Sunday 24 February 2019

നോവൽ
പ്രവാസ ബാക്കി. (13)

കഥ ചുരുക്കത്തിൽ ..

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു.

തുടർന്നു വായിക്കുക ..

കാളരാത്രി ...

എന്റെ ഭാര്യ മാനത്തിനു വേണ്ടി യാചിക്കുന്ന രംഗം എന്റോർമ്മയിൽ ഓടിയെത്തി. പിന്നെ എനിക്ക് കണ്ണിനു കാഴ്ചയില്ലായിരുന്നു, ബോധവും. ബാഗെടുത്ത് ടീപ്പോയ് മേൽ വച്ചിട്ട് , പൊതിഞ്ഞു പിടിച്ചിരുന്ന തോർത്ത് ബാഗിനകത്ത് ഒരു മൂലയിൽ വച്ചപ്പോഴാണ് സ്പ്രിംഗ് കഠാര എന്റെ കയ്യിൽ തടഞ്ഞത്.
ഒരു നിമിഷം അവനെ നോക്കി.
അവൻ കസേരയിൽ ചാരി കണ്ണടച്ചിരിക്കുകയാണ്.
വേറെയാരുമില്ല മുറിയിൽ.
പറ്റിയ സന്ദർഭം.
എന്റെ ശരീരവിറയൽ ഭയങ്കരമായി ഉയർന്നു.
ശ്വാസോഛ്വാസം വർദ്ധിച്ചു.
ആ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി.
കയ്യിൽ തടഞ്ഞ കത്തിയുടെ മിനുസമുള്ള പിടി കയ്യിൽക്കിടന്ന് തിരിഞ്ഞു.

അവന്റെ കസേരയുടെ പിന്നിൽ ചെന്നുനിന്ന്  തല കസേരയോട് അമർത്തപ്പിടിച്ച് നെഞ്ചിൻ കൂട്ടിനകത്തേക്ക് ആഞ്ഞാഞ്ഞു കുത്താൻ കൈ തരിച്ചു...!
അപ്പഴേക്കും മറ്റൊരു ചിന്ത കടന്നു വന്നു. ഇപ്പോഴിവിടെ എന്തു സംഭവിച്ചാലും ഞാൻ തന്നെയാണ് പ്രതിയെന്ന് വേഗം തിരിച്ചറിയും. അതോടെ കത്തി ബാഗിനകത്ത് തന്നെ വച്ചു. വേണ്ട ... ഇപ്രാവശ്യം വേണ്ട. ഒരാഴ്ച കഴിഞ്ഞ് വരുമ്പോൾ അവനെ തീർക്കാം.
അതേ.... അതു മതി.

ആ തീരുമാനം പെട്ടെന്ന് മനസ്സിൽ ഉറപ്പിക്കാൻ തുനിയുമ്പോഴാണ് പുറത്ത് ഏതോ വണ്ടിയുടെ നീണ്ട ഹോണടി കേട്ടത്. ഞാൻ അതവഗണിച്ച് ബാഗിന്റെ സിബ്ബ് അടച്ച് നിവരുമ്പോഴേക്കും റൂംബോയ് മുരുകൻ വാതിൽക്കലെത്തി വിളിച്ചു കൂവി.
"സാർ, ബാംഗ്ലൂർ ബസ്സ് വന്താച്ച്...''
ആ ശബ്ദം കേട്ട്, എന്റെ മുമ്പിൽ പൂസ്സായി കസേരയിലുറങ്ങുന്ന ക്ലീൻ ഷേവുകാരൻ ചാടിയെഴുന്നേറ്റു.
"സാർ വേഗം പൊക്കോ. നമ്മൾക്ക് അടുത്ത തവണ കാണാം..."
അവൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞ് കസേരയിൽ പിടിച്ച് എഴുന്നേറ്റ് വീഴാതെ നിന്നു.
ഞാൻ ബാഗുമെടുത്ത് നീങ്ങിയതും മുരുകൻ ബാഗ് വാങ്ങി ഓടി. ഞാനും അവന്റെ പിന്നാലെ വിട്ടു. ക്ലീൻ ഷേവുകാരൻ ഗ്ലാസ്സിൽ നിറച്ചു വച്ചിരുന്നതിന്റെ ബാക്കിയുണ്ടായിരുന്നതുകൂടി വായിലേക്ക് കമഴ്ത്തിയിട്ട് തപ്പിപ്പിടിച്ച്  ആടിയാടി എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു.

