Wednesday, 22 January 2020

കഥ.

  അനുവിന്റെ തിരോധാനം .. ഒരു ഫ്ലാഷ്ബാക്ക്

രചന:   കേരളേട്ടൻ + വീകെ.

                                                                   1

                   ലളിത സഹസ്രനാമം ചൊല്ലിത്തീര്‍ത്ത് കല്‍പ്പൂരം കത്തിച്ചപ്പോള്‍ സമാധാനമായി. യാത്ര കാരണം പതിവ് അനുഷ്ഠാനത്തിന്ന് ഒരു മുടക്കവും വന്നില്ലല്ലോ.. പൂജാമുറിയില്‍നിന്ന് പുറത്തിറങ്ങി ഹാളിലെ ക്ലോക്കിലേക്ക് നോക്കി. സമയം ആറ് അമ്പത്. അഞ്ചേമുക്കാലിന് ആരംഭിച്ച നാമജപമാണ്. കേരളേട്ടൻ മനസ്സിലോർത്തു.
''എപ്പോഴാ ഇറങ്ങേണ്ടത്'' മൂത്തമകന്‍ ചോദിച്ചു.
''ഏഴേകാല് കഴിഞ്ഞതും ഇറങ്ങാം''
''എന്നാല്‍ ഭക്ഷണം കഴിച്ചോളൂ'' കേരളേട്ടന്‍റെ ഭാര്യ സുന്ദരി പറഞ്ഞു.
'' ഇത്ര നേരത്തെ വയ്യ. ഞങ്ങള് തൃശ്ശൂരില്‍ നിന്ന് കഴിച്ചോളാം''.
'' അച്ഛന് പത്തന്‍സില്‍നിന്ന് റോസ്റ്റ് കഴിക്കാന്‍ വേണ്ടിയിട്ടാണ്''
മകന്‍ കളിയാക്കി.
''അതാ മോഹംച്ചാല്‍ അങ്ങിനെ ആവട്ടെ. പക്ഷെ ഒരു ഇഡ്ഢലിയും ചായയും കഴിച്ചിട്ടു പോയാല്‍ മതി. വെറും വയറോടെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പാടില്ല എന്നാ പറയാറ്''.

രാവിലെ കഴിക്കേണ്ട മരുന്നുകളും അതിനു മീതെ ഭാര്യ നല്‍കിയ ആഹാരവും കഴിച്ച് അവർ നീട്ടിയ മുണ്ടും ഷര്‍ട്ടും ധരിച്ച് കേരളേട്ടൻ ഇറങ്ങുമ്പോഴേക്കും മകന്‍ റെഡിയായി നില്‍ക്കുന്നു.
''രണ്ടാളല്ലേ ഉള്ളൂ. നാനോ പോരേ'' മകന്‍ ചോദിച്ചു.
''വലുതന്നെ എടുത്തോ. അച്ഛന്‍ ക്ഷീണിക്കണ്ടാ''  ഭാര്യ പറഞ്ഞതും അവന്‍ ഷെഡ് തുറന്ന് ടാറ്റാ സുമോ ഗ്രാന്‍ഡെ ഇറക്കി.
''ഏതു വഴിക്കാ പോവേണ്ടത്''
വലിയ വരമ്പു കഴിഞ്ഞ് റോഡില്‍ കയറിയതും മകന്‍ ചോദിച്ചു. ഷൊര്‍ണ്ണൂര്‍ വടക്കാഞ്ചേരി വഴി തൃശ്ശൂരിലേക്ക് ചെല്ലാം. ആലത്തൂര്‍ വടക്കഞ്ചേരി വഴി നാഷണല്‍ ഹൈവേയിലൂടേയും പോവാം.
''ഏതിലെയായാലും വിരോധമില്ല''
''എന്നാല്‍ ഹൈവേ വഴിക്കുതന്നെ ആവാം''.
പൊളിഞ്ഞുപോയ സിനിമാ തിയ്യേറ്റര്‍ കഴിഞ്ഞ് രണ്ടാമത്തെ പുഴയുടെ അരികിലെത്തുമ്പോഴേക്ക് മഞ്ഞ് കനത്തിരിക്കുന്നു.
''വല്ലാത്ത മഞ്ഞ്'' മകന്‍ പറഞ്ഞു
''കുപ്പിയിലെ വെളിച്ചെണ്ണ തണുത്ത് കട്ടിയായിരുന്നു. ചുടുവെള്ളത്തില്‍വെച്ച് ഉരുക്കിയിട്ടാണ് രാവിലെ ഞാന്‍ തേച്ചത്''.

കോട്ടായി എത്തുമ്പോഴേക്ക് മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ അമ്മാമന്‍റെ മകന്‍ പപ്പയാണ്.
''വിജയേട്ടാ, ഇന്നു വൈകുന്നേരം റിസപ്ഷന്ന് പോണ്ടേ''
''അഞ്ചുമണി മുതല്‍ എട്ടുമണിവരെയല്ലേ ടൈം. നമുക്ക് ആറരയോടെ പോവാം''
''അപ്പോഴേക്കും നമ്മള് വീടെത്ത്വോ'' കാള്‍ കട്ട് ചെയ്തതും മകന്‍ ചോദിച്ചു.
''നാലുമണിയോടെ നമുക്ക് അവിടെ നിന്ന് ഇറങ്ങാം''
'' രണ്ടു മണിക്കൂറു പോരെ വീടെത്താന്‍. അച്ഛന്‍ പങ്കെടുക്കുന്ന എത്രാമത്തെ മീറ്റാണ് ഇന്നത്തേത്..? ''
''തുഞ്ചന്‍പറമ്പില്‍ രണ്ടുതവണ മീറ്റിന്ന് ചെന്നിട്ടുണ്ട്. എറണാകുളത്തും കൊടുങ്ങല്ലൂരിലും ഓരോ പ്രാവശ്യവും''
അപ്പോഴേക്കും മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ കനകചന്ദ്രന്‍.
''ഉണ്ണ്യേട്ടാ, എഴുതി കഴിഞ്ഞ്വോ.?''.
ഹ്യൂമണ്‍ റൈറ്റ്സ് മിഷനുവേണ്ടി ഒരു ലേഖനം എഴുതാന്‍ അയാള്‍ ഏല്‍പ്പിച്ചിരുന്നു. അത് എഴുതിയോ എന്ന് അന്വേഷിച്ചതാണ്.
''എഴുതി കഴിഞ്ഞിട്ട് രണ്ടു ദിവസമായി. ഇന്ന് ഞാന്‍ സ്ഥലത്തില്ല. നാളെ വന്നോളൂ''.
സംഭാഷണം അവസാനിച്ചു.
''രമേഷ് പറഞ്ഞത് എഴുതിയോ'' മകന്‍ ചോദിച്ചു.
മണപ്പുള്ളി കാവ് വേലയ്ക്കുള്ള നോട്ടീസ് എഴുതാന്‍ രമേഷ് ഏല്‍പ്പിച്ചിരുന്നു. അതാണ് ചോദിച്ചത്
''എഴുതി അലമാറയുടെ മുകളില്‍ വെച്ചിട്ടുണ്ട്''.

വാഹനം കുഴല്‍മന്ദത്തെത്തിയപ്പോള്‍ ഡീസല്‍ ഒഴിക്കണ്ടേ എന്ന് കേരളേട്ടൻ അന്വേഷിച്ചു.
''അര ടാങ്കിന്ന് മുകളിലുണ്ട്. വരുമ്പോള്‍ ഒഴിക്കാം''.
ഹൈവേയില്‍ ഒട്ടും തിരക്കില്ല. വണ്ടിയുടെ വേഗം നൂറ് കടന്നു. വീണ്ടും ഫോണ്‍ ചിലച്ചു. ഇത്തവണ സോമനാണ്.
''വിജയേട്ടാ, അമ്പലത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. അവര് പണി മുടക്കും എന്ന് തോന്നുന്നു''.
''നമുക്ക് നാളെ മലബാര്‍ ദേവസ്വം ഓഫീസില്‍ചെന്ന് കാര്യം പറയാം. ഭണ്ഡാരം തുറന്നാല്‍ കൊടുക്കാനുള്ള പൈസ കിട്ടില്ലേ''.
''ഉണ്ടാവും. ആറുമാസമായി തുറന്നിട്ട്''.
''എന്നാല്‍ അങ്ങിനെയാവാം''.
''വേണ്ടാത്ത ഓരോ പുലിവാല് അല്ലേ...?” എല്ലാം കേട്ടിരുന്ന മകന്‍ ചോദിച്ചു.
''നമ്മളുടെ സ്വരൂപം വക ആറേഴ് ക്ഷേത്രങ്ങള്‍ ഉള്ളതുകൊണ്ട് ഒരു മെച്ചമുണ്ട്', മറ്റൊന്നും ഇല്ലെങ്കിലും ഇഷ്ടംപോലെ ദൈവങ്ങള്‍ ഉണ്ടല്ലോ..!''

കുതിരാനിലെത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങി റോഡുവക്കത്തുള്ള ഭണ്ഡാരത്തില്‍ പണം ഇട്ടു. വടക്കഞ്ചേരി മുതല്‍ വഴി മോശമാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതേയുള്ളു. വാളയാര്‍ മുതല്‍ വടക്കഞ്ചേരിവരെയുള്ള റോഡുപണി എന്നേ തീര്‍ന്നു. കൊയമ്പത്തൂര്‍ മുതല്‍ വാളയാര്‍ വരെയുള്ള പണിയും ഒന്നുമായിട്ടില്ല.
''ചില കാര്യങ്ങളില്‍ നമ്മള്‍ പാലക്കാടുകാര്‍ മിടുക്കന്മാരാണ്. നമ്മുടെ ഭാഗത്തെ ജോലി എത്ര പെട്ടെന്ന് തീര്‍ന്നു''  മകന്‍ പറഞ്ഞത് കേരളേട്ടൻ ശരി വെച്ചു.

കാറു നിര്‍ത്തി അല്‍പ്പനേരം കുതിരാനില്‍ തുരങ്കങ്ങളുണ്ടാക്കുന്ന പണി നോക്കി നിന്നതിന്നു ശേഷം യാത്ര തുടര്‍ന്നു. വീണ്ടും മൊബൈലില്‍ വിളിവന്നു. ഇത്തവണ കൃഷ്ണകുമാറാണ്. കേരളേട്ടന്‍റെ ''സൌമിത്രേയം'' എന്ന നോവലിന്ന് അവതാരികയും കവര്‍ ചിത്രവും അദ്ദേഹമാണ് തയ്യാറാക്കിയത്.
''ദാസേട്ടാ, ഒരു മിസ്ഡ് കാള്‍ കണ്ടല്ലോ'' അദ്ദേഹം പറഞ്ഞു.
''ഇന്ന് തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റുണ്ട്. കെ.കെ. വരുന്നോ എന്ന് ചോദിക്കാന്‍ വിളിച്ചതാണ്''.
''സോറീട്ടോ. ഇന്ന് ഒരുപാട് തിരക്കുണ്ട്''.
''അച്ഛന് ഇന്നത്തെ മീറ്റില്‍ പങ്കെടുക്കുന്നവരെ പരിചയമുണ്ടോ''
പൊടുന്നനെ മകന്‍ ചോദിച്ചു.
''സത്യം പറഞ്ഞാല്‍ സാബു കൊട്ടോട്ടിയെ മാത്രമേ നേരിട്ടറിയൂ. നല്ലൊരു സംഘാടകനാണ് അദ്ദേഹം.  വി.കെ.അശോകനേയും സുധിയേയും ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. വിനുവേട്ടനുമായി മെയിലിലൂടെ വിവരങ്ങള്‍ കൈമാറാറുണ്ട്''.
''അവിടെ ചെന്ന് അബദ്ധമാവ്വോ''.
''എന്തബദ്ധം. നമ്മള്‍ എത്തിയതും ഭക്ഷണം കഴിക്കും. എന്നിട്ട് യോഗ സ്ഥലത്തേക്ക് പോവും''.
''സ്ഥലം എവിടെയാണെന്ന് ചോദിച്ചിട്ടുണ്ടോ..?''.
''സ്ഥലമൊക്കെ പറഞ്ഞിരുന്നെങ്കിലും പരിചയമുള്ള പേരല്ല കേട്ടിട്ട്. ഇന്നലെ ഞാന്‍ സുധിയെ വിളിച്ചിരുന്നു. ഒമ്പതു മണിയോടെ അയാളും വി.കെ.യും റൌണ്ടില്‍ ഉണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്. ദൂരെ നിന്ന് എത്തുന്നവര്‍ക്ക് സ്ഥലമറിയില്ലെങ്കില്‍ അവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുകയോ കൂടെ കൂട്ടിക്കൊണ്ടു പോവുകയോ ചെയ്യാന്‍ അവര്‍ രണ്ടാളും ഉണ്ടാവും''.
''ആരാ ഈ സുധി''.
''മീറ്റിന്‍റെ സംഘാടകനാണ്. നിന്നെക്കാള്‍ പത്തു വയസ്സിന്ന് ഇളയതാണ് ആ കുട്ടി. എന്നെ സ്നേഹത്തോടെ കേരളേട്ടാ എന്നാണ് വിളിച്ചിരുന്നത്. എന്തോ എനിക്ക് അതത്ര പിടിച്ചില്ല. അങ്കിള്‍ എന്ന് വിളിച്ചാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു''.
''എന്നാല്‍ ഭക്ഷണം കഴിഞ്ഞതും അവരെ വിളിച്ചോളൂ. നമ്മളുടെ കൂടെ ആരെങ്കിലും വരുന്നെങ്കില്‍ വന്നോട്ടെ. എട്ടോ ഒമ്പതോ പേര്‍ക്ക് കാറില് സുഖമായി ഇരിക്കാലോ''.
''അങ്ങിനെ ചെയ്യാം. ഏതായാലും അവരുള്ളതുകൊണ്ട് നമ്മള് സ്ഥലം അറിയാതെ ബുദ്ധിമുട്ടേണ്ടി വരില്ല''.

എന്നാല്‍ അതല്ല ഉണ്ടായത്. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയശേഷം സുധിയെ വിളിച്ചു. മൊബൈല്‍ സ്വിച്ചോഫ്. അടുത്തതായി വി.കെ.യെ വിളിച്ചു
''കേരളേട്ടാ, സുധിയെ ഞാനും വിളിച്ചു. കോട്ടയത്തു നിന്ന് പുറപ്പെട്ടു എന്നു പറഞ്ഞു. പിന്നെ വിവരമൊന്നുമില്ല. വിളിച്ചു നോക്കുമ്പോള്‍ മൊബൈല്‍ സ്വിച്ചോഫാണ് എന്ന് പറയുന്നു. ഞാനിപ്പോള്‍ സുധിയെ കാത്ത് അങ്കമാലിയില്‍ നില്‍പ്പാണ്''.
''ഞാനെന്താ ചെയ്യേണ്ടത്..?''
''വിഷമിക്കേണ്ടാ. ഞാന്‍ വിനുവേട്ടനെ വിളിച്ചു പറയാം. അദ്ദേഹം ഉടനെ അവിടെയെത്തും''.
റൌണ്ടിലെ ഒരു ഓരത്ത് കാറുനിര്‍ത്തി അവർ വിനുവേട്ടനെ കാത്തു നിന്നു.

                                                2


“ഹല്ലോ.. സുധിയല്ലെ...?”
“അതെ.. ങാ അക്കോ,  എപ്പഴാ പുറപ്പെടാ..?”
“നിങ്ങളെപ്പഴാ കയറാ.. ആ വണ്ടിയിൽത്തന്നെ ഞാൻ അങ്കമാലിയിൽ നിന്നും കയറിക്കോളാം...”
“എങ്കിൽ ഞങ്ങൾ കോട്ടയം സ്റ്റാണ്ടിൽ നിന്നും ആറുമണിക്കുള്ള കോഴിക്കോട് ഫാസ്റ്റിന് കയറിക്കോളാം..”
“ഈ ഞങ്ങൾ ആരൊക്കെയാ...?”
“ഞാനും അനുവും. അവൾ ഒറ്റക്ക് വരൂല്ലാന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാ ഒരുമിച്ച് വരാമെന്ന് വച്ചത്..”
“അപ്പോൾ ദിവ്യയോ...?”
“അവൾ കോഴിക്കോട്ടാ. അവൾ തൃശ്ശൂർ റെയിൽ‌വേ സ്റ്റേഷനിൽ വരും. അവിടന്ന് കൂട്ടണം..”
“എങ്കിൽ ശരി... ഞാൻ അങ്കമാലിയിൽ നിന്നും നിങ്ങളുടേ വണ്ടിയിൽ കയറിക്കോളാം.. വിനുവേട്ടനും ബിലാത്തി മുരളിച്ചേട്ടനും കൂടി തൃശ്ശൂർ ബസ്സ്റ്റാന്റിൽ വാഗണറുമായി കാത്തുകിടക്കാമെന്നു പറഞ്ഞിട്ടുണ്ട്. എന്നിട്ട് എല്ലാവർക്കും കൂടി യോഗസ്ഥലത്തേക്ക് പോകാം...”
“ശരി ..ശരി.. അപ്പോൾ പറഞ്ഞതു പോലെ... ഇനി ഞാൻ ഇവിടന്നു കയറുമ്പോൾ വിളിക്കാം...”

അക്കോ മോബൈൽ പോക്കറ്റിലിട്ട് തന്റെ ചെറിയ ബാക്ക്പാക്കും പുറകിൽ തൂക്കി വെളുപ്പിനേ വീട്ടിൽ നിന്നിറങ്ങി. കാലത്തെ ആയതുകൊണ്ട് വഴിയിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. നേരം വെളുത്തിട്ടായിരുന്നെങ്കിൽ മെട്രോക്കാരുടെ പണി നടക്കുന്നതു കൊണ്ട് എവിടേയും തടസ്സങ്ങളായിരുന്നേനെ. ഒരു മണിക്കൂർ കൊണ്ടു തന്നെ അങ്കമാലി സ്റ്റാന്റിൽ എത്തി. സുധി വരാൻ ഇനിയും സമയമുണ്ട്.

