Sunday, 1 February 2015

നോവൽ.മരുഭൂമി.(33)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു....

തുടർന്നു വായിക്കുക...

 ഒരു മരണക്കളി..

എങ്ങനേയും ഇവിടന്ന് രക്ഷപ്പെടണമെന്ന ചിന്ത കലശലായി.
പട്ടിണിയും പരിവട്ടവുമായി രണ്ടു മാസം കഴിച്ചുകൂട്ടി.
ഇതിനിടക്ക് രണ്ടു മാസത്തെ ശമ്പളം ഒന്നിച്ച് മറ്റുള്ളവർക്ക് കൊടുത്തെങ്കിലും, പേപ്പറുകൾ ശരിയായിട്ടില്ലെന്നു പറഞ്ഞ് എന്നെ മാത്രം ഒഴിവാക്കിയത് സഹിക്കാനായില്ല.
അവസാനത്തെ പ്രതീക്ഷയും ഉണങ്ങിക്കരിഞ്ഞതായി തോന്നി.
മാനേജരുടെ മുന്നിൽ നിന്ന നിൽ‌പ്പിൽ ഞാൻ കരഞ്ഞുപോയി.
നിരാശയോടെ ഇവിടുന്ന് രക്ഷപ്പെടാനൊരു വഴി തേടിയിരിക്കുമ്പോഴാണ് അതിനായൊരവസരം ദൈവം‌തമ്പുരാൻ ഒരുക്കിത്തന്നത്...!?

അതുപക്ഷേ, ഒരു മരണക്കളിയായിരുന്നു.
എന്നും കാലത്ത് ഞാൻ ചെല്ലുമ്പോൾ എനിക്കു മുൻപുള്ള ഡ്യൂട്ടിക്കാരനെ അവിടെ കാണാറില്ല.
ഞാൻ ചെന്നിട്ടേ അയാൾക്ക് പോകാൻ പാടുള്ളു. അവർക്ക് അതൊന്നും ബാധകമല്ലാത്തതു പോലെ. ചിലപ്പോഴൊക്കെ രാത്രിയിൽ പമ്പിംങ് മുടങ്ങി, അവിടം മുഴുവൻ മലിനജലം നിറഞ്ഞിരിക്കും.
ഞാൻ  മോട്ടോർ ശരിയാക്കി പമ്പിംങ് ആരംഭിക്കും. അതോടെ പുറത്തെ മലിനജലം ഭൂമിക്കടിയിലെ ടാങ്കിലേക്ക് തിരിച്ചൊഴുകും. ബാക്കിയുള്ളത് ക്ലോറിൻ പൌഡർ വാരി വിതറി വൈപ്പർ കൊണ്ട് വടിച്ചു കളഞ്ഞ് വൃത്തിയാക്കും.

എനിക്കു മുൻപ് ഡ്യൂട്ടിയിലുള്ള ഫിലിപ്പൈനികൾ ജോലിക്കെത്താതെ, സൂപ്പർവൈസറെ കൂട്ടുപിടിച്ച് അവരുടെ ഫ്ലാറ്റിൽ പോയിക്കിടന്ന് ഉറങ്ങുന്നതാണ് കാരണം. കാലത്തെ ഷിഫ്റ്റിൽ മാത്രമാണ് ആശുപത്രി എഞ്ചിനീയർമാരുടെ ചെക്കിങ് ഉണ്ടാകുന്നത്. അടുത്ത രണ്ടു ഷിഫ്റ്റുകളിൽ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ. ആഴ്ചയിൽ മുക്കവാറും ദിവസങ്ങളിൽ ഇതു തന്നെയാണ് പതിവ്. എങ്കിലും ഒരു വാക്കുതർക്കത്തിന് ഞാൻ നിൽക്കാറില്ല. സൂപ്പർവൈസറോട് പരാതി പറയാൻ മാത്രമേ പറ്റുകയുള്ളു. അതുകൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് ആദ്യം തന്നെ ബോദ്ധ്യമായിരുന്നു.

എന്റെ കണങ്കാലിന്റെയത്ര പൊക്കത്തിൽ മാത്രമേ വെള്ളം ഉണ്ടാകാറുള്ളു. അവിടെയുള്ള ഒരേയൊരു റബ്ബർ ഷൂ എന്റെ മുട്ടുകാലിന്റെയത്ര പൊക്കമുള്ളതാണ്. അതു കാരണം മലിനജലം എന്റെ ശരീരത്തെ നനക്കാറില്ല.
അന്നതായിരുന്നില്ല സ്ഥിതി.
മലിനജലം നിറഞ്ഞു കവിഞ്ഞ് ഗേറ്റും കടന്ന് പുറത്തേക്കൊഴുകിയിരുന്നു.

ഞാൻ ചെല്ലുമ്പോൾ വലിയൊരു ആൾക്കൂട്ടം അവിടെ രൂപപ്പെട്ടിരുന്നു.
ഓരോരുത്തരും അവരവർക്ക് തോന്നിയ ഉപദേശങ്ങൾ തട്ടിവിടുന്നുണ്ട്. ഗേറ്റും കടന്നു പുറത്തേക്കു മലിനജലം ഒഴുകിയാൽ, അകത്ത് എന്റെ അരക്കുമേൽ വെള്ളമുണ്ടാകും.
ഞാൻ ചെല്ലുന്നതുകണ്ട് സൂപ്പർവൈസർ ഫിലിപ്പൈനി ഓടി അടുത്തു.
സ്വതവേ ചുവന്നു തുടുത്ത അവന്റെ മുഖം ഒന്നുകൂടി ചുവപ്പിച്ചു..
അറബികളുൾപ്പടെ നിറഞ്ഞു നിന്ന  ആൾക്കൂട്ടത്തിനിടയിൽ ഷൈൻ ചെയ്യാൻ കിട്ടിയ അവസരം അവൻ പാഴാക്കിയില്ല.
“ ഇതെന്താ ഈ കാണുന്നേ... ഇങ്ങനെയാണൊ നിങ്ങടെ ജോലി... ഇതിനൊക്കെ നിങ്ങൾ സമാധാനം പറയണം...!”
അവന്റെ ശബ്ദത്തിലുള്ള ആക്രോശം കേട്ട് എല്ലാവരും എന്റെ നേരെ തിരിഞ്ഞു.
ഞാൻ നിന്ന നിൽ‌പ്പിൽ വിയർത്തുപോയി.
ഉമിനീർ വറ്റി വരണ്ടു...
അവന്റെ പിറകിലായി ആശുപത്രിയുടെ സൌദി എഞ്ചിനീയറും നിൽക്കുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടിരുന്നു. അവൻ പലപ്പോഴും നല്ല രീതിയിലാണ് എന്നോട് പെരുമാറാറ്.  അതോടെ ഇത് എനിക്കും കിട്ടിയ അവസാന അവസരമാണെന്ന് പെട്ടെന്നൊരു ബോധോദയം...!
എന്നെ കുറ്റപ്പെടുത്തി സൌദി എഞ്ചിനീയറുടെ മുൻപിൽ ആളാകാനുള്ള ഫിലിപ്പൈനിയുടെ ശ്രമം പൊളിച്ചടുക്കേണ്ടത് എന്റേയും ആവശ്യമായി തീർന്നു.
അവൻ തുറന്നു വിട്ട അതേ ശബ്ദത്തിൽ ഞാനും പറഞ്ഞു.
“എനിക്ക് 24 മണിക്കൂർ ഡ്യൂട്ടിയൊന്നും ഇല്ല. ഇന്നലത്തെ എന്റെ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ഇവിടം വളരെ ക്ലീനായിരുന്നു. അത് ഇതിലൂടെ സഞ്ചരിക്കുന്ന നിനക്കും ഓർമ്മയുണ്ടാകും. എനിക്ക് ശേഷം ഡ്യൂട്ടി ചെയ്യുന്നത് നിന്റെ ആളുകളല്ലെ. അവരോട് ചോദിക്ക് ഇവിടെയെന്താ ഇങ്ങനെയെന്ന്...!”
ഇത്രയും ശബ്ദം ഞാനെടുക്കുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
പെട്ടെന്ന് ഒന്നു ചമ്മിയ അവൻ സൌദി എഞിനീയറുടെ മുഖത്തേക്ക് കരുണയോടെ നോക്കി.

അവന്റെ താമസസ്ഥലത്തേക്ക്  ഈ പ്ലാന്റിനകത്തു കൂടി ഒരു എളുപ്പവഴിയുണ്ട്.
അവന്റേയും മറ്റുള്ളവരുടേയും  പോക്കുവരവിനെക്കുറിച്ച് നന്നായി അറിയാമായിരുന്ന ഞാൻ പിന്നിൽ നിൽക്കുന്ന അറബി കേൾക്കത്തക്ക വിധത്തലാണത് പറഞ്ഞത്.
സൂപ്പർവൈസർക്ക് ഉത്തരം മുട്ടിയെന്നറിഞ്ഞ അറബി അവന്റെ സഹായത്തിനെത്തി.
“അതൊക്കെ പോട്ടെ. ഇതിപ്പോൾ എങ്ങനെ ശരിയാക്കും...?”
അതിന് എനിക്കും ഉത്തരമില്ലായിരുന്നു.
താഴെ കിണറ്റിലുള്ള രണ്ടു മോട്ടോർപമ്പും  കേടായിക്കാണും.
അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല.

സൂപ്പർവൈസർ ആരെയോ ഫോണിൽ വിളിച്ചു.
അതിനുശേഷം പറഞ്ഞു.
“പുറത്തു നിന്നും ടാങ്കർ ലോറി കൊണ്ടു വന്ന് വെള്ളം അടിച്ചു വറ്റിക്കേണ്ടി വരും. അതിനു ശേഷം താഴെ കിണറിൽ  കിടക്കുന്ന മോട്ടോർ അഴിച്ചെടുത്ത് റിപ്പയർ ചെയ്താലെ സംഗതി നടക്കൂ...!” സംഭവം കാട്ടുതീ പോലെ നാലുപാടും പാഞ്ഞു.
ഞങ്ങളുടെ മാനേജർ ഉൾപ്പടെയുള്ളവർ  സ്ഥലത്തെത്തി.
ഇനി മൂന്നാലു ദിവസത്തേക്ക് ഇതോടിക്കാനാകില്ല.
അത്രയും ദിവസം ടാങ്കറിൽ വെള്ളം അടിച്ച് വറ്റിക്കേണ്ടി വരും.
അങ്ങനെ തന്നെ നടക്കട്ടെയെന്ന് അറബി എഞ്ചിനീയർ ഉത്തരവിട്ടു.

എന്നാലും ഞങ്ങളുടെ മാനേജർക്ക് അതു വളരെ വിഷമമായി.
ജോലിക്കാരുടെ സൂഷ്മതക്കുറവാണല്ലൊ ഇതിനൊക്കെ കാരണം.
വെള്ളമടിച്ചു വറ്റിക്കാനുള്ള കാശൊക്കെ കമ്പനിക്ക് കൊടുക്കാനുള്ള പണത്തിൽ നിന്നും നല്ലൊരു തുക മാനേജ്മെന്റ്  കട്ടു ചെയ്യും.
എല്ലാവരും പതുക്കെ പിൻ‌വലിയാൻ തുടങ്ങിയപ്പോൾ, മനേജർ ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് എന്നോട് ചോദിച്ചു. ഞാൻ നടന്നിരിക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ വിശദീകരിച്ചു. ഫിലിപ്പൈനികൾ രണ്ടു പേരും ഇന്നലെ ഡ്യൂട്ടിക്കെത്തിയിരിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. വെള്ളത്തിനടിയിൽ കിടക്കുന്ന രണ്ടു മോട്ടോറും കേടായതാണ് കാരണം.
അതു നന്നാക്കാൻ മറ്റൊരു വഴിയുമില്ലേയെന്ന് ചോദ്യത്തിന് ഉത്തരം പറയാൻ ഞാനൊന്നു മടിച്ചു. ഉത്തരം പറഞ്ഞാൽ ഞാൻ തന്നെ അത് ചെയ്യേണ്ടി വരും.
ഇത്രയും വെള്ളത്തിൽ അതൊരു തീക്കളിയാണു താനും...!
‘ ജീവൻ പണയം വച്ചുള്ള കളിക്ക് മുതിരണമോ, ഈ ശമ്പളം തരാത്ത കമ്പനിക്ക് വേണ്ടി’ യെന്ന ആലോചനയിൽ ഒരു നിമിഷം ഞാനെടുത്തു.

എന്റെ ആലോചന കണ്ട അവൻ എന്തോ വഴിയുണ്ടെന്ന് മനസ്സിലാക്കി.
എന്നെ അതിന് നിർബ്ബന്ധിക്കാൻ തുടങ്ങി.
ഇത്രയും വെള്ളത്തിൽ അത് പറ്റില്ലെന്ന്  കാര്യകാരണ സഹിതം  അവനെ പറഞ്ഞുമനസ്സിലാക്കി. എന്നിട്ടും ‘പോയാലും എന്റെ അഛനും അമ്മക്കുമല്ലേ’യെന്ന ചിന്തയാണോന്നറിയില്ല, നിനക്കറിയാവുന്ന വിദ്യ ചെയ്ത് അത് ശരിയാക്കാൻ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.
അവസാനം ഞാൻ പറഞ്ഞു.
“ശരിയായാൽ ഇവിടന്ന് എന്റെ പഴയ  ജോലിയിലേക്ക് പോകാൻ അനുവദിക്കണം...”
അതവൻ  ചാടി സമ്മതിച്ചു.
“ഇന്നു തന്നെ ഞാൻ നിനക്ക് പേപ്പർ തരാം...”
അവനെ ഞാനൊന്നു സൂക്ഷിച്ചു നോക്കി. കാര്യം നടക്കാനുള്ള സൂത്രമാണോ...?
അപ്പോഴവൻ ദൈവത്തെ കൂട്ടുപിടിച്ച് ആണയിട്ടു.
അവന്റെ വാക്കുകൾ അവിശ്വസിക്കേണ്ടതില്ലെന്ന് തോന്നി.
അൻപത് ശതമാനത്തിന്റെ സാദ്ധ്യതയേ ഉള്ളു. എങ്കിലും ഒന്നു പരീക്ഷിക്കാമെന്ന് തോന്നി.

ഇവിടന്ന് രക്ഷപ്പെടാൻ ഇതായിരിക്കും ഒരേയൊരു വഴിയെന്ന്  തോന്നലിൽ ഞാൻ സ്ക്രൂ ഡ്രൈവറും പ്ലെയറുമായി വെള്ളത്തിലേക്കിറങ്ങി.
അതേയുള്ളു ആകെയുള്ള ടൂൾസ്.
മുട്ടുവരെ എത്തുന്ന റബ്ബർ ഷൂ ഇട്ടിട്ടും കാര്യമൊന്നുമില്ല.
ഇതിന്റെയൊക്കെ മെയിന്റനൻസ് ചെയ്യുന്ന ഡിപ്പാർട്ടുമെന്റുകാരുണ്ട്.
ഈ മലിനജലം വറ്റാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന നിലപാടായിരുന്നു അവരുടേത്.
മലിനജലം വറ്റിച്ചു കൊടുക്കേണ്ടത് കമ്പനിയും.

ഏതായാലും ഞാൻ നനച്ചിറങ്ങി, ഇനി കുളിച്ചു കയറാം.
അല്ലെങ്കിൽ കറണ്ടടിച്ച് ശവമായി പെട്ടിയിൽ നാട്ടിലെത്താം...!!?
ആകെയുള്ള ഒരേയൊരു സങ്കടം നാട്ടിൽ കാത്തിരിക്കുന്ന, കണ്ടു കൊതി തീർന്നിട്ടില്ലാത്ത പുതുപ്പെണ്ണിന്റെ മുഖമായിരുന്നു...!
ആകെ പതിനേഴ് ദിവസം മാത്രം പരിചയമുള്ള ആ മുഖം..!!”

സകല ദൈവങ്ങളേയും വിളിച്ച് ഞാനാ മരണക്കളിക്കിറങ്ങുമ്പോൾ, ഞാൻ വിളിച്ച  ദൈവങ്ങൾക്കൊന്നും പ്രവേശനമില്ലാത്ത നാടാണതെന്ന കാര്യം പോലും ഞാൻ മറന്നു പോയിരുന്നു.
മോട്ടോറിന് പ്രത്യേകിച്ച് മാരകമായ കുഴപ്പമൊന്നുമില്ലെങ്കിൽ മാത്രമേ ശരിയാകുകയുള്ളു. അല്ലെങ്കിൽ എന്റെ ഉദ്ദേശ്യം നടക്കില്ല. വെള്ളത്തിനടിയിൽ കിടക്കുന്ന മോട്ടോറായതു കൊണ്ട് കത്തിപ്പോകൽ പോലെയുള്ള മാരകസംഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കുറവാണ്.

ഞാൻ ഇറങ്ങിയിറങ്ങി മലിനജലം എന്റെ നെഞ്ചിനു താഴെ വരെ യെത്തി.
കൈ നനയാതിരിക്കാനായി പൊക്കിപ്പിടിച്ചു.
എന്റെ മുഖത്തിന്റെയത്ര പൊക്കത്തിലാണ് സ്വിച്ച്ബോർഡ്.
സകല മാലിന്യങ്ങളും എന്നു പറഞ്ഞാൽ ഒരു വലിയ ആശുപത്രിയിലെ, ജോലിക്കാരുടെ താമസസ്ഥലത്തെ, രോഗാണുക്കൾ ഉൾപ്പടെയുള്ള സകല മാലിന്യങ്ങളും  കഴുകിക്കളഞ്ഞ വെള്ളം എന്നെ ചുറ്റി വരിഞ്ഞിരിക്കുന്നു. ഞാൻ ഇട്ടിരിക്കുന്ന വസ്ത്രത്തിനും എന്നെ രക്ഷിക്കാനാവില്ല. കിണറുപോലുള്ള താഴത്തെ ടാങ്കിലാണ് സകല മാലിന്യങ്ങളും ആദ്യം എത്തിച്ചേരുക. അതിനകത്തെ രണ്ടു മോട്ടോറും നല്ല ശക്തിയുള്ളതാണ്. അതാണ് നിന്നു പോയത്.

ഇത്തരം സന്ദർഭങ്ങളിൽ ആ മോട്ടോർ രണ്ടൂം, ഒന്നുരണ്ടു പ്രാവശ്യം റിവേഴ്സ് കറക്കിയാൽ തീരാവുന്നതേയുള്ളുവെന്ന സൂത്രം പറഞ്ഞു തന്നത്, മെയിന്റനൻസിലെ മറ്റൊരു മനുഷ്യപ്പറ്റുള്ള ഫിലിപ്പൈനി സുഹൃത്താണ്. അവൻ അതിനുശേഷം നാട്ടിൽ പോയി. അതൊന്നു പരീക്ഷിക്കാനായിട്ടാണ് നെഞ്ചിനു താഴെവരെയുള്ള മലിനജലത്തിലൂടെ എന്റെ  ഈ സാഹസം.