ഞാൻ മുറ്റത്തിറങ്ങി തിരിഞ്ഞു നോക്കുമ്പോൾ അവൻ വരാന്തയിലെ ഗ്രില്ലിൽപ്പിടിച്ച് എന്നെ നോക്കി കൈ വീശുന്നുണ്ടായിരുന്നു. ഞാനും കൈ വീശി ബസ്സിന്റെ ഡോർ കമ്പിയിൽ പിടിച്ചപ്പോഴേക്കും, ബാഗ് എന്റെ സീറ്റിൽ വച്ചിട്ട് മുരുകൻ തിരിച്ചിറങ്ങുന്നുണ്ടായിരുന്നു. അവനെന്തെങ്കിലും കൊടുക്കാനായി ഓവർക്കോട്ടിനകത്തെ പോക്കറ്റിൽ തപ്പിയപ്പോഴാണ് പെട്ടെന്നൊരിടിമുഴക്കം പോലെ ഒരു വെളിപാടുണ്ടായത്.
ഞാൻ കുടിച്ച ഗ്ലാസ്സ് , നിറയെ എന്റേതന്നെ വിരൽപ്പാടുകളുമായി ആ ടീപ്പോയ്മേൽ ഇരിക്കുന്ന കാര്യം ഓർമ്മ വന്നത്. ഞാൻ ഇതുവരെ കളിച്ചതെല്ലാം വെള്ളത്തിലാകുമെന്ന അറിവ് എന്നെ ഭയപ്പെടുത്തി.

പിന്നെ സംശയിച്ചു നിന്നില്ല. തിരിഞ്ഞോടി. ഓടുന്നതിനിടയിൽ ഞാൻ വിളിച്ചു പറഞ്ഞു.
 '' പേഴ്സ് മറന്നു ... "
ഞാൻ സ്റ്റെപ്പ് കയറി മുറിയുടെ വാതിൽക്കൽ ഒറ്റക്കുതിപ്പിനെത്തിയപ്പോഴും ക്ലീൻഷേവുകാരൻ പിടിവിടാതെ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.  പെട്ടെന്ന് മുറിയിൽക്കടന്ന് ടീപ്പോയിൽ നിന്നും ഞാൻ കുടിച്ച ഗ്ലാസ്സെടുത്ത് ഓവർക്കോട്ടിനകത്തെ വലത്തെ പോക്കറ്റിൽ തിരുകിയിട്ട് ഇടത്തെ പോക്കറ്റിൽ നിന്നും പേഴ്സ് പുറത്തെടുത്ത് കയ്യിൽ വച്ചുകൊണ്ടാണ് നിവർന്നത്. അത് പൊക്കിപ്പിടിച്ചിട്ടാണ് പുറത്തു കടന്നത്. വീണ്ടും അവനോട്  'ഓക്കെ ' പറഞ്ഞ് ഓടിയിറങ്ങി.

മുറ്റത്ത് വച്ച് പേഴ്സിൽ നിന്നും നൂറു രൂപയെടുത്ത് മുരുകന്റെ കയ്യിൽ കൊടുത്തു. ബസ്സിന്റെ വാതിൽക്കൽവച്ച് തിരിഞ്ഞു നോക്കുമ്പോഴും അവനവിടെ ഗ്രില്ലിൽപ്പിടിച്ച് നിന്ന് കൈവീശുന്നുണ്ടായിരുന്നു. അകത്തു കയറി എന്റെ സീറ്റിൽ വന്നിരുന്നപ്പോഴാണ് ഒരാശ്വാസമായത്. ഉടനെ വണ്ടി വിടുകയും ചെയ്തു. സൈഡിലെ ഗ്ലാസ്സ് കറുത്തതായതു കൊണ്ട് പുറംലോകം പിന്നെ കണ്ടില്ല. ടിക്കറ്റെടുത്തതിനു ശേഷം ഞാൻ കണ്ണടച്ചിരുന്നു.