ചായയും കുടിച്ച് ഇന്നത്തെ പത്രവും വാങ്ങി ഒരു കസേരയിൽ ഇരുന്ന് പത്രവായന തുടങ്ങി. ഒരു സിനിമാ നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമവും അതിന്റെ അനന്തരഫലങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ‌പേജുകൾ മുഴുവൻ.  നാലാളറിയുന്ന ഇത്തരം സെലിബ്രിറ്റികൾക്കു പോലും ജീവിതം സാദ്ധ്യമല്ലെങ്കിൽ, സാധാരണക്കാരുടെ ജീവിതാവസ്ഥ എന്തായിരിക്കും. പകുതി വായിച്ചു തീർന്നിട്ടും സുധിയുടെ വണ്ടി വന്നിട്ടില്ല. ഏതാണ്ട് എട്ടു മണി കഴിഞ്ഞിട്ടാണ് കോട്ടയത്തു നിന്നുള്ള കോഴിക്കോട് ഫാസ്റ്റ് സ്റ്റാന്റിൽ വന്നു നിന്നത്. ഇറങ്ങുന്ന യാത്രക്കാരെ ശ്രദ്ധിച്ച് ബാഗും പുറത്തു തൂക്കി അടുത്തേക്കു ചെന്നു. സുധിയെ അതിനകത്ത് കണ്ടില്ല. രണ്ടു സ്റ്റെപ്പ് അകത്തു കയറി നോക്കി. ഇല്ല.. സുധിയോ അനുവോ അതിനകത്തില്ലായിരുന്നു...?!

അക്കോ പുറത്തിറങ്ങി സുധിയെ മോബൈലിൽ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ടെങ്കിലും  എടുക്കുന്നില്ല. ബസ്സ് വന്നു, ഞാൻ കയറാൻ പോകുകയാണെന്ന് പറഞ്ഞ സുധിക്ക് എന്തുപറ്റി...?
ഇടക്കെവിടെ നിന്നോ ഈ ബസ്സിൽ കയറുമെന്നു പറഞ്ഞ അനുവിനും എന്തു പറ്റി..?
ബസ്സിനകത്ത് കയറണോ വേണ്ടയോയെന്ന് നിശ്ചയമില്ലാതെ അക്കോ ഒരു നിമിഷം പകച്ചു. വീണ്ടും സുധിയെ വിളിച്ചെങ്കിലും, എടുക്കുന്നുണ്ടായിരുന്നില്ല. ഇതിനിടയിൽ കോഴിക്കോട് ഫാസ്റ്റ് ഹൈവേയിലേക്ക് നീങ്ങി. അതും നോക്കി നിൽക്കാനേ അക്കോക്ക് കഴിഞ്ഞുള്ളു.

അപ്പോഴാണ് മോബൈൽ ശബ്ദിച്ചത്. പെട്ടെന്നെടുത്തു നോക്കി. സുധിയായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, കേരളേട്ടനായിരുന്നു. അവർ തൃശ്ശൂരെത്തിയിരിക്കുന്നു. ഉടനെ വിനുവേട്ടനെ വിളിച്ച് കേരളേട്ടനുമായി ബന്ധപ്പെടാൻ പറഞ്ഞു.

                                                            3


അനു വണ്ടിയിൽ കയറാമെന്നു പറഞ്ഞ സ്റ്റോപ്പിൽ ബസ്സ് നിറുത്തിയെങ്കിലും അനുമാത്രം അവിടെയില്ലായിരുന്നു. പതിനഞ്ചു മിനിട്ടു മുൻപു സുധിയെ വിളിച്ച് താനിവിടെ സ്റ്റോപ്പിൽ നിൽ‌പ്പുണ്ടെന്നും സുധി വണ്ടിയിൽ കയറിയെന്നും ഉറപ്പു വരുത്തിയിരുന്നതാണ്.
പിന്നവളെവിടെപ്പോയി...?
ഒന്നും മനസ്സിലാകാത്തതു കൊണ്ട് തൃശ്ശൂർക്ക് ടിക്കറ്റെടുത്ത സുധി അവിടെയിറങ്ങി. അവിടെ കടകൾ പൊതുവേ കുറവാണ്. ഒരു ചായക്കടയും അടഞ്ഞു കിടക്കുന്ന രണ്ടു മൂന്നു കടകളും മാത്രമേയുള്ളു. റോഡിന്നിരുവശവും റെബ്ബർത്തോട്ടങ്ങളാണ്. നേരം വെളുത്തു വരുന്നതേയുള്ളെങ്കിലും ആകെ ഇരുളടഞ്ഞതു പോലെയാണ്. ചായക്കടയിൽ കയറി ചോദിക്കാമെന്നു വിചാരിച്ച് രണ്ടടി നടന്നെങ്കിലും, പെട്ടെന്നു തോന്നിയ അങ്കലാപ്പിൽ ഒന്നു നിന്നു.
എന്തു പറഞ്ഞു ചോദിക്കും..?
അനു ഇവിടെ വന്നിരുന്നോയെന്നോ..?
അതിന് അവളുടെ ശരിയായ പേര് അനുവെന്നാണെന്ന് എങ്ങനെ ഉറപ്പിക്കും...?
വാട്ട്സപ്പിൽ ശരിയായ പേരു കൊടുക്കണമെന്ന് നിർബ്ബന്ധമൊന്നുമില്ലല്ലൊ. തന്നെയുമല്ല, ഒരു പക്കാ ഗ്രാമാന്തരീക്ഷമുള്ള അവിടെയിറങ്ങി ഒരു പെൺകുട്ടിയെപ്പറ്റി ചോദിച്ചാൽ ചിലപ്പോൾ വിവരമറിയും..!
അവിടെ അടുത്തെങ്ങും വീടുകളുമില്ല. സുധി വീണ്ടും അനുവിന് ഫോൺ ചെയ്തു നോക്കി. പഴയതു പോലെ തന്നെ, റിംഗ് ചെയ്യുന്നുണ്ട് ആരും എടുക്കുന്നില്ല.  വീണ്ടും അനുവിനെ വിളിച്ചു നോക്കി. ഒരു ഫലവുമുണ്ടായില്ല.

സുധിയുടെ ചിന്തകൾ കാടു കയറാൻ തുടങ്ങി.
ഒറ്റപ്പെട്ടൊരു സ്ഥലത്ത് സുന്ദരിയായ പെൺകുട്ടി ഒറ്റക്ക്  വന്നുപെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർത്തതും സുധി ഒന്നു നടുങ്ങി. കോട്ടയം സ്റ്റാന്റിലെ ടീവിയിലെ കാലത്തെയുള്ള ഞെട്ടിക്കുന്ന ന്യൂസും കണ്ടിട്ടാണ് ബസ്സിൽ കയറിയത്. ആളുകളറിയുന്ന ഒരു സിനിമാ നടിയായ പെൺ‌കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. അപ്പോൾ പിന്നെ പാവപ്പെട്ടൊരു ഗ്രാമീണ പെൺകുട്ടിയുടെ കാര്യം പറയണോ...!?

താനാണവളുടെ അവസാനത്തെ കോളറായി വിളിച്ചിട്ടുണ്ടാകുക. വല്ല അന്വേഷണവും വന്നാൽ ഞാനകത്തായതു തന്നെ...!
അപ്പോഴേക്കും ശരീരം വിറക്കാനും വിയർക്കാനും തുടങ്ങി. അനുവിന്റെ നമ്പറിൽ വീണ്ടും വിളിച്ചിട്ടും റിംഗ് ചെയ്യുന്നതല്ലാതെ ഒരു മറുപടിയും ഇല്ല. അടുത്ത വണ്ടിയിൽ കയറി അങ്കമാലിയിൽ അക്കോയുടെ അടുത്തേക്ക് പോയാലോയെന്ന് ചിന്തിച്ചു. അനുവിന്റെ വിവരമറിയാതെ എങ്ങനെയാണ് പോകുക. വല്ല അത്യാപത്തും പിണഞ്ഞതാണെങ്കിലോ...?
ശ്ശെ... ആകെ ധർമ്മസങ്കടത്തിലായല്ലൊ...

ചായ കുടിക്കാനായി കാർന്നോന്മാർ ഓരോരുത്തരായി വരാൻ തുടങ്ങിയിരുന്നു. സുധിയും കയറിയിരുന്ന് ഒരു ചായപറഞ്ഞു. ചായക്കടക്കാരൻ ചായ കൊണ്ടു വച്ചപ്പോൾ സുധിയെ സൂക്ഷിച്ചൊന്നു നോക്കിയതും ചോദിച്ചു.
“ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലൊ...?”  കേട്ടതും സുധി നടുങ്ങിപ്പോയി.
ശരിയാണ്, അതാണ് ഗ്രാമത്തിന്റെ പ്രത്യേകത. ഗ്രാമവാസികൾ എല്ലാവരും പരസ്പ്പരം തിരിച്ചറിയുന്നവരാണ്. അയൽ‌പക്കക്കാരെപ്പോലും പരിചയമില്ലാത്ത പട്ടണവാസികകളെപ്പോലെയല്ല. അതുകൊണ്ടു തന്നെ ചായക്കടക്കാരന്റെ ചോദ്യത്തിന് സൂക്ഷിച്ച് മറുപടി പറഞ്ഞില്ലെങ്കിൽ പണി പാളും. സുധി ചായ ഒരിറക്ക് കുടിച്ചിട്ട് സാവധാനം പറഞ്ഞു.
“എനിക്ക് മൂന്നാറിനു പോകണമായിരുന്നു. വണ്ടി മാറിക്കയറിയത് ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത്...”

സംഗതിയുടെ കിടപ്പ് ചായക്കടക്കാരന് പിടികിട്ടിയെന്നു തോന്നുന്നു. അയാൾ പിന്നൊന്നും ചോദിക്കാതെ തന്റെ ജോലിയിലേക്ക് തിരിഞ്ഞത് ഒരു കണക്കിന് ഭാഗ്യമായി. ചായ കുടിച്ചിരിക്കുമ്പോഴും സുധിയുടെ ചിന്തകൾ പായുകയായിരുന്നു.
‘എന്നാലും ഈ അനു എവിടെപ്പോയി... ഇത്ര നേരമായിട്ടും വരാത്തതെന്താ...?’

റബ്ബർ തോട്ടത്തിനിടയിലൂടെ വീതി കുറഞ്ഞ വഴിത്താരകൾ റോഡിനിരുവശത്തുമുണ്ട്. അനുവിന്റെ വീട് റോഡിനപ്പുറമാണോ ഇപ്പുറമാണോ...? ദിശയറിയാതെ എങ്ങനെയാണ് അന്വേഷിച്ചു പോകുക. തന്നെയുമല്ല, ഇനിയും ഈ നാൽക്കവലയിൽ തങ്ങുന്നത് നല്ലതിനല്ല. എത്രയും വേഗം ഇവിടന്നു പോകണം. പക്ഷേ, അനുവിന്റെ ഒരു വിവരവും അറിയാതെ എങ്ങനെയാണ് പോകുക.

തൃശ്ശൂരിലെ ബ്ലോഗുമീറ്റിംഗിന് പങ്കെടുക്കണമെന്നും എല്ലാവരേയും നേരിട്ടു കാണണമെന്നും, ബാംഗ്ലൂരിനു പോകുന്ന വഴി വീട്ടുകാരറിയാതെ തൃശ്ശൂരെറങ്ങാമെന്നും , അത് കഴിഞ്ഞ് ബാംഗ്ലൂർക്ക് ട്രെയിനിന് കയറ്റിവിട്ടിട്ടേ സുധി പോകാവൂയെന്നും നേരത്തെ തന്നെ അനു  ചട്ടംകെട്ടിയിരുന്നത് ഓർമ്മയിലെത്തി.
അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. അനുവായിരിക്കുമെന്നു വിചാരിച്ചാണ് എടുത്തത്. വിനുവേട്ടനായിരുന്നു. സുധി നടന്ന സംഭവങ്ങൾ വിശദീകരിച്ചു കൊടുത്തു. ‘അവൾ തിരിച്ചു വിളിക്കാത്തതു കൊണ്ടാണ് സംശയമാകുന്നത്..’ അതും പറഞ്ഞ് സുധിയുടെ ശബ്ദം വിറകൊണ്ടു.
അതോടെ സുധിയുടെ ഫോണിന്റെ ചാർജ്ജ് തീർന്നു തുടങ്ങിയിരുന്നു. സുധി ഫോൺ ഓഫാക്കി വച്ച നേരത്താണ് ദിവ്യയുടെ ഫോൺ വന്നത്. കാര്യങ്ങൾ മുഴുവൻ പറയാൻ ചാർജ്ജുണ്ടായില്ല. വിനുവേട്ടനെ വിളിക്കെന്നുമാത്രം പറഞ്ഞു ഫോൺ ഓഫാക്കി.

ദിവ്യ കോഴിക്കോട്ടു നിന്നും തൃശ്ശൂരെത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. റെയിൽ‌വേസ്റ്റേഷനിൽ സുധി കാത്തു നിൽക്കാമെന്നും. ദിവ്യ വിനുവേട്ടനെ വിളിച്ചപ്പോഴാണ് സുധി ഇനിയും എത്തിയിട്ടില്ലെന്ന് അറിയുന്നത്. അതോടെ ദിവ്യ കാര്യമറിയാതെ സങ്കടപ്പെടാൻ തുടങ്ങി. ബിലാത്തി മുരളിച്ചേട്ടനെ കേരളേട്ടനോടൊപ്പം നിറുത്തിയിട്ട്,  വിനുവേട്ടൻ പോയി ദിവ്യയെ റെയി‌ൽവേസ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടു വന്നു. എല്ലാവർക്കും എല്ലാവരേയും അറിയാമെങ്കിലും പരസ്പ്പരം കാണുന്നത് ആദ്യമാണ്. ബ്ലോഗിൽക്കൂടിയും വാട്ട്സപ്പിൽക്കൂടിയും സുഹൃത്തുക്കളായവർ.  വിനുവേട്ടൻ, സ്വന്തം ഭാര്യ നീലത്താമര, ബിലാത്തി മുരളിച്ചേട്ടൻ, കേരളേട്ടൻ, കേരളേട്ടന്റെ മകൻ പിന്നെ സുധിയുടെ ഭാര്യ ദിവ്യ.

എല്ലാവരും കൂലങ്കുഷമായ ആലോചനയിലും ചർച്ചയിലും ആഴ്ന്നിറങ്ങി. അനുവിനെക്കുറിച്ച് ഒരു വിവരവുമില്ലാതായതാണ് പ്രശ്നമായത്. ഇപ്പോൾ സുധിയെ വിളിച്ചിട്ടും കിട്ടുന്നുമില്ല. സുധിയുടെ ഫോണിന്റെ ചാർജ്ജ് തീർന്നുകാണുമെന്ന് വിനുവേട്ടൻ ഓർമ്മിപ്പിച്ചു. എന്നിട്ടും ദിവ്യയുടെ സങ്കടം മാറുന്നില്ല.
“നമ്മളെ വിശ്വസിച്ച് വീട്ടിൽ നിന്നിറങ്ങിയതാണാ കുട്ടി. അപ്പോൾ അയാളെ കണ്ടെത്തേണ്ട അല്ലെങ്കിൽ എന്താണവിടെ സംഭവിച്ചതെന്നറിയേണ്ട ഒരു ഉത്തരവാദിത്വം നമ്മൾക്കുണ്ട്.”  കൂട്ടത്തിൽ കാർന്നോരായ കേരളേട്ടന്റെ വാക്കുകൾക്ക് എല്ലാവരും അടിവരയിട്ടു.
“എങ്കിൽ‌പ്പിന്നെ സംസാരിച്ച് സമയം കളയണ്ട. നേരെ കോട്ടയത്തിനു വിടാം.”
ബിലാത്തിച്ചേട്ടൻ രണ്ടും കൽ‌പ്പിച്ചിറങ്ങി.
“എന്തായാലും രണ്ടു വണ്ടി വേണ്ടല്ലൊ. സുമോയിലാവുമ്പോൾ ഒരുമിച്ച് പോകാം.” കേരളേട്ടന്റെ നിദ്ദേശം ആരും എതിർത്തില്ല. അതാണ് നല്ലതെന്ന്  എല്ലാവർക്കും തോന്നി.

അവസാനം വിനുവേട്ടന്റെ വാഗണർ റൌണ്ടിൽ ഒഴിഞ്ഞ ഒരിടത്ത് പാർക്ക് ചെയ്തിട്ട് കേരളേട്ടന്റെ ടാറ്റാ സുമോയിൽ എല്ലാവരും കൂടി അനുവിനും സുധിക്കും എന്തുപറ്റിയെന്നറിയാൻ കോട്ടയത്തിനു പോകാൻ തെയ്യാറായി. ആ വിവരം അങ്കമാലിയിൽ നിൽക്കുന്ന അക്കോയെ വിളിച്ചു പറയാനും മറന്നില്ല. അക്കോ അപ്പോൾത്തന്നെ ഈ വിവരം സുധിയുടെ ഫോണിലേക്ക് വാട്ട്സപ്പിൽ മെസ്സേജയച്ചു.
‘താൻ അവിടെത്തന്നെ നിൽക്കുക. ഞങ്ങൾ അങ്ങോട്ടു വരികയാണ്.’
അങ്കമാലിയിൽ നിന്നും അക്കോയെ കയറ്റി അവിടന്ന് ലഘുഭക്ഷണവും കഴിച്ച് വീണ്ടും കോട്ടയത്തിനു വച്ചു പിടിച്ചു

                                                       4


 ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞ നേരത്താണ് സുധി പറഞ്ഞ കവലയിൽ എത്തിയത്. സുധി അവിടെ ബസ്റ്റോപ്പിലെ അടക്കാമര ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. എല്ലാവരും എത്തിയതോടെ സുധിയുടെ വിളറിവിരണ്ട മുഖം ഒന്നു തെളിഞ്ഞു. സുധിയെ എല്ലാവരും പരിചയപ്പെട്ടു. അവിടെയിറങ്ങി ചർച്ചയിൽ മുങ്ങി. ദിവ്യയുടെ ഫോൺ വാങ്ങി  സുധി അനുവിനെ വിളിച്ചു. ഇത്തവണ ഫോൺ അവൾ എടുത്തു. കിട്ടിയ വഴി ഒരു മുട്ടൻ തെറിയാണ് സുധിയുടെ വായിൽ വന്നതെങ്കിലും കടച്ചമർത്തി. പിന്നെ സംയമനം പാലിച്ച് സാവധാനം ചോദിച്ചു.
“നീയെവിടാ... നീയെന്താ വരാഞ്ഞെ... നിനക്കെന്താ പറ്റിയേ....?”
സംയമനം ചെറിയ തോതിലൊന്നുമായിരുന്നില്ല കടിച്ചമർത്തിയത്.
സുധി ശരിക്കും വിറക്കൊള്ളുകയായിരുന്നു.
“ഒന്നും പറയണ്ടാ ന്റെ.. സുധി.. വല്ലാത്ത ഒരു ആപ്പിൽ പെട്ടുപോയി. അത് ഞാൻ പിന്നെ പറയാം. ഇപ്പോ‍ൾ ഇതു പറ.. എല്ലാവരും എത്തിയോ...? എല്ലാവരേയും കണ്ടുവോ... മീറ്റിംഗ് തുടങ്ങിയോ...?”
സുധി ഫോൺ ചെവിയിൽ നിന്നും മാറ്റി അകത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു. ദ്വേഷ്യം ആ മുഖത്തേക്കിരച്ചു കയറി.
“അവക്കിപ്പോൾ അതറിയാഞ്ഞിട്ടാ സൂക്കേട്. ഇവിടെ മനുഷ്യൻ നിലത്ത് നിൽക്കാതെ തീപിടിച്ച് നടക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി...!”