ഒരു തുള്ളി ഉമിനീരു പോലും ഇറക്കാൻ കഴിയുന്നില്ല.
ഇറക്കിയാൽ ആ നിമിഷം ശർദ്ദിക്കും.
കൂടാതെ രൂക്ഷമായ ഗന്ധവും.
മനുഷ്യ വിസർജ്യങ്ങൾ എനിക്കു ചുറ്റും കറങ്ങി നടക്കുന്നു.
വായിലൂറുന്ന ഉമിനീരത്രയും തുപ്പിക്കളഞ്ഞുകൊണ്ടിരുന്നു.
നെഞ്ചിനു നേരെ വരെയുള്ള വെള്ളത്തിൽ കൈ താഴ്ത്താൻ പറ്റില്ല. കൈ നനക്കാനും പാടില്ല.
നെഞ്ചിനരികെ വെള്ളം വന്നപ്പോൾ ഞങ്ങളുടെ മാനേജർക്കൊരു അങ്കലാപ്പ്...?
ഇവനെങ്ങാൻ കറണ്ടടിച്ച് ചത്തു പോയാൽ, താനും അകത്തു കിടക്കേണ്ടി വരുമല്ലൊന്നൊരു തോന്നലിലാവും  എന്നെ തിരിച്ചു വിളിച്ചത്.
ഇവിടന്ന് രക്ഷപ്പെടാൻ ഇതേ വഴിയുള്ളുവെങ്കിൽ, ഞാനത് കേട്ടതായി  ഭാവിച്ചില്ല.

സ്ക്രൂ ലൂസാക്കി വയർ ഊരിയെടുക്കാനായി പ്ലെയർ ഉപയോഗിച്ചതും, വിറക്കുന്ന കയ്യിൽ നിന്നും പിടിവിട്ട്  അത് വെള്ളത്തിൽ മുങ്ങിപ്പോയി. ഇനിയത് എടുക്കാനാവില്ല. എന്റെ കൈ എത്തുകയില്ല. പിന്നെ കൈ കൊണ്ടായി ശ്രമം.
വെള്ളത്തിൽ തൊട്ടില്ലെങ്കിലും, വിയർപ്പിൽ കൈകൾ നനഞ്ഞു കുതിർന്നു.
ഒരു കണക്കിന് ഒരെണ്ണത്തിന്റെ  വയർ മാറ്റിക്കൊടുത്ത്, സകല ദൈവത്തിനേയും വിളിച്ച് ഓണാക്കി.  ശബ്ദമൊന്നും കേൾക്കുന്നില്ലെങ്കിലും ഞാൻ നിൽക്കുന്ന ഭാഗത്ത് ഒരു വിറയൽ വരുന്നത് എന്റെ കാലുകൾ പിടിച്ചെടുത്തു..!
മോട്ടോർ കറങ്ങാൻ ശ്രമിക്കുന്നുണ്ട്...!
ഫലവത്താവുന്നുണ്ടെന്ന് മനസ്സ് പറഞ്ഞു.

ഒന്നു രണ്ടു പ്രാവശ്യം കൂടി ഓടിച്ചു നീക്കി.
വീണ്ടും കണക്ഷൻ പഴയതു പോലാക്കിയിട്ട് ഓണാക്കി.
ഏതാനും  സെക്കന്റുകൾ മാത്രം...
പെട്ടെന്ന് വെള്ളം ശക്തിയായി മുകളിലെ ടാങ്കിലേക്ക് വീഴാൻ തുടങ്ങി...!
അതോടെ കരയിൽ നിന്നും ഒരാരവം ഉയർന്നു...!!
എന്റെ മാനേജരുടെ ആക്രോശം ഞാൻ തിരിച്ചറിഞ്ഞു.
എന്നെ തിരിച്ചു വിളിച്ചവൻ ഇപ്പോൾ ആവേശത്തിലാണ്.
അതോടെ എന്റെ ധൈര്യം ഇരട്ടിച്ചു.

മറ്റെ മോട്ടോറും അതു പോലെ ശരിയാക്കി.
പമ്പിനകത്ത് പ്ലാസ്റ്റിക് കവറുകളൊ മറ്റോ ചുറ്റി മോട്ടോർ സ്റ്റക്കായിപ്പോയതായിരുന്നു കാരണം. റിവേഴ്സ് കറക്കിയപ്പോൾ ആ തടസ്സം നീങ്ങിക്കിട്ടിയിരിക്കും.
അത് എന്റെ ഭാഗ്യം...!  
എങ്കിലും അത്രയും വെള്ളത്തിൽ ആ പണിക്ക് ആരും മുതിരുകയില്ല.
ഇവിടന്ന് രക്ഷപ്പെടാനുള്ള എന്റെ അത്യാഗ്രഹമാണ് എന്നേക്കൊണ്ട് ആ മരണപ്പണി ചെയ്യിപ്പിച്ചത്.

കരയിൽ വന്ന് ബാത്ത് റൂമിൽ കയറി എത്രനേരം സോപ്പിട്ട് കഴുകിയെന്ന് എനിക്കു തന്നെ നിഴ്ചയമില്ല. എന്നിട്ടും അണ്ടകെട്ട മണം പോയില്ല. എന്റെ ശരീരത്തിൽ മലിനജലം തൊട്ടുനിന്ന ഭാഗംവരേയും  ഇരുണ്ട നിറവും ബാധിച്ചു. അത് മലിനജലത്തിലടങ്ങിയിട്ടുള്ള ഏതൊക്കെയോ കെമിക്കൽ ആക്ഷൻ കാരണം സംഭവിച്ചതാണ്.
മണിക്കൂറുകൾ കൊണ്ട് ഫ്ലോറിൽ നിന്നും വെള്ളം താഴോട്ടിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ പോകാനോ, ഭക്ഷണം കഴിക്കാനോ നിൽക്കാതെ നേരെ ഓഫീസ്സിനകത്തേക്ക് കയറിച്ചെന്നു.
മനേജർ എന്നെ നോക്കി പറഞ്ഞു.
“നിനക്ക് പോണമല്ലെ. പൊയ്ക്കോളൂ. ഞാൻ പേപ്പർ തരാം. നീ തനിയെ പൊക്കോളണം. അവിടം വരെയുള്ള ബസ്സ്ച്ചാർജ്ജും തരാം.”
ഞാൻ പറഞ്ഞു.
“ബസ്സ് ചാർജ്ജ് മാത്രം തന്നാൽ എങ്ങനെയാ.. കഴിഞ്ഞ രണ്ടു മാസം ഭക്ഷണം കഴിച്ച കാശ് ഇതുവരെ എന്റെ സുഹൃത്തുക്കൾക്ക് കൊടുത്തിട്ടില്ല. അത് കൊടുക്കാതെ പോകാൻ പറ്റില്ല.
നീ രണ്ടു മാസത്തെ ശമ്പളമെങ്കിലും താ....”
അതിനവന് കഴിയില്ല. എന്റെ പേപ്പറുകളൊക്കെ  അൽ ഗസ്സീമിലേക്ക് പോയതു കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്നായി.
“നിനക്ക് വണ്ടിക്കാശ് തരാമെന്ന് പറഞ്ഞത് എന്റെ പോക്കറ്റിൽ നിന്നാ. കമ്പനിയുടെ അല്ല...”

എങ്കിലും പേപ്പർ കയ്യോടെ വാങ്ങി.
കൂടാതെ പാസ്പ്പോർട്ടും വാങ്ങി പോക്കറ്റിലിട്ടു.
വണ്ടിക്കാശ് തരാമെന്നു പറഞ്ഞതും വാങ്ങി പോക്കറ്റിലാക്കി.
രണ്ടു മൂന്നു ദിവസത്തെ സാവകാശവും ചോദിച്ചു വാങ്ങി.
മുറിയിലെത്തി ഭക്ഷണം കഴിച്ച്, അടുത്ത കൂട്ടുകാരനോട് മാത്രം രണ്ടു മൂന്നു ദിവസം ഇവിടെയുണ്ടാവില്ലെന്ന വിവരം പറഞ്ഞ് പുറത്തിറങ്ങി.
നേരെ എന്റെ പഴയ ലാവണത്തിലേക്ക് പുറപ്പെട്ടു.
അറബിയുടെ വീട്ടിൽ പണിയെടുക്കുന്ന ആത്മസുഹൃത്ത് മൊയ്തുവായിരുന്നു ലക്ഷ്യം...!?

ബാക്കി  ഫെബ്രുവരി 15-ന്.. 

Thursday, 15 January 2015

നോവൽ. മരുഭൂമി. (32)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു....

തുടർന്നു വായിക്കുക...

3 ടയർ.....

അന്നവിടെ കരണ്ടില്ല.
അതു കൊണ്ടു തന്നെ വെള്ളമില്ല,വെളിച്ചമില്ല.
കക്കൂസ്സായ കക്കൂസെല്ലാം നിറഞ്ഞു കവിഞ്ഞു.
ഈ പൊരിയണ ചൂടിൽ വിയർത്തു കുളിച്ച് തൊഴിലാളികൾ.
കാലത്തു മുതൽ അതാണ് സ്ഥിതി.
കരണ്ടു ബില്ലടിക്കാത്തതു കൊണ്ട് ഇലക്ട്രിസിറ്റി ബോർഡുകാർ വന്ന് ഫ്യൂസ് ഊരിക്കൊണ്ടു പോയത്രെ രാവിലെ തന്നെ....!

സമരം കുറച്ചു നേരം കൂടി തുടർന്നു...
അകത്തു കയറാൻ നിവർത്തിയില്ലാത്തതു കൊണ്ട് പുറത്തു തന്നെ നിന്നു.
സൂപ്പർവൈസറെ കണ്ടിട്ട് വേണം അകത്തു കയറാൻ.
അതിനു മുൻപ് കക്കൂസ് മണം മാറണം.
അതിന് കറണ്ട് വരണം.
ഏതായാലും പുറത്ത് മതിലിന്റെ മറവിൽ വെയിലും കൊണ്ട് നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഏതാനും വിലകൂടിയ അറബികൾ മുറ്റത്തെത്തി...!
അവർ ഫ്യൂസ് ഊരിയെടുത്ത ഭാഗം നോക്കിയിട്ട് വേഗം മൂക്കും പൊത്തി സ്ഥലം വിട്ടു.
ആശുപത്രി മാനേജ്മെന്റിലെ ആളുകളായിരുന്നു. വസ്ത്രത്തിനു മുകളിൽ പുതച്ചിരുന്ന വസ്ത്രത്തിന്റെ സ്വർണ്ണ അരികുകൾ കണ്ടാലറിയാം വളരെ വിലകൂടിയ വർഗ്ഗമാണെന്ന്.
അവർ വരുമ്പോഴും പോയതിനു ശേഷവും ഇങ്കിലാബ് വിളി ഉണ്ടായില്ല. വളരെ നിശ്ശബ്ദം...
പിന്നേയും ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിരിക്കണം, ഇലക്ട്രിസിറ്റിക്കാർ വന്ന്  ഊരിക്കൊണ്ടു പോയ ഫ്യൂസ് വീണ്ടും കുത്തി...!
കറണ്ടു വന്നതോടെ അവിടെ ആരവം ഉയർന്നു...
കൂവലും ബഹളവും.
ഇങ്കിലാബ് എല്ലാവരും മറന്നു.

വളരെ പെട്ടെന്ന് തന്നെ എല്ലാവരും അകത്തു കയറി.
രാത്രി ഷിഫ്റ്റ് കാർ ഇതുവരേയും ജോലി കഴിഞ്ഞ് എത്തിയിട്ടില്ല.
കറണ്ടില്ലാത്തതു കൊണ്ട് കാലത്തു പോകേണ്ടവർ ആരും ജോലിക്കു പോയില്ല.
അക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു.
അതായിരുന്നു ‘ഇങ്കിലാബിന്റെ’ ശക്തി.
അതു  കൊണ്ടാണ് സമരം വേഗം തീർന്നത്.
രാത്രി ഷിഫ്റ്റ്കാർ രണ്ടു ഡ്യൂട്ടി ഒരുമിച്ച് ചെയ്യേണ്ടി വന്നു.

എനിക്കുള്ള മുറി ഏതെന്നറിയാത്തതു കൊണ്ട് എന്റെ പെട്ടിയും കിടക്കയുമായി പുറത്ത് വരാന്തയിൽ തന്നെ നിന്നതേയുള്ളു.  കുറച്ചു കഴിഞ്ഞപ്പോൾ സൂപ്പർവൈസർ എത്തി. എന്നേയും കൊണ്ട് താഴത്തെ നിലയിൽ തന്നെയുള്ള ഒരു മുറിയിൽ ഒരു  കട്ടിൽ കണ്ടെത്തി തന്നു...!
എന്റെ മുറി കണ്ട് ഞാനവിടെ തന്നെ  തളർന്ന്  ഇരുന്നു പോയി...!
ഒരന്തവും കുന്തവും ഇല്ല...!

ആ മുറിയിൽ റെയിൽ‌വേയിലേപ്പോലെ ‘3 ടയർ’ സെറ്റപ്പായിരുന്നു.
ഒന്നിനു മുകളിൽ ഒന്നായി മൂന്നു കട്ടിൽ.
അങ്ങനെ ആറു നിര.
മൊത്തം 18 കട്ടിൽ...!!
എനിക്ക് ഏറ്റവും താഴത്തെ തന്നെ കിട്ടി.
അതു കൊണ്ട് കോവണി കയറി പോകേണ്ടതില്ല.
എല്ലാവരും ഒരുമിച്ചെത്തിയാൽ ഒരു ഉത്സവം കൂടാനുള്ള ആളുണ്ട്.
വിവിധ ദേശക്കാർ.
വിവിധ ഭാഷക്കാർ.
വിവിധ രാജ്യക്കാർ.
മലയാളികളായിരുന്നു കൂടുതലും.

പിറ്റേദിവസം കാലത്ത് ജോലിക്കു പോകുമ്പോഴാണ് ഒരു കാര്യം മനസ്സിലായത്.
കാലത്ത് എന്തെങ്കിലും കഴിച്ചിട്ടു പോകുന്ന പതിവ് ആർക്കുമില്ല.
ആശുപത്രിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും കുപ്പൂസ് വാങ്ങിക്കഴിക്കാം.
അതിന് ആദ്യം വേണ്ടത് പണമാണ്.
ഇവർക്ക് നാലുമാസത്തെ ശമ്പളക്കുടിശ്ശിക മാത്രമേയുള്ളു.
എനിക്കാണെങ്കിൽ ഒന്നരക്കൊല്ലത്തെ ശമ്പളം കുടിശ്ശികയാണ്.
കയ്യിലെ കാശിന്റെ അളവ് വളരെ തുഛം.
കാരണം നാട്ടിൽ പോയി വന്നതല്ലേയുള്ളു.

മുറിയിൽ മലയാളികൾ എല്ലാവരും കൂടി ഒരു മെസ്സ് ആണ്.
അതുകൊണ്ട് ഉച്ചക്കും രാത്രിയിലും ബുദ്ധിമുട്ടില്ല.
കയ്യിലെ കാശ് തീരുന്നത് വരെ കാലത്ത് കുപ്പൂസും വെള്ളവുമായി കഴിഞ്ഞുകൂടി.
പിന്നെപ്പിന്നെ കുറച്ചു ദിവസം പട്ടിണി കിടന്നു നോക്കി.
വൈകുന്നേരം മൂന്നു മണിയെങ്കിലും ആവും ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്താൻ.
അതുവരേക്കും പിടിച്ചു നിൽക്കുക ബുദ്ധിമുട്ടായി.
എന്റെ ജോലിസ്ഥലമാണെങ്കിൽ ആശുപത്രിയിൽ നിന്നും കുറച്ചു ദൂരെയാണ്.
വിവരം പറഞ്ഞപ്പോൾ മുറിയിലെ അയ്യപ്പൻകുട്ടിച്ചേട്ടനാണ് ഒരു പത്തു മണിയാവുമ്പോൾ എന്നെ വന്ന് കണ്ടാൽ മതി. കുപ്പൂസ് ശരിയാക്കിത്തരാമെന്ന് പറഞ്ഞത്.

പിറ്റേ ദിവസം പത്തു മണിയായപ്പോൾ  സൂപ്പർവൈസർ വരുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ട് ആശുപത്രിയിലേക്ക് നടന്നു. ലോണ്ടറിയുടെ വാതിൽക്കൽ വച്ച് അയപ്പൻകുട്ടിച്ചേട്ടനെ കണ്ടു. അപ്പോഴാണ്  എന്റെ കുപ്പൂസ്സിന്റെ കാര്യം പുള്ളിക്കാരന് ഓർമ്മ വന്നത്. എടുത്തു വച്ചതെല്ലാം ഓരോരുത്തർ കൊണ്ടു പോയിരുന്നു.
എന്നോട് അവിടെയുള്ള ബഞ്ച് ചൂണ്ടിക്കാട്ടി പറഞ്ഞു.
“ ഇവിടെ ഇരിക്ക്. ഞാനൊന്നു കൂടി കറങ്ങിയിട്ട് വരാം..”
അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. സൂപ്പർമാർക്കറ്റിൽ നിന്നും കാശുമുടക്കി വാങ്ങി തരാനായിരിക്കുമെന്ന് ഊഹിച്ച് ഞാൻ പറഞ്ഞു.
“എന്നാൽ വേണ്ട ചേട്ടാ.. ഞാൻ പൊയ്ക്കോളാം...”
“ഹേയ് അവിടെയിരിക്ക്. ഞാനിപ്പോൾ വരാം..”
എന്റെ മറുപടിക്കായ് കാക്കാതെ പുള്ളിക്കാരൻ നടന്നു നീങ്ങി.
ഞാനവിടെ പതുങ്ങി ഇരുന്നു.
സൂപ്പർവൈസർ എങ്ങാനും ഈ നേരത്ത് എന്നെ ഇവിടെ കണ്ടാൽ കുഴപ്പമാണ്.
വിശന്ന് വയറ് കത്തിയിട്ടാണെന്ന് അവന് ചിന്തിക്കേണ്ട കാര്യമില്ല.
മലിനജല പ്ലാന്റിലെ സൂപ്പർവൈസറാണെങ്കിൽ ഒരു ഫിലിപ്പൈനിയും.

