്നതാണ്. ഗേറ്റിലെ മുറിയിലുണ്ടായിരുന്ന ബംഗ്ലാദേശികൾ അകത്തു കയറാൻ സമ്മതിച്ചില്ല.
സീക്കുവിനെ പിടിച്ച് പുറത്തു തള്ളി.
മറ്റൊരു ദിവസം അവൻ ബംഗ്ലാദേശികളോട് യാചിച്ചതായി കേട്ടു.
“ബായി... കുറച്ച് ചോറ് തരാമോ...?”
അപ്പോഴും അവർ അവനെ ആട്ടിയകറ്റി.

ബാക്കി  ഡിസംബർ 1-ന്.....


23 comments:

വീകെ said...

“ബായി കുറച്ച് ചോറ് തരാമോ...?” പോലീസ് മുഹമ്മദിന്റെ ശിക്ഷയുടെ അനന്തര ഫലം...!

ajith said...

ചിലപ്പോഴൊക്കെ കര്‍മ്മഫലം അപ്പോള്‍ത്തന്നെ ലഭിക്കും. അല്ലേ?

സീക്കുവിന് ഇപ്പോള്‍ കിട്ടുന്നതുപോലെ!!

Prakash said...

അത്രയെങ്കിലും കിട്ടെണ്ടെ അജിത്ത് ഭായി......

ബൈജു മണിയങ്കാല said...

വളരെ മനോഹരമായി.. പാവം സച്ചി ഒന്ന് പേടിച്ചു.. നന്മ വറ്റാത്ത എത്രയോ ആൾക്കാർ അവരുള്ളതാണ് ആശ്വാസം പല പാവങ്ങള്ക്കും നിരപരാധികൾക്കും പലപ്പോഴും

Cv Thankappan said...

നന്മയുള്ളവര്‍ ദൈവദൂതന്മാരെ പോലെ എല്ലായിടവും ഉണ്ട്.അല്ലെങ്കിലത്തെ സ്ഥിതിയോ?!!
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
(തലക്കെട്ടില്‍ "നെരി...."എന്നാണുള്ളത്)
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ഒന്നു പച്ചപിടിക്കാന്‍ തുങ്ങിയാല്‍ മനുഷ്യന്റെ പാവം ഭാവം മാറി അവനില്‍ 'ഞാനും' 'എന്റെയും' കയറാന്‍ തുടങ്ങും. പിന്നെ അവിടെ സഹായിച്ചവരും സഹയവും നീതിയും എല്ലാം നോക്കുകുത്തികള്‍. അതിനിടയില്‍ ചിലപ്പോഴെയെങ്കിലും ഇത്തരം ശിക്ഷകള്‍ കിട്ടിയില്ലെങ്കില്‍ നന്മ എന്നേ പടിയിറങ്ങിയേനെ.

വീകെ said...

അജിത്: “പണ്ടൊക്കെ ദൈവം പയ്യെപ്പയ്യെ,
ഇപ്പോൾ ദൈവം അപ്പപ്പപ്പെ...!” എന്നെവിടെയോ വായിച്ചതോർക്കുന്നു. വായനക്ക് നന്ദി അജിത് ഭായ്.

പ്രകാശ്: ആദ്യമായ ഈ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.ഞാനവിടെ വന്നിരുന്നു. പക്ഷെ, പോസ്റ്റൊന്നും കണ്ടില്ല. എഴുതണം കെട്ടോ...

ബൈജു മണിയങ്കാല: ആ നാട്ടിലായതു കൊണ്ടാണ് അത്രക്ക് പേടിച്ചത്. പക്ഷെ നന്മയുള്ളവർ എവിടേയുമുണ്ടാകും. വായനക്ക് നന്ദി.

സിവി തങ്കപ്പൻ: നന്മ എന്നത് ഇന്ന് മറഞ്ഞുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിപ്പോലും. വായനക്ക് നന്ദി.

പട്ടേപ്പാടം റാംജി: വാസ്തവം തന്നെയാണ്. ചില കാരണങ്ങൾകൊണ്ട് ‘ഞാൻ’ വിചാരിച്ചാൽ പലതും നടക്കുമെന്ന് ചിന്തിക്കുന്ന ആളുകൾ നമ്മുടെ നാട്ടിലും ഉണ്ട്. വായനക്ക് നന്ദി.

ജിമ്മി ജോൺ said...

കിട്ടേണ്ടത് കിട്ടിയപ്പോൾ സീക്കുവിന് അടക്കമായി അല്ലേ.. ചോദിച്ചു മേടിച്ച അടിയല്ലേ, അതിന്റെ അനന്തര ഫലങ്ങൾക്കൂടെ അവൻ അനുഭവിക്കട്ടെ..

jyo.mds said...

ഞാന്‍ ഇവിടെ വന്നിട്ട് കുറച്ച് കാലമായി.പതിവുപോലെ നല്ല ഭാഷയില്‍ എഴുതിയിരിക്കുന്നു.ഇതെല്ലാം അനുഭവത്തിന്റെ വെളിച്ചത്തിലാവും അല്ലേ?

വീകെ said...