ദ്വേഷ്യം വന്നാൽ എന്തുണ്ടാവുമെന്നറിയാവുന്ന ദിവ്യ, കണവന്റെ വിറപൂണ്ട കൈകളിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി സംസാരിക്കാൻ തുടങ്ങി.
സുധി മറ്റുള്ളവരോടായി പറഞ്ഞു.
“അവൾ എവിടെയാണെന്നതിനല്ല മറുപടി പറയുന്നത്. അവിടെ ബ്ലോഗ് മീറ്റിംഗ് എങ്ങനെയുണ്ട്, എല്ലാവരും എത്തിയോ, എല്ലാവരേയും പരിചയപ്പെട്ടോ.. ഇതൊക്കെയാ അറിയേണ്ടതെന്ന്....”
ബിലാത്തിച്ചേട്ടൻ പറഞ്ഞു.
“അവൾക്ക് അതിൽ പങ്കെടുക്കാൻ അത്രയേറെ ആശയുണ്ടായിരുന്നൂന്നല്ലെ അതിനർത്ഥം. നീ അവളെ അന്വേഷിച്ച് ഇവിടെയിറങ്ങിയതൊന്നും അവളറിയുന്നില്ലല്ലൊ. അവളെ കാണാതായപ്പോൾ നീ ആ വണ്ടിക്ക് തന്നെ തൃശ്ശൂർക്ക് പോയെന്നായിരിക്കും അവൾ കരുതിയിരുന്നത്...”
അതായിരിക്കാം സംഭവിച്ചതെന്ന് എല്ലാവർക്കും മനസ്സിലായി. അതോടെ സുധിയുടെ രോഷം കുറച്ചു ശമിച്ചു.

ദിവ്യ സ്വൽ‌പ്പം മാറി നിന്ന് അനുവുമായി സംസാരിക്കുന്നുണ്ടായിരുന്നു അപ്പോഴും. ഏറെക്കഴിഞ്ഞാണ് ദിവ്യ ഫോൺ സംസാരം അവസാനിപ്പിച്ചത്. ദിവ്യ എന്താണ് പറയാൻ പോകുന്നതെന്നറിയാനായി എല്ലാവരും ചെവിയോർത്തു.
“പാവം, അവളെ ചീത്ത പറയണ്ടാട്ടൊ ആരും. അവൾ പോകാനായി ഇവിടെ വന്ന് നിന്നതാ. ബസ്സു വരാൻ അഞ്ചു മിനിട്ടു കൂടിയുള്ളപ്പോഴാ ഒരു കാർ ഇവിടെ കൊണ്ടു വന്നു നിറുത്തി. അതിലവളുടെ അമ്മാച്ചനും കുടുംബവും. അവരങ്ങു പാലായിൽ നിന്നും വരുന്നവരായിരുന്നു. അനു വെളുപ്പിനു തന്നെ പോകുമന്നറിഞ്ഞിട്ടു തന്നെയായിരുന്നു അവരുടെ വരവും. അതല്ല രസം,  അമ്മാച്ചനും കുടുംബവും ഇന്നു വരുമെന്നറിഞ്ഞിട്ടു തന്നെയായിരുന്നു അനു വെളുപ്പിനേ തന്നെ ഇവിടം വിടാൻ ശ്രമിച്ചതും...!?”
“അപ്പോ.. അമ്മാച്ചനും മരുമോളും കൂടി  ഒളിച്ചു കളിയായിരുന്നുവല്ലെ...?” വിനുവേട്ടന്റെ ചോദ്യം എല്ലാവരിലും ചിരിയുണർത്തി. ദിവ്യ വീണ്ടും പറഞ്ഞു തുടങ്ങി.
“എന്താ കാര്യംന്നു വച്ചാ... അനുവിനോട് കല്യാണം കഴിക്കാൻ പറയുമ്പോഴൊക്കെ അവളൊഴിഞ്ഞു മാറും. പറ്റുമെങ്കിൽ പെണ്ണു കാണാൻ വരുന്നതിനു മുന്നേ അവൾ ബാംഗ്ലൂർക്ക് മുങ്ങും. ഇതായിരുന്നു പതിവ്. ഇത്തവണ അവളുടെ വീട്ടുകാരും ആമ്മാച്ചനും കൂടി പറ്റിച്ച പണിയാ ഇന്നത്തേത്. ഇവിടെ വന്ന് അമ്മാച്ചനും കുടുംബവും ബലമായിട്ട് പിടിച്ചകത്തിട്ട് കൊണ്ടു പോയി. കാറിൽ കയറിയപ്പോൾത്തന്നെ അവളുടെ ഫോൺ അവർ തട്ടിപ്പറിച്ചെടുത്തു...”
സുധിയുടെ ദ്വേഷ്യമൊക്കെ എവിടെ പോയെന്നറിയില്ല. ദിവ്യ പറഞ്ഞു നിറുത്തിയപ്പോൾ തന്നെ സുധി ഫോൺ വാങ്ങി വീണ്ടും വിളിച്ചു.
“ എടീ.. ആ ബസ് സ്റ്റോപ്പിന്റെ  ഏതുവശത്താ നിന്റെ വീട്...?”
“ആ ഷെഡ്ഡില്ലെ.. അതിന്റെ നേരെ എതിർ വശത്തേക്കൊരു ചെറിയ റോഡില്ലെ.  അതിലേ വരണം എന്റെ വീട്ടിലേക്ക്. അവിടന്നു നോക്കിയാൽ കാണാം എന്റെ വീട്. ഒരു നീല പെയിന്റടിച്ച മതിലാ..”
സുധി കൈ ചൂണ്ടിക്കാണിച്ച വശത്തേക്ക് എല്ലാവരും നോക്കി. അവിടെ നീല പെയിന്റടിച്ച മതിലിന്റെ ഒരു ഭാഗം റബ്ബർത്തോട്ടങ്ങൾക്കിടയിൽ കാണാം.

എല്ലാവരും കാറിൽ കയറി ആ നീല പെയിന്റടിച്ച വീട് ലക്ഷ്യമാക്കി തിരിച്ചു. സുധി സംസാരം നിറുത്താതെ തന്നെ അനുവുമായി സംസാരിച്ചു കൊണ്ടിരുന്നു. ഗേറ്റിന്റെ മുന്നിലെത്തിയതും കണ്ടു, അനു മുൻവശത്തെ നടക്കല്ലിലിരുന്ന് ഫോണിൽ സംസാരിക്കുന്നത്. റെബ്ബർ തോട്ടങ്ങൾക്കിടയിൽ സാമാന്യം തരക്കേടില്ലാത്ത ഒരു വാർക്ക വീടായിരുന്നു അത്. പുതുതായി പെയിന്റടിച്ച് ഭംഗിയാക്കിയിരുന്നു.

ഗേറ്റിന്റെ മുന്നിൽ കാർ നിറുത്തി സുധി ആദ്യം ഇറങ്ങി.  അനു അത് കാണുന്നുണ്ടെങ്കിലും ഗൌനിക്കുന്നില്ല. ഫോണിൽ സുധിയോടുള്ള സംഭാഷണത്തിലാണ് മനസ്സ്. പിന്നാലെ ദിവ്യയിറങ്ങുന്നതു കണ്ടിട്ടും ഗൌനിക്കാതെ ഫോൺ സംഭാഷണം തുടർന്നെങ്കിലും അവൾ പതുക്കെ എഴുന്നേക്കാൻ തുടങ്ങി. അതോടെ സംസാരം നിലച്ചു. ഫോൺ ചെവിയിൽ തന്നെ പിടിച്ചു കൊണ്ടിരിക്കുകയാണ്. വണ്ടിയിൽ നിന്നും കൂടുതൽ ആളുകൾ ഇറങ്ങുന്നതു കണ്ടതോടെ അനുവിന്റെ ചങ്കൊന്നു പിടച്ചു. മുന്നോട്ടൊന്നു നീങ്ങിയതാണെങ്കിലും പെട്ടെന്ന് രണ്ടടി പിന്നോട്ടം വച്ചു. പിന്നെ തോന്നി സുധിയല്ലെ അത്...? അയ്യോ.. ദിവ്യ...!?
സുധി ഫോണിലൂടെ തന്നെ പറഞ്ഞു.
“അതേടി. ഞാൻ തന്നെ. ഞാൻ മാത്രമല്ല, ഞങ്ങളെല്ലാവരുമുണ്ട്. ഇത്രയും നേരം നീ ഞങ്ങളെയിട്ട് വട്ടം കറക്കിയതിന് നിനക്കിട്ടൊരു പണി തരാൻ കണക്കാക്കിയാ വരുന്നത്...!?”

കണ്ണൂ തള്ളി നിൽക്കുന്ന അനുവിനെ നോക്കി എല്ലാവരും ഗേറ്റ് കടക്കാൻ തുടങ്ങിയതും, അനുവിന്റെ വെപ്രാളം ചിരിക്കു വക നൽകി. അനു വെപ്രാളപ്പെട്ട് അകത്തേക്കു നോക്കും പിന്നെ പുറത്തേക്കു നോക്കും. എന്തോ കണ്ട് വല്ലാതെ ഭയപ്പെട്ടതു പോലുള്ള അനുവിന്റെ മുഖം ഏറെ നേരം കണ്ടു നിൽക്കാനായില്ല. എന്നെയിട്ട് വട്ടം കറക്കിയതിന് ഒരു പണി കൊടുക്കണമെന്നു  പറഞ്ഞു വന്ന സുധിയുടെ മനസ്സ് തന്നെ ആദ്യം അലിഞ്ഞു. അനുവിന്റെ മുഖത്തൊരു പുഞ്ചിരി കളിയാടിയെങ്കിലും പിന്നാലെ വരുന്ന അപരിചിതരെ കണ്ട് മുഖം വീണ്ടും വിളറി. അപ്പോഴേക്കും വാതിൽക്കലും ജനാലക്കലും കൊച്ചു കൊച്ചു മുഖങ്ങളും വലിയ മുഖങ്ങളും നിരക്കാൻ തുടങ്ങി. അടുത്ത ഏതോ പെണ്ണുകാണൽ പാർട്ടിയാണെന്നായിരിക്കും അവരെല്ലാം ധരിച്ചത്.

എല്ലാവരും അനുവിന്റെ ചുറ്റും കൂടി വളഞ്ഞു നിന്നു. അനുവിന്റെ അമ്പരപ്പു കുറക്കുകയായിരുന്നു ഉദ്ദേശം. അപ്പഴേക്കും അനുവിന്റെ അപ്പച്ചൻ ഇറങ്ങി വന്നു. അനുവിന്റെ കൂട്ടുകാരാണെന്നറിഞ്ഞതോടെ അവരുടെ അമ്പരപ്പ് കൂടി. ഞങ്ങളെ അകത്തേക്ക് വിളിച്ച് ഇരിക്കാൻ പറഞ്ഞു.
“ഇതാരൊക്കെയാണെന്നു പറഞ്ഞു താ മോളേ...?”
അതു കേട്ട് അനു നിന്ന് വിളറി. ഇതാരൊക്കെയാണെന്ന് തനിക്കു പോലും അറിയില്ല. ആകെ സുധിയേയും ദിവ്യയേയും മാത്രമേ ഫോട്ടോ കണ്ടെങ്കിലും പരിചയമുള്ളു. മറ്റുള്ളവരെയൊന്നും ഒരു പരിചയവും തോന്നുന്നില്ല. അനുവിന്റെ ചളിപ്പു കണ്ട് അക്കോ സഹായത്തിനെത്തി. അക്കോ കസേരയിൽ നിന്നെഴുന്നേറ്റ് നിന്നിട്ട് അനുവിന്റെ അപ്പച്ചനെ നോക്കി പറഞ്ഞു.
“ ആദ്യം തന്നെ നിങ്ങളോടെല്ലാവരോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. കാരണം, ഒരു മുന്നറിയിപ്പുമില്ലാതെയുള്ള ഈ വരവിന്. സത്യത്തിൽ അനുവിനു പോലും അറിയില്ല, ഞങ്ങളിന്നു വരുമെന്ന്...!”
അനുവിന്റെ ബന്ധുക്കൾ എല്ലാവരും അനുവിനെ നോക്കി കണ്ണുരുട്ടി. അനുവിന്റെ അപ്പച്ചൻ പറഞ്ഞു.
“അതു സാരമില്ല. എന്തായാലും അനുവിനൊപ്പം ജോലി ചെയ്യുന്നവരാണല്ലൊ. നിങ്ങൾ വന്നതിൽ സന്തോഷമേയുള്ളു.”
“ക്ഷമിക്കണം, ഞങ്ങൾ അനുവിനൊപ്പം ജോലി ചെയ്യുന്നവരല്ല...!?”
എല്ലാവരും അകാംക്ഷാഭരിതരായി അക്കോയെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. അക്കോ തുടർന്നു.
“ഇതിൽ മറ്റൊരു അത്ഭുതവും കൂടി നിങ്ങളോട് പറയേണ്ടതുണ്ട്.”
അക്കോ എല്ലാ മുഖങ്ങളിലും ഒന്നുകൂടി നോക്കിയിട്ട് സാവധാനം തുടർന്നു.
“ഞങ്ങളല്ലാവരും പരസ്പ്പരം അറിയുന്നവരും എപ്പോഴും സംസാരിക്കുന്നവരും ദിവസേന മെസ്സേജുകൾ കൈമാറുന്നവരുമാണ്. പക്ഷേ, ഞങ്ങൾ പരസ്പ്പരം കാണുന്നത് ഇന്നാണ്...!!?”
അമ്പരപ്പാർന്ന മുഖങ്ങളിൽ കണ്ണുകൾക്ക് വികാസം കൂടി. അത്രയും നേരം നിൽക്കുകയായിരുന്ന അപ്പച്ചൻ ഒരു കസേര വിലിച്ചിട്ടിരുന്ന് വിയർത്ത മുഖമൊന്ന് അമർത്തി തുടച്ചു.

ഇനിയും ആകാംക്ഷ വേണ്ടെന്നു കരുതി അക്കോ ഓരോരുത്തരെയായി പരിചയപ്പെടുത്താൻ തുടങ്ങി.
“ ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കാർന്നോർ എന്നു പറയാവുന്നത് ഞങ്ങളുടെ കേരളേട്ടനാണ്. പാലക്കാടാണ് സ്വദേശം. ഇലക്ട്രിസിറ്റി ബോഡിൽ നിന്നും റിട്ടയർ ആയി സുഖ ജീവിതം നയിക്കുന്നു. ആളു ചില്ലറക്കാരനൊന്നുമല്ലാട്ടൊ. പഴയ വള്ളുവകോനാതിരിയുടെ സാമന്തന്മാരായ ‘എടത്തറ സ്വരൂപ’ത്തിലെ അംഗമാണ്.  കഥയും നോവലുകളും മറ്റും എഴുതുന്നുണ്ട്. അത്തരം എഴുത്തിലൂടെയാണ് ഞങ്ങളുമായി സൌഹൃദം സ്ഥാപിക്കുന്നത്. പിന്നെ തൊട്ടടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ മകനാണ്.
അതിനടുത്ത് ഇരിക്കുന്നത്, തൃശ്ശൂരാണ് സ്വദേശമെങ്കിലും ലണ്ടനിൽ സ്ഥിരവാസമുറപ്പിച്ച ഞങ്ങളുടെ മുരളിച്ചേട്ടനാണ്. എഴുത്ത് മാത്രമല്ല നല്ലൊരു മാന്ത്രികനുമാണ്. പിന്നെ എന്റെ മുന്നിലിരിക്കുന്നത് വിനുവേട്ടൻ. തൃശ്ശൂരാണ് വീടെങ്കിലും സൌദിയിലെ ജിദ്ദയിൽ കാൽനൂറ്റാണ്ടായി ജോലിചെയ്യുകയാണ്. നല്ലൊരു വിവർത്തകനാണ്. നോവലുകൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുകയാണ് ഹോബി. തൊട്ടടുത്ത് അദ്ദേഹത്തിന്റെ ഭാര്യ നീലത്താമര.”

അക്കോ ഇങ്ങനെ ഓരോരുത്തരെ പരിചയപ്പെടുത്തുമ്പോൾ അനുവിന്റെ മുഖത്തെ ഭാവപ്രകടനമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ചില പേരുകൾ പറയുമ്പോൾ മുഖം വികസിക്കും. കണ്ണുകൾ വിടരും. ചിലപ്പോൾ താടിക്ക് രണ്ടു കയ്യും താങ്ങിപ്പിടിച്ചിരിക്കുന്നത് കാണാം. നല്ല പരിചയമാണെങ്കിലും ആദ്യമായിട്ട് കാണുന്നതിന്റെ അമ്പരപ്പ്,  കാഴ്ചക്കാരായ ഞങ്ങൾക്ക് നല്ലൊരു വിരുന്നായിരുന്നു.