കുറച്ചു കഴിഞ്ഞപ്പോൾ അയ്യപ്പൻ‌കുട്ടിച്ചേട്ടൻ തിരിച്ചെത്തി.
ഒരു പാക്കറ്റ് കുപ്പൂസ്  നീട്ടിയിട്ട് പറഞ്ഞു.
“ഇത് അവർ പൊട്ടിച്ചതാ... പക്ഷേ,ഒന്നും എടുത്തിട്ടില്ല..”
ഞാനത് തിരിച്ചും മറിച്ചും നോക്കിയപ്പോൾ, ശരിയാണ്.
ഒരു മൂല കുറച്ച് പൊട്ടിയിട്ടുണ്ട്. പാക്കറ്റിൽ നാലെണ്ണമുണ്ടായിരുന്നു.
വിശപ്പിന്റെ കത്തിക്കാളലിൽ ഞാൻ പറഞ്ഞു.
“അതുകൊണ്ടെന്താ. സാരമില്ല. ഞാൻ കഴിച്ചോളാം...”
ഞാനത് പോക്കറ്റിൽ തിരുകി.
പെട്ടെന്ന്  അയ്യപ്പൻ‌കുട്ടിച്ചേട്ടൻ എന്റെ പോക്കറ്റിൽ നിന്നും അത് പിടിച്ചു വാങ്ങി ആ ബെഞ്ചിലേക്ക് വലിച്ചെറിഞ്ഞു.
“അത് കഴിക്കണ്ട. ഞാനപ്പുറത്തെ മുറിയിൽ നോക്കട്ടെ.”
എനിക്കൊന്നും മനസ്സിലായില്ല.
പാക്കറ്റ് ഇത്തിരി പൊട്ടിയെന്ന് വച്ച് എന്താ കുഴപ്പം...?
അപ്പുറത്തെ മുറിയിൽ നിന്നും അയ്യപ്പൻ‌കുട്ടിച്ചേട്ടൻ വേഗം തിരിച്ചെത്തിയിട്ട് പറഞ്ഞു.
“ഇന്ന് ഒരാളുടെ കയ്യിലും ബാക്കിയില്ല. അല്ലെങ്കിൽ അവർ രാത്രി കഴിക്കാനായി മാറ്റി വക്കുന്നതാ...” എങ്കിൽ പിന്നെ ആ പൊട്ടിയതു തന്നെ കഴിക്കാമെന്ന് വച്ച് ബഞ്ചിലേക്ക് നോക്കിയപ്പോൾ, അവിടം കാലിയായിരുന്നു...!?

തിരിഞ്ഞു നോക്കുമ്പോൾ സ്വിമ്മിങ് പൂളിലെ  ഷംസുദ്ദീൻ അതെടുത്ത് പോക്കറ്റിൽ തിരുകി കൂളായി നടന്നു പോകുന്നു.
ഞാൻ ചോദിച്ചു.
“ആ പൊട്ടിയതിന് എന്തായിരുന്നു കുഴപ്പം...?”
“അത് പൊട്ടിച്ചത് ഏതോ ഒരു മഹാരോഗിയാ. പക്ഷേ, അവൻ കഴിച്ചിട്ടില്ല...!”
“രോഗിയോ..?”
“ങൂം.. രോഗികൾക്ക് കഴിക്കാനായി സർക്കാർ വെറുതെ കൊടുക്കുന്നതാ ഈ കുപ്പൂസും, ക്രീമും, ഏതെങ്കിലും ഒരു ജ്യൂസും... ! അവർ കഴിച്ചില്ലെങ്കിൽ നമ്മളത് എടുക്കും. നമ്മളവിടം ക്ലീൻ ചെയ്യുന്ന കൂട്ടത്തിൽ എടുത്തു മാറ്റുന്നത് വേസ്റ്റ് ബാഗിൽ ഇടാനാ. പക്ഷെ, നല്ലതാണെങ്കിൽ കഴിക്കാമല്ലൊ...!” ഞാനുമൊന്നു ഞെട്ടി.
പൊട്ടിച്ച പാക്കറ്റ് കഴിക്കണ്ടെന്ന് പറഞ്ഞതിന്റെ ഗുട്ടൻസ് അപ്പോഴാണ് പിടുത്തം കിട്ടിയത്.
അത് കഴിക്കാഞ്ഞത് നന്നായി.
ഏതു രോഗം ബാധിച്ച മഹാരോഗിയാണാവോ...?
ഇവിടെ പകർച്ചവ്യാധികൾ ഒന്നും ഇല്ലെങ്കിലും മാരകരോഗങ്ങളൊക്കെ ഉണ്ടാകാം. അയ്യപ്പൻ‌കുട്ടിച്ചേട്ടൻ തന്ന ഒരു ആപിൾ ജ്യൂസും രണ്ടു മൂന്നു മധുരമുള്ള ക്രീമുമായി ഞാൻ നിരാശയോടെ തിരിഞ്ഞു നടന്നു.

നാട്ടിൽ വച്ച് വഴിവക്കിൽ ഭക്ഷണാവശിഷ്ടങ്ങൾക്കായി കടിപിടി കൂടുന്ന ദരിദ്രമനുഷ്യരെ കണ്ടിട്ടുണ്ട്. ഇത്രയും വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നതു കാണുമ്പോൾ വെറുപ്പ് തോന്നിയിട്ടുണ്ട്. വിശപ്പ് എന്ന വികാരത്തിനു മുമ്പിൽ വൃത്തിയും വെടിപ്പും മഹാരോഗങ്ങളും ഒന്നുമില്ല.
ആ സമയത്ത് ഏതു സാഹചര്യത്തിലും എന്തു കിട്ടിയാലും കഴിച്ചു പോകും...!

സ്വിമ്മിങ് പൂളിലെ ഷംസുദ്ദീനെ പോകുന്ന വഴി കണ്ടു.
ഒരു മരച്ചുവട്ടിലിരുന്ന് കുപ്പിയിലെ വെള്ളത്തിൽ കുറേശ്ശെ കുപ്പൂസ്  നനച്ച് സ്വാദോടെ കഴിക്കുന്ന ഷംസുദ്ദീനോട് ഞാൻ പറഞ്ഞു.
“താൻ എടുത്തുകൊണ്ടു വന്ന കുപ്പൂസ് ഏതോ രോഗി പൊട്ടിച്ചതായിരുന്നു....”
“അതിനെന്താ... ഹ..ഹാ...! ഞാൻ കഴിക്കുന്നതിനു മുൻപ് അത് അറിഞ്ഞില്ല. ഇനീപ്പോ അറിഞ്ഞിട്ടും കാര്യമില്ല. അത് മുഴുവനായി അകത്തെത്തിക്കഴിഞ്ഞു...!!”
അതും പറഞ്ഞ് അവസാനത്തെ കഷണവും നനച്ച് അകത്താക്കി ഷംസുദ്ദീൻ വീണ്ടും ചിരിച്ചു.
പിന്നെ അവിടെത്തന്നെ ആ മരച്ചുവട്ടിലെ നിഴലിൽ മലർന്നു കിടന്നു.

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി.
അയ്യപ്പൻകുട്ടിച്ചേട്ടൻ ദിവസവും രാവിലെ ഒരു പാക്കറ്റ് പൊട്ടിക്കാത്ത കുപ്പൂസും മധുരക്രീമും എനിക്കായി കരുതി വച്ചു. കിട്ടാത്ത ദിവസങ്ങളിൽ ഞാൻ നിശ്ശബ്ദം പട്ടിണി കിടന്നു, ആരോടും പരിഭവമില്ലാതെ.  രാവിലത്തെ ഭക്ഷണത്തിനായി ഒരു പാർട്ട് ടൈം പണി കിട്ടുമോന്ന് തിരക്കി. കാറു കഴുകലാണ് ആകെയുള്ള പണി. അതിനാണെങ്കിൽ വരുന്ന ഓരോ കാറിനും രണ്ടും മൂന്നും പേർ വഴക്കിടുന്നതാണ് നിത്യവും കാണുന്നത്. എല്ലാവരും ഞങ്ങളുടെ കമ്പനിയിലെ ജോലിക്കാർ തന്നെ.

എങ്ങനേയും ഇവിടന്ന് രക്ഷപ്പെടണമെന്ന ചിന്ത കലശലായി.
പട്ടിണിയും പരിവട്ടവുമായി രണ്ടു മാസം കഴിച്ചുകൂട്ടി.
ഇതിനിടക്ക് രണ്ടു മാസത്തെ ശമ്പളം ഒന്നിച്ച് മറ്റുള്ളവർക്ക് കൊടുത്തെങ്കിലും, പേപ്പറുകൾ ശരിയായിട്ടില്ലെന്നു പറഞ്ഞ് എന്നെ മാത്രം ഒഴിവാക്കിയത് സഹിക്കാനായില്ല.
അവസാനത്തെ പ്രതീക്ഷയും ഉണങ്ങിക്കരിഞ്ഞതായി തോന്നി.
മാനേജരുടെ മുന്നിൽ നിന്ന നിൽ‌പ്പിൽ ഞാൻ കരഞ്ഞുപോയി.
നിരാശയോടെ ഇവിടുന്ന് രക്ഷപ്പെടാനൊരു വഴി തേടിയിരിക്കുമ്പോഴാണ് അതിനായൊരവസരം ദൈവം‌തമ്പുരാൻ ഒരുക്കിത്തന്നത്...!?
 
ബാക്കി  ഫെബ്രുവരി 1-ന്..
(ഈ 3 ടയർ മുറിയെ ആധാരമാക്കി ഞാൻ ‘തിരക്കഥ’ പോലൊന്ന് എഴുതിയിരുന്നു. അതിവിടെ  ക്ലിക്കിയാൽ താൽ‌പ്പര്യമുള്ളവർക്ക് വായിക്കാം.) 

Thursday, 1 January 2015

നോവൽ.മരുഭൂമി.(31)

“എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ...”

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു.

തുടർന്നു വായിക്കുക...

എരിതീയിൽ നിന്നും.....

“അതിന് നീയെനിക്ക് എന്തു ജോലി തരും...?”
“എനിക്ക് മെക്ക ചെക്പോസ്റ്റിന് മുൻപിൽ രണ്ടു ഷട്ടർ കടയുണ്ട്. അതിപ്പോൾ ഒരു ഫിലിപ്പിനിയാ നോക്കുന്നത്. അവനവിടെ ഇരിക്കില്ല. എവിടെയെങ്കിലുമൊക്കെ കറങ്ങി നടക്കും. ഒരു ബിസ്സിനസ്സും ചെയ്യില്ല. അത് ഞാൻ നിനക്ക് തരാം. നിനക്ക് ഇലക്ട്രിക് വർക്ക് അറിയാമല്ലൊ. നമ്മൾക്ക് ഒരു ഇലക്ട്രിക് കട തുടങ്ങാം. ശമ്പളമൊന്നും തൽക്കാലം നീ പ്രതീക്ഷിക്കരുത്. ലാഭം പപ്പാതി എടുക്കാം. പണമൊക്കെ ഞാൻ മുടക്കിക്കോളാം....!!?”
എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാനില്ലായിരുന്നു.
ഞാൻ കൈ കൊടുത്തു... 

രണ്ടു ദിവസം കഴിഞ്ഞ് ഹസ്സർബായി പെട്ടെന്ന് എന്റെ മുറിയിൽ വന്നു.
രണ്ട് ഏസി നന്നാക്കാനുണ്ട്. നീ അത് പോയി ശരിയാക്കിക്കൊടുക്കണം. വളരെ അത്യാവശ്യമാണ്. ഞാൻ ഒറ്റക്കായതു കൊണ്ട് ഒഴിവു പറഞ്ഞെങ്കിലും ഹസ്സർബായി സമ്മതിച്ചില്ല. നീ പോയേ തീരുവെന്ന് വാശി പിടിച്ചു. ഹസ്സർബായി ആയതു കൊണ്ട് കൂടുതൽ തർക്കിക്കാൻ നിന്നില്ല. എപ്പോഴും വളരെ ഉപകാരിയായ മനുഷ്യനാണ്. എങ്കിലും പതിവില്ലാതെ ഇത്ര വാശി കാണിക്കുന്നതെന്തിനെന്ന് ഒരു പിടിയും കിട്ടിയില്ല.
പോകാനായി പുറത്തിറങ്ങിയപ്പോഴാണ് കൊണ്ടു പോകാൻ വന്നിരിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടിയത്...!
‘മുത്തവ...!!’
ഞങ്ങളുടെ ഗ്രാമത്തിലെ ‘മുത്തവ’..!!
വഴിയിൽ വച്ച് ഞങ്ങളെ കണ്ടാൽ, പൊരി വെയിലത്തു പോലും വണ്ടിയിൽ കയറ്റാതെ നിർദ്ദാക്ഷിണ്യം ഓടിച്ചു പോകുന്ന അതേ മുത്തവ..!
ഒരിക്കൽ വണ്ടിയിൽ കയറ്റിയ സീക്കുവിനെ കാഫറാണെന്ന് തെറ്റിദ്ധരിച്ച് ഇറക്കി വിട്ട  അതേ മുത്തവ..!!
ഞാൻ പിന്തിരിഞ്ഞ് നടന്ന് മുറിയിൽ കയറാൻ പോയി.
ഹസ്സർബായി തടുത്തു നിറുത്തി പറഞ്ഞു.
“നിന്നോടുള്ള വിദ്വേഷമൊന്നും ഇപ്പോൾ ഇല്ല. അതെല്ലാം ഞാൻ മാറ്റിയെടുത്തു. പഴയ മുത്തവയല്ല ഇപ്പോൾ. എല്ലാ കാര്യങ്ങളും ഞാനവനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നിന്നോട്  ഒരു ദ്വേഷ്യവുമില്ല. സത്യം...!”
“ഹസ്സർബായീ... ഇതു വലിയ പുലിവാലാകുവേ...!
ഞാനാണെങ്കിൽ ഇവിടന്ന് പോകാൻ  നിൽക്കുവാ..
ഈ അവസാന നിമിഷം കൊണ്ടോന്നു കലമുടക്കല്ലെ...!?”
“ഹേയ്.. നിനക്കൊരു കുഴപ്പവും വരില്ല. എന്നെ നിനക്കറിഞ്ഞു കൂടേ. ഞാനങ്ങനെ നിന്നെ ചതിക്കുമോ..?”
“ബായി ചതിക്കില്ല. പക്ഷേ, അവനെ എനിക്ക് വിശ്വാസമില്ല...!”
“അവനെ വിശ്വസിക്കാം നിനക്ക്. ഞാനല്ലെ പറയണേ.. അവന്റെ ഏസിയൊക്കെ കേടായിട്ട്  ആഴ്ചകളായി. മക്കയിൽ നിന്നും ആരും വരുന്നില്ല നന്നാക്കാൻ....”

ഹസ്സർ ബായി എന്നെ ഉന്തിത്തള്ളിയാണ് അവന്റെ വണ്ടിയിൽ കയറ്റി ഇരുത്തിയത്.
ഞാൻ ഡോറിനോട് ചേർന്ന് പതുങ്ങി ഇരുന്നതേയുള്ളു.
ഒരു അയിത്തക്കാരനേപ്പോലെ അവനെ  തൊടാതെയാണ് ഞാനിരിക്കുന്നത്.
ഇടക്കിടക്ക് ഞാനവനെ ഏറുകണ്ണിട്ട് ശ്രദ്ധിക്കുന്നുണ്ട്.
അതവൻ ശ്രദ്ധിച്ചിട്ടാവും പറഞ്ഞത്.
“നീ പേടിക്കണ്ട.  ആദ്യം ഞാൻ നിന്നെ തെറ്റിദ്ധരിച്ചു. ഹസ്സറും മറ്റുള്ളവരും പറഞ്ഞ് അറിയാം നിന്നെ. നീ നല്ലവനാ...!”
അത് കേട്ടപ്പോൾ ഒരാശ്വാസം തോന്നിയെങ്കിലും, അവന്റെ കൂടെ ഒറ്റക്കുള്ള യാത്ര അത്ര പന്തിയല്ലാത്തതു പോലെ  എന്റെ മനസ്സ് സങ്കോചപ്പെട്ടുകൊണ്ടിരുന്നു.

അവന്റെ വീടിന്റെ അടുത്ത് വണ്ടി നിറുത്തി ഇറങ്ങി.
അവൻ വാതിൽക്കൽ നിന്ന് അകത്താരോടൊ സംസാരിച്ചു.
അതിനു ശേഷം വാതിൽ തുറന്ന്  അകത്തു കയറി.
ഞാൻ ഒന്നു മടിച്ചവിടെത്തന്നെ നിന്നു.
തിരിഞ്ഞു വന്നവൻ എന്നെ വിളിച്ചു.
“വരൂ.. അകത്തേക്ക് വരൂ...”

അകത്തു കടന്നതും ചൂടു വായു വിന്റെ ദുഷിച്ച ഗന്ധം.
അകത്തു വിരിച്ച കാർപ്പറ്റിന്റേയും ഇരിപ്പിടത്തിന്റേയും വിയർപ്പിൽ കുതിർന്ന ഒരു നാറ്റം പെട്ടെന്ന് മൂക്കിലേക്കടിച്ചു കയറി. അകത്ത് മറ്റാരും ഉള്ളതായി തോന്നിയില്ല.

അവനെന്നെ ഒരു മുറിയിലെ ഏസി കാണിച്ചു തന്നു.
ഞാനത് നോക്കിയിട്ട് പുറത്തു കടന്നു.
അതിനകത്തു നിന്നും എത്രയും വേഗം പുറത്തു കടക്കേണ്ടത് എന്റേയും ആവശ്യമായിരുന്നു.
ഒരു തരം ആട്ടുകൂട്ടിന്റെ മുഷ്ക്കു മണമായിരുന്നു അവിടം മുഴുവൻ.
കൂളറിൽ വെള്ളം കയറാത്തതിന്റെ കുഴപ്പമായിരുന്നു. അതെല്ലാം ശരിയാക്കി ഏസി ഓണാക്കി. നല്ല തണുത്ത കാറ്റ് വരാൻ തുടങ്ങിയതോടെ മുത്തവയുടെ മുഖം വെളുത്തു.
അവനെന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു...!
ഒരു ഈർച്ചയോടെ ഞാനത് സഹിച്ചു.
അതോടെ അവനോടുള്ള എന്റെ അയിത്തം മാറിക്കിട്ടി.

അടുത്ത മുറിയിലെ ഏസിയും ശരിയാക്കിക്കഴിഞ്ഞതോടെ അകത്തേക്ക് നോക്കി എന്തോ വിളിച്ചു പറഞ്ഞു. മറ്റൊരു മുറിയിൽ നിന്നും രണ്ടു സ്ത്രീകൾ ഇറങ്ങി വന്നു. മുഴുവൻ പർദ്ദയിൽ മുങ്ങിയിരുന്നു. അവനെന്തൊ ഒന്നു പറഞ്ഞതോടെ രണ്ടു പേരും ആ മുറിയിലെ തണുത്ത കാറ്റു കൊള്ളാൻ വന്നിരുന്നു.