ജിമ്മി ജോൺ: എന്നാലും ഇങ്ങനെയൊരു അവസ്ഥ ശത്രുവിനു പോലും വരരുതെന്നേ ആഗ്രഹമുള്ളു. സ്വയംകൃതനാർത്ഥം എന്നൊക്കെ പറയുന്നതു പോലെ, മറ്റാരുടേയും തെറ്റല്ല. വായനക്ക് നന്ദി.

ജ്യോച്ചേച്ചി: കുറേ കാലത്തിനു ശേഷമുള്ള ഈ വരവിൽ വളരെ സന്തോഷമുണ്ട്. ഇപ്പോൾ നാട്ടിലുണ്ടല്ലെ. അതു കൊണ്ടാണൊ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഞ്ചാരകഥകൾ ഒന്നും എഴുതാതാതിരുന്നത്. പിന്നെ എന്റെ ഈ എഴുത്തിൽ അനുഭവത്തിന്റെ ലാഞ്ചനയുണ്ടാകും. വായനക്ക് വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

സഹായിച്ചവർക്ക് തന്നെ
പാരയാവുന്ന സഹായം കൈപറ്റിയയവരുടെ
ഇടയിൽ കിടന്ന് നിസ്സഹായരാകുന്നവരുടെ അവസ്ഥാ വിശേഷങ്ങൾ...!

© Mubi said...

സീക്കു ചെയ്തതിനുള്ള ശിക്ഷ കിട്ടിയല്ലേ? കഷ്ടം....

വീകെ said...

ബിലാത്തിച്ചേട്ടൻ:കണ്ണുകാണാൻ വയ്യാതായാൽ എന്തു ചെയ്യും...? സ്വയം അനുഭവിച്ചു തീർക്കുക തന്നെ. വായനക്ക് നന്ദി.
മൂബി: ചിലപ്പോഴങ്ങനെയാണ്. ശിക്ഷ ഉടനടി നടപ്പിലാക്കിക്കിട്ടും. വായനക്ക് നന്ദി.

വിനുവേട്ടന്‍ said...

ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്... പരിചയമുള്ള പോലീസുകാരായത് കൊണ്ട് രക്ഷപെട്ടു...

റാംജിഭായ് പറഞ്ഞതൊരു വിശ്വസത്യമാണ്...

തുടരട്ടെ അശോകൻ മാഷേ...

(ഇതെന്താ വേഡ് വെരിഫിക്കേഷൻ വച്ചിരിക്കുന്നത്? കമന്റിടാൻ വല്ലാത്ത ബുദ്ധിമുട്ട്...)

keraladasanunni said...

സീക്കുവിന്ന് അങ്ങിനെത്തന്നെ പറ്റണം. അത്ര വലിയ നെറികേടല്ലേ അവന്‍ ചെയ്തത്.

വീകെ said...

വിനുവേട്ടൻ:ഞാൻ വേഡ് വെരിഫിക്കേഷൻ വെച്ചട്ടില്ല വിനുവേട്ടാ. ഉണ്ടെങ്കിൽ അത് ഈ കമന്റ് എഴുതുന്ന എനിക്കും ബാധകമല്ലെ. പിന്നെന്തുകൊണ്ടാണ് വിനുവേട്ടന്റേതിൽ മാത്രം വരുന്നത്...?എന്റെ സൈറ്റിൽ വരുന്ന മറ്റാർക്കെങ്കിലും ഇത്തരം അനുഭവം ഉണ്ടോന്നറിയില്ല.

വീകെ said...

കേരളദാസനുണ്ണി: സീക്കുവിന് പറ്റിയത് മറ്റാർക്കും പറ്റരുതെന്നേ ഞാനാഗ്രഹിക്കൂ... അവന്റെ പതനം അത്രക്കും പരിതാപകരമായിരുന്നു. വായനക്ക് നന്ദി.

Vishnulal Uc said...

ആദ്യമായാണ് ബ്ലോഗിൽ തുടർക്കഥ വായിക്കുന്നത് . നല്ല എഴുത്ത്

jyo.mds said...

വി.കെ.

ഞാന്‍ ഇവിടെ തന്നെയാണ്.
സംബുരുവും,ലെയ്ക് ടൂറും ഒക്കെ കഴിഞ്ഞു.മടി പിടിച്ചിരിക്കുകയായിരുന്നു.ഒരു അലാസ്ക ടുറിനെ കുറിച്ച് സാവകാശം എഴുതുന്നുണ്ട്.

Pradeep Kumar said...

ഇത്തവണ വായന വൈകി. ഓരോ ലക്കവും കൂടുതൽ കൂടുതൽ മികവുറ്റതായി മാറുന്നു.....

വീകെ said...

വിഷ്ണുലാൽ: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി.
പ്രദീപ് കുമാർ: വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി.

ശ്രീ said...

സീക്കു ചോദിച്ചു വാൻഹിയ പണി അല്ലേ, പറഞ്ഞിട്ട്‌ കാര്യമില്ല, ചിലരങ്ങനാ

ഫൈസല്‍ ബാബു said...

വന്ന വഴി മറന്നവന്‍ :( ഇതെന്താ വേര്‍ഡ് വെരിഫിക്കേഷന്‍ ചോദിക്കുന്നല്ലോ ,,സെറ്റിംഗ് മാറ്റൂ :)