അപ്പോഴേക്കും ചായസൽക്കാരത്തിനുള്ള വട്ടങ്ങൾ അവിടെ നിരക്കുന്നുണ്ടായിരുന്നു. ചായ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അപ്പച്ചന്റെ വക ഒരു നിർദ്ദേശം.
“എന്തായാലും ഇന്ന് ഉച്ചക്ക് ഊണു കഴിച്ചിട്ടേ എല്ലാവരും പോകാവൂ. ഏതായാലും വളരെ ആശ്ചര്യകരമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഇന്നിവിടെ നടന്ന പെണ്ണുകാണലും അത്തരത്തിലായിരുന്നു. എത്രയോ പേരെ ഇവിടെ വരുത്തിയെന്നറിയാമോ. ഇവൾക്ക് ഒരാളേയും ഇഷ്ടപ്പെടില്ല. ഇവളുടെ കാര്യത്തിൽ അമ്മാച്ചന്മാര് തോറ്റു കിടക്കുകയായിരുന്നു. ഇന്ന് പിടിച്ച പിടിയാലെ ഒരുത്തനെ കൊണ്ടു വന്നു കാണിച്ചു. അതും അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന്...! നല്ല യോഗ്യനായൊരു ചെറുപ്പക്കാരൻ. ഞങ്ങൾ കുടുംബപരമായി വളരെ അടുത്തറിയാവുന്നയാൾ..!”
ഇത്രയുമായപ്പോഴേക്കും കേരളേട്ടൻ ചോദിച്ചു.
“ എന്താ കുട്ടി പ്രശ്നം. ചെറുക്കൻ നല്ല യോഗ്യനും അടുത്തറിയാവുന്നവനുമാണെന്നു പറയുന്നു. അതല്ലെ വേണ്ടത്. പിന്നെന്താ പ്രശ്നം...?”
അനു നാണിച്ചു തലയും താഴ്ത്തി നിന്നതേയുള്ളു. മറ്റുള്ളവരും അതേ ചോദ്യം തന്നെ ചോദിച്ചു. കൂട്ടത്തിൽ കുറച്ച് എടീ പോടീ വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുധി പറഞ്ഞു.
“ഞാൻ  പറയാം കാര്യം. അവൾക്ക് ബാംഗ്ലൂരിൽ ആരുമായോ അടുപ്പമുണ്ടാകും. അതാ സംഗതി...!”
“ അയ്യോ,  എനിക്ക് അങ്ങനെ ആരുമായും അടുപ്പമില്ല. എന്റെ അപ്പഛനാണെ സത്യം..!”
“പിന്നെന്താ കാര്യമെന്നു പറ....?” സുധി ചൂടായി എഴുന്നേറ്റു.
“ആ ചെക്കന് ഫേസ്ബുക്കും വാട്ട്സപ്പുമൊന്നുമില്ല.  കൊറേ റബ്ബറും കൊറേ ഏലക്കായും കൊറേ കുരുമുളകും മാത്രം.... എനിക്ക് വേണ്ടാ....!!”
അതും പറഞ്ഞ് അനു നിന്ന് ചിണുങ്ങി.
അതു കേട്ടതും അവിടെ ഉണ്ടായിരുന്ന സകലമാന പേരും പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. അതൊരു വലിയ കൂട്ടച്ചിരിയിലാണ് അവസാനിച്ചത്. ഇതിനിടക്കെപ്പോഴോ അനു അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു....

 അവസാനിക്കുന്നു...



[ബ്ലോഗ്സാപ് കൂട്ടായ്മയിൽ ചില അംഗങ്ങൾ ചേർന്നെഴുതിയ ഈ കഥ ഇവിടെ അവസാനിക്കുന്നു. ഇതിലെ കഥാപാത്രങ്ങളായി അഭിനയിച്ചവരെല്ലാം നമ്മുടെ ‘ബ്ലോഗ്സാപ്പ് കൂട്ടായ്മ’യിലെ അംഗങ്ങൾ തന്നെ. ഇതിൽ അഭിനയിച്ചവർക്കും  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തന്നു സഹായിച്ച എല്ലാവർക്കും നന്ദി.] 1

Wednesday, 12 June 2019

നോവൽ
പ്രവാസബാക്കി.  (16)


കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു. മദ്യപാനത്തിനിടക്ക് ആരുമറിയാതെ ബാക്കിയുള്ള മദ്യത്തിൽ വിഷം ചേർത്ത് വക്കുന്നു. ബസ്സ് വന്നതിനാൽ ശേഖരേട്ടൻ അവിടം വിടുന്നു. പിറ്റേ ദിവസത്തെ സായാഹ്ന പത്രത്തിൽ ഹോട്ടൽമാനേജരുടെ മരണ വിവരത്തോടൊപ്പം കണ്ട രണ്ടു നിരപരാധികളുടെകൂടി മരണം ശേഖരേട്ടനെ തളർത്തി. തുടർന്ന് സ്വയം ശിക്ഷ ഏറ്റുവാങ്ങി വർഷങ്ങളോളം അലഞ്ഞു നടന്നു. തനിക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങളും മറ്റുള്ളവർക്കായി ചെയ്തു കൊടുത്ത കൂട്ടത്തിൽ താൻ കാരണം മരണപ്പെട്ട ഒരുവന്റെ മകളുടെ വിവാഹവും ഭംഗിയായി നടത്തിക്കൊടുത്തു.

തുടർന്നു വായിക്കുക ..

നന്മയുള്ള മനുഷ്യർ...

"അല്ലാ, കൂട്ടത്തിൽ ആ ടീച്ചറേക്കൂടി കൂട്ടിയാലോ ....?"
ബിലാത്തിച്ചേട്ടന്റെ ആ വാക്കുകൾ ശേഖരേട്ടനിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചപ്പോൾ ഞങ്ങൾക്കതൊരു കൂട്ടച്ചിരിക്കു വക നൽകിയത്, കുറേനേരത്തെ മനഃപ്രയാസത്തിന് നല്ലൊരു റിലാക്സായിരുന്നു.

അന്ന് നേരം കണ്ടമാനം വൈകിയതുകൊണ്ട് ഞങ്ങളാരും ശേഖരേട്ടനെ തനിച്ചാക്കിയില്ല. അതിനിടക്ക് ടീച്ചറുമായിട്ടുള്ള ശേഖരേട്ടന്റെ ഇടപാടെന്തെന്നറിയാനായി ബിലാത്തിച്ചേട്ടൻ ഒരു ചാരപ്പണി നടത്തി നോക്കി. ഉറക്കം നടിച്ച് തൊട്ടടുത്ത് കിടന്ന ഞങ്ങൾ ആ രഹസ്യംപറച്ചിൽ കണ്ടു പിടിച്ചത് വീണ്ടും ഒരു കൂട്ടച്ചിരിക്ക് വകയായി. ഞങ്ങൾ ശേഖരേട്ടന്റെ ചുറ്റും കൂടി, ആ കഥ പറയാൻ പ്രോത്സാഹിപ്പിച്ചു.

"നിങ്ങളുദ്ദേശിക്കുന്നതു പോലെയുള്ള ഒരാളല്ല ടീച്ചർ. അവർ ഹൈസ്ക്കൂളിൽ നിന്നും ഹെഡ്മിസ്ട്രസ് ആയി റിട്ടയർ ചെയ്തതാ. അവർക്ക് ഒരു മകളുണ്ട്. വിവാഹ ശേഷം വിദേശത്താണ്. അയാൾക്ക് അവിടത്തെ പൗരത്വമുള്ളതുകൊണ്ട് ഇങ്ങോട്ട് വരവ് കുറവാണ്. ടീച്ചർക്ക് ഇവിടത്തെ വീടും നാടുമൊന്നും വിട്ടുപോകാൻ മനസ്സില്ല. വാസ്തവത്തിൽ അവരൊറ്റക്കാണ് താമസം... "
ശേഖരേട്ടൻ പറഞ്ഞു നിറുത്തിയിട്ട് ഞങ്ങളെ ഒന്നു നോക്കി. അന്നേരം ബിലാത്തിച്ചേട്ടൻ ചോദിച്ചു.
" നിങ്ങളെങ്ങനെയാ കണ്ടുമുട്ടിയത്... എവിടെ വച്ച്....?"

ഇവരിതെല്ലാം ചോർത്തിയെടുത്തിട്ടേ പിന്മാറുകയുള്ളെന്നു മനസ്സിലായതോടെ ശേഖരേട്ടൻ  മനസ്സ് തുറന്നു.
" അവരുടെ വീടിന്റെ ഗേറ്റിനു മുന്നിൽ ഒരു ബസ്റ്റോപ്പുണ്ട്. അവിടെ ഇരിക്കാനുള്ള ബഞ്ചും മറ്റും ഉണ്ടായാരുന്നു. ആ ബസ്റ്റോപ്പ് ടീച്ചർ തന്നെ പണിയിച്ചതായിരുന്നു, അവരുടെ കുടുംബപ്പേരിൽ ഭർത്താവിന്റെ ഓർമ്മക്കായി. അതുകൊണ്ട് തന്നെ നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നു.

ഞാൻ ഒരു ദിവസം രാത്രിയിൽ അവിടെ കിടന്നുറങ്ങുകയായിരുന്നു. നല്ല ഉറക്കത്തിലായ ഞാൻ ഒരു ശബ്ദം കേട്ടാണ് ഉണർന്നത്. അപ്പോൾ ടീച്ചറുടെ വീടിന്റെ മതിലിൽ ഒരാൾ കയറാൻ ശ്രമിക്കുന്നതു കണ്ടു. ഞാൻ കിടക്കുന്ന ബസ്റ്റോപ്പിന്റെ പുറകിലെ ഭിത്തിയിൽ ചവിട്ടിയാണയാൾ കയറുന്നത്. മറ്റൊരാൾ അയാളെ സഹായിക്കാനായി താഴെ നിൽപ്പുണ്ട്. ഇവന്മാർ കള്ളന്മാരാണെന്നു് പെട്ടെന്ന് തോന്നിയെങ്കിലും പ്രതികരിക്കാൻ പേടി തോന്നി. തന്നെയുമല്ല ഇത്തരക്കാർ ക്രൂരന്മാരുമായിരിക്കുമല്ലൊ. എങ്കിലും ഞാനൊന്നു ചുമച്ചു. അതേറ്റു. മുകളിൽ നിന്നവൻ ചാടിയിറങ്ങി ഓടി.

പിന്നെയെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അന്നവിടെ ആരാണ് താമസിക്കുന്നതെന്ന് അറിയില്ലായിരുന്നു. നേരം വെളുപ്പിനാണ് ഒന്നു മയങ്ങിയത്. എന്നെയാരോ തട്ടിയുണർത്തിയപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്....
അത് ഒരു സ്ത്രീയായിരുന്നു. നല്ല കുലീനത്വമുള്ള, കുടുംബത്തിൽപ്പിറന്ന ഒരു സ്ത്രീയാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകും. കയ്യിലൊരു ചൂലുമുണ്ടായിരുന്നു. അവരെന്തിന് ഈ ബസ്റ്റാന്റൊക്കെ അടിച്ചുവാരാൻ നടക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. പിന്നീടാണ് അവർ പണിതതാണ് അതെന്നും മറ്റും അറിയുന്നത്.

ഇന്നലെ രാത്രിയിൽ നടന്ന സംഭവം ഞാനവരോട് പറഞ്ഞു. അതുകേട്ട് അവർ ഞെട്ടിയതായി തോന്നിയില്ല. എങ്കിലും അവർ കുറച്ചു നേരം മൗനമായി നിന്നിട്ട് പറഞ്ഞു.
" ഞാനിവിടെ ഒറ്റക്കാണെന്ന് അറിയാവുന്നവർ ആയിരിക്കും. അല്ലെങ്കിൽ ഈ 'കോഴിക്കൽ തറവാട്ടിൽ ' അതിക്രമിച്ചു കയറാൻ ആരും ധൈര്യപ്പെടില്ല.'
അന്ന്, വീട്ടിലേക്ക് വന്നാൽ ചായ തരാമെന്നും പോകരുതെന്നും പറഞ്ഞിട്ടാണവർ പോയത്.
ഞാൻ ചെല്ലാതായപ്പോൾ അവർ വീണ്ടും വന്നെന്നെ വിളിച്ചു. പോകാതിരിക്കാനായില്ല. പുറത്തെ ബാത്ത് റൂമിൽ പ്രാധമിക കർമ്മങ്ങൾ മാത്രമല്ല ഒരു കുളിയും കൂടി പാസ്സാക്കിയിട്ടേ പുറത്തിറങ്ങിയുള്ളു. പ്രഭാതഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് അവരുടെ കഥ പറയുന്നത്.

ഒരു മകൾ മാത്രമേയുള്ളു. ഡോക്ടറാണ്. വിവാഹശേഷം ഇംഗ്ലണ്ടിലേക്ക് പോയ അവർ പിന്നെ ഒരു പ്രാവശ്യമേ വന്നിട്ടുള്ളു. ടീച്ചറുടെ ഭർത്താവ് ഒരു ഹാർട്ടറ്റാക്കിൽ തീർന്നത്, മകളുടെ വിവാഹത്തിനും അഞ്ചു വർഷം മുമ്പാണ്. മകളും പോയതോടെ അവർ ഒറ്റക്കാണ് ആ വീട്ടിൽ താമസം. കൂട്ടത്തിൽ നാട്ടുകാരുടെ ഇടയിലെ ചില സാമൂഹിക പ്രവർത്തനങ്ങളും ഉണ്ട്. അതുകൊണ്ട് നാട്ടുകാരുടെയൊക്കെ ലക്ഷ്മിടീച്ചർ എനിക്കും ഒരു ലക്ഷ്മിയായിട്ടാണ് തോന്നിയത്. "

ഒന്നു ശ്വാസമെടുക്കാനെന്നോണം ശേഖരേട്ടൻ ഒന്നു നിറുത്തി. ഞങ്ങൾ പരസ്പരം നോക്കി ഒരു ആക്കിച്ചിരി പാസ്സാക്കി. അതിനിടക്ക് വിനുവേട്ടൻ വലതുകയ്യുടെ ചെറുവിരലുയർത്തിക്കാണിച്ച് ബാത്ത് റൂമിലേക്കോടി. അത്രയും നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ശേഖരേട്ടൻ ആ കണ്ടുമുട്ടലിന്റെ ഓർമ്മകൾ അയവിറക്കുകയാണെന്ന് തോന്നി. ഞങ്ങൾ ശല്യപ്പെടുത്താനും പോയില്ല. പോയതിനേക്കാൾ സ്പീഡിൽ വിനുവേട്ടൻ മടങ്ങിയെത്തിയിട്ട് പറഞ്ഞു.
"ങൂം ... പറ..."
"അന്ന് ചായ മാത്രമല്ല ഉച്ചക്കു ഊണും കഴിപ്പിച്ചിട്ടേ എന്നെ പോകാൻ അനുവദിച്ചുള്ളു. അതിനു കാരണമായി അവർ പറഞ്ഞതും അവരുടെ അപ്പോഴത്തെ സന്തോഷവും എന്നെ അത്ഭുതപ്പെടുത്തി.

വാസ്തവത്തിൽ അവർ നേരെ ചൊവ്വെ ഒന്നും വച്ചുണ്ടാക്കാറില്ല. ഉപ്പും പുളിയുമുള്ള ചോറു തിന്നിട്ട് ദിവസങ്ങളായത്രെ. തനിക്കൊരാൾക്കായി വച്ചുണ്ടാക്കാൻ ഒരു താൽപ്പര്യവും ഇല്ലത്രെ. വിശക്കുമ്പോൾ എന്തെങ്കിലുമുണ്ടാക്കി കഴിക്കുന്ന പ്രകൃതമായിരുന്നു ടീച്ചർക്ക് . അന്ന് ടീച്ചർ എന്നോട് പറഞ്ഞു.
" ഇന്നൊരു ദിവസത്തേക്ക് ഇവിടന്ന് ഭക്ഷണമുണ്ടാക്കിത്തരട്ടേ. വിഭവസമൃദ്ധമായ  സദ്യ ഞാനൊരുക്കാം. ഒരാൾ കൂടി കഴിക്കാനുണ്ടങ്കിൽ എനിക്കും ഒരു പിടി ചോറ് കഴിക്കാം...! അല്ലാതെ എന്നും ഒറ്റക്ക് ... എനിക്ക് മടുത്തു ... അതോണ്ടാ .. നിൽക്കുമോ ഇന്നൊരു ദിവസത്തേക്ക്...!!?"
അതു പറയുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. എന്റെ മുഖത്തേക്ക് നോക്കിയുള്ള ആ ചോദ്യത്തെ എനിക്ക് അവഗണിക്കാനായില്ല. ഞാനും ഏതാണ്ട് അതേ അവസ്ഥയിൽത്തന്നെ ആയിരുന്നുവല്ലൊ. ഉപ്പോ പുളിയോ രുചിയോ നോക്കാറില്ല. കിട്ടുന്നത് കഴിക്കുകയായിരുന്നല്ലൊ ശീലം.
ഞാൻ സമ്മതിച്ചതോടെ ടീച്ചർ അടുക്കളയിലേക്ക് നീങ്ങി.

ഞാൻ കവലയിൽ പോയി മീനും കോഴിയും വാങ്ങിക്കൊണ്ടുവന്ന് നന്നാക്കിക്കൊടുത്തു. അന്നത്തെ ആ ഊണിന്റെ സ്വാദ് ഇന്നും എന്റെ നാവിലുണ്ട്..."
ഏതോ സ്വപ്ന ലോകത്തെന്നോണം ശേഖരേട്ടൻ നിശ്ശബ്ദയായപ്പോൾ, ഞങ്ങളും നിശ്ശബ്ദരായി ശല്യപ്പെടുത്താതെ, അക്ഷമയോടെ
 ബാക്കിക്കായി ശേഖരേട്ടന്റെ മുഖത്തെ ഭാവ ചലനങ്ങൾ മാത്രം ശ്രദ്ധിച്ച് അനങ്ങാതിരുന്നു.....

തുടരും...

Sunday, 21 April 2019

നോവൽ
പ്രവാസ ബാക്കി. (15)

കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു. മദ്യപാനത്തിനിടക്ക് ആരുമറിയാതെ ബാക്കിയുള്ള മദ്യത്തിൽ വിഷം ചേർത്ത് വക്കുന്നു. ബസ്സ് വന്നതിനാൽ ശേഖരേട്ടൻ അവിടം വിടുന്നു. പിറ്റേ ദിവസത്തെ സായാഹ്ന പത്രത്തിൽ ഹോട്ടൽമാനേജരുടെ മരണ വിവരത്തോടൊപ്പം കണ്ട രണ്ടു നിരപരാധികളുടെകൂടി മരണം ശേഖരേട്ടനെ തളർത്തി.

തുടർന്നു വായിക്കുക ..

സ്വയം ശിക്ഷ....

ഒരു പകൽകൂടി അവസാനിക്കാറായപ്പോഴാണ് ഞാൻ കേരളാതിർത്തിയിലെത്തിയത്. അവിടെയെവിടെയോ കുഴഞ്ഞു വീഴുകയായിരുന്നു. വണ്ടിക്കാരോ നാട്ടുകാരോ ആണ് എന്റെ മുഖത്ത് വെള്ളം തളിച്ചതും കുടിക്കാൻ വെള്ളം തന്നതും ഭക്ഷണം തന്നതും. ക്ഷീണം കാരണം ആ പീടികത്തിണ്ണയിൽത്തന്നെ കിടന്നുറങ്ങി....