ആ മുറിയിൽ നിന്നും പുറത്തു കടന്ന ഞാൻ ചോദിച്ചു.
“ഇനിയുണ്ടോ ഏസി..?”
“ഉണ്ട്..ഉണ്ട്...”
അവൻ ഒരു ഇടനാഴിക ചുറ്റി അപ്പുറത്തെ മുറിയിലേക്ക് കൊണ്ടു പോയി.
അതിന്റെ മോട്ടോർ കത്തിപ്പോയിരുന്നു. മക്കയിൽ നിന്നും പുതിയ മോട്ടോർ കൊണ്ടു വരാമെന്നവൻ ഏറ്റു. എല്ലാം കഴിഞ്ഞവൻ പറഞ്ഞു.
“നീയിരിക്ക്... ചായ കുടിക്കാം...!”
“വേണ്ട.. അവിടെ ആരുമില്ല. നീയെന്നെ അവിടെ കൊണ്ടു വിട്..”
“അതു പറ്റില്ല. നീയിരിക്ക്...!”
അപ്പോഴേക്കും ഒരു സ്ത്രീ ചായയുമായി എത്തി.
നേരത്തെ കണ്ടവരിൽ ഒരുത്തിയായിരുന്നു. അവർ മുഖം മൂടി നീക്കിയിരുന്നു. വയസ്സായ ഒരു സ്ത്രീയാണ്. അവരോടൊപ്പം എന്നേയും കാർപ്പറ്റിലിരിക്കാൻ മുത്തവ നിർബ്ബന്ധിച്ചു. ഞാനും കാർപ്പറ്റിലിരുന്നു.
അവരാണ് ചായ പകർന്നു തന്നത്.
അപ്പോഴേക്കും അടുത്ത സ്ത്രീ ഒരു പ്ലേറ്റിൽ നിറയെ ഈന്തപ്പഴവുമായി എത്തി. അവർ ഈന്തപ്പഴമെടുത്ത് കയ്യിൽ തന്നു...!
എനിക്ക് ഇതെല്ലാം അത്ഭുതമായിരുന്നു...!
ഞാൻ ശരിക്കും കണ്ണുമിഴിച്ച് ഇതെന്തു കഥയെന്ന് ചിന്തിക്കുകയായിരുന്നു...!
ഹസ്സർ ബായി പറഞ്ഞതു പോലെ ഇങ്ങനെ മാറുമോ മനുഷ്യർ..!?
അതും മ്മ്ടെ  മുത്തവ..!!
എന്നോടൊപ്പം വട്ടത്തിലിരുന്ന് മുത്തവയും ഭാര്യമാരും ചായ കുടിച്ചു.
ഞങ്ങളിൽ ഒരുവനാണെന്നു കരുതി സീക്കുവിനെ വണ്ടിയിൽ നിന്നും ബലമായി ഇറക്കിവിട്ട മുത്തവ തന്നെയാണൊ ഇത്..?!!

തിരിച്ച് ആശുപത്രിയിൽ കൊണ്ടു വിടുമ്പോൾ അവൻ  അൻപത് റിയാലിന്റെ നോട്ടെടുത്ത് എന്റെ നേരെ നീട്ടി. ഞാൻ പറഞ്ഞു.
“വേണ്ട... നീ എനിക്ക് കാശൊന്നും തരണ്ട. എനിക്ക് ഒരുപാട് സന്തോഷമുണ്ട്, നന്ദിയുണ്ട്. ഒരുപാടൊരുപാട് നന്ദിയുണ്ട്...!!”
പിന്നേയും നിർബ്ബന്ധിച്ചെങ്കിലും ഞാൻ വാങ്ങുന്നില്ലെന്നു കണ്ടപ്പോൾ തിരിച്ച് സ്വന്തം  പോക്കറ്റിലിട്ട്, ‘നിന്നെ തീർച്ചയായും ദൈവം രക്ഷിക്കട്ടെ’യെന്നു പറഞ്ഞ് അവൻ വണ്ടിയുമായി പോയി.
ഞാൻ ഓടിച്ചെന്ന് ഉണ്ടായ കാര്യങ്ങളൊക്കെ അസ്സർബായിയോട് പറഞ്ഞ് അതിശയം പൂണ്ടു. മുത്തവക്ക് എന്നോടുള്ള ചതുർത്തി മാറിയത് അന്നും ഇന്നും എനിക്കതിശയമാണ്.

ഉമ്മർ പറഞ്ഞതു പോലെ തന്നെ ശനിയാഴ്ച പുതിയ കമ്പനിക്കാരെത്തി.
എല്ലാവരും ഫിലിപ്പൈനികൾ.
എന്റെ സാധനങ്ങൾ എല്ലാം കാലത്തെ തന്നെ പുറത്തിറക്കി വച്ചിരുന്നു.
അമാറയിലെ ജനറേറ്റർ ഓടിക്കുന്ന ജോലി തൽക്കാലം പോലീസ്സുകാർ തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. സീക്കു നെറുകേട് കാണിച്ചില്ലായിരുന്നെങ്കിൽ, അമാറയിലെ ആ ജോലി അവനെ പഠിപ്പിച്ച് ഞങ്ങൾക്ക് കൈമാറാമായിരുന്നു. അവന്റെ പിന്നീടുള്ള ജീവിതത്തിന് അതൊരു മുതൽക്കൂട്ടായേനെ.

കഴിഞ്ഞ മൂന്നു വർഷങ്ങൾ ഞങ്ങളുടേതായിരുന്ന മുറി ഇന്നു മുതൽ അവരുടേതായി.
ഈ നിമിഷം മുതൽ ഞാൻ അന്യൻ.
ഞാനൊന്നു ബാത്ത്‌റൂമിൽ പോകാനായി ചെന്നതേയുള്ളു. അവർ തടഞ്ഞു.
പിന്നെ നാണം കെടാൻ നിന്നില്ല. ആശുപത്രിയിൽ പോയി കാര്യം സാധിച്ചു.
ഞാൻ പുറത്ത് കാർ ഷെഡ്ഡിൽ ഒരു പഴയ കസേരയിട്ട്, എഞ്ചിനീയർ റോത്ത വരുന്നതും കാത്ത് ഇരുന്നു. അതിനു മുൻപ് ആശുപത്രിയിൽ പോയി എല്ലാവരോടും യാത്ര  പറഞ്ഞിരുന്നു.

ഇവിടെയിരുന്ന് നോക്കുമ്പോൾ കാണുന്ന മലകൾക്കോ, റോഡുകൾക്കോ കെട്ടിടങ്ങൾക്കോ ഒരു മാറ്റവും വന്നിട്ടില്ലെന്നോർത്തു. അപൂർവ്വമായി പെയ്യാറുള്ള ചില മഴയിൽ, മലമടക്കുകളിൽ പ്രത്യക്ഷപ്പെടാറുള്ള ചില വെള്ളിയരഞ്ഞാണങ്ങൾ ഹൃദയം കുളിർത്ത കാഴ്ച തന്നതൊഴിച്ചാൽ എന്നും കറുത്തിരുണ്ടിരുന്നു ഇവിടം. ആകാശം മാത്രം അൽ‌പ്പം നിറവ്യത്യാസത്തോടെ പുതുപുതു കാഴ്ചകൾ തന്നിരുന്നു. ആ കാഴ്ചകൾ കാണാൻ ആശുപത്രി വരാന്തയിൽ എന്നും കൂടുമായിരുന്നത് ഓർത്തപ്പോൾ സന്തോഷമല്ല, സങ്കടമാണ് തോന്നിയത്.
കുറെയേറെ നഷ്ടസ്വപ്നങ്ങളുടെ നൊമ്പരം.
ഉസ്മാനും മൊയ്തുവും പിന്നെ ഹബീബയും മനസ്സിലൂടെ കടന്നു പോയി.
പാവം ഹബീബ, ഇപ്പോഴെവിടെയായിരിക്കും...?
ഇവിടെയുണ്ടോ..? അതോ നാട്ടിൽ പോയോ..?
മകളുടെ കല്യാണം കഴിഞ്ഞോ..?
ഹബീബയുടെ ചിന്ത കണ്ണുകൾ നനയിച്ചു...

ഞാൻ യാത്ര പറയാൻ ചെന്നപ്പോൾ കണ്ണു നനഞ്ഞത് ഫിലിപ്പൈനി സിസ്റ്റർ മെറിലിന്റെ മാത്രം.
അവസാന രാത്രിയാണെന്നു പറഞ്ഞ് മൊയ്തു ഇന്നലെ രാത്രി എന്നോടൊപ്പം ഉണ്ടായിരുന്നു.
പഴയ കഥകളൊക്കെ പറഞ്ഞ് ഏറെ നേരം ഞങ്ങൾ ഉറങ്ങാതിരുന്നു.

റോത്ത വരുന്നതിന് തൊട്ടു മുൻപ് അമാറയിലേ പോലീസ്സ് മുഹമ്മദിനെ കൂട്ടി സീക്കു എന്നെത്തേടി വന്നു. വന്ന വഴി പോലീസ്സ് മുഹമ്മദ് ചോദിച്ചു.
“ നീ പോകാൻ റെഡിയായൊ...?”
“ഓ.. എസ്. എഞ്ചിനീയർ ഇപ്പോൾ വരും, കൊണ്ടു പോകാൻ...”
മാസങ്ങൾക്കു ശേഷമാണ് സീക്കുവും ഞാനും പരസ്പ്പരം കാണുന്നത്.
അരി ഭക്ഷണം കഴിക്കാത്തതിനാൽ ശരീരം വല്ലാതെ ശോഷിച്ചിരുന്നു.
കണ്ണുകൾ കുഴിയിലാണ്ടു.
കവിളെല്ലുകൾ ഉന്തി.
അവൻ ഇവിടെ വന്ന കാലത്തെ അവസ്ഥയിലേക്കെത്താൻ കുറച്ചു കൂടി കഴിഞ്ഞാൽ മതി. എന്നാലും ഞാനവനെ ശ്രദ്ധിക്കുന്നതായി ഭാവിച്ചില്ല.
പോലീസ് മുഹമ്മദ് അത് ശ്രദ്ധിച്ചിരുന്നു.
പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“ഏതായാലും നീ പോകാല്ലെ. നിങ്ങളു തമ്മിലുള്ള വഴക്കു തീർത്ത് സന്തോഷമായിട്ട് പിരിയ്...!?” “ഇല്ല. ഇവനോടുള്ള വഴക്ക് തീരില്ല. ഇവനുമായിട്ട് ഇനി ഒരിടപാടും ഇല്ല...!”
ഞാൻ തറപ്പിച്ചു പറഞ്ഞ് മാറി നിന്നു.
പോലീസ്സ് മുഹമ്മദ് വീണ്ടും ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ച് സീക്കുവിന്റെ കയ്യുമായി കൂട്ടി മുട്ടിക്കാൻ നോക്കി.
ഞാൻ ആ കൈ തട്ടിമാറ്റിയിട്ട് പോലീസ്സ് മുഹമ്മദിന്റെ കൈ പിടിച്ചിട്ട് പറഞ്ഞു.
“നിന്റെ കൈ പിടിച്ച് ഞാനെത്ര വേണമെങ്കിലും ഷേക്ക്ഹാന്റ്  തരാം. പക്ഷേ, അവന്റെ കൈ..ഹേയ്.. ഇല്ലേയില്ല.. ഒരിക്കലുമില്ല. അവൻ മനുഷ്യനല്ല. ചെകുത്താനാ.. ചെകുത്താൻ...!!”

അപ്പോഴേക്കും ഗേറ്റ് കടന്ന് എഞ്ചിനീയർ റോജർ റോത്ത എത്തി.
സാധനങ്ങൾ വണ്ടിയിൽ കയറ്റി, ആശുപത്രിയിൽ ചെന്ന് ഞങ്ങൾ രണ്ടാളും യാത്ര പറഞ്ഞ് ‘സെയ്മ’യോട് വിട പറഞ്ഞു.
കറുത്തിരുണ്ട മലകൾക്കിടക്ക് കിടക്കുന്ന സെയ്മ എന്ന കൊച്ചു ഗ്രാമത്തെ അവസാനമായി ഒന്നു തിരിഞ്ഞു നോക്കി.
ഇനി ഒരു വരവ്, ഇവിടേക്കായി...?
ഉമ്മർ പറഞ്ഞ നല്ല വാക്കുകൾ എന്റെ മനസ്സിൽ കുളിർമഴയായി ഉണ്ടായിരുന്നു.
ഒരു നെടുവീർപ്പോടെ ഞാൻ പിന്തിരിഞ്ഞു.

വണ്ടി ചെന്നു നിന്നത് ഒരു വലിയ ആശുപത്രിയുടെ മുന്നിലാണ്.
മെക്ക ചെക്പോസ്റ്റിനു തൊട്ടു മുന്നിലുള്ള ഒരാശുപത്രി.
അവിടത്തെ ജോലികളും ഞങ്ങളുടെ കമ്പനിക്കായിരുന്നു.
അവിടെത്തന്നെ ആയിരുന്നു ഞങ്ങളുടെ കമ്പനിയുടെ ഓഫീസ്സും.
ജിദ്ദയിലായിരുന്ന കമ്പനിയുടെ ഓഫീസ്സ് ഇവിടേക്ക് മാറ്റിയിരുന്നു.
മാനേജരെ കണ്ടപ്പോൾ ഒന്നു മനസ്സിലായി.
എനിക്കിനി പോകാൻ ഒരിടമില്ല...!
‘അൽ ഗസ്സീ’മിലേക്ക് ഇനി വണ്ടിയൊന്നും പോകുന്നില്ല...!
മറ്റൊരു വണ്ടിക്കു കൂടി ആളാകുന്നതുവരേക്കുമോ അല്ലെങ്കിൽ സ്ഥിരമായൊ ഇവിടെത്തന്നെ കൂടുക.

മാനേജർ രണ്ടു ചോയ്സാണ് എന്റെ മുന്നിലിട്ടത്.
ഒന്നുകിൽ *‘ചില്ലർ പ്ലാന്റ് ഓപ്പറേറ്റർ’ ആകുക, അല്ലെകിൽ **‘വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ’ ആകുക.
ഇത്തരം സന്ദർഭങ്ങളിൽ നല്ലതൊന്നും എന്റെ മനസ്സിൽ തോന്നില്ല.
തിരഞ്ഞെടുത്തത് താരതമ്യേന അദ്ധ്വാനം കുറഞ്ഞ  വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ. ..!
പിന്നീടുള്ള യാത്രയിൽ എനിക്ക് തോന്നിയിട്ടുണ്ട്, ഞാൻ സ്വയം ശപിച്ചിട്ടുണ്ട് ആ തീരുമാനത്തെ. മറിച്ചായിരുന്നെങ്കിൽ, അവിടന്നു കിട്ടുന്ന എക്സ്പ്പീരിയൻസ് മതിയാകുമായിരുന്നു... ഞാനിന്നെവിടെയോ എത്തിപ്പെട്ടേനെ...!!
പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീരണം.
വീട്ടിലിരിക്കുന്നവർക്കും അനുഭവിക്കാനുള്ള യോഗം വേണം.

അവിടന്ന് നേരെ ജോലിക്കാർക്കുള്ള താമസസ്ഥലത്തേക്ക്.
അഞ്ചു നിലകളുള്ള ഒരു വലിയ കെട്ടിടം.
അതിന്റെ മുന്നിൽ വല്ലാത്തൊരു ആൾക്കൂട്ടം..!
ഒരു ‘ഇങ്കിലാബ്’ വിളിയുടെ ശബ്ദം...!
കുറേ തൊഴിലാളികൾ കൂടി നിന്ന് ‘ഇങ്കിലാബ് സിന്ദാബാദ്’ വിളിക്കുന്നു...!
ഞാനൊന്നു ഞെട്ടി.
ഒന്നല്ല രണ്ടു വട്ടം.
വിദേശ തൊഴിലാളികളെ  അടിമകളായി മാത്രം കാണുന്ന  ഒരു രാജ്യത്ത് ‘ഇങ്കിലാബോ...?!!’

അന്നവിടെ കരണ്ടില്ല.
അതു കൊണ്ടു തന്നെ വെള്ളമില്ല,വെളിച്ചമില്ല,ഏസിയില്ല.
കക്കൂസ്സായ കക്കൂസെല്ലാം നിറഞ്ഞു കവിഞ്ഞു.
ഈ പൊരിയണ ചൂടിൽ വിയർത്തു കുളിച്ച്, അകത്തും പുറത്തും ഇരിക്കാൻ വയ്യാതെ  തൊഴിലാളികൾ.
കാലത്തു മുതൽ അതാണ് സ്ഥിതി.
കരണ്ടു ബില്ലടിക്കാത്തതു കൊണ്ട് ഇലക്ട്രിസിറ്റി ബോർഡുകാർ വന്ന് ഫ്യൂസ് ഊരിക്കൊണ്ടു
പോയത്രെ രാവിലെ തന്നെ....!!

ബാക്കി ജനുവരി 15-ന് .   

* കേന്ദ്രീകൃത എയർക്കണ്ടീഷനിങ്.
**മലിനജല ശുദ്ധീകരണം.

Monday, 15 December 2014

നോവൽ.മരുഭൂമി (30)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു.

തുടർന്നു വായിക്കുക...

വിചിത്രമായ നാട്...

ഇതു കേട്ട് ഒരു നിമിഷം കോരിത്തരിച്ചു പോയ ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ആർത്തലച്ച് ശബ്ദമുണ്ടാക്കി സദ്ദാമിന് ജയ് വിളിച്ചു. ഞങ്ങൾ പരസ്പ്പരം പറഞ്ഞു.
‘വെറുതെയല്ല ഇൻഡ്യയുടെ വായ് മൂടിക്കെട്ടിപ്പോയത്...!!’
രാജ്യസ്നേഹം തലക്കു പിടിച്ച  വികാരത്തിൽ ഞങ്ങളുടെ രോമകൂപങ്ങൾ എഴുന്നു നിന്നിരുന്നു. പിന്നെ ഞങ്ങൾ ഇറാക്കിനെ തെറ്റുകാരായി കണ്ടില്ല.
‘ആപത്തിൽ സഹായിക്കുന്ന കൂട്ടുകാരനെയല്ലെ നമ്മളും തിരിച്ച് ആത്മാർത്ഥത കാണിക്കേണ്ടത്.’

അന്നു ഞങ്ങൾ നല്ല സന്തോഷത്തിലായിരുന്നു.
സദ്ദാം ഹുസ്സൈനെന്ന ഒറ്റയാനെ സീഎൻ‌എൻ‌ചാനൽ എപ്പോഴും കാണിച്ചുകൊണ്ടിരുന്നു. അതിനായി ഏരിയൽ ശക്തികൂടിയ ഒരെണ്ണം ഞങ്ങൾ സംഘടിപ്പിച്ചു. അതുകാരണം ബിബിസിയും മറ്റും നല്ല നിലയിൽ കിട്ടാൻ തുടങ്ങി.
പക്ഷെ, യുദ്ധവാർത്തകൾ രോഗികളെ കാണിക്കാനായി ടെലിവിഷൻ ആശുപത്രിയിലേക്ക് മാറ്റിയതോടെ ഞങ്ങളുടെ ആ പരിപാടിയും അവസാനിച്ചു.