കഴിഞ്ഞ സംഭവങ്ങൾ മനസ്സിൽ ഒന്നുകൂടി ഓടിച്ചു നോക്കി. എവിടേങ്കിലും ഒരുപാളിച്ച പറ്റിയിട്ടുണ്ടോ...?
രണ്ടുമണി കഴിഞ്ഞ നേരത്താണ് ചായ കുടിക്കാനായി ബസ്സ് നിറുത്തിയത്‌. ഏതോ ഒരു കാടൻ പ്രദേശം. ബാഗിൽ നിന്നും വിഷക്കുപ്പിയെടുത്ത് ഓവർക്കോട്ടിലെ പോക്കറ്റിലിട്ടു. മൂത്രമൊഴിക്കാനായ് നീങ്ങിയ ഇരുട്ടിന്റെ മറവിൽ  ഗ്ലാസ്സും വിഷക്കുപ്പിയും അപ്പുറത്തെ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ അവിടെക്കണ്ട പെട്ടിക്കടയിൽ നിന്നും  ചൂടൻ ഇഡ്ലിയും ചമ്മന്തിയും സ്വാദോടെ കഴിച്ച് വന്നിരുന്ന്' സുഖമായി ഉറങ്ങി.

നേരം വെളുക്കാറായപ്പോഴാണ് ഉണർന്നത്. അതുവരേക്കും സുഖമായുറങ്ങിയിരുന്നു. മൂന്നു പെഗ്ഗ് മദ്യവും പതിവില്ലാതെ കഴിച്ച ബീഫും കുറേക്കപ്പലണ്ടിയും തന്ന ക്ഷീണം മാത്രമല്ല, പാതിരാക്ക് കഴിച്ച ചൂടൻ ഇഡ്ലിയും കാരണമായിരിക്കും സുഖമായുറക്കം കിട്ടിയത്.  അപ്പോഴേക്കും വണ്ടി മൈസൂരെത്തിയിരുന്നു. ഞാനും കുറച്ചു പേരോടൊപ്പം മൈസൂരിറങ്ങി. ബാംഗ്ലൂർ പോകേണ്ട പ്രത്യേകാവശ്യമൊന്നുമില്ലല്ലൊ. ഒരു ഇടത്തരം ഹോട്ടൽ കണ്ടെത്തി മുറിയെടുത്തു. കുറച്ചു നേരം കിടന്നുറങ്ങി.

എഴുന്നേറ്റ വഴി ആദ്യം ചെയ്തത്, പുറത്തിറങ്ങി നീണ്ട താടി വടിച്ച് ക്ലീനാക്കി. മുടി പറ്റെ വെട്ടി പുതിയൊരു ലുക്ക് ഉണ്ടാക്കി. ഇന്നലെ കണ്ടവർ ഇന്നത്തെ രൂപം കണ്ടാൽ തിരിച്ചറിയാത്തവണ്ണമാക്കി. എന്നിട്ടാണ് പ്രാതൽ കഴിച്ചത്.

 അവിടെ ഹോട്ടലിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്ന ആകാംക്ഷ എന്നെ ഒരുതരം മന:പ്രയാസത്തിലാക്കിയിരുന്നു. ഒരു പ്രത്യേക മുഴക്കത്തോടെയുള്ള നെഞ്ചിടിപ്പ് അന്നു മുഴുവൻ ഞാൻ കേട്ടുകൊണ്ടിരുന്നു. മുറിയിൽ ടീവിയൊന്നും ഇല്ലാതിരുന്നതുകൊണ്ട് വാർത്തകളൊന്നും അറിയാൻ കഴിഞ്ഞില്ല. ഉച്ചക്ക് ശേഷം വെറുതെ പുറത്തിറങ്ങി നടന്നു. കുറച്ചു നടന്നപ്പോഴാണ്  'മൈസൂർ വൃന്ദാവൻ ' എന്ന ബോർഡ് കണ്ണിൽപ്പെട്ടത്. ഒരു ഓട്ടോ യിൽ കയറി വൃന്ദാവൻ ഗാർഡനിൽ എത്തി. അവിടെ കറങ്ങി നടന്നിട്ടൊന്നും മനസ്സിലെ അങ്കലാപ്പിനൊരു ശമനവും കിട്ടിയില്ല.