നേരം വെളുത്തപ്പോഴേക്കും ഞാനൊരു തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ഇനിയും ഈ പാപഭാരവും മനസ്സിലിട്ട് മക്കളോടൊപ്പം പോയി എങ്ങനെ ജീവിക്കും...?
അതിന്റെ ശിക്ഷ നിരപരാധികളായ എന്റെ മക്കളും അനുഭവിക്കേണ്ടിവരില്ലേ ..
വേണ്ട .. ഇതിന്റെ ശിക്ഷ ഞാൻ ഒറ്റക്ക് അനുഭവിച്ചാൽ മതി. എന്റെ മക്കളെ ഇതിൽ കൂട്ടേണ്ടതില്ല. നിയമത്തിനു കീഴടങ്ങിയാൽ ആ ക്ലീൻഷേവുകാരനെ കൊന്നതിനും കൂടി ശിക്ഷ  കിട്ടും. അവൻ, ഞാൻ കൊടുത്ത വിഷം കഴിച്ച് ചത്തെങ്കിൽ അതവൻ അർഹിക്കുന്നു. പക്ഷേ, ആ നിരപരാധികൾ പാവങ്ങളായിരുന്നു. അവരെ കൊന്നതിനുള്ള ശിക്ഷ ഞാൻ സ്വയമനുഭവിക്കണം...!

പിന്നീടെന്റെ യാത്ര എവിടേക്കെന്നില്ല. റോഡ്  പോകുന്നതെവിടേക്കോ അവിടേക്ക്. കടയിറയത്ത് ഉറക്കവും വിശ്രമവും. ആരെങ്കിലും വാങ്ങിത്തന്നാൽ ഭക്ഷണം കഴിക്കും. ഇല്ലെങ്കിൽ ഇല്ല. ഒരിടത്തും സ്ഥിരമായി തങ്ങിയില്ല. ഒരു പട്ടണത്തിൽ കുറച്ചു ദിവസം തങ്ങും. അവിടം മടുക്കുമ്പോൾ മറ്റൊരിടത്തേക്ക്.

അതേ സമയം എന്റെ കയ്യിൽ  ATM കാർഡ് ഉണ്ടായിരുന്നു. അതിൽ മക്കൾ നിക്ഷേപിക്കുന്ന പണവുമുണ്ടായിരുന്നു. എന്നിട്ടും ഞാനതൊന്നും ഉപയോഗിച്ചില്ല. ഇതിനിടക്ക് പലരേയും ഞാൻ സഹായിച്ചിട്ടുണ്ട്. വഴിയിൽ വീണു കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കുക, ഭക്ഷണം വാങ്ങിക്കൊടുക്കുക. പക്ഷേ, അതിനുള്ള പണം വഴിപോക്കർ തരുന്നതിൽ എന്റെ ഭക്ഷണച്ചിലവ് കഴിച്ചു  ബാക്കിയുള്ളതേ ഉപയോഗിച്ചിട്ടുള്ളു. ഇങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയതറിഞ്ഞില്ല.
ഇതിനിടക്ക് ഒരിടത്ത് വച്ച് ഒരു ടീച്ചർ കല്യാണാലോചനയുമായി വന്നിരുന്നു.... "

അതും പറഞ്ഞ് ശേഖരേട്ടൻ ഞങ്ങളുടെ മുഖത്തേക്ക് ഒരു തരം ജാള്യതയോടെ നോക്കി. ശേഖരേട്ടന്റെ കഥ കേട്ട് ശരിക്കും സ്തംഭിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടായിരിക്കും ആ തമാശയിൽ ഒരു തമാശയും കാണാൻ കഴിഞ്ഞില്ല. ശേഖരേട്ടനോട് എന്തെങ്കിലുമൊന്നു പറയാനോ ഒന്നാശ്വസിപ്പിക്കാനോ ഞങ്ങൾക്കായില്ല. ബിലാത്തിമുരളിച്ചേട്ടൻ ഒരു ഗ്ലാസ് ബീയർ നീട്ടിയിട്ട് , ശേഖരേട്ടന്റെ  പുറത്ത് തട്ടി മുഖമൊന്നു മുകളിലേക്ക് വെട്ടിച്ചു. ശേഖരേട്ടൻ അതു വാങ്ങി ഒരു വലിക്ക് കുടിച്ചു. ഞാനും ഓരോ ഗ്ലാസ് പിടിപ്പിച്ചു.

' ഗ്ലാസ് കാലിയാക്കി ടീപ്പോയ്മേൽ ഒരു ശബ്ദത്തോടെ വച്ചിട്ട്, ചിറി തുടച്ച് മുരളിച്ചേട്ടൻ ചോദിച്ചു.
" ഇപ്പോൾ എത്ര വർഷമായിക്കാണും ഇതെല്ലാം നടന്നിട്ട് ....?"
"ഞാനതിന്റെ കാലമൊന്നും കണക്കാക്കിയിട്ടില്ല. ഈ ജീവിതം ഇങ്ങനെ തന്നെ തീർക്കാൻ പാപം ചെയ്തവന് എന്തു കാലം, എന്തു സമയം. എങ്കിലും ഏഴെട്ടു വർഷമായി കാണണം''

പിന്നെ കുറേനേരം നിശ്ശബ്ദമായിരുന്നു എല്ലാവരും. എങ്കിലും ഗ്ലാസ്സുകൾ നിറക്കൽ മുടക്കിയില്ല. രണ്ടു പിടി കപ്പലണ്ടി ഒന്നിച്ച് വായിലിട്ടിട്ടാണ് വിനുവേട്ടൻ ചോദിക്കുന്നത്.
" ആ മരിച്ചവരെക്കുറിച്ച് എന്തെങ്കിലും വിവരം പിന്നീടറിഞ്ഞിരുന്നോ...?''
''ഒരു നാലഞ്ചു വർഷം കഴിഞ്ഞപ്പോൾ എനിക്കും അങ്ങനൊരാഗ്രഹം തോന്നി. മാത്രമല്ല, ഷേവ് ചെയ്തിട്ടും മുടിയൊക്കെ വെട്ടിയിട്ടും വർഷങ്ങളായിരുന്നു. എനിക്കും അതൊക്കെ കളഞ്ഞ് മനുഷ്യനെപ്പോലെ നടക്കണമെന്ന് ഒരു തോന്നലും കൂടിയായപ്പോൾ പഴയ കോട്ടൊക്കെ പുറത്തെടുത്ത് യാത്ര തിരിച്ചു.

അതേ ഹോട്ടലിൽ എത്തിയെങ്കിലും അതിന്റെ മുഖഛായ തന്നെ മാറിയിരുന്നു. ആ ഹോട്ടൽ ഇന്ന് തമിഴ്നാട് ടൂറിസം കോർപ്പറേഷന്റെ കൈവശമാണ്. എങ്കിലും പഴയ ജോലിക്കാരിൽ ചിലരൊക്കെ ഉണ്ടായിരുന്നു. അവരിൽ നിന്നു ചിലതൊക്കെ അറിഞ്ഞിരുന്നു.

മുരുകൻ സ്വതവേ കള്ളുകുടിയനും ഭാര്യയേയും മക്കളേയും തല്ലുന്നവനുമായിരുന്നു. അവന്റെ ആദ്യഭാര്യയിൽ ഒരു മകളുണ്ടായിരുന്നു. മുരുകന്റെ രണ്ടാം ഭാര്യയോടൊപ്പമാണ് താമസം. മുരുകൻ പോയതോടെ വരുമാനം നിലച്ച അവർ ജീവിക്കാൻ ബുദ്ധിമുട്ടി. അതിനൊരു എളുപ്പവഴിയായി മുരുകന്റെ മൂത്ത മകളെ കൂട്ടിക്കൊടുക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു ഞാൻ ചെല്ലുമ്പോൾ.

ഞാനവരുടെ വീട്ടിൽ പോയി ആ കുട്ടിയെ കണ്ടു. ഇരുനിറത്തിൽ കൊലുന്നനെ നല്ല മുഖശ്രീയുള്ള ഒരു കുട്ടി. ആരു കണ്ടാലും ഒന്നു നോക്കിപ്പോവും. മുരുകന്റെ ഭാര്യക്ക് കുറച്ചു പണം കൊടുത്ത് സന്തോഷിപ്പിച്ചു. എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയ ഹോട്ടലിലെ റൂംബോയി പാണ്ഡ്യനാണ് ബാക്കി വിവരങ്ങൾ പറഞ്ഞത്.

പാണ്ഡ്യനും മുരുകനും ഉറ്റ സുഹൃത്തുക്കളായിരുന്നു. അതു കൊണ്ട് മുരുകന്റെ വീടുമായി നല്ല ബന്ധമുണ്ട്. ഈ പെൺകുട്ടിയെ കല്യാണം കഴിക്കാൻ തയ്യാറുള്ള ഒരുത്തൻ അയാളുടെ വീടിനടുത്തുണ്ട്. പക്ഷേ, ദുർന്നടപ്പിന്നാഗ്രഹിക്കുന്ന മുരുകന്റെ രണ്ടാം ഭാര്യ അതിനെതിരും. ആ പയ്യൻ തമിഴ്നാട് കോർപ്പറേഷന്റെ ബസ്സിൽ കണ്ടക്ടറാണ്.

പിറ്റേ ദിവസം ആ പയ്യനുമായി സംസാരിച്ചു. അവൻ എപ്പോൾ വേണമെങ്കിലും കല്യാണത്തിന് തയ്യാറാണെന്നറിയിച്ചു. പിന്നെ പാണ്ഡ്യന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കുള്ളിൽത്തന്നെ നാട്ടുകാരുടെ സഹായത്തോടെ അവരുടെ കല്യാണം നടത്തിക്കൊടുത്തു.
അതിന്റെ ചിലവല്ലൊം ധനാഢ്യനും ഗൾഫ് പണക്കാരനും സവ്വോപരി മലയാളിയും ദാനശീലനുമായ ഈ ഞാൻതന്നെ നടത്തിക്കൊടുത്തു. അങ്ങനെയാണ് ഞാനവരെ ധരിപ്പിച്ചിരുന്നത്.... "

"അതു നന്നായി ശേഖരേട്ടാ.. അറിയാതെയാണെങ്കിലും പറ്റിപ്പോയ പാപത്തിന് അങ്ങനെയും ഒരു പരിഹാരമാകട്ടെ. ശേഖരേട്ടന്റെ മനസ്സിന്റെ വിങ്ങലിന് ഒരു ശമനവും."
എന്റെ വാക്കുകൾക്ക് വിനുവേട്ടനും മുരളിച്ചേട്ടനും അടിവരയിട്ടു.

"വേറൊരാളുകൂടിയുണ്ടായിരുന്നല്ലൊ മരിച്ചവരിൽ ... അവരുടെ കാര്യം...?" മുരളിച്ചേട്ടൻ ഒന്ന് നിവർന്നിരുന്നിട്ട് ചോദിച്ചു.
" അത് അഴകപ്പൻ. അയാളും മരിച്ചിരുന്നല്ലൊ. അയാളുടെ ഭാര്യ രക്ഷപ്പെട്ടു.  ജീവിക്കാൻ ബുദ്ധിമുട്ടായപ്പോൾ മൂന്നാലു വർഷം മുൻപ് അവരുടെ കുട്ടികളെ ഒരു ഫാമിലിക്ക് ദത്ത് നൽകിയിരുന്നു. ആ ഫാമിലിയിലെ അയാളുടെ ഭാര്യക്ക് ഗർഭപാത്രത്തിൽ കാൻസറായിരുന്നു. പക്ഷേ, അധികം താമസിയാതെ അവർ മരണപ്പെട്ടു. പിന്നീട് കുട്ടികളെ നോക്കാൻ കഴിയാതായതോടെ, ആ കുട്ടികൾ അയാളുടെ അരുമകളായി കഴിഞ്ഞിരുന്നതിനാൽ കുട്ടികളുടെ അമ്മയെത്തന്നെ വിവാഹം കഴിച്ച് സുഖമായി കഴിയുന്നുണ്ട്. അവരവിടന്ന് മധുരക്കോ മറ്റോ താമസം മാറ്റിയിരുന്നതുകൊണ്ട് കാണാൻ കഴിഞ്ഞില്ല."
അതും പറഞ്ഞ് ശേഖരേട്ടൻ തല കുനിച്ചിരുന്നു.

ശേഖരേട്ടനെ കെട്ടിപ്പിടിച്ച് എന്നിലേക്കടുപ്പിച്ചിട്ട് പറഞ്ഞു.
"സാരമില്ല ശേഖരേട്ടാ.. ഇനിയും അതോർത്ത് സങ്കടപ്പെടേണ്ടതുണ്ടോ.... ? അനുഭവിക്കാനുള്ളത് ഇക്കാലംകൊണ്ട് അനുഭവിച്ചില്ലേ. ചെയ്യേണ്ടത് അന്വേഷിച്ചു ചെന്ന് ചെയ്തു കൊടുത്തില്ലേ... പിന്നെന്തിനിനീം..."
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ വിനുവേട്ടനും സാന്ത്വനവുമായെത്തി.
" അതേ ശേഖരേട്ടാ... ഇനി ആ കുറ്റബോധത്തിന്റെ ആവശ്യമില്ല. മറ്റാരും ഇതൊന്നുമറിഞ്ഞില്ലെങ്കിൽപ്പോലും സ്വയം ശിക്ഷിക്കാൻ തീരുമാനിക്കുക മാത്രമല്ലല്ലൊ, അത് ഇത്രയും നാളും അനുഭവിക്കുകയും ചെയ്തില്ലേ ... ഇനി മതി... "
"ഇനി എന്തായാലും സ്വയം ശിക്ഷിക്കാൻ ശേഖരേട്ടനെ ഞങ്ങൾ സമ്മതിക്കില്ല. ഒന്നുകിൽ ഞങ്ങൾ ശരിയാക്കിത്തരുന്ന ആ പെട്ടിക്കട നടത്തി സുഖമായി കഴിയുക. അല്ലെങ്കിൽ മക്കളോടൊപ്പം ചേരുക...." മുരളിച്ചേട്ടൻ ഉറപ്പിച്ചു തന്നെ പറഞ്ഞ് ശേഖരേട്ടന്റെ കയ്യിൽ മുറുകെപ്പിടിച്ചു.
"അല്ല, കൂട്ടത്തിൽ ആ ടീച്ചറേക്കൂടി കൂട്ടിയാലോ ....?"

ബിലാത്തിച്ചേട്ടന്റെ ആ വാക്കുകൾ ശേഖരേട്ടനിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചപ്പോൾ ഞങ്ങൾക്കതൊരു കൂട്ടച്ചിരിക്കു വക നൽകിയത് കൂറേ നേരത്തെ മനഃപ്രയാസത്തിന് നല്ലൊരു റിലാക്സായിരുന്നു ....

തുടരും ....

Saturday, 23 March 2019

നോവൽ
പ്രവാസ ബാക്കി. (14)

കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു.

തുടർന്നു വായിക്കുക ..

അറിയാക്കൊലകൾ...

രണ്ടാം പേജിലേക്ക് അപ്പോഴാണ് നോക്കിയത്. രണ്ടാം പേജിലെ ആദ്യ പടം കണ്ട ഞാൻ തുറിച്ചു നോക്കിയിരുന്നുപോയി. ആ പേജിൽ നിന്നും കണ്ണെടുക്കാനായില്ലെനിക്ക്. അതിന്റെ അടിക്കുറിപ്പ് വായിച്ചതും ഞാനെന്റെ നെറുകംത്തലയിൽ ശക്തിയായി അടിച്ചിട്ട് 'അയ്യോ ചതിച്ചോ..'യെന്ന് പറഞ്ഞു പോയി...!

ഞാൻ പിന്നേയും സൂക്ഷിച്ചു നോക്കി.
അതെ, അതവൻ തന്നെ.
മുരുകൻ....!
റൂംബോയ് മുരുകൻ....
ഞാനവസാനമായി അവനാണ് നൂറു രൂപ ടിപ്പ് കൊടുത്തത്.
അവൻ പാവം.
വെറും നിരപരാധി.
അവനെങ്ങനെ വായിൽ നിന്നും ഉണങ്ങിപ്പിടിച്ച പതയുമായി മരിച്ചു കിടക്കുന്നു...?

അതു കഴിഞ്ഞാണ് അതേ വലിപ്പത്തിലുള്ള മറ്റൊരു ഫോട്ടോയിൽ കണ്ണുടക്കിയത്. അവന്റെ പേര് അഴകപ്പൻ.
അവന്റെ വായിൽ നിന്നും ഉണങ്ങിയ പത പറ്റിപ്പിടിച്ചിരിക്കുന്നു. വിവരമറിയാനായി വാർത്ത മുഴുവനും ശ്വാസംപിടിച്ചാണ് ഒറ്റയടിക്ക് വായിച്ചു തീർത്തത്.

മുരുകനോടൊപ്പം റൂംബോയിയായി ജോലി ചെയ്യുന്നവനാണ് അഴകപ്പനും. അവന് പകലായിരുന്നു ഡ്യൂട്ടി.  കുടിച്ചു ബോധം കെട്ടുകിടക്കുന്ന ക്ലീൻഷേവുകാരന്റെ അടുത്തു നിന്നും അടിച്ചുമാറ്റിയതോ അതോ അവൻ കൊടുത്തതോയെന്ന് നിശ്ചയമില്ല, അരക്കുപ്പി വിദേശമദ്യം കിട്ടിയപ്പോൾ വീട്ടിൽ പോയി കിടന്നുറങ്ങിയിരുന്ന അഴകപ്പനേയും പാതിരാത്രിയിൽ വിളിച്ചുവരുത്തി ഒരുമിച്ചിരുന്ന് കുടിച്ചതാണത്രെ. ഒറിജിനൽ വിദേശമദ്യത്തിന്റെ സ്വാദറിയാനായി അഴകപ്പന്റെ ഭാര്യയും കൂടെയെത്തി. അവൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്‌. രണ്ടു പിഞ്ചു കുട്ടികളുടെ അമ്മ കൂടിയാണ് അവൾ.

വായിച്ചുതീർത്തതും കണ്ണിൽ ഇരുട്ടു കയറി. എനിക്ക് തല ചുറ്റുന്നതായി തോന്നിത്തുടങ്ങി. നിരപരാധികളായ മൂന്നുപേരാണ് എന്റെ പ്രവർത്തി കൊണ്ട് നഷ്ടമാകുന്നത്.
ഞാനിത്രക്ക് ദുഷ്ടനാണോ ...?
ആ ക്ലീൻഷേവുകാരൻ ദുഷ്ടനെ കൊല്ലാൻ  തെയ്യാറെടുത്തു വന്നവനാണ്. അതിലെനിക്ക് സങ്കടമില്ല. കുറ്റബോധമില്ല. പക്ഷേ, നിരപരാധികളായ രണ്ടുപേർ കൂടി മരണമടഞ്ഞത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

ഞാൻ കിടന്ന കിടപ്പിൽ വിയർത്തു കുളിച്ചു. എനിക്ക്  നെഞ്ചെരിച്ചിലും ശ്വാസം മുട്ടലും എല്ലാംകൂടി ഒരുമിച്ച് വരുന്നതുപോലെ. കിടക്കയിൽ കിടന്ന് ഉരുളാൻ തുടങ്ങി. എന്റെ ശരീരത്തിന്റെ തിളച്ചുമറിയുന്ന ചൂടിൽനിന്ന് രക്ഷതേടി ബാത്ത് റൂമിൽ കയറി പൈപ്പ് തുറന്നുവിട്ടെങ്കിലും വെള്ളമില്ലായിരുന്നു. റൂമെടുത്തപ്പോൾ കാലത്തു മാത്രമെ വെള്ളമുണ്ടാകുകയുള്ളുവെന്ന് പറഞ്ഞ കാര്യം ഓർമ്മ വന്നു. പിന്നെ ഒരുനിമിഷം അവിടെ നിൽക്കാൻ തോന്നിയില്ല. ഉടുത്തിരുന്ന വസ്ത്രത്തോടെ ബാഗുമായി അവിടന്നിറങ്ങി.