അബ്ദുൾ വന്നുകഴിഞ്ഞാൽ എന്നെ നാട്ടിൽ വിടാമെന്നായിരുന്നു മാനേജർ പറഞ്ഞിരുന്നത്. പക്ഷേ, ഇറാക്കിനെ ഓടിക്കാൻ അമേരിക്ക വരും വരും എന്ന്  പേടിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. അതും പറഞ്ഞ് വിമാനത്താവളങ്ങളുടെ പ്രവർത്തനം ആകെ താറുമാറായി. അതിനാൽ വിമാനത്തിന്റെ  ഷെഡ്യൂളുകളെല്ലാം തെറ്റിക്കഴിഞ്ഞിരുന്നു. ആകെ അനിശ്ചിതത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്.

പിന്നേയുമൊരു മൂന്നുമാസം കഴിഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്.
ആഫീസിൽ  വച്ച് ടിക്കറ്റ് കയ്യിൽ തന്നു.
ബോംബേക്ക് മാത്രം...!
ഇൻഡ്യയുടെ ഏതെങ്കിലും ഒരു മൂലക്ക് ഇറക്കി വിട്ടാൽ മതിയെന്നാ ഇവന്മാരുടെ വിചാരം. ഇൻഡ്യയെന്നാൽ എന്താന്നാ ഇവന്മാരുടെ വിചാരം. ഒരു ‘ഠ’ വട്ടത്തിൽ കിടക്കുന്ന രാജ്യമോ..? അവിടന്ന് വീട്ടിലെത്താൻ മൂന്നു ദിവസം തീവണ്ടിയിൽ സഞ്ചരിക്കണമെന്ന് പറഞ്ഞപ്പോൾ ഈജിപ്ഷ്യനായ മാനേജരുടെ കണ്ണു തള്ളി. അവന്റെ മിണ്ടാട്ടം മുട്ടി. എങ്കിലും ഫലമൊന്നും ഉണ്ടായില്ല.
അത് പിന്നെ കൊച്ചിയിലേക്ക് നീട്ടി വാങ്ങി.
ആ കാശ് എന്റെ കയ്യീന്ന് പോയി...!
അങ്ങനെ ഒരു മാസത്തെ ലീവിന്റെ ആദ്യ രണ്ടു ദിവസം ഇവിടെത്തന്നെ തീർന്നു.
പിന്നെ ബോംബേക്ക്, അവിടന്ന് കൊച്ചിക്ക്.

കൊച്ചിയിൽ വച്ച് നമ്മുടെ നാട് കണ്ടപ്പോൾ സങ്കടം തോന്നി. ആകെ നനഞ്ഞു കുതിർന്ന്...! എങ്കിലും പച്ചപ്പ് കണ്ടപ്പോൾ മനസ്സ് കുളിർന്നു.
നമ്മുടെ  അഭിമാനമായിരുന്ന ‘അംബാസ്സഡർ കാർ’ കണ്ടപ്പോഴും സങ്കടം തോന്നി.
ആകെ വളഞ്ഞു കുത്തി, ചൊട്ടി, ഒരു പട്ടിണിക്കോലം...!
മനുഷ്യരത്രയും അതേ പട്ടിണി കോലങ്ങൾ...!!
പിന്നേയും, രണ്ടു ദിവസം വേണ്ടി വന്നു എല്ലാം ഒന്നു നേരെയായി തോന്നാൻ...!!

നാട്ടിലെത്തിയാൽ കല്യാണം കഴിപ്പിച്ചിട്ടേ വിടുകയുള്ളുവെന്ന് നേരത്തെതന്നെ ഓർമ്മപ്പെടുത്തിയിരുന്നു. ജോലിയുണ്ടെങ്കിലും, ശമ്പളമില്ലാത്ത ജോലിയാണെന്ന് വീട്ടുകാർക്കറിയാമെങ്കിലും നാട്ടുകാർക്കറിയില്ലല്ലൊ...!?

വന്ന ദിവസം തന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റ് ഓക്കെയാക്കി.
അവിടേയും ഒരു ദിവസം നേരത്തെ പോകണം.
പിന്നെയുള്ളത് 27ദിവസം മാത്രം.
ദിവസം വളരെ കുറവ്.
പെണ്ണ് കണ്ട് നടന്നുനടന്ന് പുട്ടടിക്കാനുള്ള സമയമൊന്നും  ഇല്ല.

പിറ്റേ ദിവസം ചുമ്മാ ഒരു പെണ്ണുകാണൽ.
ഒരു സാമ്പിൾ. ആദ്യമായിട്ടല്ലെ.
കൊള്ളാമല്ലൊ...!
വേറൊന്നിനെ കാണാൻ പോകാൻ സമയമില്ല.
വിരുന്നും, മോതിരം മാറൽ പോലുള്ള പരിപാടികളും വേണ്ടെന്നു വച്ചു.
പത്താം ദിവസം അതിനെത്തന്നെ കെട്ടി.
പതിനേഴാം ദിവസം, തന്നെ  കെട്ടിയത് എന്തിനായിരുന്നെന്നറിയാതെ, കരയാൻ പോലും കഴിയാതെ പതച്ചു നിൽക്കുന്ന പാവം പെണ്ണിനോട് മൌനയാത്രയും ചൊല്ലി കൊച്ചിയിൽ നിന്നും പറന്നു പൊങ്ങി...!

ജിദ്ദയിൽ വിമാനമിറങ്ങി.
എഞ്ചിനീയർ റോത്തയോടൊപ്പം ഞങ്ങളുടെ ആശുപത്രിയിൽ എത്തുമ്പോൾ മുറിയിൽ അബ്ദുൾ ഇല്ലായിരുന്നു..!
അബ്ദുളിനെ കമ്പനി രണ്ടാഴ്ച മുൻപ് എവിടേക്കൊ കൊണ്ടു പോയി...!
എഞ്ചിനീയർ റോത്തക്കും അറിയില്ല അബ്ദുൾ എവിടെയെന്ന്...!
വല്ലാത്തൊരു നെഞ്ചിടിപ്പോടെ ഞാൻ ചോദിച്ചു.
“എന്താ കാരണം അബ്ദുളിനെ കൊണ്ടുപോകാൻ...?”
“നമ്മുടെ ഇവിടത്തെ ജോലി അവസാനിക്കുകയാ..”
സച്ചി പറഞ്ഞു കേട്ടതും ഞാൻ ഞെട്ടി.
“എന്നു പറഞ്ഞാൽ..?”
“വീണ്ടും നമ്മുടെ കമ്പനിക്ക് സർക്കാർ കോൺ‌ട്രാക്റ്റ് കൊടുത്തില്ല. വേറെ ഏതോ ഫിലിപ്പൈനി കമ്പനിക്കാ കിട്ടിയിരിക്കുന്നത്....”
"അപ്പോൾ നമ്മൾ തിരിച്ചു പോണോ...? ദൈവമേ...ഗൾഫിലാണെന്നും പറഞ്ഞ് പെണ്ണ് കെട്ടീം പോയല്ലൊ....!!”

അതും പറഞ്ഞ് ഞാൻ മുകളിലേക്കു നോക്കി.
സത്യത്തിൽ ഒരു നിമിഷം എന്റെ കണ്ണുകൾ നനയാൻ തുടങ്ങി.
ഇനിയെങ്ങാനും തിരിച്ചു ചെല്ലേണ്ടി വന്നാൽ, അതിന്റെ പഴി മുഴുവൻ കെട്ടിയ പെണ്ണിന്റെ തലയിൽ കെട്ടിവക്കില്ലേ സമൂഹം മുഴുവൻ..!
നിന്നെ കെട്ടിയപ്പോഴേ അവന്റെ ഉണ്ടായിരുന്ന ജോലി കൂടി പോയി...!!?
ഹോ എന്റെ ദൈവമേ ഇതൊന്നും എനിക്ക് കേൾക്കാൻ വയ്യേ.
ആലോചിക്കുന്തോറും ഭ്രാന്തു പിടിക്കുമെന്ന് തോന്നി.

എന്റെ അവസ്ഥ കണ്ടിട്ടാവും സച്ചി പറഞ്ഞു.
“നമ്മുടെ അടുത്ത വർക്ക് കിട്ടിയിരിക്കുന്നത് ‘അൽ ഗസ്സിം’ റീജയണിൽ ആണത്രെ. അവിടേം ഇതേ വർക്ക് തന്നെയാ..”
അതൊരു ആശ്വാസമായി തോന്നി...!
എന്നാലും നാട്ടിൽ പോകേണ്ടി വരില്ലല്ലൊ.
“അപ്പോൾ അബ്ദുൾ അങ്ങോട്ടേക്കാണൊ പോയിരിക്കുന്നത്...?”
“അതറിയില്ല. ഇതുപോലെ വല്ല ഓണം കേറാമൂലയിലാണ് ചെന്നു പെട്ടിരിക്കുന്നതെങ്കിലോ. അല്ലെങ്കിൽ വിളിക്കേണ്ടതാണ്, ഇതുവരെ വിളിച്ചില്ലല്ലൊ. രണ്ടാഴ്ചയോളമായില്ലേ...?”

ഉത്തരം മുട്ടിയതു പോലെ ഞാൻ തളർന്ന് കട്ടിലിൽ ഇരുന്നു.
ഇതിനിടയിൽ എഞ്ചിനീയർ റോത്ത പോയിക്കഴിഞ്ഞിരുന്നു.
ഞാൻ ചോദിച്ചു.
“സീക്കു....?”
“ആ....ഞാൻ കാണാറുമില്ല ശ്രദ്ധിക്കാറുമില്ല. ഇന്നാള് ബംഗ്ലാദേശികളുടെ അടുത്ത് കരഞ്ഞ് കാൽ പിടിച്ച് ഇത്തിരി ചോറ് പിടിച്ച് പറിച്ചതു പോലെ വാങ്ങി കഴിച്ചത്രെ. എന്നിട്ട് പോകാൻ നേരം പത്തു റിയാൽ കൊടുത്തിട്ടു പോയി. അവർ അത് അവന്റെ കയ്യിൽ തന്നെ കൊടുത്തിട്ട്, ഇനി മേലാൽ ഇങ്ങോട്ടു വരരുതെന്ന് പറഞ്ഞു വിട്ടു...!”

പിന്നെ കുറച്ചു നേരം അബ്ദുളിന്റെ വീട്ടിലും സച്ചിയുടെ വീട്ടിലും പോയ വിശേഷങ്ങൾ പറഞ്ഞിരുന്നു. അതു കഴിഞ്ഞ് ചായ കുടിച്ചു കൊണ്ടിരിക്കെ ഞാൻ ചോദിച്ചു.
“അല്ല, നമ്മളെ ഇനി എന്നാ കൊണ്ടു പോണെ..?”
“നമ്മളെ രണ്ടാളേം ഒരുമിച്ച് കൊണ്ടു പോകില്ലെന്നാ റോത്ത പറഞ്ഞത്...!”
“പിന്നെങ്ങനെ..?”
“അടുത്ത ചാൻസ് ഞാനായിരിക്കുമെന്നാ പറഞ്ഞത്. തനിക്ക് മറ്റെ കമ്പനിക്കാരു വന്ന് ചാർജ്ജ് ഏൽ‌പ്പിച്ചിട്ടേ പോകാനൊക്കൂ...”
“ഈശ്വരാ, ഇതു വരെയുള്ള നമ്മുടെ സൌഹൃദങ്ങളെല്ലാം തകർത്തെറിയാണല്ലൊ ഈ മുടിഞ്ഞ കമ്പനിക്കാര്....”

എനിക്ക് എന്തെന്നില്ലാത്ത വിമ്മിഷ്ടം തോന്നി.
എവിടെന്നൊക്കെയോ വന്ന് ഒത്തു കൂടിയവർ.
ഈ ഓണം കേറാമൂലയിൽ ഏകോദരസഹോദരങ്ങളെപ്പോലെ ഉള്ളത് കഴിച്ച് വിശപ്പടക്കി കഴിച്ചുകൂട്ടിയവർ.
ഒരു മുന്നറിയിപ്പുമില്ലാതെ ഒത്തു കൂടിയവർ, ഇപ്പോഴിതാ ഒരു മുന്നറിയിപ്പോ എവിടേക്കെന്നോ അറിയാതെ വേർപിരിയാൻ പോകുന്നു.
ഈ നാടും ഇവിടത്തെ ജീവിത രീതികളും എത്ര വിചിത്രം...!

ഒരാഴ്ച കഴിഞ്ഞതേയുള്ളു, സച്ചിയെ കൊണ്ടു പോകാൻ എഞ്ചിനീയർ റോത്ത എത്തി. എവിടേക്കാണ് കൊണ്ടു പോകുന്നതെന്ന് റോത്തക്കും അറിയില്ല.
ഓഫീസ്സിൽ നിന്നും ഒരു വണ്ടി ആളാകുമ്പോൾ  അൽ ഖസ്സീമിനയക്കും.
അവിടെ കമ്പനിയുടെ ഓഫീസ്സുണ്ട്.
പിന്നെ അവരാണ് കൈകാര്യം ചെയ്യുക.
കെട്ടിപ്പിടിച്ച് സങ്കടപ്പെടാനല്ലാതെ ഞങ്ങൾക്കെന്തു കഴിയും.
മൂന്നു വർഷത്തോളം നീണ്ട ആ ബന്ധം അവിടെ അവസാനിക്കുകയാണോ...?

അന്നു മുതൽ ഞാൻ ഒറ്റക്കായി.  
ഇരുപത്തിനാലു മണിക്കൂറും എനിക്ക് തന്നെ ഡ്യൂട്ടി.
ഒന്നു കടയിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയായി.
ആശുപത്രിയിലെ ഫാർമസിസ്റ്റ് ഹസ്സർ ബായിയും, മാനേജർ സൌദിക്കാരനായ ഉമ്മറും എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി എനിക്ക് കടയിൽ പോകേണ്ട എന്ത് ആവശ്യത്തിനും കാറുമായി വരും. അതുകൊണ്ട് പെട്ടെന്ന് പോയി വരാം.

ഒരു ദിവസം ഉമ്മർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു.
“ശനിയാഴ്ച വരെയെ നീ ഉണ്ടാകൂ. ഇവിടെ അന്നു മുതൽ പുതിയ കമ്പനിക്കാർ വരും. നിങ്ങളെ എവിടേക്കാ കൊണ്ടുപോകുന്നതെന്ന് വല്ല അറിവുമുണ്ടോ..?”
“ഒരു വിവരവുമില്ല. ആദ്യം പോയ അബ്ദുളിന്റെ ഒരു വിവരവുമില്ല...”
ഞാനാകെ സങ്കടത്തോടെയാണ് പറഞ്ഞത്.
അവനെന്നെ അടുത്ത കസേരയിൽ പിടിച്ചിരുത്തി.
എന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട് അവൻ പതിയെ ചോദിച്ചു.
“നിനക്ക് ഇവിടന്ന് പോകണമെന്നുണ്ടോ...?”

ആ ചോദ്യത്തിന് പെട്ടെന്നുരുത്തരം പറയാൻ പറ്റിയില്ല.
ഞങ്ങൾ വന്ന കാലം മുതൽ ഇവിടന്ന് ഒന്ന് സ്ഥലം മാറ്റം കിട്ടാൻ എത്രയോ പ്രാവശ്യം ദൈവത്തെ വിളിച്ച് കരഞ്ഞിട്ടുണ്ട്. ഒന്നും നടക്കാതെ വന്നപ്പോഴാണ് സച്ചി ആ സത്യം കണ്ടെത്തിയത്. “നമ്മുടെ ദൈവങ്ങൾക്കൊന്നും ഇവിടെ പ്രവേശനമില്ലെന്ന് അറിയില്ലേ. പിന്നെങ്ങനെ കേൾക്കാനാ നമ്മുടെ പ്രാർത്ഥന...!”

പത്രമാസികകളിൽ അച്ചടിച്ചു വരുന്ന വല്ല പള്ളിയോ, കുരിശോ അല്ലെങ്കിൽ വല്ല ബിംബങ്ങളോ ഒക്കെ കരിവാരിത്തേച്ച് മറച്ച് പുറത്തു വിടുന്ന സർക്കാരിന്റെ  പ്രവർത്തിയാണ് സച്ചിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
“ങാ...അത് ശരിയാണല്ലൊ. ഞാനക്കാര്യം മറന്നുപോയി. എന്നാപ്പിന്നെ അബ്ദുളിനേയെങ്കിലും രക്ഷപ്പെടുത്തിക്കൂടെ അവരുടെ ദൈവത്തിന്..!!?”
നാട്ടിലുള്ള പെൺകൊച്ചിനെ ദിവാസ്വപ്നവും കണ്ടു കിടക്കുകയായിരുന്ന അബ്ദുൾ അത് കേട്ട് എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു.
“നമ്മൾ ഇൻഡ്യക്കാരുടെ കാര്യത്തിൽ ഒരു ദൈവവും ഇടപെടില്ല. അതിൽ ജാതീം മതോന്നുമില്ല. അവസാനം വേണമെങ്കിൽ എല്ലാവരും കൂടി ഒന്നു കരഞ്ഞാൽ നമ്മുടെ ശവം കേറ്റാൻ വിമാനത്തിൽ ഇത്തിരി സ്ഥലമുണ്ടാക്കിത്തരും നമ്മുടെ സർക്കാര്..!!”

ഉമ്മറിന്റെ ചോദ്യം പെട്ടെന്ന് ഓർമ്മിപ്പിച്ചത് അതായിരുന്നു.
എന്നിട്ടും ഞാൻ ഉമ്മറിനോട് നുണ പറഞ്ഞു.                                            
“ഇല്ല...!”
“നീ ചെന്നിട്ട് നിനക്ക് ഇഷ്ടമില്ലാത്ത  സ്ഥലത്താണ് എത്തിപ്പെടുന്നതെങ്കിൽ, അല്ലെങ്കിൽ ഈ ജോലി വേണ്ടായെന്നാണ് തോന്നുന്നതെങ്കിൽ നീ എന്നെ വിളിക്ക്...!”
“എന്തിന്..?”
“ഞാൻ നിനക്ക് വിസ തരാം...!!”
അതൊരു അപൂർവ്വ അവസരമായിരുന്നു.
ശരിക്കും എന്റെ കണ്ണു തള്ളി.
എന്നാലും ഞാൻ ചോദിച്ചു.
“അതിന് നീയെനിക്ക് എന്തു ജോലി തരും...?”
“എനിക്ക് മെക്ക ചെക്പോസ്റ്റിന് മുൻപിൽ രണ്ടു ഷട്ടർ കടയുണ്ട്. അതിപ്പോൾ ഒരു ഫിലിപ്പിനിയാ നോക്കുന്നത്. അവനവിടെ ഇരിക്കില്ല. എവിടെയെങ്കിലുമൊക്കെ കറങ്ങി നടക്കും. ഒരു ബിസ്സിനസ്സും ചെയ്യില്ല. അത് ഞാൻ നിനക്ക് തരാം. നിനക്ക് ഇലക്ട്രിക് വർക്ക് അറിയാമല്ലൊ. നമ്മൾക്ക് ഒരു ഇലക്ട്രിക് കട തുടങ്ങാം. ശമ്പളമൊന്നും തൽക്കാലം നീ പ്രതീക്ഷിക്കരുത്. ലാഭം പപ്പാതി എടുക്കാം. പണമൊക്കെ ഞാൻ മുടക്കിക്കോളാം....!!?”
എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാനില്ലായിരുന്നു.
ഞാൻ കൈ കൊടുത്തു...!! 