ഒരു നാരങ്ങാവെള്ളം കുടിക്കാനായിട്ടാണ് ആ പെട്ടിക്കടയിലെക്ക് ചെന്നത്. അവിടെ തൂങ്ങിക്കിടന്ന ഒരു മലയാള പത്രം കണ്ണിലുടക്കിയത് പെട്ടെന്നായിരുന്നു. ബാംഗ്ലൂർ മലയാളികൾക്കായി ഇറക്കിയ ഒരു മലയാളം സായാഹ്നപത്രമായിരുന്നു. ഞാനത് വലിച്ചെടുത്ത് നിവർത്തുന്നതിനിടയിൽ നാരങ്ങാവെളളം കടക്കാരൻ നീട്ടി. അതും വാങ്ങി ഒരു കവിൾ കുടിച്ചിട്ടാണ് പത്രത്തിന്റെ മുൻവശം ശ്രദ്ധിച്ചത്.
പെട്ടെന്ന് നടുങ്ങിപ്പോയി..!! സന്തോഷത്തോടൊപ്പം ഒരു വിറയലും എന്നെ ബാധിച്ചു. കാരണം ആ ക്ലീൻഷേവുകാരൻ അങ്ങനെതന്നെ ചത്തുമലച്ചു കിടക്കുന്നുണ്ടായിരുന്നു മുൻപേജിൽ. വിഷമദ്യദുരന്തത്തിന്റെ വാർത്തയായിരുന്നു താഴേക്ക് മുഴുവൻ.

നാരങ്ങാവെള്ളം മുഴുവൻ ഒറ്റയടിക്ക് കുടിച്ച് പേപ്പറും വാങ്ങി ഞാൻ വേഗം വൃന്ദാവനിൽ നിന്ന് പുറത്തെത്തി ഒരു ഓട്ടോ പിടിച്ച് ഹോട്ടലിൽ തിരിച്ചെത്തി. അതുവരെ പേപ്പർ തുറന്നില്ല. ബാക്കി വാർത്തകൾ ആരുമില്ലാത്തിടത്ത് ഇരുന്ന് വായിക്കണമെന്ന് തോന്നി.
അവൻ ചത്തുമലച്ചു കിടക്കുന്നത് കൺകുളിർക്കെ കാണണമെനിക്ക്.
എന്നിട്ട് പൊട്ടിപ്പൊട്ടിച്ചിരിക്കണം. അതിനായിട്ടാണ് മുറിയിലേക്ക് ഓടിയെത്തിയത്.

കട്ടിലിൽ ചാരിക്കിടന്നുകൊണ്ടുതന്നെ പേപ്പറിന്റെ മുൻവശം മുഴുവൻ നോക്കി. ചത്തുമലച്ചുകിടക്കുന്ന അവന്റെ വായിൽ വെളുത്ത പത ഉണങ്ങിപ്പിടിച്ചിരുന്നു. ഞാനത് കണ്ട് ഒരു സാഡിസ്റ്റിനെപ്പോലെ പൊട്ടിപ്പൊട്ടിച്ചിരിച്ചു. മതിയാവോളം.
പാവം എന്റെ ഭാര്യ. അവൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് നടത്തിയവന്റെ ശരീരം ചത്തുമലച്ചു കിടക്കുന്നത്  'കണ്ടുവോ നീ...കണ്ടുവോ.. ' ഞാൻ ഉറക്കെയുറക്കെ വിളിച്ചു ചോദിച്ചു. അവസാനം കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി. എനിക്ക് കരയണമെന്ന് തോന്നി. ചങ്കുപൊട്ടിക്കരഞ്ഞ ഞാൻ തന്നെ ചങ്കുപൊട്ടിച്ചിരിക്കാനും തുടങ്ങി. ശരിക്കും ഒരു ഭ്രാന്താവസ്ഥയിലായി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ തളർന്നു. ഇന്നെനിക്ക് ഒരു ഫയന്റെങ്കിലും അടിച്ചു തീർക്കണം. ഈ സന്തോഷം എനിക്ക് കുടിച്ച് തീർക്കണം. ഞാൻ തീർച്ചപ്പെടുത്തി.