ഏതൊക്കെയോ റോഡിലൂടെ നടന്നു. ഞാനൊന്നും കാണുന്നുണ്ടായിരുന്നില്ല. കേൾക്കുന്നുണ്ടായിരുന്നില്ല. ഒരു ഭ്രാന്തനേപ്പോലെയായിരുന്നു. നടന്നുനടന്ന് കാട്ടിലെത്തിയതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. ആ രാത്രി കടന്നു പോയതറിഞ്ഞില്ല. രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴൊ കൊടുംക്കാട്ടിനുള്ളിൽ വച്ച് നിറുത്തിത്തന്ന ലോറിക്കാർ മുകളിൽ കയറിക്കോ കാടുകടത്തിത്തരാമെന്ന് പറഞ്ഞത് ഞാൻ അവഗണിച്ചതേയുള്ളു.

ഒരു പകൽകൂടി അവസാനിക്കാറായപ്പോഴാണ് ഞാൻ കേരളാതിർത്തിയിലെത്തിയത്. അവിടെയെവിടെയോ കുഴഞ്ഞു വീഴുകയായിരുന്നു. വണ്ടിക്കാരോ നാട്ടുകാരോ ആണ് എന്റെ മുഖത്ത് വെള്ളം തളിച്ചതും കുടിക്കാൻ വെള്ളം തന്നതും ഭക്ഷണം തന്നതും. ക്ഷീണം കാരണം ആ പീടികത്തിണ്ണയിൽത്തന്നെ തളർന്നുറങ്ങി....

തുടരും

Sunday, 24 February 2019

നോവൽ
പ്രവാസ ബാക്കി. (13)

കഥ ചുരുക്കത്തിൽ ..

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു.

തുടർന്നു വായിക്കുക ..

കാളരാത്രി ...

എന്റെ ഭാര്യ മാനത്തിനു വേണ്ടി യാചിക്കുന്ന രംഗം എന്റോർമ്മയിൽ ഓടിയെത്തി. പിന്നെ എനിക്ക് കണ്ണിനു കാഴ്ചയില്ലായിരുന്നു, ബോധവും. ബാഗെടുത്ത് ടീപ്പോയ് മേൽ വച്ചിട്ട് , പൊതിഞ്ഞു പിടിച്ചിരുന്ന തോർത്ത് ബാഗിനകത്ത് ഒരു മൂലയിൽ വച്ചപ്പോഴാണ് സ്പ്രിംഗ് കഠാര എന്റെ കയ്യിൽ തടഞ്ഞത്.
ഒരു നിമിഷം അവനെ നോക്കി.
അവൻ കസേരയിൽ ചാരി കണ്ണടച്ചിരിക്കുകയാണ്.
വേറെയാരുമില്ല മുറിയിൽ.
പറ്റിയ സന്ദർഭം.
എന്റെ ശരീരവിറയൽ ഭയങ്കരമായി ഉയർന്നു.
ശ്വാസോഛ്വാസം വർദ്ധിച്ചു.
ആ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി.
കയ്യിൽ തടഞ്ഞ കത്തിയുടെ മിനുസമുള്ള പിടി കയ്യിൽക്കിടന്ന് തിരിഞ്ഞു.

അവന്റെ കസേരയുടെ പിന്നിൽ ചെന്നുനിന്ന്  തല കസേരയോട് അമർത്തപ്പിടിച്ച് നെഞ്ചിൻ കൂട്ടിനകത്തേക്ക് ആഞ്ഞാഞ്ഞു കുത്താൻ കൈ തരിച്ചു...!
അപ്പഴേക്കും മറ്റൊരു ചിന്ത കടന്നു വന്നു. ഇപ്പോഴിവിടെ എന്തു സംഭവിച്ചാലും ഞാൻ തന്നെയാണ് പ്രതിയെന്ന് വേഗം തിരിച്ചറിയും. അതോടെ കത്തി ബാഗിനകത്ത് തന്നെ വച്ചു. വേണ്ട ... ഇപ്രാവശ്യം വേണ്ട. ഒരാഴ്ച കഴിഞ്ഞ് വരുമ്പോൾ അവനെ തീർക്കാം.
അതേ.... അതു മതി.

ആ തീരുമാനം പെട്ടെന്ന് മനസ്സിൽ ഉറപ്പിക്കാൻ തുനിയുമ്പോഴാണ് പുറത്ത് ഏതോ വണ്ടിയുടെ നീണ്ട ഹോണടി കേട്ടത്. ഞാൻ അതവഗണിച്ച് ബാഗിന്റെ സിബ്ബ് അടച്ച് നിവരുമ്പോഴേക്കും റൂംബോയ് മുരുകൻ വാതിൽക്കലെത്തി വിളിച്ചു കൂവി.
"സാർ, ബാംഗ്ലൂർ ബസ്സ് വന്താച്ച്...''
ആ ശബ്ദം കേട്ട്, എന്റെ മുമ്പിൽ പൂസ്സായി കസേരയിലുറങ്ങുന്ന ക്ലീൻ ഷേവുകാരൻ ചാടിയെഴുന്നേറ്റു.
"സാർ വേഗം പൊക്കോ. നമ്മൾക്ക് അടുത്ത തവണ കാണാം..."
അവൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞ് കസേരയിൽ പിടിച്ച് എഴുന്നേറ്റ് വീഴാതെ നിന്നു.
ഞാൻ ബാഗുമെടുത്ത് നീങ്ങിയതും മുരുകൻ ബാഗ് വാങ്ങി ഓടി. ഞാനും അവന്റെ പിന്നാലെ വിട്ടു. ക്ലീൻ ഷേവുകാരൻ ഗ്ലാസ്സിൽ നിറച്ചു വച്ചിരുന്നതിന്റെ ബാക്കിയുണ്ടായിരുന്നതുകൂടി വായിലേക്ക് കമഴ്ത്തിയിട്ട് തപ്പിപ്പിടിച്ച്  ആടിയാടി എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു.

ഞാൻ മുറ്റത്തിറങ്ങി തിരിഞ്ഞു നോക്കുമ്പോൾ അവൻ വരാന്തയിലെ ഗ്രില്ലിൽപ്പിടിച്ച് എന്നെ നോക്കി കൈ വീശുന്നുണ്ടായിരുന്നു. ഞാനും കൈ വീശി ബസ്സിന്റെ ഡോർ കമ്പിയിൽ പിടിച്ചപ്പോഴേക്കും, ബാഗ് എന്റെ സീറ്റിൽ വച്ചിട്ട് മുരുകൻ തിരിച്ചിറങ്ങുന്നുണ്ടായിരുന്നു. അവനെന്തെങ്കിലും കൊടുക്കാനായി ഓവർക്കോട്ടിനകത്തെ പോക്കറ്റിൽ തപ്പിയപ്പോഴാണ് പെട്ടെന്നൊരിടിമുഴക്കം പോലെ ഒരു വെളിപാടുണ്ടായത്.
ഞാൻ കുടിച്ച ഗ്ലാസ്സ് , നിറയെ എന്റേതന്നെ വിരൽപ്പാടുകളുമായി ആ ടീപ്പോയ്മേൽ ഇരിക്കുന്ന കാര്യം ഓർമ്മ വന്നത്. ഞാൻ ഇതുവരെ കളിച്ചതെല്ലാം വെള്ളത്തിലാകുമെന്ന അറിവ് എന്നെ ഭയപ്പെടുത്തി.

പിന്നെ സംശയിച്ചു നിന്നില്ല. തിരിഞ്ഞോടി. ഓടുന്നതിനിടയിൽ ഞാൻ വിളിച്ചു പറഞ്ഞു.
 '' പേഴ്സ് മറന്നു ... "
ഞാൻ സ്റ്റെപ്പ് കയറി മുറിയുടെ വാതിൽക്കൽ ഒറ്റക്കുതിപ്പിനെത്തിയപ്പോഴും ക്ലീൻഷേവുകാരൻ പിടിവിടാതെ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.  പെട്ടെന്ന് മുറിയിൽക്കടന്ന് ടീപ്പോയിൽ നിന്നും ഞാൻ കുടിച്ച ഗ്ലാസ്സെടുത്ത് ഓവർക്കോട്ടിനകത്തെ വലത്തെ പോക്കറ്റിൽ തിരുകിയിട്ട് ഇടത്തെ പോക്കറ്റിൽ നിന്നും പേഴ്സ് പുറത്തെടുത്ത് കയ്യിൽ വച്ചുകൊണ്ടാണ് നിവർന്നത്. അത് പൊക്കിപ്പിടിച്ചിട്ടാണ് പുറത്തു കടന്നത്. വീണ്ടും അവനോട്  'ഓക്കെ ' പറഞ്ഞ് ഓടിയിറങ്ങി.

മുറ്റത്ത് വച്ച് പേഴ്സിൽ നിന്നും നൂറു രൂപയെടുത്ത് മുരുകന്റെ കയ്യിൽ കൊടുത്തു. ബസ്സിന്റെ വാതിൽക്കൽവച്ച് തിരിഞ്ഞു നോക്കുമ്പോഴും അവനവിടെ ഗ്രില്ലിൽപ്പിടിച്ച് നിന്ന് കൈവീശുന്നുണ്ടായിരുന്നു. അകത്തു കയറി എന്റെ സീറ്റിൽ വന്നിരുന്നപ്പോഴാണ് ഒരാശ്വാസമായത്. ഉടനെ വണ്ടി വിടുകയും ചെയ്തു. സൈഡിലെ ഗ്ലാസ്സ് കറുത്തതായതു കൊണ്ട് പുറംലോകം പിന്നെ കണ്ടില്ല. ടിക്കറ്റെടുത്തതിനു ശേഷം ഞാൻ കണ്ണടച്ചിരുന്നു.

കഴിഞ്ഞ സംഭവങ്ങൾ മനസ്സിൽ ഒന്നുകൂടി ഓടിച്ചു നോക്കി. എവിടേങ്കിലും ഒരുപാളിച്ച പറ്റിയിട്ടുണ്ടോ...?
രണ്ടുമണി കഴിഞ്ഞ നേരത്താണ് ചായ കുടിക്കാനായി ബസ്സ് നിറുത്തിയത്‌. ഏതോ ഒരു കാടൻ പ്രദേശം. ബാഗിൽ നിന്നും വിഷക്കുപ്പിയെടുത്ത് ഓവർക്കോട്ടിലെ പോക്കറ്റിലിട്ടു. മൂത്രമൊഴിക്കാനായ് നീങ്ങിയ ഇരുട്ടിന്റെ മറവിൽ  ഗ്ലാസ്സും വിഷക്കുപ്പിയും അപ്പുറത്തെ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ അവിടെക്കണ്ട പെട്ടിക്കടയിൽ നിന്നും  ചൂടൻ ഇഡ്ലിയും ചമ്മന്തിയും സ്വാദോടെ കഴിച്ച് വന്നിരുന്ന്' സുഖമായി ഉറങ്ങി.

നേരം വെളുക്കാറായപ്പോഴാണ് ഉണർന്നത്. അതുവരേക്കും സുഖമായുറങ്ങിയിരുന്നു. മൂന്നു പെഗ്ഗ് മദ്യവും പതിവില്ലാതെ കഴിച്ച ബീഫും കുറേക്കപ്പലണ്ടിയും തന്ന ക്ഷീണം മാത്രമല്ല, പാതിരാക്ക് കഴിച്ച ചൂടൻ ഇഡ്ലിയും കാരണമായിരിക്കും സുഖമായുറക്കം കിട്ടിയത്.  അപ്പോഴേക്കും വണ്ടി മൈസൂരെത്തിയിരുന്നു. ഞാനും കുറച്ചു പേരോടൊപ്പം മൈസൂരിറങ്ങി. ബാംഗ്ലൂർ പോകേണ്ട പ്രത്യേകാവശ്യമൊന്നുമില്ലല്ലൊ. ഒരു ഇടത്തരം ഹോട്ടൽ കണ്ടെത്തി മുറിയെടുത്തു. കുറച്ചു നേരം കിടന്നുറങ്ങി.

എഴുന്നേറ്റ വഴി ആദ്യം ചെയ്തത്, പുറത്തിറങ്ങി നീണ്ട താടി വടിച്ച് ക്ലീനാക്കി. മുടി പറ്റെ വെട്ടി പുതിയൊരു ലുക്ക് ഉണ്ടാക്കി. ഇന്നലെ കണ്ടവർ ഇന്നത്തെ രൂപം കണ്ടാൽ തിരിച്ചറിയാത്തവണ്ണമാക്കി. എന്നിട്ടാണ് പ്രാതൽ കഴിച്ചത്.

 അവിടെ ഹോട്ടലിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്ന ആകാംക്ഷ എന്നെ ഒരുതരം മന:പ്രയാസത്തിലാക്കിയിരുന്നു. ഒരു പ്രത്യേക മുഴക്കത്തോടെയുള്ള നെഞ്ചിടിപ്പ് അന്നു മുഴുവൻ ഞാൻ കേട്ടുകൊണ്ടിരുന്നു. മുറിയിൽ ടീവിയൊന്നും ഇല്ലാതിരുന്നതുകൊണ്ട് വാർത്തകളൊന്നും അറിയാൻ കഴിഞ്ഞില്ല. ഉച്ചക്ക് ശേഷം വെറുതെ പുറത്തിറങ്ങി നടന്നു. കുറച്ചു നടന്നപ്പോഴാണ്  'മൈസൂർ വൃന്ദാവൻ ' എന്ന ബോർഡ് കണ്ണിൽപ്പെട്ടത്. ഒരു ഓട്ടോ യിൽ കയറി വൃന്ദാവൻ ഗാർഡനിൽ എത്തി. അവിടെ കറങ്ങി നടന്നിട്ടൊന്നും മനസ്സിലെ അങ്കലാപ്പിനൊരു ശമനവും കിട്ടിയില്ല.

ഒരു നാരങ്ങാവെള്ളം കുടിക്കാനായിട്ടാണ് ആ പെട്ടിക്കടയിലെക്ക് ചെന്നത്. അവിടെ തൂങ്ങിക്കിടന്ന ഒരു മലയാള പത്രം കണ്ണിലുടക്കിയത് പെട്ടെന്നായിരുന്നു. ബാംഗ്ലൂർ മലയാളികൾക്കായി ഇറക്കിയ ഒരു മലയാളം സായാഹ്നപത്രമായിരുന്നു. ഞാനത് വലിച്ചെടുത്ത് നിവർത്തുന്നതിനിടയിൽ നാരങ്ങാവെളളം കടക്കാരൻ നീട്ടി. അതും വാങ്ങി ഒരു കവിൾ കുടിച്ചിട്ടാണ് പത്രത്തിന്റെ മുൻവശം ശ്രദ്ധിച്ചത്.
പെട്ടെന്ന് നടുങ്ങിപ്പോയി..!! സന്തോഷത്തോടൊപ്പം ഒരു വിറയലും എന്നെ ബാധിച്ചു. കാരണം ആ ക്ലീൻഷേവുകാരൻ അങ്ങനെതന്നെ ചത്തുമലച്ചു കിടക്കുന്നുണ്ടായിരുന്നു മുൻപേജിൽ. വിഷമദ്യദുരന്തത്തിന്റെ വാർത്തയായിരുന്നു താഴേക്ക് മുഴുവൻ.

നാരങ്ങാവെള്ളം മുഴുവൻ ഒറ്റയടിക്ക് കുടിച്ച് പേപ്പറും വാങ്ങി ഞാൻ വേഗം വൃന്ദാവനിൽ നിന്ന് പുറത്തെത്തി ഒരു ഓട്ടോ പിടിച്ച് ഹോട്ടലിൽ തിരിച്ചെത്തി. അതുവരെ പേപ്പർ തുറന്നില്ല. ബാക്കി വാർത്തകൾ ആരുമില്ലാത്തിടത്ത് ഇരുന്ന് വായിക്കണമെന്ന് തോന്നി.
അവൻ ചത്തുമലച്ചു കിടക്കുന്നത് കൺകുളിർക്കെ കാണണമെനിക്ക്.
എന്നിട്ട് പൊട്ടിപ്പൊട്ടിച്ചിരിക്കണം. അതിനായിട്ടാണ് മുറിയിലേക്ക് ഓടിയെത്തിയത്.

കട്ടിലിൽ ചാരിക്കിടന്നുകൊണ്ടുതന്നെ പേപ്പറിന്റെ മുൻവശം മുഴുവൻ നോക്കി. ചത്തുമലച്ചുകിടക്കുന്ന അവന്റെ വായിൽ വെളുത്ത പത ഉണങ്ങിപ്പിടിച്ചിരുന്നു. ഞാനത് കണ്ട് ഒരു സാഡിസ്റ്റിനെപ്പോലെ പൊട്ടിപ്പൊട്ടിച്ചിരിച്ചു. മതിയാവോളം.
പാവം എന്റെ ഭാര്യ. അവൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് നടത്തിയവന്റെ ശരീരം ചത്തുമലച്ചു കിടക്കുന്നത്  'കണ്ടുവോ നീ...കണ്ടുവോ.. ' ഞാൻ ഉറക്കെയുറക്കെ വിളിച്ചു ചോദിച്ചു. അവസാനം കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി. എനിക്ക് കരയണമെന്ന് തോന്നി. ചങ്കുപൊട്ടിക്കരഞ്ഞ ഞാൻ തന്നെ ചങ്കുപൊട്ടിച്ചിരിക്കാനും തുടങ്ങി. ശരിക്കും ഒരു ഭ്രാന്താവസ്ഥയിലായി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ തളർന്നു. ഇന്നെനിക്ക് ഒരു ഫയന്റെങ്കിലും അടിച്ചു തീർക്കണം. ഈ സന്തോഷം എനിക്ക് കുടിച്ച് തീർക്കണം. ഞാൻ തീർച്ചപ്പെടുത്തി.