ബാക്കി ജനുവരി 1-ന് .   

Monday, 1 December 2014

നോവൽ. മരുഭൂമി (29)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.

തുടർന്നു വായിക്കുക...

ഉത്തരമില്ലാത്ത ചോദ്യം..

രണ്ടു ദിവസം കഴിഞ്ഞ് അബ്ദുൾ നാട്ടിലേക്ക് തിരിച്ചു.
ദിവസങ്ങൾ കഴിയവേ സീക്കു ആശുപത്രിയുടെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടപ്പു തുടങ്ങി. അതിനു മുൻപ് ഒരു ദിവസം അവൻ ഹസ്സർ ബായിയെ കാണാൻ ആശുപത്രി ഗേറ്റ് കടന്നതാണ്. ഗേറ്റിലെ മുറിയിലുണ്ടായിരുന്ന ബംഗ്ലാദേശികൾ അകത്തു കയറാൻ സമ്മതിച്ചില്ല.
സീക്കുവിനെ പിടിച്ച് പുറത്തു തള്ളി.
മറ്റൊരു ദിവസം അവൻ ബംഗ്ലാദേശികളോട് യാചിച്ചതായി കേട്ടു.
“ബായി... കുറച്ച് ചോറ് തരാമോ...?”
അപ്പോഴും അവർ അവനെ ആട്ടിയകറ്റി.

സീക്കുവിന് ഭക്ഷണം പാകം ചെയ്യാൻ ഗ്യാസുണ്ടായിരുന്നില്ല.
കാലി സിലിണ്ടർ മാത്രമേ ഉണ്ടായിരുന്നുള്ളു.
അത് മക്കയിൽ കൊണ്ടു പോയാലെ നിറച്ചു കിട്ടൂ.
ഞങ്ങൾക്ക്  ആശുപത്രിയിലെ സിലിണ്ടർ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നു.
അടുത്തെങ്ങും ഹോട്ടലുകൾ ഇല്ലാത്തതു കൊണ്ട് ചോറ് കിട്ടാനും ഒരു വഴിയുമില്ലായിരുന്നു.

ഒരുമാസം എങ്ങനെ കടന്നു പോയതെന്നറിയില്ല.
അബ്ദുൾ തിരിച്ചു വന്നപ്പോഴാണ് ഞങ്ങൾ ഞെട്ടിയത്...!
ഇത്ര വേഗം ഒരു മാസം തീർന്നോ...?
അബ്ദുൾ തിരിച്ചു വന്നപ്പോൾ കുറെ ദിവസത്തെ പത്രങ്ങളും കൊണ്ടു വന്നിരുന്നു.
അതിൽ നിന്നാണ് ഇറാക്ക് കുവൈറ്റ് പിടിച്ചടക്കിയ കഥകളൊക്കെ കുറച്ചു വിശദമായി ഞങ്ങൾ അറിയുന്നത്. അതിനു മുൻപ് പലതും ലുങ്കിക്കഥകളായി കിടന്നതു കൊണ്ട് ഏതു വിശ്വസിക്കണം ഏതു വിശ്വസിക്കാതിരിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. പിന്നെയുള്ള കഥകൾ നാട്ടിൽ നിന്നും കേട്ടറിഞ്ഞ ‘നാട്ടുകഥ’കളായും അബ്ദുൾ പറഞ്ഞു തന്നു.

ഒരു കുഞ്ഞു രാജ്യത്തെ ഇറാക്ക് പിടിച്ചടക്കിയിട്ടും അതിനെതിരെ ഒന്നും പറയാത്ത ഇൻഡ്യയുടെ മൌനത്തെയായിരുന്നു മറ്റുള്ളവർ വിമർശിച്ചിരുന്നതത്രെ. അതെന്തു കൊണ്ടാണെന്ന് ഞങ്ങളും ആലോചിച്ചിരുന്നു.
അന്ന് ഞങ്ങളുടെ ചില സൈറ്റുകളിൽ ഇറാക്കിൽ പോയി ജോലി ചെയ്തിട്ടുള്ളവർ ഉണ്ടായിരുന്നു.
അവർ പറഞ്ഞ കഥകളിലൂടെ ഇറാക്കി പ്രസിഡണ്ട് സദ്ദാം ഹുസ്സൈനെ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.
ഞങ്ങളുടെ വീരനായകനായിരുന്നു...!!

ചില വൈകുന്നേരങ്ങളിൽ പൊടുന്നനെ പട്ടാളക്കാർ ബാഗ്ദാദിലെ റോഡിൽ അണി നിരക്കും.
ഒരു മുന്നറിയിപ്പുമില്ലാതെ വന്നെത്തുന്ന പട്ടാള ജീപ്പിൽ നിന്നും ആജാനബാഹുവായ ഒരാൾ പട്ടാളയൂണിഫോമിൽ ഇറങ്ങി വരുന്നു.
സദ്ദാം....!?
അതെ, ഇറാക്ക് പ്രസിഡണ്ട് സദ്ദാം ഹുസ്സൈൻ...!!
റോഡിലുള്ള ആളുകൾ ആകാംക്ഷയും ബഹുമാനവും ഭയവും ചേർന്ന മനോഭാവത്തിൽ ഉറ്റു നോക്കുന്നു. പരിചയമുള്ളവരുടെ നേരെ നോക്കി അദ്ദേഹം കൈ പൊക്കുന്നു. ചിലരൊക്കെ ചെന്ന് അദ്ദേഹത്തിന് മുത്തം കൊടുക്കുന്നു. മറ്റു ചിലർ അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കുന്നു. ഒരിടത്ത് ഒതുങ്ങിമാറി കൂട്ടം കൂടി നിന്ന് കണ്ണും തള്ളി  ശ്രദ്ധിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇൻഡ്യാക്കാരെ  കണ്ടതും അദ്ദേഹം കൈ പൊക്കി “ഹിന്ദീ!!?”
എന്നൊരു ചോദ്യം.
കോരിത്തരിച്ചുപോകുന്ന ഇൻഡ്യക്കാർ കൈ പൊക്കി വാ പൊളിച്ചു നിൽക്കും...!
ആകെക്കൂടി ഒരു പട്ടാളച്ചന്തം....!!
അതെ, ഒരു ഒറ്റയാൻ കൊമ്പനാനച്ചന്തം...!!!

ഇത്തരം ബഡായികൾ കേട്ട് കോരിത്തരിച്ചു നിന്നിട്ടുള്ള ഞങ്ങൾക്ക് കുവൈറ്റ് എന്ന കൊച്ചു രാജ്യത്തെ സദ്ദാം കീഴടക്കിയത് അംഗീകരിക്കാനായില്ലെങ്കിലും അദ്ദേഹത്തെ വെറുക്കാനായില്ല. സൌദിയുടെ ഒരു ചെറിയഭാഗം കൂടി സദ്ദാം പിടിച്ചിട്ടുണ്ടെന്ന്  കേട്ടപ്പോൾ വാസ്തവത്തിൽ ഞങ്ങൾക്ക് സന്തോഷമാണുണ്ടായത്.

സദ്ദാം കേറിക്കേറി വന്ന് ഞങ്ങൾക്ക് ശമ്പളം തരാത്ത കമ്പനിയേയും അതിനു കൂട്ടു നിൽക്കുന്ന സർക്കാരിനേയും ഒരുപാഠം പഠിപ്പിക്കാൻ സദ്ദാം  വിചാരിച്ചാലെ സാധിക്കൂ എന്ന് ഞങ്ങൾ കരുതി. വല്ലപ്പോഴും ആശുപത്രിയിൽ നിന്നും  എടുത്തു കൊണ്ടു വരുന്ന ടീവിയിൽ യുദ്ധവാർത്തകളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഒരു രാജ്യത്തോടും യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ലാത്ത സൌദികൾ യുദ്ധം ചെയ്യുന്ന സീനുകൾ കാട്ടി ജനങ്ങളുടെ മനസ്സിൽ നിന്നും  ഭീതിയകറ്റി മാതൃരാജ്യത്തോട്  കൂറു  പ്രഖ്യാപിക്കുന്ന പ്രക്രിയ ആയിരുന്നു അതെല്ലാം.

ഞങ്ങളുടെ മനസ്സിൽ സദ്ദാമിന്റെ പ്രവർത്തിയോട് പ്രതികരിക്കാത്ത ഇൻഡ്യയുടെ മനോഭാവത്തിലുള്ള പ്രതിഷേധം ഒരു കുറ്റബോധമായി അങ്ങനെ കിടക്കുമ്പോഴാണ്, ഞങ്ങൾക്ക് വാഴത്തോട്ടത്തിലെ ആ പണി കിട്ടുന്നത്.
പത്തൻപത് വാഴകളുണ്ടായിരുന്നു.
അതിന്റെ കളകളെല്ലാം പറിച്ചു കളഞ്ഞ് തടമെടുക്കലായിരുന്നു പണി.
ദിവസവും മാറിമാറി ഞങ്ങൾ പോയിക്കൊണ്ടിരുന്നു.
അന്ന് പോകുമ്പോൾ ഞാനും സച്ചിയുമായിരുന്നു കൂട്ട്.
കൂട്ടത്തിൽ ഒരു പഴയ റേഡിയോയും കയ്യിലെടുത്തു.
അതിൽ ഷോർട്ട് വേവ് സ്റ്റേഷൻ കിട്ടുമായിരുന്നു.

ചില ദിവസങ്ങളിൽ ഡെൽഹിയിൽ നിന്നുമുള്ള മലയാളം വാർത്തകളും കിട്ടുമായിരുന്നു. ഒരു വാർത്തയുടെ തുടക്കം കേട്ടാൽ ബാക്കി മുങ്ങിപ്പോകും. ചിലതിന്റെ അവസാനം മാത്രം പൊന്തിവരും. ഒരു വാർത്തയും നേരെ ചൊവ്വെ മുഴുവനായി കേട്ടിരുന്നില്ല.
പക്ഷേ, നാ‍ട്ടിൽ നിന്നും പറന്നു വരുന്ന ആ മലയാളം വാക്കുകൾ ഞങ്ങളുടെ സിരകളെ വല്ലാതെ ഉത്തേചിപ്പിച്ചിരുന്നു. വാർത്തകൾ വായിക്കുന്ന ഗോപന്റെ ശബ്ദം കേൾക്കുമ്പോൾ രോമകൂപങ്ങൾ എഴുന്നു നിൽക്കും...!
അതൊരു സുഖമായിരുന്നു...!
ഒരു വികാരമായിരുന്നു...!

പണിക്ക് മമ്മട്ടി ഒരെണ്ണമേ ഉണ്ടായിരുന്നുള്ളു. അതിനാൽ ഒരാൾ കിളക്കുമ്പോൾ മറ്റെയാൾ വെറുതെ ഇരിക്കും. എന്റെ വിശ്രമ സമയം വരുമ്പോൾ ഞാൻ റേഡിയോയിൽ പുതിയ വല്ല സ്റ്റേഷനും കണ്ടെത്താൻ കഴിയുമോന്നറിയാൻ തിരിച്ചു കൊണ്ടിരിക്കും. അങ്ങനെ തിരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു തമിഴ് സ്റ്റേഷൻ പെട്ടെന്ന് ക്ലിയറായി കയറി വന്നു.
ലണ്ടനിൽ നിന്നുമുള്ള ഒരു പ്രക്ഷേപണമാണ്.
തമിഴാണെങ്കിലും ‘ഹബീബ’ യിലൂടെ കുറച്ചൊക്കെ മനസ്സിലാകുമായിരുന്നു.
ചോദ്യോത്തര പംക്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്. തമിഴ് നമ്മുടെ  അയലോക്കത്തെ ഭാഷയല്ലെ. കുറച്ചെങ്കിലും മനസ്സിലാകുന്നതു കൊണ്ട് സച്ചി പണി നിറുത്തി അത് കേൾക്കാനായി അടുത്ത് വന്നിരുന്നു.
വിഷയം സദ്ദാമിന്റെ കുവൈറ്റ് പിടുത്തം.
അക്കാലത്ത് ഇറാക്കും കുവൈറ്റുമായിരുന്നു എവിടേയും സംസാര വിഷയം.
ഒരു സ്ത്രീശബ്ദം  ചോദിക്കുന്നു.
“കുവൈറ്റെന്ന ഒരു കൊച്ചു രാജ്യത്തെ ഒരു കാരണവും ഇല്ലാതെ നിഷക്കരുണം കീഴടക്കിയിട്ടും ഇറാക്കിനെ  ഭാരത സർക്കാർ എന്തു കൊണ്ട് തള്ളിപ്പറയുന്നില്ല...?”
അതു കേട്ട് ഞങ്ങൾ ജാഗരൂകരായി കാതും കൂർപ്പിച്ചിരുന്നു. ഞങ്ങളും കുറേ ദിവസങ്ങളായി അന്വേഷിച്ചു കൊണ്ടിരുന്ന ഉത്തരം.
അതിനു മറുപടിയായി ഒരു പുരുഷശബ്ദം.
“അതിന് ഒരു കാരണമുണ്ട്. ഇൻഡ്യാ പാക്കിസ്ഥാൻ യുദ്ധം നടക്കുമ്പോൾ നമ്മുടെ ഭാഗത്ത് സഹായത്തിനായി റഷ്യ മാത്രമേ ഉണ്ടായിരുന്നുള്ളു. ലോകരാഷ്ട്രങ്ങളോടൊപ്പം പല ഗൾഫ് രാഷ്ട്രങ്ങളും നിഷ്പ്പക്ഷത പാലിച്ചെങ്കിലും, പലരുടേയും മനസ്സും സാമ്പത്തിക സഹായവും അടിയൊഴുക്കുകളായി പാക്കിസ്ഥാനായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഇതിൽ നിന്നും വ്യത്യസ്ഥമായിരുന്നു ഇറാക്ക്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ ഫോണിൽ വിളിച്ച് സദ്ദാം പറഞ്ഞുവത്രെ. “മാഡം.. ഈ യുദ്ധത്തിൽ ഞങ്ങളേക്കൂടി പങ്കാളികളാക്കൂ. അറേബ്യൻ കടലിലോ കരയിലോ നിങ്ങളോടൊപ്പം യുദ്ധം ചെയ്യാൻ ഞങ്ങളുടെ ചുണക്കുട്ടികൾ തയ്യാറായിരിക്കുന്നു..!!”
ഇന്ദിരാഗാന്ധി മറുപടിയായി പറഞ്ഞുവത്രെ.
“ പ്രിയ സദ്ദാം... നിങ്ങളുടെ ഈ ആഗ്രഹത്തോട് ഇൻഡ്യൻ ജനത എന്നും നന്ദിയുള്ളവരായിരിക്കും. പക്ഷേ, ഇപ്പോൾ അതിന്റെ ആവശ്യമില്ല. ഈ യുദ്ധം വിജയിപ്പിക്കാൻ ഞങ്ങളുടെ ചുണക്കുട്ടികൾ തന്നെ ധാരാളം. ഞാനും എന്റെ ജനതയും നിങ്ങളോടും അവിടത്തെ ജനതയോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു...!!
പിന്നെങ്ങനെയാണ് നാം ഇറാക്കിനെ അപലപിക്കുക....!!?”

ഇതു കേട്ട് ഒരു നിമിഷം കോരിത്തരിച്ചു പോയ ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ആർത്തലച്ച് ശബ്ദമുണ്ടാക്കി സദ്ദാമിന് ജയ് വിളിച്ചു.
ഞങ്ങൾ പരസ്പ്പരം പറഞ്ഞു.
‘വെറുതെയല്ല ഇൻഡ്യയുടെ വായ് മൂടിക്കെട്ടിപ്പോയത്...!!’
രാജ്യസ്നേഹം തലക്കു പിടിച്ച  വികാരത്തിൽ ഞങ്ങളുടെ രോമകൂപങ്ങൾ എഴുന്നു നിന്നു.
പിന്നെ ഞങ്ങൾ ഇറാക്കിനെ തെറ്റുകാരായി കണ്ടില്ല.
‘ആപത്തിൽ സഹായിക്കുന്ന കൂട്ടുകാരനെയല്ലെ നമ്മളും തിരിച്ച് ആത്മാർത്ഥത കാണിക്കേണ്ടത്.’

ബാക്കി ഡിസംബർ  15-ന് .   

*റേഡിയോ സംഭാഷണം സത്യമായിരുന്നെങ്കിലും ഉള്ളടക്കത്തിലെ സത്യാവസ്ഥക്ക് തെളിവൊന്നും പിന്നീട് വായനയിൽ ഒരിടത്തും കണ്ടെത്തിയതായി ഓർക്കുന്നില്ല.

Saturday, 15 November 2014

നോവൽ. മരുഭൂമി(28)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി.

തുടർന്നു വായിക്കുക...

നെറി കെട്ട സന്തതി.....

‘ഇതു തന്നെ പറ്റിയ അവസരം...!?’
സീക്കു പല്ലുകൾ തമ്മിൽ കടിച്ചു ഞെരിച്ചു.
പ്രതികാരം തലക്കു പിടിച്ച സീക്കുവിന്റെ കണ്ണുകൾ വിടർന്ന് ചുകന്നു.
ശ്വാസഗതി ക്രമം തെറ്റി...
ജാത്യാലുള്ള അവന്റെ വന്യത കണ്ണുകളിൽ പ്രകടമായി...
താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട സീക്കു വേഗം പള്ളിക്കകത്തു നിന്നും സച്ചിയുടെ പിന്നിൽ ചെന്ന് നിന്നു.
എന്നിട്ട്  നാലു പാടും നോക്കി.
പിന്നെ ഒട്ടും താമസിച്ചില്ല.
തൊട്ടടുത്ത് പുറത്തേക്കുള്ള വാതിലിൽ ഒരെണ്ണം അകത്തു നിന്നും അടച്ച് തണ്ടിട്ടു...!?
വേഗം എതിർവശത്തുള്ള  പുറത്തേക്കുള്ള അവസാന വാതിൽ കൂടി അടച്ച് തണ്ടിട്ടു....!?
സച്ചി ഇതൊന്നും അറിയാതെ വെള്ളം നിറച്ച പ്ലാസ്റ്റിക് ക്യാനുമായി നിവർന്നു...!??