രണ്ടാം പേജിലേക്ക് അപ്പോഴാണ് നോക്കിയത്. രണ്ടാം പേജിലെ ആദ്യ പടം കണ്ട ഞാൻ തുറിച്ചു നോക്കിയിരുന്നു പോയി. ആ പേജിൽ നിന്നും കണ്ണെടുക്കാനായില്ലെനിക്ക്. അതിന്റെ അടിക്കുറിപ്പ് വായിച്ചതും ഞാനെന്റെ നെറുകംത്തലയിൽ ശക്തിയായി അടിച്ചിട്ട് 'അയ്യോ ചതിച്ചോ..'യെന്ന് പറഞ്ഞു പോയി...!

തുടരും ....

14 comments:

വീകെ. said...

അവൻ കൊല്ലപ്പെട്ടു. പക്ഷേ....??"!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രണ്ടാം പേജിലെ പടം..വാർത്ത..നെറും തലയിലിടിക്കാൻ പലർക്കും തോന്നുന്നുണ്ടാകും.പണ്ട് കോട്ടയം പുഷ്പനാഥിന്റെ തുടരൻ നോവൽ വായിക്കുമ്പോൾ തോന്നിയപോലെ....വേഗം തുടരട്ടെ...

© Mubi said...

എന്താ?? വേഗം അടുത്ത ഭാഗം എഴുതണേ...

ശ്രീ said...

അതൊരു വല്ലാത്ത സസ്പെൻസ് ആയിപ്പോയല്ലോ മാഷേ. ആ പേജിൽ എന്തായിരുന്നു!!!

Sukanya said...

അങ്ങനെ ദുഷ്ടന്റെ അന്ത്യം. പിന്നെയും സസ്പെൻസ്‌..

Geetha said...

അതെന്താ പറ്റിയെ.... ? വേഗം....

shajitha said...

adutha lakkathinay kathirikkunnu

Cv Thankappan said...

പുസ്‌തമായിരുന്നെങ്കിൽ ശ്വാസംവിടാതെ പേജുമറിച്ച് വായിച്ചേനേ .....
ആശംസകൾ

വിനുവേട്ടന്‍ said...

അശോകേട്ടാ... ആ രണ്ടാമത്തെ പേജ് എനിക്കിപ്പം വേണം...

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ടാരം ...
ഈ സസ്പെസ് കാരണം ഇക്കഥ വായിച്ചു
തീരുന്ന വരെ ഇതുപോലെ അടുത്ത ലക്കങ്ങൾക്കായി
ആകാംഷയോടെ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാണ്
ഒരു ഇത് ..!

വീകെ. said...

വിനുവേട്ടനും ബിലാത്തിച്ചേട്ടനം, ആ രണ്ടാമത്തെപേജിലെ പടങ്ങൾ ശേഖരേട്ടനു പോലും ഓർക്കാൻ ഇഷ്ടപ്പെടാത്തതാണന്ന് അന്നേ പറഞ്ഞിരുന്നതല്ലെ ...
പിന്നെ നമ്മൾ ആ വൈകിയ സമയത്ത് വീണ്ടും ഒരു കുപ്പി കുടി വാങ്ങിച്ചിട്ടല്ലെ അത് പറയിപ്പിച്ചത്.ശേഖരേട്ടനെന്തേ ഇങ്ങനെയായി എന്നതിന്റെ ഒറ്റ മറുപടിയല്ലെ ആ രണ്ടാം പേജിലെ പടങ്ങ......!!

വിനുവേട്ടന്‍ said...

ഓ, അത് മറന്ന് പോയി അശോകേട്ടാ...

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നത്തെ ആ കുപ്പിക്കുള്ളിലെ
ലഹരി മുഴുവൻ ആവിയായി പോയത്
ശേഖരേട്ടന്റെ കഥ കേട്ടപ്പോഴല്ലേ ഭായ് ..!

സുധി അറയ്ക്കൽ said...

ആളു മാറിപ്പോയോ???