രണ്ടാം പേജിലേക്ക് അപ്പോഴാണ് നോക്കിയത്. രണ്ടാം പേജിലെ ആദ്യ പടം കണ്ട ഞാൻ തുറിച്ചു നോക്കിയിരുന്നു പോയി. ആ പേജിൽ നിന്നും കണ്ണെടുക്കാനായില്ലെനിക്ക്. അതിന്റെ അടിക്കുറിപ്പ് വായിച്ചതും ഞാനെന്റെ നെറുകംത്തലയിൽ ശക്തിയായി അടിച്ചിട്ട് 'അയ്യോ ചതിച്ചോ..'യെന്ന് പറഞ്ഞു പോയി...!

തുടരും ....

Wednesday, 6 February 2019

നോവൽ
പ്രവാസ ബാക്കി. (12)

കഥ ഇതുവരെ


ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു

തുടർന്നു വായിക്കുക ..

അരങ്ങൊരുങ്ങി ..


എങ്കിലും മുന്നിലെ വിരിച്ചിട്ട ബഡ്ഡിലേക്ക് നോക്കുമ്പോൾ, അവിടെ കിടന്ന് പിടഞ്ഞ എന്റെ ഭാര്യയെ ഓർക്കുമ്പോൾ വിറയലെല്ലാം ഒരു ശക്തിദുർഗ്ഗമായി ശരീരത്തിൽ ആവാഹിച്ചെടുക്കും. ഇരുപ്പുറക്കാതെ എഴുന്നേറ്റു നടക്കും. പിന്നെയും വന്നിരിക്കും. അടച്ചിട്ട വാതിൽക്കലേക്കും നോക്കി കൈകൾ കൂട്ടിത്തിരുമ്മി അവന്റെ വരവിനായി അക്ഷമയോടെ ഞാനിരുന്നു....

അവൻ എട്ടരക്കാണ് എത്തിയത്.
കയ്യിൽ ഒരു ബ്രാണ്ടിക്കുപ്പിയുമുണ്ടായിരുന്നു. റൂംബോയ് മുരുകൻ സോഡകളും, ഗ്ലാസുകളും, ഭക്ഷണപ്പൊതിയുമായി പിന്നാലെയെത്തി. തുറന്ന ചിരിയുമായി കുപ്പി ടീപ്പോയ് മേൽ വച്ചിട്ട് അവൻ പറഞ്ഞു.
''കുറച്ചു ബുദ്ധിമുട്ടികെട്ടോ സംഘടിപ്പിക്കാൻ. എന്നാലും സംഘടിപ്പിക്കാതിരിക്കാനാവില്ലല്ലൊ. ഞാൻ ഏറ്റതല്ലെ ... "
"ഓ... താങ്ക്യൂ.... താങ്ക്യൂ ..."
അതും പറഞ്ഞ് ഞാനും വലിയവായിൽ ചിരിച്ച് അവനൊപ്പം കൂടി.

ടീപ്പോയ്മേൽ എല്ലാം നിരത്തി വച്ചിട്ടാണ് അവൻ എനിക്കെതിരിൽ ഇരുന്നത്. കുപ്പി പൊട്ടിച്ച് ഒരു പെഗ്ഗെനിക്കും രണ്ടു പെഗ്ഗവനും ഗ്ലാസിലേക്ക് പകർത്തിയിട്ട് എന്റെ മുഖത്തേക്കവൻ നോക്കിച്ചോദിച്ചു.
"സോഡാ യാ വാട്ടർ ...?
''സോഡാ ...'' ഞാൻ പറഞ്ഞു.
അവൻ സോഡ പൊട്ടിച്ച് എന്റെ ഗ്ലാസ് നിറച്ചു തന്നു. അവന്റെ ഗ്ലാസ്സിൽ ഒരു പെഗ്ഗിന്റത്രയേ ഒഴിച്ചുള്ളു. അവൻ വെള്ളമൊഴിക്കാതെ ഡ്രൈയായിത്തന്നെ കഴിക്കുന്നവനാണെന്ന് എനിക്ക് മനസ്സിലായി. എത്ര കഴിച്ചാലും കൂളായി നടക്കാൻ മിടുക്കനാണന്നു് പിന്നീടങ്ങോട്ടുള്ള ഓരോ നടപടിയും അവൻ വ്യക്തമാക്കിത്തന്നു.

അവൻ രണ്ടു ഗ്ലാസ്സുമെടുത്ത് പൊക്കിയിട്ട് എനിക്കുള്ളത് നീട്ടിയിട്ട് പറഞ്ഞു.
"ചീയേഴ്‌സ്.. "
പെട്ടെന്ന് ഗ്ലാസ് വാങ്ങി ഞാനും പറഞ്ഞു.
"ചീയേഴ്‌സ്... നമ്മുടെ ആജീവനാന്ദ സൗഹൃദത്തിന് .."
അതവന് നന്നായി ബോധിച്ചു. അവൻ വലിയ വായിൽ ചിരിച്ചിട്ട് ഗ്ലാസ്സ് വായിലേക്ക് കമഴ്ത്തി. ഞാൻ ഒരു കവിൾ കുടിച്ചിട്ട് ഗ്ലാസ് താഴെ വച്ചു. അതിന്റെ മണം മൂക്കിലേക്കിരച്ചു കയറി. നാട്ടിൽ ബാറ്ററിയൊക്കെ ഇട്ടു വാറ്റുന്ന ഒരുതരം 'പട്ട'യുടെ മണം. ഏതോ കള്ളവാറ്റിൽ കളറ് ചേർത്തതാണെന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി.

ഞാൻ കുടിച്ച ഗ്ലാസ്സിലേക്ക് സൂക്ഷിച്ചു നോക്കി. ഇതിനുപുറത്ത് എന്റെ വിരൽപാടുകൾ തെളിഞ്ഞു കിടപ്പുണ്ടാവും. പോകുമ്പോൾ ഗ്ലാസ്സെടുത്ത് ബാഗിൽ വക്കാൻ മറക്കരുതെന്ന് അപ്പഴേ തീരുമാനിച്ചു.
ഞങ്ങൾ രണ്ടാവർത്തി ഗ്ലാസ്സ് കാലിയാക്കിയപ്പോഴേക്കും അവൻ നല്ല മൂടിലെത്തിയിരുന്നു. അതോടെ തിന്നാനുള്ളതും തീർന്നിരുന്നു. അവൻ എഴുന്നേറ്റ് സാവധാനം നടന്നു ചെന്ന്  വരാന്തയിൽനിന്ന് താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു.
" ഡേയ് മുറുകാ.. കപ്പലണ്ടീം ഊരുകായും എടുത്തിട്ടു വാ.. ."
അവനത് കുനിഞ്ഞു നിന്ന് പറഞ്ഞ തക്കത്തിന് ഞാൻ ബാഗ് തുറന്ന് കുപ്പിയിലെ മരുന്ന് കുറച്ച് അവന്റെ ഗ്ലാസിലേക്ക് പകർത്തി. അവൻ കുടിച്ചതിന്റെ ബാക്കി സ്വല്പമേ ഗ്ലാസ്സിൽ ഉണ്ടായിരുന്നുള്ളു.

അവൻ തിരിച്ചു വന്ന് ഇരുന്നവഴി കുപ്പി തുറന്ന് അവന്റെ ഗ്ലാസ്സിലേക്ക് പകുതിയോളം ഒഴിച്ചു. പിന്നെ എന്റെ ഗ്ലാസ്സെടുത്ത് ഒഴിക്കാൻ തുടങ്ങിയപ്പോഴേക്കും ഞാൻ തടഞ്ഞു.
'' മതി .. മതി.. എനിക്ക് പോകണ്ടതാ .. ഇപ്പോത്തന്നെ രണ്ടു പെഗ്ഗായി.. "
"അതു പറ്റില്ല. ഒരെണ്ണം കൂടി. ഇതുകൊണ്ട് സാറിനൊന്നുമാവില്ല. ബസ്സിൽ കിടന്ന് സാറിന് സുഖമായിട്ടൊറങ്ങാം.... "
അതും പറഞ്ഞവൻ ബലമായിട്ട് തന്നെ എന്റെ ഗ്ലാസ്സിൽ ഒരു പെഗ്ഗുകൂടി ഒഴിച്ച് സോഡയും നിറച്ചു വച്ചു. അതു കഴിഞ്ഞപ്പോഴേക്കും കുപ്പി ഏതാണ്ട് പകുതിയോളമെത്തിയിരുന്നു.

അതുകഴിഞ്ഞവൻ എന്റെ നേരെ ഒരുകണ്ണിറക്കി ചുണ്ടൊരു വശത്തേക്ക് കോട്ടിയിട്ട് ചോദിച്ചു.
" പെൺകേസ്സിലെങ്ങനാ...?"
"ഹേയ്.. ഇപ്പോഴതിനൊന്നിനും നേരമില്ല. അടുത്ത തവണയാവട്ടെ..."
അതും പറഞ്ഞ് ഞാൻ വളിച്ചൊരു ചിരി ഉറക്കെച്ചിരിച്ചു. ഞാൻ പെൺകേസ്സിൽ തൽപ്പരനാണെന്നറിഞ്ഞതും അവന്റെ സന്തോഷം ഇരട്ടിച്ചു. എന്നിട്ട് പറഞ്ഞു.
"സാറിനേതു വേണമെന്നു പറഞ്ഞാൽ മതി. മലയാളി വേണോ.. തമിഴത്തി മതിയോ അല്ലെങ്കിൽ കന്നഡ, ഗോവ, നേപ്പാളി... "
അത് കേട്ട് അതിശയം കൂറിയ മാതിരി ഞാൻ വായും പൊളിച്ച് കണ്ണും തള്ളിയിരുന്നു. അവനത് ഒന്നുകൂടി ഹരമായി. അവൻ ഒന്നുകൂടി പറഞ്ഞു.
" കോളേജ് സ്റ്റുഡന്റ്സ് വേണോ, വീട്ടമ്മമാരെ വേണോ.. ഏതും റെഡിയാണ് സാർ....!! "
ഞാൻ അത്ഭുതം കൂറി. ഞാനവന്റെ തോളത്ത് തട്ടിയിട്ട് പറഞ്ഞു.
"താനാളു ഭയങ്കരനാണല്ലൊടോ......"
"സാറെന്നു തിരിച്ചുവരുമെന്നു പറഞ്ഞാ മതി. അതിനു മുൻപേ ഞാൻ റെഡിയാക്കി നിറുത്തിക്കോളാം.. ഹി...ഹി..ഹീ......"
"ഒരു മൂന്നുനാലു ദിവസം ബാംഗ്ലൂരു തങ്ങേണ്ടി വരും. അതു കഴിഞ്ഞ് ഞാൻ തിരിച്ചെത്തും. തിരിച്ചെത്തിയാൽ ഒരു പത്തു ദിവസം ഞാനിവിടെ കാണും. നമുക്ക് അടിച്ചു പൊളിക്കാമെടോ...''
അതു കേട്ട് അവന്റെ വലിയവായിലെ ചിരി സഹിക്കാവുന്നതിനും അപ്പുറം.

പിന്നെ അവന്റെ പെൺകേസ്സുകളിലെ ധീരവീരപരാക്രമങ്ങളുടെ കഥകളായിരുന്നു. എനിക്ക് താൽപ്പര്യമില്ലെങ്കിലും സമയം പോകാനായി ഇരുന്നുകൊടുത്തു. അവന്റെ വാചകമടി കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല.
ഞാൻ വാച്ചിൽ നോക്കിയിട്ട് പറഞ്ഞു.
"ഞാനേതായാലും ഭക്ഷണം കഴിക്കട്ടെ. താൻ കഴിക്കുന്നുണ്ടോ..?"
"ഇല്ലില്ല. സാറുകഴിച്ചോളു. ഇന്നൊരു പുതിയ സുഹൃത്തിനെ കിട്ടിയ സന്തോഷമാ. ഞാൻ രണ്ടെണ്ണംകൂടി അടിച്ചിട്ടേ കഴിക്കുന്നുള്ളൂ... "
"സാറ് സൗകര്യം പോലെ കഴിച്ചാൽ മതി. എനിക്ക് പോകേണ്ടതല്ലെ. ഞാൻ കഴിക്കട്ടെ.."

ഒരു പൊതിയഴിച്ച് ബീഫ് ഫ്രൈയും പൊറോട്ടയും കഴിക്കാൻ തുടങ്ങി. ഇടക്ക് എന്റെ ഗ്ലാസ്സിൽ നിറച്ചു വച്ചതും കുറേശ്ശെ കഴിച്ചു. അവന്റെ ഗ്ലാസ്സ് കാലിയാകാൻ അധികം സമയം വേണ്ടി വന്നില്ല.
പെട്ടെന്നാണ് കുപ്പിയിലെ ബാക്കിയുള്ള വിഷം ബ്രാണ്ടിക്കുപ്പിയിലൊഴിക്കാൻ ഇവനെയൊന്നു മാറ്റണമല്ലോന്ന് ഓർത്തത്.
ഞാൻ പറഞ്ഞു.
"ആ നാരങ്ങ അച്ചാറ് കുറച്ചു കൂടി കിട്ടിയിരുന്നെങ്കിൽ ഈ ബീഫിന്റൊപ്പം കഴിക്കാൻ നല്ല രസമായിരുന്നു...... "
കേൾക്കേണ്ട താമസം അവൻ എഴുന്നേറ്റ് ആടിയാടി നടന്ന് വാതിൽക്കൽ ബലമായി പിടിച്ചു നിന്നിട്ട് വിളിച്ചു പറഞ്ഞു.
"ടായ് ..മുർഗാ... ഊറുകായ് എടുത്തിട്ടു വാടാ..."
അവൻ അവിടെത്തന്നെ നിന്നതേയുള്ളു. ആ പിടുത്തത്തിലും നന്നായി ആടുന്നുണ്ടായിരുന്നു. ഞാനൊഴിച്ച വിഷം പിടിച്ചു തുടങ്ങിയെന്നു മനസ്സിലായി.

അത്രയും സമയമേ എനിക്കും വേണ്ടിയിരുന്നുള്ളു. ബാഗ് തുറന്ന് കുപ്പിയിലുള്ള മുഴുവനും ആ ബ്രാണ്ടിക്കുപ്പിയിലേക്ക് ഒഴിച്ചു. ബ്രാണ്ടിക്കുപ്പി തുറന്നുതന്നെ ഇരുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായിരുന്നെങ്കിലും എന്റെ വിറയൽ ശരീരമാകമാനം പടർന്നു കഴിഞ്ഞു. ഇനി എത്രയും വേഗം ഇവിടന്ന് സ്ഥലം വിടണം. ഇപ്പോഴത്തെ വിറയൽ സാരമില്ല. ഉള്ളിൽ കിടക്കുന്നതിന്റെ പ്രതിഫലനമായിട്ടേ കരുതുകയുള്ളു.

അവൻ അച്ചാറുമായി തിരിച്ചെത്തിയപ്പോഴേക്കും ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. അവൻ കസേരയിൽ വന്നു വീണപ്പോഴേക്കും ഞാനെഴുന്നേറ്റു.
അതുകണ്ട് അവൻ ചോദിച്ചു.
"സാറ് ഫിനിഷാക്കിയാ... ?''
''സമയമില്ല. ബസ്സിപ്പൊ വരില്ലെ, പതിനൊന്നായി "
"ഓക്കെ ഓക്കെ.. സാറ് കൈ കഴുകിയിട്ട് വന്നോളു ."

ഞാൻ  അവനെപ്പോലെ കുടിച്ച് ലവൽ കെട്ടവനായി ആടിയാടിയാണ് നടന്നത്. അവനത് കാണുന്നുണ്ടായിരുന്നു. ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന  കടലാസ് ഞാൻ ചുരുട്ടിപ്പിടിച്ചിരുന്നു. അതിടാനായി ഒരു പാത്രവും കണ്ടില്ല. കൈ കഴുകി  തോർത്തുകൊണ്ട് തുടച്ചു കഴിഞ്ഞപ്പോഴാണ്, ഈ കടലാസ് ഇവിടെയിട്ടാൽ വരാൻ പോകുന്ന ആപത്ത് മനസ്സിൽ വന്നത്.

 തുറന്ന പൈപ്പ് തോർത്തുകൊണ്ടു തുടച്ചു വൃത്തിയാക്കിയിട്ട്, കടലാസ്പ്പൊതി തോർത്തിൽത്തന്നെ പൊതിഞ്ഞുപിടിച്ച് കൊണ്ടുവന്നു.. എന്റെ ആടിയാടിയുള്ള നടപ്പ് കണ്ടിട്ട് അവന് ചിരി പൊട്ടി. അവൻ പറഞ്ഞു.
"സാറിനേക്കാൾ കൂടുതൽ ഞാനാ അകത്താക്കിയത്. എന്നിട്ടും ഞാൻ ഇപ്പഴും സ്റ്റെഡിയല്ലെ. സാറിതേ.. പാമ്പിഴഞ്ഞു തുടങ്ങീ... ഹാ.. ഹാ.. ഹാ.. "
ഞാനും ചിരിച്ചെങ്കിലും, അടുത്തു കിടക്കുന്ന കട്ടിലിലേക്ക് എന്റെ കണ്ണു പാഞ്ഞു.

എന്റെ ഭാര്യ മാനത്തിനു വേണ്ടി യാചിക്കുന്ന രംഗം എന്റോർമ്മയിൽ ഓടിയെത്തി. പിന്നെ എനിക്ക് കണ്ണിനു കാഴ്ചയില്ലായിരുന്നു, ബോധവും. ബാഗെടുത്ത് ടീപ്പോയ് മേൽ വച്ചിട്ട് , പൊതിഞ്ഞു പിടിച്ചിരുന്ന തോർത്ത് ബാഗിനകത്ത് ഒരു മൂലയിൽ വച്ചപ്പോഴാണ് സ്പ്രിംഗ് കഠാര എന്റെ കയ്യിൽ തടഞ്ഞത്.
ഒരു നിമിഷം അവനെ നോക്കി.
അവൻ കസേരയിൽ ചാരി കണ്ണടച്ചിരിക്കുകയാണ്.
വേറെയാരുമില്ല മുറിയിൽ.
പറ്റിയ സന്ദർഭം.
എന്റെ ശരീരവിറയൽ ഭയങ്കരമായി ഉയർന്നു.
ശ്വാസോഛ്വാസം വർദ്ധിച്ചു.
ആ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി...


തുടരും...

Tuesday, 1 January 2019

നോവൽ.

പ്രവാസ ബാക്കി. (11)

കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.

അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു. സുകന്യാജിയെ ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ഹോട്ടലിലെത്തുന്നു
തുടർന്നു വായിക്കുക ..

തയ്യാറെടുപ്പ് ..