സച്ചി ക്യാനുമായി വാതിലിനു നേർക്ക് നടന്നതും സീക്കു പള്ളിക്കകത്തേക്ക് ഓടിക്കയറി ഒരു ഉളുപ്പുമില്ലാതെ വിളിച്ചു കൂവി.
“കാഫറ് പള്ളീക്കേറി.... ദേ കാഫറ് പള്ളീക്കേറി...!!?”
കേട്ടവർ കേട്ടവർ നാലുപാടും നോക്കി.
സീക്കു ഭ്രാന്തു പിടിച്ചതുപോലെ രണ്ടു കയ്യും പൊക്കി അലറുകയാണ്.
സച്ചിക്ക് ഉള്ളൊന്നു പിടഞ്ഞു...!!?
സീക്കു ചതിച്ചുവെന്ന് മനസ്സിലായതും വേഗം വാതിലിനു നേർക്ക് നടന്നു.
ഇത് കേട്ട് അംഗശുദ്ധി വരുത്തിക്കൊണ്ടിരുന്ന അറബികളിൽ ആ ചെറുപ്പക്കാരൻ സച്ചിയോട് ചോദിച്ചു.
“നീ.. മുസ്ലീമല്ലെ..?”
സച്ചി വല്ലാത്ത ഭയപ്പാടോടെ വിറച്ച് മറുപടി പറഞ്ഞു
“അല്ല..!”
“നീയെന്തിനാ ഇതിനകത്ത് വന്നേ...?”
അപ്പോഴേക്കും സച്ചി ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. തൊണ്ട വരണ്ടു. വിക്കിവിക്കി പറഞ്ഞു.
“വെള്ളമെടുത്ത് മക്കീന ഓടിക്കാൻ..”
“എന്തു മക്കീന...?”
“പള്ളീലേക്ക് കറണ്ടു കൊടുക്കാൻ...”
കറണ്ടില്ലാത്തതു കൊണ്ട് വിയർത്തു കുളിച്ചിരുന്ന അറബിക്ക് കാര്യം വേഗം പിടി കിട്ടി.
അയാൾ വേഗം വാതിൽ തുറന്നു കൊടുത്തിട്ട് പറഞ്ഞു.
“നീ പൊക്കോ...!!”
സച്ചി വേഗം ക്യാനുമായി പുറത്തു കടന്നു.
അപ്പോഴും സീക്കു പള്ളിക്കകത്തും പുറത്തുമായി ഓടി നടന്ന് വിളിച്ചു കൂവുകയാണ്.

സച്ചി റോഡ് മുറിച്ചു കടന്ന് വേഗം ജനറേറ്റർ മുറിയിൽ കയറി.
റേഡിയേറ്ററിൽ വെള്ളമൊഴിക്കാനായി കോണിപ്പടി കയറിയതേയുള്ളു.
രണ്ടു മൂന്നു പോലീസ്സുകാർ ഓടിയെത്തി  ജനറേറ്റർ മുറി വളഞ്ഞു.
രണ്ടു പേർ അകത്തു കയറി ജനറേറ്ററിനു ചുറ്റും പരതി.
പുതിയതായി ആരേയും കാണാത്തതു കൊണ്ട് സച്ചിയോട് ചോദിച്ചു.
“വേറെയാരെങ്കിലും ഇങ്ങോട്ടു വന്നോ...?”
“ഇല്ല..”
സച്ചി താഴെയിറങ്ങി ജനറേറ്റർ ഓണാക്കി.
അതോടെ പള്ളിയും അമാറയും പരിസരവും വെളിച്ചത്തിൽ കുളിച്ചു.
പോലീസ്സുകാർ ഓടി വീണ്ടും പള്ളിയിലെത്തി. സീക്കുവിനോട് ചോദിച്ചു.
“എവിടെ നീ പറഞ്ഞ കാഫർ...?”
“അവനങ്ങ് മക്കീനാമുറിയിൽ ഉണ്ട്...”
“എന്നിട്ട് ഞങ്ങൾ കണ്ടില്ലല്ലൊ...”
“അവൻ അതിനകത്തുണ്ട്...!”

സച്ചി മുറി അടച്ച് കുറ്റിയിട്ട് റോഡിൽ കയറിയതും, അവനെ കൈ ചൂണ്ടി ഭ്രാന്തു പിടിച്ചതു പോലെ പള്ളി മുറ്റത്തു നിന്നും സിക്കു അലറി.
“ദാ അവൻ തന്നെ... അവനാ കാഫർ..!!”
പോലീസ്സുകാർ ഓടാൻ തുനിഞ്ഞതും സച്ചിയെ മാ‍ത്രം അവിടെ കണ്ട് അവർ നിന്നു.
അപ്പോഴേക്കും  പോലീസ്സ് മുഹമ്മദ് പള്ളിക്കകത്തു നിന്നും ധൃതിയിൽ  ഇറങ്ങി വന്നു.
അവനെ കണ്ടതും സച്ചി അവിടെത്തന്നെ നിന്നു.
അടുത്തേക്ക് വന്ന പോലീസ്സ് മുഹമ്മദ് ചോദിച്ചു.
“എന്താ സച്ചി... എന്തു പറ്റി..?”
സച്ചി ഒന്നും പറഞ്ഞില്ല. അവൻ നന്നായി വിയർക്കുകയാണ്. പേടി കെട്ടിയ മുഖത്ത് രക്തമയമില്ല. പൊലിസ്സ് മുഹമ്മദിനു പിന്നാലെ സീക്കുവും പോലീസ്സുകാരും അടുത്തെത്തി.

പോലീസ്സുകാർ പോലീസ്സ് മുഹമ്മദിനോട് എന്തൊക്കെയോ കുശുകുശുത്തു.
അപ്പോഴും സീക്കു നിന്നു വിറക്കുകയാണ്. അവന്റെ രോഷം അടങ്ങുന്നില്ല. സച്ചിയെ തൊട്ടുകാട്ടി ‘ഇവനാ പള്ളീൽ കയറി’യതെന്ന് വീറോടെ പറഞ്ഞു തീർന്നില്ല, പോലീസ്സ് മുഹമ്മദ് തിരിഞ്ഞു നിന്ന് കൈ നിവർത്തി സീക്കുവിന്റെ ഇടതു കരണത്ത് ഒന്ന് പൊട്ടിച്ചു.
“ഠേ...!!!”
എന്നിട്ട് പറഞ്ഞു.
“നിന്നെ താങ്ങിപ്പിടിച്ച് അവന്റെ മുറിയിൽ കൊണ്ടു പോയി ഭക്ഷണം തന്നതല്ലേടാ അവൻ...?!!”

 ചെവിയിലെ മൂളക്കം വിട്ടുമാറാൻ തല കുനിച്ചു നിന്ന സീക്കുവത് കേട്ടില്ലെന്നു തോന്നുന്നു.  ഉയർത്തിയ അവന്റെ കണ്ണുകളിൽ കൂടി പൊന്നീച്ച പറന്നത് കാരണം മറ്റൊന്നും കണ്ടില്ല.
എങ്കിലും ആ കണ്ണുകളിൽ പഴയ വന്യത ഇല്ലായിരുന്നു.
കണ്ണുകളിൽ നിന്നും ചുടുനീർ ഒലിച്ചിറങ്ങിയിരുന്നു.
പിന്നെ ഒന്നും ശബ്ദിക്കാതെ നിശ്ശബ്ദം താഴേക്ക് നോക്കി നിന്നതേയുള്ളു.
അപ്പോഴേക്കും പള്ളിയിൽ നിന്നും പ്രാർത്ഥനയുടെ സ്വരം മൈക്കിലൂടെ കേട്ടു തുടങ്ങി.
പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“സച്ചീ.. പ്രാർത്ഥന കഴിയുമ്പോഴേക്കും നീ നിന്റെ കൂട്ടുകാരനേയും വിളിച്ച് ഗേറ്റിലേക്ക് വാ... ഞാനവിടെ ഉണ്ടാകും..”
ശരിയെന്നു പറഞ്ഞ് സച്ചി നടന്നു.
പോലീസ്സുകാരും ചുറ്റും കൂടിയവരും പള്ളിയിലേക്ക് കയറി.
അമാറയുടെ ഗേറ്റ് കഴിഞ്ഞതും, അതുവരെ വിറപൂണ്ട് നിന്നിരുന്ന സച്ചി ഓടി.
ജീവിതത്തിൽ ഇത്രയും ഭീകരമായ ഒരു സംഭവത്തിന് ഇതുവരെ ഇരയായിട്ടില്ല.
രക്തം ഉറഞ്ഞു പോയ അവസ്ഥയിൽ നിന്നും മോചനം കിട്ടിയ ആശ്വാസത്തിൽ, ഒന്നു പൊട്ടിക്കരയാനുള്ള വെമ്പലോടെ സച്ചിയുടെ ഓടി അണച്ചുള്ള വരവ് കണ്ട് പന്തികേട് തോന്നിയ ഞാൻ ഓടിച്ചെന്നു. അടുത്തെത്തിയ അയാളെ തടുത്തു നിറുത്തിയതും സച്ചി കുഴഞ്ഞു വീണു...!
താങ്ങിപ്പിടിച്ച് തൊട്ടടുത്തു കിടന്നിരുന്ന ആമ്പുലൻസിന്റെ സൈഡിൽ ചാരിയിരുത്തി.
ഇതിനിടക്ക് കാര്യമറിയാതെ വിഷമിച്ച എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലായിരുന്നു.

ഞാൻ അകത്തു നിന്നും വെള്ളമെടുത്ത് ഓടി വന്നു.
ആദ്യം മുഖത്ത് വെള്ളം തളിച്ചു. ബാക്കി കുടിക്കാൻ കൊടുത്തു.
അത് കുടിച്ച് ഒരാശ്വാസം കിട്ടിയപ്പോഴാണ് സംഗതിയുടെ കിടപ്പും അവൻ തരണം ചെയ്ത അപകടാവസ്ഥയും മനസ്സിലാകുന്നത്...!
സച്ചി സംഭവം പറഞ്ഞു കൊണ്ടിരിക്കേത്തന്നെ ഞാൻ വിറച്ചു പോയി...!!
അതും ഈ നാട്ടിൽ...!!?
പോലീസ്സ് മുഹമ്മദിനും മറ്റു പോലീസ്സുകാർക്കും അവനെ പരിചയമുള്ളതുകൊണ്ടു മാത്രം രക്ഷപ്പെട്ടതല്ലെ. ഇല്ലെങ്കിലോ...!!?
“ഈശ്വരാ.... ഇവൻ ഇത്രക്ക് ചെകുത്താനോ...?”

നിസ്കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞ നേരത്ത് സച്ചിയോടൊപ്പം ഞാനും കൂടി അമാറയിലേക്ക് ചെന്നു. ഗേറ്റിൽ ഞങ്ങൾ നിൽക്കുമ്പോൾ പോലീസ്സ് മുഹമ്മദും സീക്കുവും മറ്റു പോലീസ്സുകാരും കൂടി അവിടേക്ക് വന്നു. മുറിയിൽ കയറിയിട്ട് പോലീസ്സ് മുഹമ്മദ് സീക്കുവിനെ കുറേ ചീത്ത പറഞ്ഞു. അതിലൊന്നും ഞങ്ങൾക്ക് താൽ‌പ്പര്യമുണ്ടായിരുന്നില്ല.
ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നതേയുള്ളു.
കുറച്ചു കഴിഞ്ഞ് പോലീസ്സ് മുഹമ്മദ് തന്നെ വിധിയും കൽ‌പ്പിച്ചു.
“നീയിനി ആശുപത്രിയിൽ ഇവരുടെ അടുത്ത്  പോകാൻ പാടില്ല. നിങ്ങളിനി പള്ളിയിൽ പോയി വെള്ളമെടുക്കണ്ട. ഇവിടെ അമാറയിൽ നിന്നും എടുത്താൽ മതി. ഇവനെ വിശ്വസിക്കാൻ കൊള്ളില്ല...!”
പിന്നെയും എന്തൊക്കെയോ പോലീസ് മുഹമ്മദ് പറഞ്ഞു കൊണ്ടിരുന്നു.
ഞങ്ങൾ യാത്ര പറയാൻ നേരം പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“ഇനി നിങ്ങൾ തമ്മിൽ വഴക്കൊന്നും വേണ്ട. പരസ്പ്പരം കൈ കൊടുത്ത് പിരിയ്..”
എന്നു പറഞ്ഞ് സീക്കുവിന്റേയും സച്ചിയുടേയും കൈകൾ കൂട്ടിമുട്ടിക്കാൻ ശ്രമിച്ചു.
സച്ചി അവന്റെ കൈ തട്ടിക്കളഞ്ഞ് പോലീസ് മുഹമ്മദിനോട് യാത്ര പറഞ്ഞ് തിരിഞ്ഞ് നടന്നു.

ഇനിയും സീക്കു മുറിയിൽ വന്നാൽ അവനെ ഇഞ്ച ചതക്കുന്നതു പോലെ എടുത്തിട്ട് ചതക്കണമെന്ന് ഞങ്ങൾ കണക്ക് കൂട്ടിയിരുന്നു. പക്ഷേ, മുഹമ്മദിന്റെ ഏകപക്ഷീയ തീർപ്പ് കാരണം അത് നടക്കാതെ പോയി. അതിൽ ഞങ്ങൾക്ക് നീരസമുണ്ടായിരുന്നെങ്കിലും, പോലീസ് മുഹമ്മദ് കൽ‌പ്പിച്ചതാണ് അവന് അർഹതപ്പെട്ട തീർപ്പെന്ന് കാലം സാക്ഷിപ്പെടുത്തിത്തന്നു.

കടയിൽ പോയ അബ്ദുളും എഞ്ചിനീയർ റോത്തയും വന്നപ്പോൾ ഉണ്ടായ സംഭവം ഞങ്ങൾ നിരത്തി. കുളി കഴിഞ്ഞ് അബ്ദുൾ ഒരു പൊതിക്കെട്ടുമായി സീക്കുവിന്റെ അടുത്തേക്ക് ചെന്നു.
സീക്കു നാ‍ട്ടിൽ  കൊടുത്തു വിടാനായി വാങ്ങിക്കൂട്ടിയ സാധനങ്ങളായിരുന്നു അതിൽ.
ആ പൊതിക്കെട്ട് സീക്കുവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു.
“നീ ഇത്രക്ക് വൃത്തികെട്ടവനാണോടാ...? നീയൊരു മുസ്ലീമാണോടാ...?
ഇനി നിന്റെ വീട്ടിൽ പോകുന്ന പ്രശ്നമേയില്ല. എന്തു വിശ്വസിച്ചു പോകും...?
നീ പറഞ്ഞതത്രയും സത്യമായിരിക്കുമെന്നന്താ ഉറപ്പ്...?
ചിലപ്പോൾ ഞാൻ ചെന്നു പെടുന്നത് നിന്നെ കാത്തിരിക്കുന്ന പോലീസ്സിന്റേയോ, അല്ലെങ്കിൽ നിന്നെ വെട്ടിക്കൊല്ലാൻ നടക്കുന്ന വല്ല നാട്ടുകാരന്റേയോ മുന്നിലാകും....?!”
സീക്കു യാചനയോടെ പറഞ്ഞു നോക്കിയെങ്കിലും അബ്ദുൾ ചെവിക്കൊണ്ടില്ല.

രണ്ടു ദിവസം കഴിഞ്ഞ് അബ്ദുൾ നാട്ടിലേക്ക് തിരിച്ചു.
ദിവസങ്ങൾ കഴിയവേ സീക്കു ആശുപത്രിയുടെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടപ്പു തുടങ്ങി. അതിനു മുൻപ് ഒരു ദിവസം അവൻ ഹസ്സർ ബായിയെ കാണാൻ ആശുപത്രി ഗേറ്റ് കടന്നതാണ്. ഗേറ്റിലെ മുറിയിലുണ്ടായിരുന്ന ബംഗ്ലാദേശികൾ അകത്തു കയറാൻ സമ്മതിച്ചില്ല.
സീക്കുവിനെ പിടിച്ച് പുറത്തു തള്ളി.
മറ്റൊരു ദിവസം അവൻ ബംഗ്ലാദേശികളോട് യാചിച്ചതായി കേട്ടു.
“ബായി... കുറച്ച് ചോറ് തരാമോ...?”
അപ്പോഴും അവർ അവനെ ആട്ടിയകറ്റി.

ബാക്കി  ഡിസംബർ 1-ന്.....

Saturday, 1 November 2014

നോവൽ. മരുഭൂമി.(27)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി.

തുടർന്നു വായിക്കുക...
ആദ്യപരോൾ...

അന്നു തന്നെ റോത്തയോടൊപ്പം അബ്ദുൾ കമ്പനി ഓഫീസ്സിലേക്ക് പോയി.
ഭാര്യാദുഃഖം സ്വന്തമായുള്ള അബ്ദുളിന് ഞങ്ങൾ രണ്ടു പേരും പൂർണ്ണ സമ്മതം നൽകി.
അതില്ലാത്ത ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞിട്ടായാലും മതിയല്ലൊ.
എങ്ങനെയെങ്കിലും ഭാര്യയെ കാണാനുള്ള ധൃതിക്ക് കിട്ടാനുള്ള പണമൊന്നും പ്രശ്നമായില്ല.
ടിക്കറ്റെങ്കിൽ ടിക്കറ്റ്. അത് മതി. അത് മാത്രം മതി...!!
അയാൾ ഓഫീസ്സിൽ നിന്നും കൊണ്ടു വരുന്ന സന്തോഷവാർത്തക്കായി ഞങ്ങളും കാത്തിരുന്നു....

പിറ്റേ ദിവസം വൈകുന്നേരമാണ് അബ്ദുൾ വരുന്നത്.
അടുത്ത മാസം ടിക്കറ്റ് ശരിയാക്കാമെന്നും നാട്ടിൽ പോകാൻ റെഡിയായിരിക്കാനും നിർദ്ദേശിച്ചാണ് പറഞ്ഞു വിട്ടത്. അടുത്ത മാസം രണ്ടു മാസത്തെ ശമ്പളം ഒരുമിച്ച് വരുന്നുണ്ടെന്ന വിവരം ഞങ്ങളിൽ അമൃതവർഷിണിയായി പെയ്തിറങ്ങി. അബ്ദുൾ ഞങ്ങളുടെയെല്ലാം വീടുകൾ സന്ദർശിക്കുമെന്ന് പറഞ്ഞത് അതിലേറെ സന്തോഷം തന്നു. അബ്ദുളിനെക്കൊണ്ടു തന്നെ വീട്ടിൽ കൊടുക്കാനായുള്ള  കുറച്ച് ചോക്ളേറ്റും രണ്ടോ മൂന്നോ സാരികളും വാങ്ങാൻ പ്ലാനിട്ടു.

ഏറെയും ഞങ്ങൾ എഴുതിക്കൂട്ടിയത് കത്തുകളായിരുന്നു.
മക്കയിൽ നിന്നും സുഹൃത്തുക്കൾ കത്തുകളുടെ കെട്ടുകൾ കൊടുത്തു വിടാൻ തുടങ്ങി.
നാട്ടിൽ ചെന്ന് എല്ലാ കത്തുകളും സ്റ്റാമ്പൊട്ടിച്ച് പോസ്റ്റ് ചെയ്യാൻ തന്നെ നല്ലൊരു തുക വേണ്ടി വരും.
ഞങ്ങളുടേതൊഴികെ മറ്റൊരു കത്തിലും സ്റ്റാമ്പൊട്ടിക്കില്ലെന്നും എല്ലാം കൂലിക്കാത്തായിട്ടേ അയക്കുകയുള്ളെന്നും അബ്ദുൾ ശപഥം ചെയ്തത് ഞങ്ങൾക്ക് തലകുത്തിക്കിടന്ന് ചിരിക്കാൻ വകയുണ്ടാക്കി. കിട്ടുന്ന ശമ്പളത്തിൽ നിന്നും ഞാനും സച്ചിയും കൂടി ഓരോ മാസത്തെ ശമ്പളം അബ്ദുളിനു ഗിഫ്റ്റ് ആയി കൊടുക്കാമെന്ന് ഉറപ്പു കൊടുത്തു.
ഏറേയും സാധനങ്ങൾ വാങ്ങിക്കൂട്ടിയത് സീക്കുവായിരുന്നു.

അബ്ദുൾ പോകുന്നതിന്റെ രണ്ടു ദിവസം മുൻപാ‍ണത് സംഭവിച്ചത്.
ഞങ്ങളുടെ രണ്ടു ജനറേറ്റർ ഒരുമിച്ച് കേടായി.
പിന്നെയുള്ള ഒരെണ്ണം ഇരുപത്തിനാലു മണിക്കൂറും നിർത്താതെ ഓടിക്കുകയായിരുന്നു. എഞ്ചിനീയർ റോത്ത ഒറ്റക്കായിരുന്നു വന്നിരുന്നത്.
ഒരെണ്ണത്തിന് സ്പെയെർ പാർട്ട്സ് ആവശ്യമായതിനാൾ നന്നാക്കാൻ കഴിയുമായിരുന്നില്ല. മറ്റൊരെണ്ണത്തിൽ ഓയിലും വെള്ളവും കൂടി കലർന്നതിനാൽ റേഡിയേറ്റർ മുഴുവൻ ഒരു തരം ഗ്രീസ് പോലെയുള്ള വസ്തുവിനാൽ നിറഞ്ഞിരുന്നു. അതു മുഴുവൻ നീക്കി വെള്ളവുമായി ഓയിൽ കലരുന്ന ഭാഗം  കണ്ടുപിടിച്ചപ്പോഴേക്കും സന്ധ്യയാകാറായി. ഞങ്ങൾ ഉച്ചക്കുള്ള ഭക്ഷണം പോലും കഴിക്കാതെയാണ് റോത്തയെ സഹായിക്കുന്നത്.

ഭക്ഷണമുണ്ടാക്കാൻ അകത്തു കയറിയാൽ, മുറി മുഴുവൻ ഓയിൽ കൊണ്ട് വൃത്തികേടാവും. അതുകാരണം  ഞങ്ങൾക്ക് ചായയും കുപ്പൂസും തന്നത് ബംഗ്‌ളാദേശികളായിരുന്നു. റോത്തയുടെ ബാഗിൽ നിന്നും ടിന്നിലടച്ച പാതിവേവിച്ച ട്യൂണയും കൂട്ടിയാണ് കുപ്പൂസ് കഴിച്ചത്. ഞങ്ങളുടെ പാന്റ്സും ഷർട്ടുമൊക്കെ ഓയിലിൽ കുളിച്ചിരുന്നു. അതിനാൽ അസ്സർ നിസ്കാരത്തിന് ബാങ്കു വിളിക്കാനുള്ള സൌകര്യത്തിന് പള്ളിയിലേക്ക് കറണ്ടു കൊടുക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ വേഷമതായതു കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.

അസ്സറിന് പതിവിലധികം സൌദികൾ കുടുംബ സമേതം അന്ന് ഹൈവേ മസ്ജിദിൽ എത്തിയിരുന്നു. അധികവും സ്ത്രീകളായതുകൊണ്ട് സീക്കു അക്ഷമയോടെ പള്ളിക്ക് ചുറ്റും നടപ്പു തുടങ്ങി. തന്റെ ബാങ്ക് വിളി അവരെയൊക്കെ കേൾപ്പിച്ച്, കിട്ടുന്നത് വാങ്ങിയെടുക്കാനുള്ള വെമ്പലായിരുന്നു സീക്കുവിന്. ഞങ്ങളെ കാണാത്തതുകൊണ്ട് തെറി പറയാനും ഞങ്ങളെ കാർപ്പിച്ച് തുപ്പി “പട്ടികൾ, കാണിച്ചു തരാം ഞാൻ...” എന്നൊക്കെ ദ്വേഷ്യത്തിൽ പറഞ്ഞ് ഭ്രാന്തു പിടിച്ചതു പോലെ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണോ ഓടുകയാണൊ എന്നു പറയാൻ കഴിയാത്ത ഒരവസ്ഥയിലാണ് പ്രകടനം.

നേരം വൈകുന്തോറും സീക്കുവിന്റെ ക്ഷമകേട് പ്രകടമാകൻ തുടങ്ങി.
ഓടി വാതിൽക്കൽ ചെന്ന് പള്ളിക്കകത്തേക്ക് എത്തി നോക്കും.
സ്ത്രീകൾ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ സീക്കുവിന് സഹിക്കാനാകുന്നില്ല.
ഉടനെ വാച്ചിലേക്ക് നോക്കും.
അന്ന് ഞങ്ങളിൽ വാച്ച് കെട്ടിയിരുന്ന ഒരേയൊരു ധനവാൻ സച്ചിയായിരുന്നു...!
അതും സ്വന്തം അളിയൻ സമ്മാനമായി കൊടുത്തത്.
‘ഗൾഫിൽ സമയത്തിനൊക്കെ വല്യ വിലയാ. ഇത് നിനക്കിരിക്കട്ടെ’യെന്നു പറഞ്ഞ് വിമാനത്താവളത്തിൽ വച്ച് ഊരിക്കൊടുത്തതായിരുന്നു.
“നമ്മൾക്ക് സമയമറിഞ്ഞിട്ട് എന്തു കാര്യം. അതു കൊണ്ട് ഈ വാച്ച് സീക്കു കെട്ടിക്കോട്ടെ അല്ലെ. അവനല്ലെ ബാങ്കു വിളിക്കുന്ന സമയം കൃത്യമായി അറിയേണ്ടത്.”
എന്നും പറഞ്ഞു നാട്ടിൽ നിന്നും കെട്ടിക്കൊണ്ടു വന്ന ആ വാച്ച് സീക്കുവിന് കൊടുത്തത് സച്ചിയാണ്.

പിന്നേയും ഞങ്ങളെ കാണാത്തതിനാൽ ദ്വേഷ്യം പിടിച്ച് ഓടി ആശുപത്രിയിലെത്തി.
ഞങ്ങൾ ഓയിലിൽ കുളിച്ച് പൊരിഞ്ഞ പണിയിലും.
അപ്പോഴും പണിയിലേർപ്പെട്ടു കൊണ്ടിരിക്കുന്ന ഞങ്ങളെ കണ്ടതും സീക്കുവിന്റെ മുഖത്ത് ദ്വേഷ്യം ഇരച്ചു കയറി.
“അവിടെ നിസ്ക്കാരത്തിന് നേരമായി. നിങ്ങളെന്താ ഈ കാണിക്കുന്നേ...? വേഗം വന്ന് ജനറേറ്റർ ഓൺ ചെയ്യ്..”
ഞാൻ പറഞ്ഞു.
“ഇരുട്ടുന്നതിനു മുൻപേ ഇത് ഓടിക്കേണ്ടതാ.. നിനക്കറിയാല്ലൊ, രണ്ടു ദിവസമായിട്ട് ആ ഒരെണ്ണം നിറുത്താതെ ഓടിക്കൊണ്ടിരിക്കാ... അതുകൊണ്ട് ഇപ്പോൾ ഇവിടെന്ന് പോരാൻ എഞ്ചിനീയർ സമ്മതിക്കില്ല. നീ പോ.. ഇന്ന് കറണ്ടില്ലാതെ വിളിക്ക്....”
കേട്ടതും സീക്കുവിന്റെ സ്വഭാവം തന്നെ മാറി. മുഖമാകെ ചുമന്നു.
“എനിക്കിതൊന്നും അറിയണ്ടാ... എനിക്കിപ്പോത്തന്നെ ജനറേറ്റർ ഓണാക്കണം. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും. എന്നെ നിങ്ങൾക്കറിയാഞ്ഞിട്ടാ.. ഞാൻ മഹാ ചീത്തയാ...!”
അത് കേട്ട് ഞങ്ങൾക്ക് ചിരി വന്നു.
സച്ചി പറഞ്ഞു.
“നിന്നെക്കുറിച്ച് നീതന്നെ വിശദമായി പറഞ്ഞു തന്നിട്ടുണ്ടല്ലൊ. ഇനി അതിനപ്പുറം എന്തു മനസ്സിലാക്കാനാ...ഹാ..ഹാ...!”
റോത്തയോടൊപ്പം 'ഓയിൽ ഫിൽറ്റർ' ഫിറ്റ് ചെയ്യുകയായിരുന്ന അബ്ദുൾ ഇറങ്ങി വന്നിട്ട് പറഞ്ഞു.
“നീയൊന്നു പോടാ സീക്കൂ...  നീ കാണുന്നില്ലേ. ഇന്ന് ഭക്ഷണം കൂടി ഉണ്ടാക്കിയിട്ടില്ലെന്ന് നിനക്കറിയില്ലേ. ഈ വേഷത്തിലെങ്ങനെ പള്ളീലേക്ക് വരും...”
സച്ചി ഇടക്ക് കയറി പറഞ്ഞു.
“ഡ്രെസ്സ് മാറണോങ്കിൽ അകത്ത് കയറണം. ഈ പണി തീർന്നിട്ട് വേണം കുളിക്കാൻ. അല്ലാതെ  പറ്റില്ലതിന്. ഇന്ന് നീ കറണ്ടില്ലാതെ ബാങ്ക് വിളിച്ചാൽ മതി. ചെല്ല്..”
“ നീ ഇനി വാട്ടാങ്ങ്ട്... ഞാൻ കാണിച്ചു തരാം. എന്നെ നിനക്കറിയില്ല.... ങ്ഹാ...!?”

ഇന്നലെ രാത്രി കൂടി ഞങ്ങളോടൊപ്പം കളിതമാശകൾ പറഞ്ഞ് കിടന്നുറങ്ങിയവനാ. അങ്ങനെയൊരു സൌഹൃദമൊന്നും അപ്പോഴത്തെ മുഖഭാവത്തിൽ ഇല്ലായിരുന്നു.
സീക്കു ചവിട്ടിക്കുത്തി തിരിഞ്ഞു നടന്നു.
ആ പോക്ക് കണ്ട് ഞങ്ങൾ മൂവരും കൂവി.
അതോടെ അവൻ തിരിഞ്ഞു നിന്ന് ഒന്നു കൂടി ഞങ്ങളെ നോക്കി.
“നിങ്ങക്ക് ഞാൻ വച്ചിട്ടുണ്ട്.... കാണിച്ചു തരാമെടാ മൈ....!”
വളരെ ക്രൂദ്ധമായിരുന്നു അവന്റെ ആ പിന്തിരിയൽ...!
ചവിട്ടിക്കൂട്ടിയുള്ള ആ പോക്കത്ര പന്തിയല്ലായിരുന്നു...?
അപ്പോഴേക്കും റോത്ത പറഞ്ഞു.
“ഭയങ്കരായിട്ട് വിശക്കുന്നു. നമുക്ക് പോയി എന്തെങ്കിലും വാങ്ങിയിട്ട് വരാം. കൂടെ ആരെങ്കിലും വാ...”

അതോടെ ഞങ്ങളും പണി നിറുത്തി.
പണി ഏതാണ്ട് കഴിയറായിരുന്നു.
ഇനി ഈ ജനറേറ്ററും ഫ്‌ളോറും കഴുകി വൃത്തിയാക്കണം.
അതിനി എന്തെങ്കിലും കഴിച്ചിട്ട് മതി.
റോത്തയോടൊപ്പം അബ്ദുൾ കടയിലേക്ക് പോയി.
അപ്പോഴേക്കും നമ്മൾക്കൊന്നു വിശ്രമിക്കാമെന്ന് പറഞ്ഞ് പുറത്തിട്ടിരുന്ന സ്റ്റൂളുകളിൽ ഞങ്ങൾ ഇരുന്നു. സീക്കു അപ്പോഴേക്കും അങ്ങകലേക്ക് എത്തിയിരുന്നു.
ഞാൻ സച്ചിയോട് പറഞ്ഞു.
“താനൊരു കാര്യം ചെയ്യ്. പോയി അമാറേലെ ജനറേറ്റർ ഓണാക്കിയിട്ട് വാ.. ഇന്ന് പെണ്ണുങ്ങൾ കണ്ടമാനം വന്നിരിപ്പുണ്ടാകും. അതാ സീക്കുവിനിത്ര  ദ്വേഷ്യം. അവന് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. നമ്മളായിട്ട് ഇല്ലാതാക്കണ്ട. ..ഞാനപ്പോഴേക്കും ഇതൊന്നു ക്ലീൻ ചെയ്യാം....”

ഞാൻ എഴുന്നേറ്റ് ഒരു ബക്കറ്റിൽ വെള്ളവും ഡീസലും തുല്യ അളവിൽ എടുത്ത് അതിനകത്ത് ഒരു ചെറിയ പാക്കറ്റ് വാഷിങ് പൌഡറും കലക്കി ജനറേറ്റർ ക്ലീൻ ചെയ്യാൻ തുടങ്ങി.
അപ്പോഴും സച്ചി പോകാതെ സ്റ്റൂളിൽ തന്നെ ഇരിക്കുകയാണ്.
“ചെല്ലടോ....”
“ഇതു മാറാതെ എങ്ങനെയാ ഞാൻ പോകുക..”
“അതു ഞാൻ ഇപ്പോ കഴുകിത്തരാം..”
എന്നു പറഞ്ഞ് 'ഫയർ പൈപ്പ്' ഓണാക്കി, അതിന്റെ ജെറ്റ് ആയാളുടെ നേരെ തിരിച്ചു പിടിച്ചു. വസ്ത്രങ്ങളും ശരീരവും മറ്റും മൊത്തം  ഓയിലിൽ കുളിച്ചിരിക്കുകയാണ്.
സച്ചിയെ ആ വെള്ളത്തിൽ ഒന്നു കുളിപ്പിച്ചു.
മണ്ണിലെ ടാങ്കിൽ നിന്നും വരുന്നതായതു കൊണ്ട് വെള്ളത്തിന് തണുപ്പായിരുന്നു.
ആ തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം.
അവൻ ഇരുന്നു തന്നു.
അതും കഴിഞ്ഞ് ഒന്നു കുത്തിപ്പൊക്കിയേപ്പിന്നെയാണ് സച്ചി എഴുന്നേറ്റത്.
ഒന്നു തോർത്തുക പോലും ചെയ്യാതെ അയാൾ എഴുന്നേറ്റ് നടന്നു.
കാരണം ഈ ചൂടിൽ ഞങ്ങളുടെ ഗേറ്റിൽ എത്തുമ്പോഴേക്കും വസ്ത്രം ഉണങ്ങിയിരിക്കും. അയാളുടെ  പോക്കിൽ നിന്ന് കണ്ണെടുത്ത് ഞാൻ എന്റെ ജോലിയിൽ മുഴുകി.
നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും ഇതു കൂടി കഴിഞ്ഞു കിട്ടിയാൽ എവിടേങ്കിലും ഒന്നു കിടക്കാമല്ലോയെന്ന ചിന്തയാണ് വിശ്രമിക്കാൻ നിൽക്കാതെ വീണ്ടും പണി തുടങ്ങിയത്.

സച്ചി നേരെ ജനറേറ്റർ മുറിയിലേക്ക്  ചെന്ന് റേഡിയേറ്ററിൽ വെള്ളത്തിന്റെ അളവ് നോക്കി.
ഒരു വിധം ലവലാണെങ്കിൽ ഒഴിക്കേണ്ടെന്ന് കരുതിയാണ് നോക്കിയത്.
പക്ഷേ വെള്ളം കുറവായതു കൊണ്ട് പാത്രമെടുത്ത് പള്ളിയിലേക്ക് നടന്നു.
ബാങ്ക് വിളിക്കേണ്ട നേരമായതു കൊണ്ട് സീക്കു മൈക്കില്ലാതെ തന്നെ ബാങ്ക് വിളി തുടങ്ങിയിരുന്നു. സച്ചി ഒതു എടുക്കുന്ന മുറിയിൽ കയറി പൈപ്പ് തുറന്ന് വെള്ളമെടുക്കാൻ തുടങ്ങി.
തൊട്ടടുത്തു തന്നെ രണ്ട് അറബികൾ രണ്ട് പൈപ്പിൻ ചുവട്ടിൽ അംഗശുദ്ധി വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ബാങ്ക് വിളി അവസാനിപ്പിച്ച് തിരിഞ്ഞു നടന്ന  സീക്കു കണ്ടത് പിറകിലെ മുറിയിൽ വെള്ളമെടുക്കാനായി കുനിഞ്ഞു നിൽക്കുന്ന സച്ചിയെയാണ്...!
പെട്ടെന്നവൻ നാലു പാടും നോക്കി.
പള്ളിക്കകത്ത് ധാരാളം ആളുകളുണ്ട്.
‘ഇതു തന്നെ പറ്റിയ അവസരം...!?’
സീക്കു പല്ലുകൾ തമ്മിൽ കടിച്ചു ഞെരിച്ചു.
പ്രതികാരം തലക്കു പിടിച്ച സീക്കുവിന്റെ കണ്ണുകൾ വിടർന്ന് ചുകന്നു.
ശ്വാസഗതി ക്രമം തെറ്റി...
ജാത്യാലുള്ള അവന്റെ വന്യത കണ്ണുകളിൽ പ്രകടമായി...
താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട സീക്കു വേഗം പള്ളിക്കകത്തു നിന്നും സച്ചിയുടെ പിന്നിൽ ചെന്ന് നിന്നു.
എന്നിട്ട്  നാലു പാടും നോക്കി.
പിന്നെ ഒട്ടും താമസിച്ചില്ല.
തൊട്ടടുത്ത് പുറത്തേക്കുള്ള വാതിലിൽ ഒരെണ്ണം അകത്തു നിന്നും അടച്ച് തണ്ടിട്ടു...!?
വേഗം എതിർവശത്തുള്ള  പുറത്തേക്കുള്ള അവസാന വാതിൽ കൂടി അടച്ച് തണ്ടിട്ടു....!?
സച്ചി ഇതൊന്നും അറിയാതെ വെള്ളം നിറച്ച പ്ലാസ്റ്റിക് ക്യാനുമായി നിവർന്നു...!??
 
ബാക്കി നവംബർ  15-ന്.  നെറികെട്ട സന്തതി...