'പിറ്റേ ദിവസം സന്ധ്യക്കു മുൻപ് ഹൈറേഞ്ചിലെ മനോഹരമായ പൂന്തോട്ടത്തിനു മുന്നിലേ ഹോട്ടലിലേക്ക് ഞാനെത്തി. ബാംഗ്ലൂരിൽ നിന്നും ഒരാഴ്ച വിശ്രമത്തിനു വന്ന ഒരു വ്യവസായിയുടെ വേഷത്തിൽ, കഴുത്തിൽ ഒരു ടൈയും ഓവർക്കോട്ടും ഞാൻ അണിഞ്ഞിരുന്നു. ആ ക്ലീൻ ഷേവുകാരൻ ഞെളിഞ്ഞു്, ചിരിക്കുന്ന മുഖവുമായി എന്നെ സ്വീകരിച്ചു. പല്ലു ഞെരിച്ചുകൊണ്ടാണെങ്കിലും ഞാനും ചിരിച്ചു.

ആ ക്ലീൻഷേവുകാരനെ അവിടെ കണ്ടപ്പോൾ, ഒരാഴ്ചത്തെ പരിപാടിയുമായി വന്ന എനിക്ക് അവനെ ഇന്നുതന്നെ തീർത്താലോയെന്ന് ഒരു തോന്നൽ. അവന്റെ സ്വഭാവ വൈചിത്രങ്ങളെക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് പെട്ടെന്നൊരു തീരുമാനമെടുക്കാനായില്ല. ഒരു പക്കാ പെണ്ണുപിടിയനാന്നു മാത്രമെ അറിയൂ. അത്തരക്കാർ  മുഴുക്കുടിയനായിരിക്കുമെന്ന് ഒരു സാമാന്യബോധം വച്ച് കണക്കാക്കാം. ആലോചിച്ചു നിൽക്കുമ്പോഴേക്കും ക്ലീൻഷേവുകാരൻ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു.
"സാറിനെത്ര ദിവസത്തേക്കാ വേണ്ടത്....?"
"ഞാൻ ഒരാഴ്ചയുണ്ടാകുമിവിടെ. ആ പൂന്തോട്ടം കാണാൻ കഴിയുന്ന ഒരു റൂം മതി."
"ശരി സാർ. അഡ്രസ്സ് ഒന്നെഴുതിക്കോളൂ.. "
എന്നു പറഞ്ഞയാൾ രജിസ്റ്റർ ബുക്ക് എന്റെ നേരെ തിരിച്ചുവച്ചു. ഞാനതിൽ ബാംഗ്ലൂരിലെ ഒരു ഐട്ടിക്കമ്പനിയുടെ ജിഎം ആണെന്ന രീതിയിൽ എഴുതിവച്ചു. അപ്പഴേക്കും എന്റെ ഫോൺ ശബ്ദിച്ചു. ഞാനതുമായി പുറത്തിറങ്ങി. മകനായിരുന്നു വിളിച്ചത്. ഞാൻ ക്ഷേത്രദർശനങ്ങളൊക്കെ പെട്ടെന്ന് പൂർത്തിയാക്കി അവരോടൊപ്പം ചേരണമെന്നായിരുന്നു ആവശ്യം.

അവന്റെ വിളി കട്ടായപ്പോൾ, ഫലപ്രാപ്തിയിലെത്തുമെന്നറിയാത്ത ഒരു നീക്കം നടത്താൻ പെട്ടെന്ന് തോന്നിയ ഒരു വികാരത്തിന് തീരുമാനിച്ചു.

ഞാൻ വീണ്ടും റിസപ്ഷനിൽ എത്തി. ക്ലീൻഷേവുകാരൻ ചിരിച്ച മുഖവുമായി മുന്നിലെത്തി. ഞാൻ പറഞ്ഞു.
" സോറീടോ... ഒരാഴ്ചത്തെ വിശ്രമത്തിനായിട്ടാ ഇവിടെയെത്തിയത്. പക്ഷേ, ഇപ്പോൾ ഫോൺ വന്നിരിക്കുന്നു, നാളെ പത്തു മണിക്കു മുമ്പു് ബാംഗ്ലൂരിലെത്തണമെന്ന്. തൽക്കാലം എനിക്ക് ഒന്നു കുളിക്കാനും വിശ്രമിക്കാനുമെ സമയമുള്ളു. ബൈ ദ ബൈ, എനിക്ക് കാലത്ത് ബാംഗ്ലൂരിലെത്തത്തക്ക വിധത്തിൽ ഒരു ബസ് ടിക്കറ്റ് അറേഞ്ച് ചെയ്യണം. അതത്യാവശ്യമാ."
" ശരിയാക്കാം സാർ. ഓരോ മണിക്കൂർ ഇടവിട്ട് ഇവിടന്ന് ബസ്സ് പോകുന്നുണ്ട്. സാറ് റൂമിൽ പോയി വിശ്രമിച്ചോളൂ... ടേയ് മുരുകാ... സാറിന് റൂം കാണിച്ചു കൊടുക്ക്..."
ഒരു ദിവസത്തേക്കുള്ള റൂം ചാർജ്ജും കൊടുത്ത് ഞാനാ പയ്യന്റെ
 പിന്നാലെ നടന്നു.

പൂന്തോട്ടത്തിന് മുന്നിലുള്ള ആ പഴയമുറി തുറന്നു തന്നു. ഒരുപാട് ഓർമ്മകളൊന്നും ഈമുറി തന്നില്ലെങ്കിലും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരോർമ്മ  വലിയ നീറ്റലായി മനസ്സിൽ കിടക്കുന്നു. ഞാൻ ആ ബഡ്ഡിലേക്കും നോക്കി കുറച്ചു നേരം സെറ്റിയിലിരുന്നു. എന്റെ ഭാര്യയെ പിച്ചിച്ചീന്തിയ ആ കട്ടിൽ നോക്കിയിരിക്കെ ഞാൻ വല്ലാതെ വിറപൂണ്ടു. ഇന്നു തന്നെ അവനെ തീർക്കണം. ഞാൻ തീർച്ചപ്പെടുത്തി. ചെയ്യേണ്ട പ്രവർത്തികളുടെ ഒരു രൂപരേഖ മെനഞ്ഞെടുത്തു.

ബാഗ് തുറന്ന് തോർത്ത് മാത്രമെടുത്ത് ബാത്ത് റൂമിൽ കയറി ചൂടുവെള്ളത്തിൽ കുളിച്ചു. കുളിച്ചു കൊണ്ടിരിക്കുമ്പോഴും ഒരു പിഴവും പറ്റാതെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണമെന്ന കണക്കുകൂട്ടലിലായിരുന്നു. എതെങ്കിലും തടസ്സത്താൽ പരാജയപ്പെട്ടാൽ ഒരു വരവുകൂടി വരേണ്ടിവരും. അങ്ങനെയെങ്കിൽ ഇത്തവണ പോകുന്നതിനുമുൻപു് അവന്റെ വിശ്വാസം നേടിയെടുക്കണം. പിന്നെ ധൈര്യപൂർവ്വം അടുത്തതവണ തീർപ്പാക്കണം.

കുളി കഴിഞ്ഞ് മാറ്റിയിട്ട പാന്റ്സ് തന്നെ ഇട്ട് സെറ്റിയിൽ വന്നിരുന്നു. നനഞ്ഞ തോർത്ത്  കഴുത്തിൽ ചുറ്റി വിടർത്തിയിട്ടു. പക്ഷേ, തണുപ്പു കാരണം പെട്ടെന്നു തന്നെ തോർത്തു മാറ്റി. പഴയ ഷർട്ടു തന്നെ എടുത്തിട്ടു. അപ്പൊഴാണ് വാതിലിൽ മുട്ടിയിട്ട് ക്ലീൻഷേവുകാരന്റെ വരവ്. തിരിച്ചു പോകാനുള്ള ബസ് ടിക്കറ്റ് ശരിയാക്കിയ കാര്യം പറയാനാണ്.
അയാൾ ചോദിച്ചു.
"സർ, പത്തിനും പതിനൊന്നിനും പന്ത്രണ്ടിനും വണ്ടി പോകുന്നുണ്ട്. സാറിനേതാവേണ്ടത്. ..?''
''എനിക്ക് കാലത്ത് ഒരെട്ടുമണിക്ക് ബാംഗ്ലൂരെത്തത്തക്ക വിധത്തിൽ അറേഞ്ചു ചെയ്താൽ മതി. "
''എങ്കിൽ 11 മണിക്കുള്ള ബസ്സാകാം സാർ."
" ശരി. അങ്ങനെയാകട്ടെ. ആട്ടെ, എത്രയാ ചാർജ്ജ്. ഇപ്പോൾ കൊടുക്കണ്ടെ...?"
അതുംപറഞ്ഞ് ഞാൻ പോക്കറ്റിൽ നിന്നും പെഴ്‌സെടുത്തു.
"അതിപ്പോൾ തരേണ്ടതില്ല. ഞാനിവിടന്ന് ഒരാളുണ്ടെന്ന് വിളിച്ചു പറഞ്ഞു് സീറ്റ് ഉറപ്പാക്കുകയേയുള്ളു. ആ വണ്ടി നമ്മുടെ ഹോട്ടലിനു മുന്നിൽ നിർത്തും. അന്നേരം ബസ്സിൽ  കയറിയിട്ട് ടിക്കറ്റെടുത്താൽ മതി."
"ശരി സർ."

അയാൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ വിളിച്ചത്.
''ഇപ്പോൾ ഏഴുമണിയല്ലെ ആയുള്ളു. ഇനിയും നാലു മണിക്കൂർ കൂടിയുണ്ട്. ഇതിനകത്ത് ബാറുണ്ടോ...?''
"ഞങ്ങൾക്ക് ബാർലൈസൻസ് ഇതുവരെ കിട്ടിയില്ല. സാറിന് ഏതാണാവശ്യമെന്ന് പറഞ്ഞാൽ മതി. റൂമിൽ കൊണ്ടുവന്നു തരും."
ഞാൻ അതിശയം പൂണ്ടിട്ടെന്നോണം പറഞ്ഞു.
"ഓഹോ... എനിക്ക് രണ്ടു മൂന്ന് പെഗ്ഗിന്റെ ആവശ്യമുള്ളു. ഏതെങ്കിലും കൊള്ളാവുന്ന ബ്രാന്റിന്റെ ഒരു ഫൈന്റ് കിട്ടിയാൽ മതി."
അയാൾ അത് കേട്ട് നെറ്റി ചുളിച്ചു. എന്നിട്ട് പറഞ്ഞു.
" ഫൈന്റൊന്നും കിട്ടുകയില്ല സർ. ഫുൾ ബോട്ടിൽ വാങ്ങേണ്ടിവരും."
"ഞാനൊറ്റക്ക് ഈ ഫുൾ ബോട്ടിലെന്തു ചെയ്യാനാടൊ. അല്ല, താങ്കൾക്കൊരു കമ്പനി തരാൻ പറ്റുമോ. എങ്കിൽ ഒരു ബോട്ടിൽ വാങ്ങാം....."
ഞാൻ പതുക്കെ ഒരു ചൂണ്ടയിട്ടുനോക്കിയതായിരുന്നു.
അയാൾ വലിയ വായിൽ നന്നായിട്ടൊന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"സാറിനത്ര നിർബന്ധമാണെങ്കിൽ ഞാനും കൂടാം. പക്ഷേ, 8 മണി കഴിയണം. അപ്പഴേ എന്റെ ഡ്യൂട്ടി തീരൂ.... "
"ങാ... മതി മതി."

ഞാൻ പേഴ്‌സിൽ നിന്നും ആയിരത്തിന്റെ രണ്ടെണ്ണമെടുത്ത് ക്ലീൻഷേവുകാരന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
" കൂട്ടത്തിൽ കഴിക്കാനും കൊറിക്കാനുമുള്ള എന്തെങ്കിലുമൊക്കെ വാങ്ങിപ്പിക്കണം. മാത്രമല്ല ഭക്ഷണവും കഴിക്കണ്ടെ. നമ്മൾക്ക് രണ്ടു പേർക്കുമുള്ള ബീഫ് ഫ്രൈയും പൊറോട്ടയും കൂടി കരുതിക്കോണം. പിന്നീട് പുറത്തു പോകാൻ സമയം കിട്ടില്ല. കാരണം 11 മണിക്ക് എന്റെ വണ്ടി വരില്ലെ...''
ഞാൻ അതും പറഞ്ഞു് ചിരിച്ചിട്ട് ആയിരത്തിന്റെ ഒരെണ്ണം കൂടി അയാളുടെ കയ്യിൽ പിടിപ്പിച്ചു. അയാൾ അതും വാങ്ങി സന്തോഷത്തോടെ തിരിച്ചു പോയി..

അപ്രതീക്ഷിതമായി മറ്റൊരു പ്ലാനും വേണമെങ്കിൽ നടപ്പിലാക്കാൻ ഞാൻ തീരുമാനിച്ചു. ഇതുവരേയുമുള്ള ചിന്തയിൽ കൃത്യം നടത്തിയതിനുശേഷമള്ള എന്റെ രക്ഷപ്പെടലിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോൾ അതും ആലോചനയിൽ പെട്ടെന്ന് കടന്നുവന്നു. ഇവനെപ്പോലുള്ള ദു:ഷ്ടപ്പിശാചുക്കളെ കൊല്ലുന്നതിന് ഞാനെന്തിന് ജയിലിൽ പോകണം..?

വാതിലടച്ച് കുറ്റിയിട്ട് വന്ന് ബാഗെടുത്ത് ടീപ്പോയ് മേൽ വച്ചു. ബാഗ് തുറന്ന് അടിയിലെ കട്ടിയുള്ള കാർഡ് ബോഡിനും അടിയിൽ സൂക്ഷിച്ചിരുന്ന സാധനം പുറത്തെടുത്തു.
ഒരു കഠാര...!
അതും സ്പ്രിംഗ് കഠാര ...!
ഗൾഫിൽ വച്ച് ഒരമേരിക്കൻ പട്ടാളക്കാരനിൽ നിന്നും സംഘടിപ്പിച്ചതായിരുന്നു.
ആ കഠാരയുടെ സവിശേഷതകൊണ്ടായിരുന്നു അത് സ്വന്തമാക്കിയത്. വെറും കൗതുകത്തിനായി വാങ്ങിയതാണ്.

മുകളിലെ ഒരു ബട്ടൺ തള്ളവിരൽ കൊണ്ട് മുകളിലേക്ക് നീക്കിയാൽ, അകത്തു നിന്നും നല്ല മൂർച്ചയുള്ള പോർമുന ശക്തിയായി ഒരു ചീറ്റലോടെ പുറത്തേക്ക് തെറിച്ചു വരും...! കരിങ്കല്ലിനോ മരത്തിനോ അല്ലാതെ ആ പോർമുനയെ തടുക്കാനാകില്ല.
അതേ ബട്ടൺ താഴേക്കിട്ടാൽ പോർമുന അതേ സ്പീഡിൽ അകത്തേക്ക് കയറിപ്പോകും... !
ഞാനതൊന്ന് പരീക്ഷിച്ച് ഉറപ്പു വരുത്തിയിട്ട് ബാഗിന്റെ ഉള്ളിൽ മുകളിൽത്തന്നെ എടുത്തു വച്ചു.

കൂടാതെ ഇരയെ വേദനയറിയിക്കാതെ കൊല്ലാനുള്ള ഒരു പൊതികൂടിയുണ്ടായിരുന്നു. അതെടുത്ത് തുറന്നു നോക്കി. സാധനം ഒരു പ്ലാസ്റ്റിക് ബോട്ടിലിനകത്ത്  തന്നെയുണ്ട്. അതിന്റെ പൊതിയഴിച്ച് താഴെയിട്ടിട്ട്  പെട്ടെന്നെടുക്കത്തക്കവിധത്തിൽ ബാഗിനകത്ത് മുകളിൽത്തന്നെ വച്ചു. ബാഗിന്റെ സിബ്ബ് ക്ലോസ് ചെയ്തില്ല.. തുറന്നു തന്നെയിട്ടു. ബാഗ് ടീപ്പോയിയോട് ചേർത്ത് താഴെ വച്ചു.

 8 മണിയാകാനായി കാത്തിരിക്കുമ്പോഴാണ് താഴെ ചുരുട്ടിയിട്ട കടലാസ് ശ്രദ്ധിച്ചത്. പെട്ടെന്നതെടുത്ത് നിവർത്തിനോക്കി. ഏതോ മലയാളം പേപ്പറിന്റെ ഒരു കഷണമാണ്. എന്നെ കുടുക്കാൻ ഞാൻ തന്നെ മണ്ടത്തരം കാണിക്കുന്നു. ആ പേപ്പർ മടക്കി ബാഗിനകത്ത് വച്ചു.

എന്റെ കൈവിരൽപ്പാടുകൾ എവിടന്നെങ്കിലും കിട്ടിയാലും കുഴപ്പമാകും. ഞാൻ കുളിമുറിയുടെ വാതിലിന്റെ പിടിയിൽ തോർത്തുകൊണ്ട് നന്നായി തുടച്ചു വൃത്തിയാക്കി. അകത്ത് ചൂടുവെള്ളത്തിന്റേയും തണുത്ത വെള്ളത്തിന്റെയും ടാപ്പും നന്നായി തുടച്ചു വൃത്തിയാക്കി. പിന്നെ മുറിയിൽ വന്ന് മുൻവശത്തെ വാതിലിന്റെ അകത്തെ പിടിയും തുടച്ചു വൃത്തിയാക്കി. ഇനിയൊന്നുമില്ലെന്നുറപ്പാക്കി.

വല്ലാത്തൊരക്ഷമയിൽ എനിക്ക് ശ്വാസം മുട്ടലനുഭവപ്പെടുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഇന്നുവരെ ചെയ്യാത്ത ഒന്നാണ് ചെയ്യാൻ പോകുന്നത്. ശരീരമാകെ ഒരു വിറയലുംകൂടിയായതോടെ ഞാൻ തളർന്നുതുടങ്ങി.

എങ്കിലും മുന്നിലെ വിരിച്ചിട്ട ബഡ്ഡിലേക്ക് നോക്കുമ്പോൾ, അവിടെ കിടന്ന് പിടഞ്ഞ എന്റെ ഭാര്യയെ ഓർക്കുമ്പോൾ വിറയലെല്ലാം ഒരു ശക്തിദുർഗ്ഗമായി ശരീരത്തിൽ ആവാഹിച്ചെടുക്കും. ഇരുപ്പുറക്കാതെ എഴുന്നേറ്റു നടക്കും. പിന്നെയും വന്നിരിക്കും. അടച്ചിട്ട വാതിൽക്കലേക്കും നോക്കി കൈകൾ കൂട്ടിത്തിരുമ്മി അവന്റെ വരവിനായി അക്ഷമയോടെ ഞാനിരുന്നു....'

തുടരും ....